Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പിന്നിലേക്കെടുത്ത ബസിന്റെ പിൻ ചക്രം എന്തിലോ കയറിയതായ സംശയത്തിൽ നോക്കിയപ്പോൾ ടയറിനടിയിൽ കാൽ കുരുങ്ങി പട്ടിക്കുഞ്ഞ്; വേദന കൊണ്ട് പുളയുന്ന പട്ടിക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്തപ്പോൾ മുൻ കാലിൽ ചെറിയ മുറിവ്; മുറിവ് ഭേദമാക്കി വീട്ടിലെ അരുമയായി വളർത്തി വലുതാക്കി; മിടുക്കനായ ജാക്കിയുടെ ചിത്രം ഫെയ്സ് ബുക്കിൽ പങ്ക് വെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ

പിന്നിലേക്കെടുത്ത ബസിന്റെ പിൻ ചക്രം എന്തിലോ കയറിയതായ സംശയത്തിൽ നോക്കിയപ്പോൾ ടയറിനടിയിൽ കാൽ കുരുങ്ങി പട്ടിക്കുഞ്ഞ്; വേദന കൊണ്ട് പുളയുന്ന പട്ടിക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്തപ്പോൾ മുൻ കാലിൽ ചെറിയ മുറിവ്; മുറിവ് ഭേദമാക്കി വീട്ടിലെ അരുമയായി വളർത്തി വലുതാക്കി; മിടുക്കനായ ജാക്കിയുടെ ചിത്രം ഫെയ്സ് ബുക്കിൽ പങ്ക് വെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ

ആർ പീയൂഷ്

കൊച്ചി: പിന്നിലേക്കെടുത്ത ബസിന്റെ പിൻ ചക്രത്തിൽ പിടഞ്ഞു തീരേണ്ടതായിരുന്നു ആ പട്ടിക്കുഞ്ഞിന്റെ ജീവൻ. ജീവൻ കൊടുത്ത ദൈവത്തിന്റെ കരുതലാവാം ഒരുൾവിളി പോലെ ഡ്രൈവറുടെ കാലുകൾ ബ്രേക്കിൽ അമർന്നത്. എന്തോ ഒന്ന് ബസിന്റെ അടിയിൽപെട്ടുവോ എന്നൊരു സംശയം. ചെന്നു നോക്കിയപ്പോൾ ഒരു പട്ടിക്കുഞ്ഞിന്റെ മുൻകാലുകളിൽ ഒന്നിൽ പിൻ ചക്രം കയറി നിൽക്കുന്നു. പിടഞ്ഞ മനസ്സോടെ പട്ടിക്കുഞ്ഞിനെ കൈകളിൽ എടുത്ത് നോക്കി. കാലിലെ തൊലി കുറച്ചു മാത്രം പോയി. വേദനയാൽ ആ കുഞ്ഞ് ജീവൻ നിലവിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, എടുത്ത് ബസിനുള്ളിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോയി. തന്റെ അശ്രദ്ധയാൽ മുറിവ് പറ്റിയ ഈ ജീവന് ഇനി സംരക്ഷണം താൻ തന്നെ നൽകും എന്ന ദൃഢനിശ്ചയത്തോടെ. ആറുമാസത്തിന് ശേഷം അവൻ മുറിവൊക്കെ ഭേദമായി മിടുക്കനായ പട്ടിക്കുഞ്ഞായി. അവന് ജാക്കി എന്ന പേരുമിട്ടു. ആരുടെയും കരളലയിക്കുന്ന ഈ കഥ പങ്കു വച്ചിരിക്കുന്നത് കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ കെ.വി അനിൽ കുമാറാണ്.

ആറുമാസം മുൻപാണ് അനിൽ കുമാറിന് ജാക്കിയെ കിട്ടുന്നത്. കോതമംഗലത്ത് നിന്നും എറണാകുളത്തേക്ക് വന്ന വേണാട് ചെയിൻ സർവ്വീസ് ബസ് പാർക്ക് ചെയ്യാൻ പിന്നിലേക്കെടുക്കുകയായിരുന്നു. ഒപ്പം കണ്ടക്ടർ ലൈല സൈഡു നോക്കി ബെല്ലടിക്കുന്നുമുണ്ട്. പെട്ടെന്ന് എന്തോ ഒരു നിലവിളി ശബ്ദം കേട്ടതായി അനിൽകുമാറിന് ഒരു തോന്നൽ. വേഗം തന്നെ ബ്രേക്ക് ചെയ്ത് ഹാൻഡ് ബ്രേക്കും വലിച്ചിട്ട് പിന്നിലേക്ക് പോയി നോക്കി. അപ്പോഴാണ് പ്രസവിച്ചിട്ട് അധിക ദിവസമായിട്ടില്ലാത്ത ഒരു പട്ടിക്കുഞ്ഞ് ടയറിനിടയിൽ കാൽ കുടുങ്ങി നിലവിളിക്കുന്നത് കണ്ടത്. ഭാഗ്യത്തിന് കാലിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ടയർ കയറിയുള്ളൂ. അതിനാൽ വേഗം തന്നെ അവിടെ നിന്നും എടുത്ത് മുറിവ് പറ്റിയ ഭാഗം കയ്യിലുണ്ടായിരുന്ന തൂവാലകൊണ്ട് കെട്ടി അവിടെ തന്നെ വിട്ടു. എന്നാൽ വേദനമൂലമുള്ള പട്ടിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അവിടെ ഉപേക്ഷിക്കാൻ അനിലിന് മനസ്സു വന്നില്ല.

പട്ടിക്കുഞ്ഞിനെ എടുത്ത് എറണാകുളം സ്റ്റാന്റിന് സമീപമുള്ള ഒരു കടയിൽ നിന്നും കാഡ്ബോർഡ് പെട്ടി വാങ്ങി അതിനുള്ളിലാക്കി ബസിൽ വച്ചു. കണ്ടക്ടറോട് വിവരങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. നിറയെ യാത്രക്കാരുമായി ബസ് എറണാകുളത്ത് നിന്നും കോതമംഗലത്തേക്ക് യാത്ര തിരിച്ചു. വേദന കൊണ്ട് പട്ടിക്കുഞ്ഞ് കുരച്ച് ബഹളമുണ്ടാക്കാൻ തുടങ്ങി. ഇതോടെ യാത്രക്കാർ പ്രശ്നമുണ്ടൈാക്കാൻ തുടങ്ങി. ബസിനുള്ളിൽ പട്ടിയെകൊണ്ടു പോകാൻ പാടില്ല, യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് എന്നൊക്കെ വിമർശനം ഉയർന്നു. ഇതോടെ ബസ് സൈഡ് ഒതുക്കി നിർത്തി അനിൽകുമാർ യാത്രക്കാരോട് ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. തന്റെ അശ്രദ്ധമൂലം പരിക്ക പറ്റിയ ഈ കുഞ്ഞ് ജീവനെ സംരക്ഷിക്കാനായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞതോടെ യാത്രക്കാർക്ക് അനുകമ്പയായി. മുൻ സീറ്റിലിരിക്കുകയായിരുന്ന ഒരു യുവതി തനിക്ക് നൽകാമോ എന്ന് ചോദിച്ചെങ്കിലും അനിൽകുമാറിന് കൊടുക്കാൻ മനസ്സ് വന്നില്ല.

കോതമംഗലം ഡിപ്പോയിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ രാജീവനോട് വിവരം പറയുകയും അദ്ദേഹത്തിന്റെ അനുമതിയോടെ വേഗം തന്നെ പട്ടിക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകുകയും തിരികെ എത്തി ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് വേണ്ട പരിചരണം നൽകി ശുശ്രൂഷിച്ചതിനെ തുടർന്ന് മുറിവ് ഭേദമായി. ഇപ്പോൾ ആറുമാസത്തിന് ശേഷം മിടുക്കനായി പട്ടിക്കുഞ്ഞായി മാറി ജാക്കി. തെരുവിൽ അലഞ്ഞു നടക്കേണ്ട പട്ടിക്കുഞ്ഞിന് ഇപ്പോൾ ഒരു നാഥനുണ്ടായി. കഴിഞ്ഞ ദിവസം ഈ വിവരം അനിൽകുമാർ തന്റെ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചപ്പോഴാണ് ഈ കഥ പുറത്തറിയുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ മനസാക്ഷിയില്ലാത്തവരാണ് എന്ന ആക്ഷേപം നില നിൽക്കുമ്പോൾ അനിൽ കുമാറിന്റെ കുറിപ്പ് ഏറെ ജന ശ്രദ്ധ നേടുന്നു.

റോഡിലൂടെ പോകുമ്പോൾ ഒരു ഉറുമ്പിന്റെ ദേഹത്ത് കൂടി പോലും വാഹനം കയറരുതെന്ന പ്രാർത്ഥനയോടെയാണ് ബസ് ഓടിക്കുന്നത്. അബദ്ധത്തിൽ ചില അപകടങ്ങൾ ഉണ്ടാകുന്നതു കൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ എല്ലാവരും കുഴപ്പക്കാരാണെന്ന് കരുതരുത് എന്ന് അനിൽകുമാർ പറയുന്നു. ബസുമായി ബന്ധപ്പെട്ട പേരാകണമെന്ന് കരുതിയാണ് ജാക്കി എന്ന പേര് പട്ടിക്ക് നൽകിയതെന്നും അനിൽ കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. 12 വർഷമായി അനിൽകുമാർ ജോലിയിൽ പ്രവേശിച്ചിട്ട്. വൈക്കം സ്വദേശിയാണെങ്കിലും ഭാര്യ ജിഷയുടെ ജോലിയുടെ സൗകര്യാർത്ഥം കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുകയാണ്. മാധവ്, നിവേദ്യ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP