Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശമ്പളം മുടക്കിയാലേ യൂണിയൻ ക്ലച്ചു പിടിക്കൂ എന്നുറപ്പായതോടെ ഈ മാസത്തെ ശമ്പളം വൈകിപ്പിക്കാൻ സിഐടിയു തന്നെ രംഗത്ത്; തച്ചങ്കരിയെ ഓഫീസിൽ കയറി തടയുന്നത് ആന്റണി ചാക്കോക്ക് നേരെ ഉയർത്തിയ അതേതന്ത്രം പരീക്ഷിക്കാൻ; യൂണിയനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിഎംഡിയെ പുകച്ചു പുറത്തു ചാടിക്കാൻ പിണറായി വഴങ്ങില്ല എന്നുറപ്പായതോടെ ഘരാവോ തന്ത്രം പയറ്റി നേതാക്കൾ

ശമ്പളം മുടക്കിയാലേ യൂണിയൻ ക്ലച്ചു പിടിക്കൂ എന്നുറപ്പായതോടെ ഈ മാസത്തെ ശമ്പളം വൈകിപ്പിക്കാൻ സിഐടിയു തന്നെ രംഗത്ത്; തച്ചങ്കരിയെ ഓഫീസിൽ കയറി തടയുന്നത് ആന്റണി ചാക്കോക്ക് നേരെ ഉയർത്തിയ അതേതന്ത്രം പരീക്ഷിക്കാൻ; യൂണിയനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിഎംഡിയെ പുകച്ചു പുറത്തു ചാടിക്കാൻ പിണറായി വഴങ്ങില്ല എന്നുറപ്പായതോടെ ഘരാവോ തന്ത്രം പയറ്റി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യൂണിയൻകാർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ശമ്പളം മുടങ്ങണോ? കാര്യങ്ങളുടെ പോക്ക് പരിശോധിക്കുമ്പോൾ മനസിലാകുന്നത് അങ്ങനെയാണ്. പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന ടോമിൻ തച്ചങ്കരിയെ ഏതു വിധേനയും തടയുമെന്ന നിലപാടിലാണ് യൂണിയനുകൾ. അതിന് കാരണമായി ഇവർ പറയുന്നത് തൊഴിലാളി യൂണിയനുകൾക്ക് എതിരായ അവരുടെ നിലപാടാണ്. തൊഴിലാളി സംഘടനകളുടെ സർവാധിപത്യം തന്റെ കീഴിൽ നടക്കില്ലെന്ന് പരസ്യമായി തന്നെ തച്ചങ്കരി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള പ്രതികാരമാണ് ഇപ്പോൾ സിഐടിയുവുന്റെ നേതൃത്വത്തിലുള്ള തൊഴാലാളി സംഘടനകൾ നടത്തുന്നത്.

നിലവിൽ തച്ചങ്കരിയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം ജീവനക്കാരും യൂണിയനുകളോട് അനുകൂലമായ നിലപാട് തിരുത്തിയിട്ടുണ്ട്. കൃത്യമായി ശമ്പളം കിട്ടിയാൽ മതിയെന്ന നിലപാടിലാണ് ജീവനക്കാർ. അതുകൊണ്ട് തന്നെ തച്ചങ്കരിയോടുള്ള ഇഷ്ടം ഇല്ലാതാക്കാൻ വേണ്ടി ശമ്പളം മുടങ്ങേണ്ട അവസ്ഥയിലാണ് യൂണിയനുകൾക്ക്. അതിനാണ് തച്ചങ്കരിയെ ഓഫീസിൽ ഇരിക്കാൻ അനുവദിക്കല്ലെന്ന നിലപാടുമായി രംഗത്തെത്തിയത്.

ശമ്പളം മുടങ്ങിയാലെ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് ശക്തമായി പ്രവർത്തിക്കാനാവൂ എന്നു എന്ന് ആദ്യം കണ്ടെത്തിയത് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടിഇഎ എന്ന എംപ്ലോയീസ് അസോസിയേഷനാണ്. യുഡിഎഫ് ഭരണത്തിൽ അന്നത്തെ സിഎംഡി ആയിരുന്ന ആന്റണി ചാക്കോയും ജനറൽ മാനേജരായിരുന്ന സുധാകരനും ബാങ്കുകളിൽ നിന്നും വായ്പ എടുത്തായിരുന്നു ശമ്പളം നൽകിയിരുന്നത്. പിന്നീട് സിഐടിയു യൂണിയൻ ആന്റണി ചാക്കോയെ ഓഫീസിൽ കയറുന്നത് തടയാൻ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളം മാസാവസാനം എന്നത് മുടങ്ങിയത്. ഈ മാർഗ്ഗമാണ് തച്ചങ്കരിയുടെ കാര്യത്തിലും സ്വീകരിച്ചത്.

22 മാസങ്ങൾക്ക് ശേഷം എൽഡിഎഫ് സർക്കാർ നിയമിച്ച തച്ചങ്കരി സിഎംഡി ആയി ചുമതല ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ മാസം സ്ഥിരം ജീവനക്കാർക്കും എം പാനലുകാർക്കും കൃത്യമായി ശമ്പളം കൊടുത്തത്. 30-ാം തീയതി ശമ്പളം നൽകുമെന്ന കാര്യം സിഐടിയു യൂണിയൻ പോലും അറിഞ്ഞില്ല. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയപ്പോഴാണ് തൊഴിലാളി യൂണിയൻ നേതാക്കൾ വരെ കാര്യം അറിഞ്ഞത്. പലപ്പോഴും വൈകി കിട്ടിയിരുന്ന ശമ്പളം കൃത്യമായി കിട്ടി തുടങ്ങിയതോടെ തൊഴിലാളി യൂണിയനുകൾ അപകടം മണത്തു. തന്ത്രപ്രധാനമായ കസേരകളിയിൽ നിന്നും യൂണിയൻ നേതാക്കളെ ഒഴിവാക്കിയായിരുന്നു തച്ചങ്കരി നേട്ടം കൈവരിച്ചത്. തച്ചങ്കരിയുടെ ഈ നേട്ടത്തിന്റെ ശോഭ കെടുത്താനായി 28-04-2018ലെ തീയതി വച്ച് ശമ്പളം കൊടുത്ത ശേഷം 4-5-2018ൽ ശമ്പളം കൊടുക്കും എന്ന നോട്ടീസ് വിവിധയൂണിയനുകളിൽ ഒട്ടിച്ച് ജീവനക്കാർക്ക് മുൻപിൽ അപഹാസ്യരായവരാണ് കെഎസ്ആർടിസിയിലെ സിഐടിയു നേതാക്കൾ.

ഇതിനിടെ തച്ചങ്കരി മറ്റൊരു കാര്യം കണ്ടെത്തിയിരുരന്നു. കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി യൂണിയനുകൾക്ക് നേതൃത്വം നൽകുന്നത് തൊഴിലാളികളല്ല മറിച്ച് ഓഫീസർമാരായ സൂപ്പർവൈസറി കേഡറിൽ പെട്ടവരാണ്. തൊഴിലാളി യൂണിയൻ നിയമമനുസരിച്ച് തൊഴിൽ തർക്ക നിയമമനുസരിച്ചും സൂപ്പർവൈസറി പദവിയിലിരിക്കുന്നതും 10,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുമായ ജീവനക്കാർക്കൊന്നും തൊഴിലാളി യൂണിയനുകളിൽ അംഗമാകാനാവില്ല. കെഎസ്ആർടിയുടെ വിവിധ യൂണിറ്റുകളിൽ മാനേജ്മെന്റിനോട് ചേർന്ന നിന്ന് സർവീസുകൾ സുഗമമായി നടക്കേണ്ട സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ, കൺട്രോളിങ് ഓഫീസർ, വെഹിക്കിൾ സൂപ്പർവൈസർ, സൂപ്രണ്ട് എന്നീ സൂപ്പർവൈസറി കാറ്റഗറി ഓഫീസർമാർ ആണ് മിക്ക യൂണിറ്റുകളിലും തൊഴിലാളി യൂണിയൻ നേതാക്കൾ. കെഎസ്ആർടിസിയിലെ അച്ചടക്കമില്ലായ്മക്ക് പ്രധാനകാരണവും ഇതു തന്നെയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു.

ലക്ഷക്കണക്കിന് തൊഴിലാളികളിൽ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ പോലും യൂണിയൻ നേതാക്കൾ എന്ന പരിഗണനയിൽ സ്ഥലം മാറ്റത്തിൽ നിന്നും സംരക്ഷണം കിട്ടാൻ അർഹത പരമാവധി 100 പേർക്കു മാത്രമാണ്. എന്നാൽ കെഎസ്ആർടിയിൽ ഇത് 250 ന് മുകളിലാണ്. ഇതിൽ വലിയൊരു ശതമാനം സൂപ്പർവൈസറി കാറ്റഗറിക്കാരാണ്. ഇത്തരക്കാരാണ് അനാവശ്യ പ്രശ്‌നങ്ങളും കീഴ് വഴക്കങ്ങളും സൃഷ്ടിച്ചതെന്ന കാര്യം തച്ചങ്കരി മനസിലാക്കി. ഇതോടെയാണ് ഈ വിഷയത്തിൽ അദ്ദേഹം ഇടപെട്ടു. സൂപ്പർവൈസർ കാറ്റഗറിക്കാരുടെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി അംഗീകൃത തൊഴിലാളി യൂണിയനുകൾക്കയച്ച കത്താണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതിൽ നിരവധി യൂണിയൻ നേതാക്കാൾ പണിയെടുക്കാതെ സുഖിക്കുന്ന 'അതർ ഡ്യൂട്ടി'യിൽ ആയിരുന്നു.

ഇടതു-വലതു യൂണിയൻ പരിഗണന ഇല്ലാതെ എല്ലാവരെയും അതർ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയതും യൂണിയൻ നേതാക്കൾക്ക് കനത്ത തിരിച്ചടിയായി. പല യൂണിയൻ നേതാക്കളും 10ഉം 15ഉം വർഷങ്ങൾക്ക് ശേഷം യൂണിഫോമായിട്ട് ബസിൽ കയറി ജോലി നോക്കേണ്ടി വന്നു. യൂണിയനുകൾ വിലക്കിയിട്ടും ജീവനക്കാരുമായി നേരിട്ട് സംസാരിക്കാനായി തച്ചങ്കരി നടത്തുന്ന 'ഗാരേജ് മീറ്റിംഗു'കൾക്ക് തൊഴിലാളികളിൽ നിന്നും ലഭിച്ച വൻ സഹകരണം തൊഴിലാളികൾക്ക് യൂണിയൻ നേതാക്കളിൽ വിശ്വാസമില്ലെന്ന് തെളിഞ്ഞു. അവർക്ക് വേണ്ടത് കൃത്യമായി ശമ്പളം നൽകുന്ന മാനേജ്‌മെന്റുകളാണ്. തിരുവനന്തപുരത്തും വികാസ് ഭവനിലും എറണാകുളത്തും, പാലക്കാട്ടും, കണ്ണൂരും, കോഴിക്കോടും, കൊട്ടാരക്കരയിലും, ആലപ്പുഴയിലും നടത്തിയ ഗാരേജ് മീറ്റിംഗുകൾ തൊഴിലാളി സാന്നിധ്യം കൊണ്ട് വൻവിജയമായിരുന്നു. ഇതിനിടെ ഗാരേജ് മീറ്റിംഗിൽ പങ്കെടുരുതെന്ന് സിഐടിയു/ഐടിഎഫ് യൂണിയനുകൾ ജീവനക്കാരെ വിലക്കിയിരുന്നു. ഈ വിലക്കിനെ ഇനിയും ആവശ്യമെങ്കിൽ മറികടക്കുമെന്നാണ് നിലപാട്.

കഴിഞ്ഞ ദിവസം തച്ചങ്കരി ആലപ്പുഴയിൽ നടത്തിയ തൊഴിലാളികളുടെ ഗാരേജ് മീറ്റിംഗിന്റെ അന്നു തന്നെ അതേ സമയത്ത് സിഐടിയു യൂണിയൻ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ ആലപ്പുഴ സ്റ്റാന്റിൽ നടത്തിയ ധർണ തച്ചങ്കരിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു. പൊലീസിന്റെ അനുവാദം മേടിക്കാതെ മൈക്ക് ഉപയോഗിച്ചു കൊണ്ടായിരുന്നു ഹരികൃഷ്ണന്റെ വെല്ലുവിളി. എന്നാൽ യോഗത്തിലെ മൈക്ക് പൊലീസ് എടുത്തുമാറ്റിയിരുന്നു. ഇപ്പോൾ സിഎംഡിക്ക് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തൊഴിലാളി യൂണിയനുകൾ ശക്തമാക്കിയിരിക്കുന്നകത്.

തൊഴിലാളികൾ കൂടെ നിൽക്കാത്തതിനാൽ ഓഫീസുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെഎസ്ആർടിസി സർവ്വീസുകൾ താറുമാറാനാണ് ഹരികൃഷ്ണന്റെയും മറ്റ് ഓഫീസർമാർക്കെതിരായി യൂണിയൻ നേതാക്കന്മാരുടെ ശ്രമം. അച്ചടക്ക നടപ്പിലാക്കിയതോടെ ജീവനക്കാരുടെ എണ്ണം കൂടിയതിനൊപ്പം കളക്ഷനിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനിടെ ചീഫ് ഓഫീസിലെ ഓഫീസർമാരെയും ജീവനക്കാരെയും ഓഫീസ് സമയത്ത് പിടിച്ചിറക്കി ഞങ്ങളെ കൂട്ടി ഓഫീസിനുള്ളിൽ മാർച്ച് നടത്തി. ജീവനക്കാരെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം ലാബ് യൂണിയൻ ചീഫ് ഓഫീസ് നേതാവ് കുഞ്ഞാലിക്കയുടെ നേതൃത്വത്തിൽ നടത്തിയ സമരം വലിയ വിവാദമായിരുന്നു.

ഓഫീസിനുള്ളിൽ ഹാജർ നൽകി പ്രവേശിച്ചാൽ പിന്നെ യൂണിയൻ പ്രവർത്തനം പറ്റില്ല. തൊഴിലെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം തന്നെ എല്ലാ ജീവനക്കാർ തക്കുമുള്ള മുന്നറിയിപ്പായിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനങ്ങളുമായാണ് തച്ചങ്കരി മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ തൽക്കാലം തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യവുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. ആ വാദം കേൾക്കാനും അദ്ദേഹം തയ്യാറാകില്ല. ഇതോടെയാണ് ഉപരോധിച്ച് കാര്യങ്ങൾ നേടുക എന്ന നയത്തിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നത്.

ചീഫ് ഓഫീസിനുള്ളിൽ തച്ചങ്കരിയെ ഉപരോധിപ്പോൾ മുഴക്കിയ തെറിവിളികൾ വീഡിയോയിൽ പകർത്തിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. തച്ചങ്കരി നിയമാനുശ്രിതം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ യൂണിയൻ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സൂപ്പർവൈസറി കാറ്റഗറിയിൽപെട്ട ഹരികൃഷ്ണനെ പോലെയുള്ള യൂണിയൻ സംസ്ഥാന നേതാക്കൾക്ക് കെഎസ്ആർടിയിൽ സിഐടിയു യൂണിയൻ നേതൃത്വസ്ഥാനം നിയമാനുസൃതമായി തടയപ്പെടുമെന്ന് ഉറപ്പായതിനാലാണ് തച്ചങ്കരി ഓഫീസിൽ കയറുന്നത് തടയാൻ തീരുമാനിച്ചത്.

ഇതിനിടെ തച്ചങ്കരിക്കെതിരെ പരാതിയുമായ എളമരം കരീമിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടെങ്കിലും അദ്ദേഹം പരാതി ചെവിക്കൊണ്ടില്ല. അച്ചടക്കമാണ് നടപ്പിലാക്കുന്നതെങ്കിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും തച്ചങ്കരി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ രേഖാമൂലം പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകാനുമായിരുന്നു പിണറായിയുടെ നിർദ്ദേശം. ഇതോടെ അവസാന പിടിവള്ളിയും നഷ്ടപ്പെട്ടതോടെയാണ് നേതാക്കൾ അക്രമത്തിലേയ്ക്ക് തിരിയുന്നത്.

ഈ മാസവും ശമ്പളം കൃത്യമായി നൽകിയാൽ തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശമ്പളം തടസ്സപ്പെടുത്തി തൊഴിലാളികളിൽ അസഹിഷ്ണുതാവസ്ഥ സൃഷ്ടിച്ചും കെഎസ്ആർടിഇഎയുടെയും ടിഡിഎഫിന്റെയും സംയുക്ത നീക്കം. തൊഴിലാളികളിൽ ഇതു ഭൂരിപക്ഷവും ഇതു തിരിച്ചറിഞ്ഞതിനാൽ ആരെങ്കിലും സമരം പ്രഖ്യാപിച്ചാൽ ഭൂരിപക്ഷവും സമരത്തിൽ പങ്കെടുക്കില്ല എന്നുറപ്പാണ്. ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളതും ഏറ്റവും കുറവു നടത്തുന്നതുമൊക്കെ കേരളത്തിലെ ആർടിസിയിലാണ്. ഈ നിലയ്ക്ക് മാറ്റം വരുത്തിയാൽ മാത്രമേ, നിലവിലെ ശമ്പളം അടക്കം കൃത്യമായി നൽകാൻ സാധിക്കൂ. അതിന് ആദ്യം പ്രയത്ന്നിക്കേണ്ടത് ജീവനക്കാൻ തന്നെയാണ്. അതിന് വേണ്ടി ശ്രമിക്കുന്ന തച്ചങ്കരിയെ തുരത്താനാണ് ഉപരോധ സമരത്തിലൂടെ യൂണിയനുകൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP