Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിമുടക്കിയാൽ നഷ്ടം ഈടാക്കുമെന്ന മുന്നറിയിപ്പ്; ശമ്പളം നൽകില്ലെന്നും കടുപ്പിച്ച് മാനേജ്മെന്റ്; കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ സമരം പിൻവലിച്ച് ടിഡിഎസ്

പണിമുടക്കിയാൽ നഷ്ടം ഈടാക്കുമെന്ന മുന്നറിയിപ്പ്; ശമ്പളം നൽകില്ലെന്നും കടുപ്പിച്ച് മാനേജ്മെന്റ്; കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ സമരം പിൻവലിച്ച് ടിഡിഎസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.

സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്‌നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് നീങ്ങിയിരുന്നു. ഇതോടെയാണ് പണിമുടക്ക് പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം സർവീസ് മുടങ്ങിയാൽ നഷ്ടം സമരം ചെയ്യുന്ന തൊഴിലാളികളിൽ നിന്ന് ഈടാക്കാനായിരുന്നു മാനേജ്മെന്റ് നീക്കം. കൂടാതെ സമരത്തെ നേരിടാൻ ഇതിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്.

ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നതായി മാനേജ്മെന്റ് പറയുന്നു. അന്ന് യോഗത്തിൽ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നത്. അതിനാൽ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

അടുത്തമാസം അഞ്ചിന് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റെ തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന സമയത്താണ് സമരം പ്രഖ്യാപിച്ചത്. ഇതോടെ സമരത്തെ തുടർന്ന് സർവീസുകൾ തടസപ്പെടാതിരിക്കുവാൻ താത്കാലികമായി ഡ്രൈവർമാരെ ഡ്യൂട്ടിക്കെടുക്കുവാനും ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പി എസ് സിയുടെ കാലാവധി അവസാനിച്ച ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ നിന്നും അപേക്ഷ സ്വീകരിക്കാനാണ് തീരുമാനിച്ചത്.

പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഇവർ എത്രയും വേഗം തൊട്ടടുത്തുള്ള കെ എസ് ആർ ടി സി യൂണിറ്റുകളിൽ എത്താനാണ് നിർദ്ദേശിച്ചത്. താത്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിരുന്നു. താത്കാലികമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 715 രൂപയാണ് ഒരു ഡ്യൂട്ടിക്ക് നൽകുക. സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിയമനങ്ങളെന്ന് കെ എസ് ആർ ടി സി മാനേജ്‌മെന്റ് വ്യക്തമാക്കി. കെഎസ്ആർടിസി മാനേജ്‌മെന്റ് നിലപാട് കടുപ്പിച്ചതോടെയാണ് ടിഡിഎഫ് സമരത്തിൽ നിന്നും പിന്നാക്കം പോയത്.

സമരം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മന്ത്രി പറഞ്ഞു. യൂണിയൻ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ലെന്നും മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഡയസ്‌നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ തന്നെ നടപ്പിലാക്കാൻ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു.

തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. എന്നാൽ ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കിയിരുന്നു.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.

മാനേജ്‌മെന്റ് പുറത്തിറക്കിയ സർക്കുലർ

KSRTC യിലെ അംഗീകൃത സംഘടനകളിൽ ഒന്നായ TDF ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ KSRTC എല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരും ബസ്സും ക്രമീകരിച്ചിട്ടുണ്ട്.

സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പൊലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.സമരത്തിൽ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വർദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാൽ താത്ക്കാലികമായി 'ബദലി' ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവിൽ കാലാവധി കഴിഞ്ഞ PSC ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദ എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP