Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്നതകൾ മറന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ തച്ചങ്കരിക്കെതിരെ ഒരുമിച്ചു; മുങ്ങി താഴാറായ കെ എസ് ആർ ടി സിയെ നന്നാക്കാൻ മുന്നിട്ടിറങ്ങിയ തച്ചങ്കരിയെ ഒഴിപ്പിക്കാൻ സമരം തുടങ്ങിയ നേതാക്കളുടെ പ്രധാന പരാതി അമിതമായി ജോലി ചെയ്യിക്കുന്നുവെന്നത്; വൈക്കം വിശ്വനും ആനത്തലവട്ടവും അടങ്ങിയ സിപിഎം നേതാക്കളും സമരക്കാർക്കൊപ്പം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയിൽ രക്ഷാദൗത്യവുമായി സിഎംഡി

ഭിന്നതകൾ മറന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ തച്ചങ്കരിക്കെതിരെ ഒരുമിച്ചു; മുങ്ങി താഴാറായ കെ എസ് ആർ ടി സിയെ നന്നാക്കാൻ മുന്നിട്ടിറങ്ങിയ തച്ചങ്കരിയെ ഒഴിപ്പിക്കാൻ സമരം തുടങ്ങിയ നേതാക്കളുടെ പ്രധാന പരാതി അമിതമായി ജോലി ചെയ്യിക്കുന്നുവെന്നത്; വൈക്കം വിശ്വനും ആനത്തലവട്ടവും അടങ്ങിയ സിപിഎം നേതാക്കളും സമരക്കാർക്കൊപ്പം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയിൽ രക്ഷാദൗത്യവുമായി സിഎംഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപി റാങ്കിലെ ഐപിഎസുകാരനാണ് ടോമിൻ തച്ചങ്കരി. കെ എസ് ആർ ടി സിയുടെ എംഡിയാക്കുന്നതിനോട് താൽപ്പര്യമില്ലാതിരുന്ന ഉദ്യോഗസ്ഥൻ. എന്നിട്ടും തച്ചങ്കരിക്ക് കെ എസ് ആർ ടി സി നിർബന്ധപൂർവ്വം നൽകി. പ്രതിസന്ധിയിലായ പൊതുമേഖലാ ബസ് സർവ്വീസിനെ രക്ഷിച്ചെടുക്കാനുള്ള അവസാന മാർഗ്ഗമാണിതെന്നും സർക്കാർ തച്ചങ്കരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ പൊലീസ് യൂണിഫോമിട്ട തച്ചങ്കരി കെ എസ് ആർ ടി സിയുടെ അമരത്ത് എത്തി. പണിയെടുക്കാത്തവരെ പണിയെടുപ്പിച്ചും ബസുകളെല്ലാം റോഡിലിറങ്ങിയെന്ന് ഉറപ്പു വരുത്തിയും ആനവണ്ടിയുടെ വരുമാനം ഉയർത്തി. ജീവകനകാർക്ക് കൃത്യസമയത്ത് പെൻഷനും നൽകി. പരിഷ്‌കാരങ്ങളെല്ലാം വിജയമായതോടെ ദനങ്ങളിലും പുതിയ പ്രതീക്ഷ കൈവന്നു. എന്നാൽ ജീവനക്കാരുടെ സംഘടനാ നേതാക്കൾക്ക് ഇതൊന്നും പിടിച്ചില്ല. അങ്ങനെ അവർ കൊടി പിടിക്കാനെത്തുകയാണ്.

കെഎസ്ആർടിസി എംഡി: ടോമിൻ തച്ചങ്കരിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന് നടക്കുകയായണ്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നു യൂണിയനുകൾ അറിയിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വൻ, തമ്പാനൂർ രവി, കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. അങ്ങനെ ഇടതുപക്ഷവും വലതു പക്ഷവും തച്ചങ്കരിക്കെതിരെ ഒരുമിക്കുകയാണ്. യൂണിയനുകൾക്ക് കടിഞ്ഞാണ് ഇട്ട തച്ചങ്കരിയുടെ നടപടിയാണ് ഇതിന് കാരണം. സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങളാണ് വൈക്കം വിശ്വനും ആനത്തലവട്ടവും. ഇവർ സമരത്തിനെത്തുമ്പോൾ തച്ചങ്കരിക്കൊപ്പം സിപിഎം ഉണ്ടോ എന്ന സംശയമാണ് ചർച്ചയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച പിന്തുണ തനിക്കുണ്ടെന്നാണ് തച്ചങ്കരിയുടെ വിശ്വാസം. ഈ സാഹചര്യത്തിൽ പരിഷ്‌കരണവുമായി തച്ചങ്കരി മുന്നോട്ട് പോകും.

വെന്റിലേറ്ററിലായിരുന്നു തച്ചങ്കരി എത്തുമ്പോൾ കെ എസ് ആർ ടി സി. ഇതിൽ നിന്നും ആറുമാസം കൊണ്ട് തന്നെ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അദർ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം. ജോലി ചെയ്യാതെ ആർക്കും കെ എസ് ആർ ടി സിയിൽ രക്ഷയില്ലാത്ത അവസ്ഥ. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാൽ ലാഭത്തിലാക്കാനെന്ന പേരിൽ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്. താളത്തിൽ തുടങ്ങിയതാണ് തച്ചങ്കരി. പക്ഷെ കൊട്ടുന്നതെല്ലാം അവതാളമാണെന്ന് യൂണിയൻകാർ പറയുന്നു

ലൈനിൽ പോകാതെ ചീഫ് ഓഫീസിൽ അദർ ഡ്യൂട്ടിയിലിരുന്ന് യൂണിയൻ പ്രവർത്തനം നടത്തിയിരുന്നവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് സി.െഎ.ടി.യു യൂണിയൻ ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടിട്ടും തച്ചങ്കരി വഴങ്ങിയില്ല. യൂണിയൻകാരെ ചീഫ് ഓഫീസിൽ നിന്ന് ഇറക്കിയത് ജീവനക്കാർക്കിടയിൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതിനാൽ യൂണിയനുകൾക്ക് പരസ്യമായി വിമർശിക്കാനുമാകുന്നില്ല. അതുകൊണ്ടുതന്നെ ഇതിൽ തൊടാതെയാണ് യൂണിയനുകളുടെ വിമർശനം. ഇതിനിടെ മാസവരി പിടിക്കുന്നത് അവസാനിപ്പിക്കാനും തച്ചങ്കരി ഇടപെടൽ നടത്തി. ഇതോടെ സംഘടനകൾ പ്രതിസന്ധിയിലായി. മറികടക്കാൻ സമരത്തിന് എല്ലാവരും ഒരുമിച്ചു. എന്നും തമ്മിലടിച്ചായിരുന്നു കെ എസ് ആർ ടി സിയിലെ സംഘടനകൾ പ്രവർത്തിച്ചത്. എന്നാൽ തച്ചങ്കരിയോട് ജീവനക്കാർക്ക് പ്രണയം തോന്നിയാൽ തങ്ങളുടെ കാര്യം അവതാളത്തിലാകുമെന്ന് അവർ തിരിച്ചറിഞ്ഞു.

വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ ടോമിൻ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ രംഗത്ത് വന്നിരുന്നു. കെ.എസ്.ആർ.ടി.സിയെ ലാഭകരമായ പൊതുമേഖല സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ വിവിധ യൂണിയനുകൾ എം.ഡിക്കെതിരെ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ തൊഴിലാളികളുടെ അവകാശങ്ങൾ കവരാനും കോർപറേഷനെ സ്വകാര്യവത്കരിക്കാനുമാണ് എം.ഡി ടോമിൻ ജെ തച്ചങ്കരിയുടെ നീക്കമെന്നാരോപിച്ചാണ് ട്രേഡ് യൂണിയനുകൾ സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെയാണ് എം.ഡിയെ പിന്തുണച്ച് ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയത്. തച്ചങ്കരി നടപ്പാക്കുന്നത് സർക്കാർ നയമാണെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭത്തിനോടുള്ള എതിരഭിപ്രായം മന്ത്രി വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ. മുഖ്യമന്ത്രിയും തച്ചങ്കരിക്കൊപ്പമാണ്. ഇതാണ് സിപിഎം നേതാക്കളെ വെട്ടിലാക്കുന്നത്.

കടുത്തപ്രതിസന്ധിയിൽ നീങ്ങുന്ന കെ.എസ്.ആർ.ടി.സി.യെ ആറുമാസത്തിനുള്ളിൽ നഷ്ടത്തിൽനിന്ന് കരകയറ്റുമെന്നാണ് തച്ചങ്കരി പറയുന്നത്. ജീവനക്കാരും യൂണിയൻ പ്രവർത്തകരും വിമർശനങ്ങൾ മാറ്റിവച്ച് ആത്മാർഥമായി പരിശ്രമിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സി.യെ ഇന്നത്തെ അവസ്ഥയിൽനിന്ന് മോചിപ്പിക്കാൻ സാധിക്കുകയുള്ളു സമൂഹ മാധ്യമങ്ങൾവഴി ഉയരുന്ന വിമർശനങ്ങളെയും യൂണിയൻ പ്രവർത്തനങ്ങളെയും തച്ചങ്കരി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിമർശകർ വിചാരിച്ചാൽ കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം കൃത്യസമയത്തുകൊടുക്കാൻ പറ്റുമോ എന്നും തച്ചങ്കരി ചോദിച്ചു. നിലവിൽ ഡ്രൈവറുമാരുടെയോ കണ്ടക്ടർമാരുടെയോ കുറവുകൊണ്ടുമാത്രം സർവീസ് മുടങ്ങുന്ന അവസ്ഥയാണ്. ഇതിനുമാറ്റമുണ്ടാകണം. പുതിയ ബസുകൾ ഒന്നും വാങ്ങുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ല. പകരം നിലവിലെ ഉള്ള ബസുകൾ അറ്റകുറ്റപ്പണികൾ തീർത്ത് നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാസാവസാനം ശമ്പളം കിട്ടുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു കെഎസ്ആർടിസിക്ക്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി കെഎസ്ആർടിസി കടക്കെണിയിലായി. പൂട്ടലിന്റെ വക്കലെത്തിയ കെഎസ്ആർടിസിയിൽ ശമ്ബളം വീണ്ടും മാസാവസാനം കൊണ്ടു വന്നതോടെ ടോമിൻ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി. ഒന്നുകിൽ എന്നെ ഭരിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നിങ്ങൾ കാര്യങ്ങൾ ചെയ്യുക കെഎസ് ആർടിസിയുടെ സിഎംഡിയായി ചുമതലയേറ്റപ്പോൾ ടോമിൻ തച്ചങ്കരി യൂണിയൻ നേതാക്കളോട് പറഞ്ഞത്. കെ എസ് ആർ ടി സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വേണ്ടത് ജീവനക്കാരുടെ പിന്തുണയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. കൃത്യമായി ശമ്പളം നൽകി. ഇതിനൊപ്പം യൂണിയനുകൾക്കും മൂക്കു കയറിട്ടു. ഇതോടെ തച്ചങ്കരി സ്റ്റാറായി. ഫ്ളൈ ബസും ചിൽ ബസും ഇലക്ട്രിക്ക് ബസുമെല്ലാം താരമായി. ഇതോടെ അദർഡ്യൂട്ടിയുടെ പേരിൽ ജോലിചെയ്യാതിരുന്ന യൂണിയൻ നേതാക്കളെ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ തുടങ്ങിയ എതിർപ്പ് പുതിയ തലത്തിലെത്തി.

ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്ന് മാസവരി പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന മാനേജ്മെന്റ് നിർദ്ദേശത്തെ തുടർന്നാണ് മാനേജ്മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. ഇത് യൂണിയനുകൾക്ക് ഇരുട്ടത്ത് കിട്ടിയ അടിയായി. വീണ്ടും സമ്മതപത്രം നൽകാൻ ജീവനക്കാർ വിസമ്മതിക്കുന്നത് യൂണിയനുകളുടെ പണമൊഴുക്കിനെ ബാധിച്ചു. എങ്ങനേയും തച്ചങ്കരിയെ ഓട്ടിച്ചാലേ കാര്യമുള്ളൂവെന്ന് അവർ തിരിച്ചറിയുന്നു. അങ്ങനെ കൊടിയുടെ നിറം നോക്കാതെ ഒരുമിക്കുകയാണ് അവർ. മറ്റു സംസ്ഥാനങ്ങളിൽ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങൾ പൊളിക്കാനാണ് കെ.എസ്.ആർ.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ശ്രമം.

സിഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., ഡ്രൈവേഴ്സ് യൂണിയൻ എന്നിവരാണ് സംയുക്തസമര സമിതിയിലുള്ളത്. ശമ്പള പരിഷ്‌കരണം നടത്തുക, ഡി.എ. കുടിശ്ശിക അനുവദിക്കുക തുടങ്ങി സാമ്പത്തിക ബാധ്യതയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP