Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു; കരിപ്പൂരിൽ ദുരന്തമുണ്ടാകുമെന്ന് മൊയ്തീൻ മുൻകൂട്ടി കണ്ടോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; രക്ഷാപ്രവർത്തന പോസ്റ്റിലും ജലീലിന് പറ്റിയത് വൻ അബദ്ധം; തൃശൂരിൽ നിന്ന് മൊയ്തീൻ എത്തും മുമ്പേ രക്ഷാപ്രവർത്തനം തീർന്നെന്ന് സ്ഥലവാസികളും; ജലീലിന് ഇത് കഷ്ടകാലങ്ങളുടെ സമയം

തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു; കരിപ്പൂരിൽ ദുരന്തമുണ്ടാകുമെന്ന് മൊയ്തീൻ മുൻകൂട്ടി കണ്ടോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; രക്ഷാപ്രവർത്തന പോസ്റ്റിലും ജലീലിന് പറ്റിയത് വൻ അബദ്ധം; തൃശൂരിൽ നിന്ന് മൊയ്തീൻ എത്തും മുമ്പേ രക്ഷാപ്രവർത്തനം തീർന്നെന്ന് സ്ഥലവാസികളും; ജലീലിന് ഇത് കഷ്ടകാലങ്ങളുടെ സമയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാദൗത്യം ഏകോപിപ്പിച്ചത് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിലായിരുന്നുവെന്ന മന്ത്രി കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ.

'തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.'- എന്നാണ് മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അപകടം മുൻകൂട്ടി കണ്ട് മന്ത്രി തലേദിവസം തന്നെ സംഭവസ്ഥലത്തെത്തിയത് എങ്ങനെയെന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. ഇതോടെ സ്വർണ്ണ കടത്തിൽ ആരോപണങ്ങളെ നേരിടുന്ന മന്ത്രിക്കെതിരെ പുതിയ വിവാദവും ചർച്ചയാവുകയാണ്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നാട്ടുകാർ സ്വന്തം വാഹനങ്ങളുമായെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. തുടക്കത്തിൽ ചെറിയ വിമാന അപകടമെന്ന ധാരണയാണ് പുറത്തു പടർന്നത്. എന്നാൽ അപകടത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. തൃശൂരിലുണ്ടായിരുന്ന മന്ത്രി എസി മൊയ്തീനോട് അതിവേഗം കരിപ്പൂരിൽ എത്താൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മന്ത്രി കരിപ്പൂരിൽ എത്തി. അപ്പോഴേക്ക് രക്ഷാ പ്രവർത്തനം പോലും പൂർത്തിയായിരുന്നു.

അപകടത്തിൽപ്പെട്ടവരെയെല്ലാം ആശുപത്രികളിൽ എത്തിച്ച ശേഷമാണ് മന്ത്രി എ.സി. മൊയ്തീൻ സംഭവസ്ഥലത്തെത്തുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തൃശൂരിൽ നിന്ന് കരിപ്പൂരിലേയ്ക്ക് പോകുന്നുവെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇത് പോസ്റ്റു ചെയ്തതാകട്ടെ രാത്രി 10.22 നും. ഇതിൽ നിന്നു തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. എന്നിട്ടും തലേ ദിവസമേ എല്ലാം അറിഞ്ഞ് മൊയ്തീൻ എത്തിയിരുന്നുവെന്ന തരത്തിലാണ് ജലീലിന്റെ അവകാശ വാദം. ഇത് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ കളിയാക്കുന്നതാണെന്നാണ് ഉയരുന്ന ആരോപണം.

അപകടം നടന്ന് മണിക്കൂറിന് ശേഷമാണ് എ.സി മൊയ്തീൻ തൃശൂരിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടത്. ഇതിനോടകം തന്നെ പ്രദേശവാസികളും, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങളും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിച്ചിരുന്നു. തൃശൂരിൽ നിന്നും കരിപ്പൂരിലെത്തിയ ചിത്രവും മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. മലപ്പുറം- കോഴിക്കോട് ജില്ലാ കലക്ടർമാർ, കൊണ്ടോട്ടി എംഎ‍ൽഎ ടി.വി ഇബ്രാഹിം, പി.കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയവർ മന്ത്രി എത്തുന്നതിനും മുൻപേ അപകടസ്ഥലത്തെത്തിയിരുന്നു. ഇതെല്ലാം മറച്ചു വച്ചുള്ള ജലീലിന്റെ പോസ്റ്റാണ് വിവാദമാകുന്നത്.

ജലീൽ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ദുഃഖം പറന്നിറങ്ങിയ ദിവസം
-----------------------------------------------------------------------
സർക്കാർ സംവിധാനങ്ങളും പ്രദേശവാസികളും എയർപോർട്ട് ജീവനക്കക്കാരും കയ്യുംമെയ്യും മറന്ന് പൊരുതിയപ്പോൾ അപകട പ്രത്യാഘാതം എത്രകണ്ടാണ് കുറക്കാനായതെന്ന് ഒരാൾക്കും പറയുക സാധ്യമല്ല. സർക്കാർ ആശുപത്രികളും സർക്കാരേതര ഹോസ്പിറ്റലുകളും അവിടങ്ങളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റിതര സ്റ്റാഫും ജീവൻ പണയപ്പെടുത്തി പണിയെടുത്തപ്പോൾ രക്ഷിക്കാനായത് നിരവധി പ്രാണനുകളാണ്. ഇന്ന് രാവിലെ മുതൽ ഞങ്ങളെല്ലാവരും കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റു ആശുപത്രികളിലുമായി ഉണ്ടായിരുന്നു.

പ്രതികൂല സാഹചര്യത്തിലും എല്ലാം വിസ്മരിച്ചാണ്, ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ്ഖാനും ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രിമാരായ ഇ.പി.ജയരാജനും, കെ.കെ. ഷൈലജ ടീച്ചറും, എ.സി. മൊയ്തീനും, ടി.പി. രാമകൃഷ്ണനും, വി എസ് സുനിൽകുമാറും, എ.കെ. ശശീന്ദ്രനും, കടന്നപ്പള്ളി രാമചന്ദ്രനും, ചീഫ് സെക്രട്ടറിയും, സംസ്ഥാന പൊലീസ് ചീഫും കോഴിക്കോട് മെഡിക്കൽ കോളേജിലും അപകടസ്ഥലത്തും ഓടിയെത്തിയത്. വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപാ വീതവും പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരുടെ മുഴുവൻ ചികിൽസാ ചെലവും സംസ്ഥാനസർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പത്രക്കാരെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും അദ്ദേഹം ഹാർദ്ദമായി അഭിനന്ദിച്ചു. തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് അപകടമറിഞ്ഞ ഉടൻ കാർ മാർഗ്ഗം പുറപ്പെട്ട് പുലർച്ചെ ഞാനുമെത്തി. യാത്രക്കിടയിൽ പലതവണ സ്ഥലം എംഎ‍ൽഎ യും എന്റെ സുഹൃത്തുമായ ടി.വി. ഇബ്രാഹീമിനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിന്നു. രാവിലെമുതൽ സന്നദ്ധപ്രവർത്തകർക്കും അരോഗ്യ പ്രവർത്തകർക്കുമൊപ്പം വൈകുന്നേരം വരെ മോർച്ചറിക്ക് മുന്നിൽ ജനപ്രതിനിധികളായ ഞങ്ങളെല്ലാമുണ്ടായിരുന്നു. എംഎ‍ൽഎ മാരായ എ പ്രദീപ്കുമാറും, പി.ടി.എ റഹീമും, സി.മമ്മൂട്ടിയും, കാരാട്ട് റസാക്കും, മെയർ തോട്ടത്തിൽ രവീന്ദ്രനും മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂറും, കോർപ്പറേഷൻ കൗൺസിലർമാരും ഇതിൽ ഉൾപ്പെടും.

വൈകുന്നേരത്തോടെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥതലങ്ങൾ പ്രപഞ്ചത്തോളം വലിപ്പമുള്ളതാണെന്ന് അവിടെ കണ്ട മനുഷ്യരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. വേദനയും ദുഃഖവും അണപ്പൊട്ടിയൊഴുകിയ മണിക്കൂറുകൾ മറക്കാനാവില്ല. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ നല്ലമനസ്സിനു മുന്നിൽ തൊഴുകൈകളോടെ ഞാനൊന്ന് നിൽക്കട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP