Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയിലെ ചില എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പമ്പ യാത്ര സ്വകാര്യ ബസ് മുതലാളിമാരുടെ ആതിഥ്യം സ്വീകരിക്കാനോ? ആതിഥ്യം സ്വീകരിച്ച് മടങ്ങുന്നതിന് പിന്നാലെ കെഎസ്ആർടിസി സർവീസുകൾ പലതും നിലയ്ക്കുന്നു; ആ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങുന്നു

കെഎസ്ആർടിസിയിലെ ചില എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പമ്പ യാത്ര സ്വകാര്യ ബസ് മുതലാളിമാരുടെ ആതിഥ്യം സ്വീകരിക്കാനോ? ആതിഥ്യം സ്വീകരിച്ച് മടങ്ങുന്നതിന് പിന്നാലെ കെഎസ്ആർടിസി സർവീസുകൾ പലതും നിലയ്ക്കുന്നു; ആ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെഎസ്ആർടിസിയിൽ ചില എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഇടയ്ക്കിടെ ഔദ്യോഗികമായി നടത്തുന്ന പമ്പ യാത്ര വിവാദത്തിൽ. ഇവർ വന്നു മടങ്ങുന്നതിന് പിന്നാലെ പത്തനംതിട്ടയിലും സമീപ ഡിപ്പോകളിലുമുള്ള വരുമാനം കൂടുതലുള്ള ചില സർവീസുകൾ നിലയ്ക്കുമെന്നും മറ്റ് ചിലത് റൂട്ട് മാറ്റി സർവീസ് നടത്തുമെന്നുമാണ് ജീവനക്കാരുടെ പരാതി. പമ്പ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന ചില ഡയറക്ടർമാർ സ്വകാര്യ ബസ് മുതലാളിമാരുടെ വീടുകളിലേക്ക് ആതിഥ്യം സ്വീകരിക്കാൻ പോകും. ഇനി അങ്ങനെ പോകാൻ മടിയുള്ളവർ അടൂർ പോലെയുള്ള സ്ഥലങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസമാക്കും. രണ്ടു മൂന്നു ദിവസം ഇവിടെ അടിച്ചു പൊളിച്ചാകും മടക്കം. വരുന്ന ഔദ്യോഗിക വാഹനം തിരികെ അയച്ച ശേഷമാണ് ഉല്ലാസത്തിന് പോകുന്നത്.

ഇങ്ങനെ ചില എക്സിക്യൂട്ടീവ് ഡയറക്ടർമാർ വന്നു മടങ്ങിയതിന് ശേഷം പത്തനംതിട്ടയിൽ നിന്നുള്ള ചില സർവീസുകൾക്ക് കഷ്ടകാലമാണ്. പത്തനംതിട്ടയിൽ നിന്നുണ്ടായിരുന്ന തിരുനെല്ലി സർവീസിന് 40,000 രൂപയായിരുന്നു പ്രതിദിന വരുമാനം. തീർത്ഥാടന കേന്ദ്രം, ആദിവാസി ചികിൽസാ കേന്ദ്രം എന്നീ നിലകളിൽ പ്രശസ്തമായ തിരുനെല്ലിയിലേക്ക് പുലർച്ചെ എത്തിച്ചേരും എന്നതിനാൽ ഈ ബസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഏറെക്കുറെ സീറ്റുകൾ നിറയുമായിരുന്നു. പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ചില സ്വകാര്യ ബസ് സർവീസുകൾ ഈ കെഎസ്ആർടിസി ബസ് ഭീഷണി ആയിരുന്നു.

ഒരു എക്സിക്യൂട്ടീവ് ഡയറക്ടറുടെ സന്ദർശനത്തിനൊടുവിൽ തിരുനെല്ലി സർവീസ് മാനന്തവാടി വരെയാക്കി ചുരുക്കി. ഇതോടെ ബസിൽ ആളു കയറാതായി. ഇതിന് പിന്നാലെ ഒരു സ്വകാര്യ ബസ് തിരുനെല്ലിക്ക് ഇവിടെ നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം നേർ പകുതിയായി മാറുകയും ചെയ്തു.

പത്തനംതിട്ടയിൽ നിന്നുമുള്ള ബംഗളൂരു സർവീസിനും ഇതേ ഗതി തന്നെയായിരുന്നു. ഈ ബസിന് വരുമാനം വർധിച്ചപ്പോൾ അത് അട്ടിമറിക്കാൻ മറ്റൊരു വഴിയാണ് കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടിരുന്ന ബംഗളൂരു ട്രിപ്പ് തിരുവനന്തപുരത്ത് നിന്നാക്കി. എംസി റോഡിൽ അടൂരിലെത്തുന്ന ബസ് അവിടെ നിന്ന് പത്തനംതിട്ട വന്ന് തിരുവല്ലയിൽ ചെന്ന് എംസി റോഡിൽ വീണ്ടും കയറി യാത്ര തുടരുന്ന രീതിയിൽ ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഇതു കാരണം തിരുവനന്തപുരത്ത് നിന്ന് ആളു കയറാതായി പത്തനംതിട്ടയിൽ കാത്തു നിൽക്കാൻ കഴിയാതെ യാത്രക്കാർ ഈ ബസ് ഒഴിവാക്കി പകരം സ്വകാര്യ സർവീസിനെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ സ്വകാര്യ ബസുടമകൾ ആഗ്രഹിച്ച അട്ടിമറി പൂർത്തിയായി.

അടുത്തകാലത്ത് തുടങ്ങിയ അടൂർ-ആങ്ങമൂഴി ചെയിൻ സർവീസിനും ഇതേ ഗതി തന്നെയാണ്. ഈ സർവീസുകൾ മികച്ച വരുമാനം കൈവന്നതോടെ സ്വകാര്യ ബസുടമകൾക്ക് വേണ്ടി കെഎസ്ആർടിസി ജീവനക്കാർ പണി തുടങ്ങി. സർവീസുകൾ രണ്ടാക്കി മുറിച്ചു. അടൂർ-പത്തനംതിട്ട, പത്തനംതിട്ട-സീതത്തോട് എന്നിങ്ങനെയാക്കി. രണ്ടു സർവീസിനും ആളും വരുമാനവും കുറഞ്ഞു. പത്തനംതിട്ട -പുനലൂർ റൂട്ടിലും പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിലും ഇതാണ് അവസ്ഥ. 2019 ലെ വിഷു-ഈസ്റ്റർ കാലത്താണ് പമ്പയിൽ പോയി മടങ്ങിയ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്വകാര്യ ബസുടമകളുടെ ആതിഥ്യം സ്വീകരിച്ച് അടൂരിൽ തങ്ങിയത്.

ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ ഉള്ളത് വടക്കൻ ജില്ലകളിലാണെങ്കിലും കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി ഉടമകൾക്ക് ബന്ധമുള്ളത് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്. ഇവിടെയുള്ള കുത്ത ബസ് മുതലാളിമാരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത്. വടക്കൻ ജില്ലകളിൽ സ്വകാര്യ ബസുകൾക്ക് കുത്തകയായത് കാരണം കെഎസ്ആർടിസിയുമായി ഒത്തു തീർപ്പിന്റെ ആവശ്യമില്ല. കെഎസ്ആർടിസിയുടെ വരുമാനം തകർക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നത് മിഡിൽ മാനേജ്മെന്റും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ്. മാസശമ്പളത്തേക്കാൾ കൂടുതൽ പടി വാങ്ങി എടുക്കുന്ന ഉദ്യോഗസ്ഥരുള്ള ഡിപ്പോകളുമുണ്ട്. കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയാലും ഇവർക്ക് പ്രത്യേകിച്ചൊന്നുമില്ല. അനുഭവിക്കുന്നത് പാവം തൊഴിലാളികൾ ആണെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP