Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കെഎസ്ആർടിസി മിന്നൽ സമരം ഗുരുതര വീഴ്ച; 60 കാരനായ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ പണിമുടക്കിൽ ഇടപെടുന്നതിൽ നിയമസഭയിൽ ഉന്നയിച്ചിട്ട് പോലും വീഴ്ചയുണ്ടായെന്നും രമേശ് ചെന്നിത്തല; സംഘർഷവും മരണവും കളക്ടർ അന്വേഷിക്കുമെന്ന് എ.കെ.ശശീന്ദ്രൻ; മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് യൂണിയനുകൾ മനസ്സിലാക്കണമെന്നും ഗതാഗത മന്ത്രി; സ്വകാര്യ ബസ് തടഞ്ഞതിന് കസ്റ്റഡിലെടുത്ത ഡിടിഒക്ക് മോചനം; എല്ലാറ്റിനും പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ കളിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും

കെഎസ്ആർടിസി മിന്നൽ സമരം ഗുരുതര വീഴ്ച; 60 കാരനായ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ പണിമുടക്കിൽ ഇടപെടുന്നതിൽ നിയമസഭയിൽ ഉന്നയിച്ചിട്ട് പോലും വീഴ്ചയുണ്ടായെന്നും രമേശ് ചെന്നിത്തല; സംഘർഷവും മരണവും കളക്ടർ അന്വേഷിക്കുമെന്ന് എ.കെ.ശശീന്ദ്രൻ; മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് യൂണിയനുകൾ മനസ്സിലാക്കണമെന്നും ഗതാഗത മന്ത്രി;  സ്വകാര്യ ബസ് തടഞ്ഞതിന് കസ്റ്റഡിലെടുത്ത ഡിടിഒക്ക് മോചനം; എല്ലാറ്റിനും പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ കളിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്ക് വലിയ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 60 കാരനായ യാത്രക്കാരന്റെ മരണത്തിന് വഴിവച്ച പണിമുടക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കി. നിയമസഭയിൽ ഉന്നയിച്ചിട്ട് പോലും ഇടപെടുന്നതിൽ വീഴ്ചയുണ്ടായെന്നും ചെന്നിത്തല പവിമർശിച്ചു.

കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ കാച്ചാണി
സ്വദേശി സുരേന്ദ്രനാണ് (64) മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റേഷനിൽ വച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബസ് സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനിടെ സുരേന്ദ്രൻ ഹൃദ്രോഗിയായിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സംഭവത്തിൽ ഗതാഗതമന്ത്രി കലക്ടറോട് റിപ്പോർട്ട് തേടി . സംഘർഷവും മരണവും കളക്ടർ അന്വേഷിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് യൂണിയനുകൾ മനസിലാക്കണം . 'സമരത്തിലേക്ക് നയിച്ച കാരണങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതിനിടെ, സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത ഡിടിഒ: സാം ലോപ്പസ് ഉൾപ്പെടെയുള്ള രണ്ടുപേരെ സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു. സ്വകാര്യബസ് ലോബിയുടെ കളികളാണ് പ്രശ്‌നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സ്റ്റേഷനു പുറത്തെത്തിയ ഇവരെ സഹപ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചും സ്വീകരിച്ചു.

കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥരും യൂണിയൻ ഭാരവാഹികളും ഡിസിപിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർ തിരുവനന്തപുരത്ത് പ്രത്യക്ഷ സമരം തുടരുമ്പോൾ പരോക്ഷമായ സമരം ചെയ്യുന്ന രീതിയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. നൂറുകണക്കിന് യാത്രക്കാർ കിഴക്കേകോട്ടയിലും തമ്പാനൂരിലുമായി മണിക്കൂറുകൾ കുടുങ്ങിക്കിടന്നിട്ടും ഇടപെടാൻ പൊലീസ് തയാറായില്ല. കിഴിക്കേകോട്ടയിൽ റോഡ് തടയാനുള്ള യാത്രക്കാരുട ശ്രമം ഓട്ടോ തൊഴിലാളികൾ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. അപ്പോഴും പൊലീസ് ഇടപെട്ടില്ല. തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ തൊട്ടടുത്തായിട്ടുപോലും പൊലീസ് സ്റ്റേഷനിൽനിന്ന് ആരും തിരക്ക് നിയന്ത്രിക്കാൻ എത്തിയില്ല. യാത്രക്കാരും ബസ് ജീവനക്കാരും പലതവണ വാക്കേറ്റമുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ല

അഞ്ച് മണിക്കൂറോളം കത്തുന്ന ചൂടിൽ നിർത്തിയത് കെഎസ്ആർടിസി യാത്രക്കാരെ മാത്രമായിരുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാന നഗരത്തിലേക്കെത്തിയ എല്ലാവരും നിരനിരയായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുകൾക്ക് പിന്നിൽ കുടുങ്ങി. മണിക്കൂറുകളോളം നഗരം നിശ്ചലമായിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാരോ ബദൽ സംവിധാനത്തിലൂടെ ഗതാഗതം സുഗമമാക്കാൻ പൊലീസിനോ കഴിഞ്ഞില്ല. ഭരണസിരാകേന്ദ്രത്തിന്റെ തൊട്ട് മുന്നിൽ വരെ വാഹനങ്ങളുടെ നിര നീണ്ട് കിടന്നിട്ടും മുഖ്യനും മന്ത്രിമാരും പാർട്ടി നേതാക്കളും ഒന്നുമറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞതായി നടിച്ചില്ല.

കാത്തുനിൽപ്പ് കൂടിയതോടെ പലരും പ്രതികരിച്ച് തുടങ്ങി. എന്നാൽ നടുറോഡിൽ നിൽക്കുന്ന ട്രാഫിക് പൊലീസുകാർക്ക് പോലും എന്താണ് ചെയ്യേണ്ടതെന്ന നിശ്ചയമില്ലായിരുന്നു. എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതിനെതിരെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായത്. കാര്യങ്ങൾ കൈവിട്ട് പോയതോടെ നിയമം മറക്കാൻ പൊലീസും തയ്യാറായി. അറസ്റ്റ് ചെയ്ത എടിഒയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പൊലീസ് തയ്യാറായതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ സമരം അവസാനിപ്പിച്ച് ബസിൽ കയറാൻ തയ്യാറായത്.

നഗരത്തെ നിശ്ചലമാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം അഞ്ച് മണിക്കൂറോളം പിന്നിട്ടപ്പോഴാണ് അവസാനിപ്പിക്കാൻ ധാരണയായത്. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഡി.ടി.ഒയെ സ്റ്റേഷൻ ജാമ്യത്തിൽ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിക്കാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചത്.നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങൾ പോയാൽ മതി എന്ന നിലപാടിലായിരുന്നു യാത്രക്കാർ.

രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്. അക്ഷമരായ യാത്രക്കാർ തമ്പാനൂരിൽ റോഡ് ഉപരോധിച്ചു. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡിൽ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. കെഎസ്ആർടിസി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആർടിസി ബസുകൾ ആദ്യം സർവീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങൾ പോയാൽ മതി എന്ന നിലപാടിലാണ് യാത്രക്കാർ. പ്രതിഷേധിക്കുന്ന യാത്രക്കാരെ അനുനയിപ്പിച്ച് ഗതാഗത കുരുക്ക് നീക്കാൻ പൊലീസുകാർ ശ്രമിക്കുന്നുണ്ട്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മർദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തിൽ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും ജീവനക്കാർ നിർത്തിവെച്ചു. യാത്രക്കാർ പലരും ബസിൽ കയറിയെങ്കിലും ബസ്സെടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിക്കുകയാണ്. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നത്. ഒപ്പം സിറ്റി ഡിപ്പോയിലെ സർവീസുകളെല്ലാം നിർത്തിവെച്ചു. കിഴക്കേകോട്ടയിൽ ബസുകൾ നിർത്തി ഇട്ടാണ് ജീവനക്കാർ ഫോർട്സ്റ്റേഷൻ ഉപരോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP