Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക കേരളത്തിലേക്കു കൂടുതൽ ബസുകൾ തുടങ്ങിയപ്പോൾ അബദ്ധം തിരിച്ചറിഞ്ഞ് കെഎസ്ആർടിസി; ബോധോദയമുണ്ടായപ്പോൾ മലബാറിൽനിന്നു തലങ്ങും വിലങ്ങും 61 അന്തർ സംസ്ഥാന സർവീസ് തുടങ്ങുന്നു; ലക്ഷ്യം പ്രതിദിന വരുമാനത്തിൽ ഒരു കോടിയുടെ വർധന

കർണാടക കേരളത്തിലേക്കു കൂടുതൽ ബസുകൾ തുടങ്ങിയപ്പോൾ അബദ്ധം തിരിച്ചറിഞ്ഞ് കെഎസ്ആർടിസി; ബോധോദയമുണ്ടായപ്പോൾ മലബാറിൽനിന്നു തലങ്ങും വിലങ്ങും 61 അന്തർ സംസ്ഥാന സർവീസ് തുടങ്ങുന്നു; ലക്ഷ്യം പ്രതിദിന വരുമാനത്തിൽ ഒരു കോടിയുടെ വർധന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ വിവിധയിടങ്ങളിലേക്ക് 22 പുതിയ സർവീസുകൾ തുടങ്ങാൻ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ തീരുമാനിച്ചപ്പോൾ ഇത്രനാളും പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു കെഎസ്ആർടിസി. ഇത്രയും കാലം കോടികളുടെ വരുമാനം ഉണ്ടാക്കാനുള്ള സാഹചര്യം ഉപയോഗിക്കാതിരുന്ന കോർപറേഷൻ കോഴിക്കോട്ടുനിന്നു തലങ്ങും വിലങ്ങുമായി സംസ്ഥാനത്തിനു പുറത്തേക്ക് 61 പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനിച്ചു. പ്രതിദിന വരുമാനത്തിൽ ഒരു കോടിയുടെ വർധന ലക്ഷ്യമിട്ടാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. തൃശൂർ മേഖലയിൽനിന്നും പുതിയ സർവീസുകൾ ഉണ്ടാകും.

സർവീസുകൾ നടത്താൻ വിവിധ ഡിപ്പോകൾക്കു പുതിയ ബസുകൾ നൽകും. 61 സർവീസുകൾക്കായി 73 ബസുകളാണ് അനുവദിക്കുക. കാസർഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകൾക്ക് പത്തുബസുകളായിരിക്കും നൽകുക. തലശേരിക്ക് ആറും പയ്യന്നൂരിനു നാലും കോഴിക്കോടും ഒമ്പതും ബസുകൾ നൽകുമ്പോൾ കണ്ണൂരിനും വടകരയ്ക്കും മൂന്നു വീതം ബസുകളുണ്ടാകും. ഫാസ്റ്റ്പാസഞ്ചർ മുതൽ സൂപ്പർഫാസ്റ്റ് ബസുകളായിരിക്കും കൂടുതൽ ഓടിക്കുക. ബംഗളുരുവിലേക്ക് എക്സ്‌പ്രസ്, സൂപ്പർഡീലക്‌സ് ബസുകളും കാഞ്ഞങ്ങാട്ടുനിന്നും കാസർഗോട്ടുനിനും മംഗളുരുവിലേക്ക് ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറിയും. യാത്രാസുഖം നൽകുന്ന പുതിയ ബസുകൾ ഈ സർവീസുകൾക്കുവേണ്ടി നിരത്തിലിറക്കാനാണു പദ്ധതി. കർണാടക ബസുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവയിൽ പലതിനും. കോഴിക്കോട് മേഖലയിൽനിന്ന് ഒറ്റയടിക്ക് ഇത്രയധികം സർവീസുകൾ ആരംഭിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

2016 മുതൽ ഈ സർവീസുകൾക്ക് കേരളവും കർണാടകയും തമ്മിൽ ധാരണയുണ്ടായിരുന്നു. ബസുകളില്ലെന്ന കാരണം പറഞ്ഞ് പുതിയ സർവീസ് ആരംഭിക്കുന്നതു കെഎസ്ആർടിസി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ്, അപ്രതീക്ഷിതമായി പുതിയ സർവീസുകൾ കർണാടക ആരംഭിക്കാൻ തീരുമാനിച്ചത്. ഇതോടെ, നിൽക്കക്കള്ളിയില്ലാതായ കെഎസ്ആർടിസി പുതിയ ബസുകൾ ഇറക്കി സർവീസ് ആരംഭിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. പുതിയ എംഡി രാജമാണിക്യമാണ് സർവീസുകൾ ഉടനടി ആരംഭിക്കാൻ താൽപര്യമെടുത്തത്. ഉടൻ നിർമ്മാണം പൂർത്തിയാക്കി വരുന്ന ബസുകൾ മുഴുവൻ കോഴിക്കോട് മേഖലയിലേക്ക് നൽകാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

നിലവിൽതന്നെ കെഎസ്ആർടിസിയുടെ കോഴിക്കോട് മേഖലയിൽനിന്നുള്ള അന്തർസംസ്ഥാന സർവീസുകൾക്കു നല്ല കളക്ഷനുണ്ട്. പലപ്പോഴും ആവശ്യത്തിനു ബസുകളില്ലാത്തതിനാൽ യാത്രക്കാർ ലഭ്യമായ ബസുകളിൽ അതിർത്തിവരെ കെഎസ്ആർടിസികളിൽ പോയി ഇറങ്ങിക്കയറുകയാണു ചെയ്യുന്നത്. പലപ്പോഴും കെഎസ്ആർടിസി ബസുകൾ ഇല്ലാത്തതിന്റെ ഗുണം അനുഭവിക്കുന്നതു സ്വകാര്യ ബസ് ലോബിയാണ്. വാരാന്ത്യങ്ങളിൽ മംഗലാപുരത്തേക്കും ബംഗളുരുവിലേക്കും മൈസൂരുവിലേക്കുമുള്ള ബസുകളിൽ വമ്പൻ കളക്ഷനാണുള്ളത്. എന്നിരിക്കേയും പലപ്പോഴും മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി പല സർവീസുകളും നിർത്തലാക്കുകയും ചെയ്തിരുന്നു.

കേരളത്തിനു പുറത്തക്കുള്ള സർവീസുകളിൽ ഡ്യൂട്ടിക്കുപോകാൻ ജീവനക്കാർക്കുള്ള മടിയും ബസുകളുടെ കണ്ടീഷനില്ലായ്മയുമാണ് ഇത്തരത്തിൽ സർവീസുകൾ നിർത്താൻ കോർപറേഷനിലെ ഉന്നതർ കണ്ടെത്തിയ ന്യായം. ബസുകൾ ഇല്ലാതാകുന്നതോടെ യാത്രാക്ലേശം അനുഭവിച്ച യാത്രക്കാർ പലപ്പോഴും കെഎസ്ആർടിസിയെ കൈവിട്ട് സ്വകാര്യബസുകളെയും പതിവായി ഉണ്ടാകുമെന്നുറപ്പുള്ള സ്വകാര്യ ബസുകളെയും ആശ്രയിക്കുകയായിരുന്നു. വലിയതോതിലെ വരുമാനനഷ്ടമാണ് ഇതിലൂടെ കെഎസ്ആർടിസിക്കുണ്ടായത്.

പുതിയ സർവീസുകൾ ഇങ്ങനെയാണ്: പാലക്കാട്-കൂട്ടുപുഴ, പാലക്കാട്-തലപ്പാടി, ആലപ്പുഴ-ഉഡുപ്പി റൂട്ടുകളിൽ രണ്ടുവീതം. മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽനിന്നു ഗുണ്ടൽപേട്ടയിലേക്ക് ഒന്നുവീതം. കണ്ണൂരിൽനിന്നു തലപ്പാടിയിലേക്കു രണ്ടും വീരാജ്‌പേട്ടയിലേക്ക് ഒന്നും സർവീസ്. ബാക്കി ബസുകൾ എല്ലാം കോഴിക്കോട്ടുനിന്നു ബംഗളുരു, മൈസുരു എന്നിവിടങ്ങളിലേക്കും കാഞ്ഞങ്ങാട്, കാസർഗോഡ്, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്നു മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളിലേക്കും നടത്തും. പയ്യന്നൂരിൽനിന്നു ബംഗളുരുവിലേക്കു സൂപ്പർഫാസ്റ്റും തുടങ്ങും. തലശേരിയിൽനിന്നും വടകരയിൽനിന്നും മൈസൂരിലേക്കും ബംഗളുരുവിലേക്കും സർവീസുകൾ ഉണ്ടാകും. തൃശൂർ മേഖലയിൽനിന്നു ഗുരുവായൂർ-കൊല്ലൂർ, തൃശൂർ-ചാമരാജ്‌നഗർ റൂട്ടുകളിലും ഗുണ്ടൽപേട്ടയിലേക്കും രണ്ടു സർവീസുകൾ നടത്തും.

കൊടുങ്ങല്ലൂരിൽനിന്നും ആലപ്പുഴയിൽനിന്നും കൊല്ലൂരിലേക്ക് അടക്കമാണ് 22 സർവീസുകൾ തുടങ്ങാനാണ് കർണാടക കോർപറേഷൻ തീരുമാനിച്ചത്. ഇതോടെയാണ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നു പല എതിർപ്പുകളും ഉയർന്നെങ്കിലും സർവീസ് തുടങ്ങിയേ മതിയാകൂ എന്നായിരുന്നു എംഡിയുടെ നിലപാട്. അതിനിടെ, വർഷങ്ങളായി തുടരുന്ന ആവശ്യമായ തമിഴ്‌നാട്ടിലേക്കു കൂടുതൽ സർവീസ് ആരംഭിക്കാനും ആന്ധ്രയിലേക്കു സർവീസ് ആരംഭിക്കാനുമുള്ള നടപടികളും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ ചെന്നൈയിലേക്കു സർവീസ്ആരംഭിക്കാനായേക്കും. പുതുച്ചേരിയിലേക്കും സർവീസിന് നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP