Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കും; പിഎസ് സി പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്കു കയറിയ ജീവനക്കാർക്ക് ശമ്പളവുമില്ല; ആനവണ്ടിയുടെ കുത്തുപാളയെടുക്കാൻ ഇനി അധികനാൾ വേണ്ട; ശമ്പളം കൊടുക്കാതെ കെഎസ്ആർടിസിയെ പെരുവഴിയിലാക്കുന്നത് സൊസൈറ്റി മോഡലിന് വഴി തുറക്കാനോ?

കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കും; പിഎസ് സി പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്കു കയറിയ ജീവനക്കാർക്ക് ശമ്പളവുമില്ല;  ആനവണ്ടിയുടെ കുത്തുപാളയെടുക്കാൻ ഇനി അധികനാൾ വേണ്ട; ശമ്പളം കൊടുക്കാതെ കെഎസ്ആർടിസിയെ പെരുവഴിയിലാക്കുന്നത് സൊസൈറ്റി മോഡലിന് വഴി തുറക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കോർപ്പറേഷന്റെ കൈയിൽ പണമില്ലെന്നാണ് മന്ത്രി ആന്റണി രാജു അടക്കമുള്ളവർ ആവർത്തിക്കുന്നത്. അതേസമയം കെ സ്വിഫ്റ്റിനെ പരമാവധി പരിപോഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതും. ഇതിനായി കെഎസ്ആർടിസി ലാഭത്തിൽ ഓടുന്ന റൂട്ടുകളെല്ലാം കെ സ്വിഫ്റ്റിന് കൈമാറുന്നതിലും ജീവനക്കാർക്ക് അമർഷമുണ്ട്. ഓണക്കാലമായിട്ടു കൂടി ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കാതെയുള്ള സർക്കാർ സമീപനത്തിൽ നീഗൂഢതകൾ ഉയരുന്നതും.

കെ.എസ്.ആർ.ടി.സി യെ തകർക്കാൻ സിപിഎം നീക്കം എന്ന് ആക്ഷേപം ജീവനക്കാർക്കിടയിൽ സജീവമാണ്. സ്ഥാപനത്തെ തകർത്ത് ഊരാളുങ്കൽ മോഡൽ സൊസൈറ്റിയാക്കി സിപിഎം പിടിയിൽ ഒതുക്കാനുള്ള നീക്കമാണെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നത്. സുശീൽഖന്ന റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നതെന്നാണ് ആരോപണം.

നിലവിൽ കെ.എസ് ആർ.ടി യിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുകയാണ്. ഈ മാസത്തെ ശബളം കൊടുത്ത് തീർത്തിട്ടില്ല. കുറശ്ശേ ശമ്പളമാണ് നൽകുന്നത് എന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ശമ്പളം നൽകാനുള്ള തുക കെ.എസ് ആർ ടിസി ക്ക് ലഭിച്ചിട്ടും അത് ജീവനക്കാർക്ക് നൽകാതെ വഴിമാറ്റി ചിലവഴിക്കുന്നത് സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമായിട്ടാണ് എന്ന് ആരോപണം ശക്തമാകുന്നു.

ഇങ്ങനെ തകർന്നു ജീവനക്കാർ വിട്ടു പോവുകയും ശമ്പളം നൽകാത്ത സ്ഥാപനമായതിനാൽ പുതിയതായി ആരും ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാതിരുന്നാൽ കെ.എസ്.ആർ.ടി.സി തകരും. ഇതോടെ സ്ഥാപനം അടച്ചു പൂട്ടാം. പൂട്ടിയ സ്ഥാപനത്തെ രക്ഷിക്കാൻ സർക്കാർ രംഗത്തിറങ്ങുകയും ഊരാളുങ്കൽ മോഡൽ സൊസൈറ്റികളുണ്ടാക്കി ഇതിലെ അംഗങ്ങളെ ജീവനക്കാരാക്കി പൊതുഗതാഗതസംവിധാനത്തെ പുനഃസ്ഥാപിക്കാനാണ് സർക്കാറിന്റെ പദ്ധതി എന്നാണ് ആക്ഷേപം.

ഈ രീതിയിൽ സൊസൈറ്റി ഉണ്ടായാൽ സിപിഎം തീരുമാനിക്കുന്നവരായിരിക്കും സോസൈറ്റിയിലെ അംഗങ്ങളും ജീവനക്കാരും. കേരളത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങളുടെ ഹൃദയഭാഗത്ത് കെ.എസ്.ആർടിസി യുടെ കൈവശമുള്ള കോടികണക്കിന് രൂപ വിലയുള്ള വസ്തുവകകളും കെട്ടിടങ്ങളും അടക്കം കെ.എസ് ആർടിസിക്ക് സ്വന്തമായുള്ളതെല്ലാം സോസൈറ്റികളുടെ കൈയിലാകും. സാങ്കേതികമായി സിപിഎം ന്റെ കയ്യിൽ. ഇതിനാണ് ശബളം നൽകാതെ ജീവനക്കാരുടെ ആത്മവിശ്വാസത്തെ തകർത്ത് കെ.എസ്.ആർ.ടിയെ നശിപ്പിക്കാനുള്ള നീക്കം സിപിഎം നടത്തുന്നത്.

ഈ അജൻഡ പ്രകാരമാണ് കെ.എസ്.ആർ.ടിസിയിൽ ശമ്പളം നൽകാൻ 50 കോടി നൽകിയെന്നും ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് . എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ സർക്കാർ സഹായമെന്ന് പറയരുതെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കെ എസ് ആർ ടി സി നിരവധി കെട്ടിടങ്ങൾ പണിത് കൂട്ടുന്നുണ്ട്. ഇതിന്റെ ബാധ്യതകളെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിംഗില്ലെ എന്നും ഇത്രയും വസ്തുവകകൾ ഉള്ള കമ്പനി എന്തുകൊണ്ട് ലാഭകരമാകുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു.

ശമ്പളം നൽകാൻ 79 കോടി രൂപ വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.ആദ്യഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഫയൽ മടക്കി. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോൾ അടിയന്തര സഹായമായി കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ അനുവദിച്ചു. ഇത് കോടതി ഇടപെട്ടതുകൊണ്ടാണെന്നും പതിയെ സിപിഎം സൊസൈറ്റി പദ്ധതി നടപ്പിലാക്കുമെന്നും ജീവനക്കാർ ആരോപിക്കുന്നു.

കോടതിയുടെ അതൃപ്തിയും ജീവനക്കാർക്ക് തുണയാകുമോ?

ഹൈക്കോടതി ഇടപെടലിൽ എങ്കിലും ആനവണ്ടിക്ക് ആശ്വാസമുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്നു ഹൈക്കോടതി. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10നകം നൽകണമെന്ന മുൻ ഉത്തരവു നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്കു പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ ആസ്തികൾ വിൽക്കുകയോ വേണ്ടി വരും. രണ്ടിൽ ഏതായാലും സർക്കാർ ഇടപെട്ടാലേ നടക്കുകയുള്ളൂ. കോടതി നിർദ്ദേശം ഗൗരവപൂർവം പരിഗണിച്ചിരുന്നെങ്കിൽ നടപ്പാക്കാൻ കഴിയുമായിരുന്നു എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശമ്പള വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും തമ്മിൽ നടക്കുന്ന ചർച്ചയുടെ തീരുമാനം അറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നു ഹർജി 24ലേക്കു മാറ്റി. കെഎസ്ആർടിസിയുടെ ആസ്തികളുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്നു സർക്കാർ അറിയിച്ചു. ഗതാഗത, തൊഴിൽ വകുപ്പു മന്ത്രിമാരും യൂണിയനുകളുമായി ഇന്നലെ ചർച്ച നടന്ന കാര്യവും സർക്കാർ അറിയിച്ചു. കോടതി ഉത്തരവു മാനിച്ചിരുന്നെങ്കിൽ യോഗം നേരത്തേ നടത്തുമായിരുന്നു എന്നു കോടതി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും ചോദിച്ചു.

ഔദ്യോഗികമായി യോഗം നടന്നില്ലെങ്കിലും മറ്റു ചർച്ചകൾ നടന്നുവെന്നു സർക്കാർ മറുപടി നൽകി. ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് എന്തു കാര്യമെന്നു കോടതി ചോദിച്ചു. കോടതി ഉത്തരവിറക്കിയാലും നടപ്പാക്കുന്നില്ലെങ്കിൽ എന്താണു പ്രയോജനം? ജൂലൈയിലെ ശമ്പളം നൽകിയിട്ടില്ല. ആ നിലയ്ക്ക് ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബർ 5നകം നൽകാനാകുമോ? ഓണത്തിന് 20 ദിവസമാണുള്ളത്. എല്ലാവരും ആഘോഷിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ പട്ടിണിയിലാകും. തൊഴിലാളികളുടെ വിധി എന്നു പറഞ്ഞു കയ്യൊഴിയാൻ പറ്റുമോ എന്നു കോടതി ചോദിച്ചു. ശമ്പള വിതരണത്തിനു സർക്കാരിൽ നിന്നു സഹായം കിട്ടണമെന്നു പറഞ്ഞാണു കെഎസ്ആർടിസി 10 ദിവസത്തെ സാവകാശം തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP