Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമലംഘനങ്ങൾ പിടികൂടി പിഴവിഹിതമായി ഒരു ബസിന് പതിനായിരം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ജ്യോതിലാൽ! പിഴ ഈടാക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സിക്കില്ല എന്നിരിക്കെ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല; ഗതാഗത നിയമ ലംഘനങ്ങൾ വഴിയുള്ള പിഴ അടയ്ക്കപ്പെടുന്നത് ഖജനാവിലേക്ക് മാത്രം; കെഎസ്ആർടിസി ബസുകളിൽ ഡാഷ്‌ക്യാമറ സ്ഥാപിക്കണം എന്ന ഗതാഗത സെക്രട്ടറിയുടെ ഉട്ടോപ്യൻ ആശയത്തിന് പിന്നിൽ അഴിമതി തന്നെ

നിയമലംഘനങ്ങൾ പിടികൂടി പിഴവിഹിതമായി ഒരു ബസിന് പതിനായിരം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ജ്യോതിലാൽ! പിഴ ഈടാക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സിക്കില്ല എന്നിരിക്കെ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല; ഗതാഗത നിയമ ലംഘനങ്ങൾ വഴിയുള്ള പിഴ അടയ്ക്കപ്പെടുന്നത് ഖജനാവിലേക്ക് മാത്രം; കെഎസ്ആർടിസി ബസുകളിൽ ഡാഷ്‌ക്യാമറ സ്ഥാപിക്കണം എന്ന ഗതാഗത സെക്രട്ടറിയുടെ ഉട്ടോപ്യൻ ആശയത്തിന് പിന്നിൽ അഴിമതി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടിയുടെ നഷ്ടത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തുവന്നത് ഇന്നലെയാണ്. കടംകയറി മുടിയുന്ന ഘട്ടത്തിലാണ് കോർപ്പറേഷൻ ഉള്ളത്. ഇതിനിടെയാണ് കെഎസ്ആർടിസി ബസുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ഗതാഗത നിയമലംഘനങ്ങൾ പിടികൂടി അതുവഴി കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ തേടാം എന്ന നിർദ്ദേശം. ഗതാഗത സെക്രട്ടറി ജ്യോതിലാലാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ച്.

എന്നാൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ച് ഗതാഗതനിയമലംഘനങ്ങൾ പിടികൂടി സ്ഥാപനത്തിന് വരുമാനമുണ്ടാക്കാം എന്ന ഗതാഗത സെക്രട്ടറിയുടെ നിർദേശത്തിന് അപാകതകൾ ഏറെയുണ്ട്. പിഴവിഹിതമായി ഒരുബസിന് ദിവസം 10,000 രൂപ അധികവരുമാനം ലഭിക്കുമെന്ന നിർദേശമാണ് ഗതാഗത സെക്രട്ടറി മുന്നോട്ടുവെച്ചത്. ഇതിന് നിയമതടസ്സങ്ങളേറെയാണ്. പിഴയീടാക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സി.ക്കില്ല. ഗതാഗതനിയമലംഘനങ്ങൾ വഴിയുള്ള പിഴ ഖജനാവിലേക്കാണ് അടയ്ക്കേണ്ടത്. നിശ്ചിതശതമാനം റോഡ്സുരക്ഷാ ഫണ്ടിലേക്കും നൽകണം.

സാധാരണ ഡാഷ് ക്യാമറ ഉപയോഗിച്ച് റോഡിലുള്ള വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ചിത്രീകരിക്കാനാകില്ല. മോട്ടോർവാഹനവകുപ്പിന്റെ സ്പീഡ് ട്രേസറുകളിൽ ഉപയോഗിക്കുന്ന റഡാർക്യാമറകൾക്ക് 15 ലക്ഷം രൂപ വിലയുണ്ട്. ദേശീയപാതകളിൽ സ്ഥാപിച്ചിട്ടുള്ളവയ്ക്ക് 40 ലക്ഷം രൂപവേണം. ബസിലെ വീഡിയോദൃശ്യങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ നോട്ടീസ് അയയ്ക്കാനും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. 12 മണിക്കൂർവരെ ഓടുന്ന ബസുകളിൽനിന്നുള്ള ദൃശ്യങ്ങൾ പൂർണമായും പരിശോധിച്ച് പിഴയീടാക്കുക ബുദ്ധിമുട്ടാണ്. നിയമലംഘനങ്ങൾ സ്വയംകണ്ടെത്തി അതിന്റെ ചിത്രംമാത്രം പകർത്താൻ കഴിയുന്ന ക്യാമറകളാണുവേണ്ടത്. ഇവ ബസിൽ സജ്ജീകരിക്കുക ബുദ്ധിമുട്ടാണ്.

ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾറൂമുകളിലേക്ക് അപ്ലോഡ് ചെയ്യണമെങ്കിൽ ഉയർന്ന ബാൻഡ്‌ശേഷിയുള്ള ഇന്റർനെറ്റ് സംവിധാനം വേണം. 5000 ബസുകളാണ് കെ.എസ്.ആർ.ടി.സി.ക്കുള്ളത്. 10,000 ക്യാമറകൾ ഇതിനായി വേണ്ടിവരും. ഇത്രയും ക്യാമറകൾ ഘടിപ്പിക്കാനുള്ള സാമ്പത്തികസ്ഥിതി സ്ഥാപനത്തിനില്ല. കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ജി.പി.എസ്.പോലും വാങ്ങാനുള്ള ശേഷിയില്ല. കെ.എസ്.ആർ.ടി.സി.ക്ക് പിഴയീടാക്കാൻ അധികാരമില്ലാത്തതിനാൽ പ്രത്യേകം നിയമനിർമ്മാണം വേണ്ടിവരും. ഇത് കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ ഇടയുണ്ട്.

ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിന്റെ സഹായംതേടാമെന്നാണ് ഗതാഗതസെക്രട്ടറിയുടെ ശുപാർശ. മന്ത്രി എ.കെ. ശശീന്ദ്രനു നൽകിയ ശുപാർശയിൽ പ്രായോഗികവശങ്ങൾ പരിശോധിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡി.ക്കു കൈമാറിയിട്ടുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് നിലവിൽ പരിശോധനകൾ റോഡിൽ നടത്തുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ അവർ ഈടാക്കാറുമുണ്ട്. ഈ തുക മുഴുവൻ സർക്കാരിലേക്ക് നൽകുകയാണ് പൊലീസും ഗതാഗത വകുപ്പും. അവർക്ക് സ്വന്തമായി ചെലവാക്കാൻ അധികാരവുമില്ല. ഇതാണ് സാഹചര്യം. എന്നാൽ എല്ലാം അറിയുന്ന ഗതാഗത സെക്രട്ടറി വിചിത്ര ഉത്തരവുമായി എത്തുകയാണ്. പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽനിന്നു പിഴവിഹിതമായി 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം നൽകാനും മറ്റും ഉപയോഗിക്കാമെന്നാണ് ഗതാഗത സെക്രട്ടറിയുടെ ഉട്ടോപ്യൻ ആശയം.

ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തയാറാക്കിയ പദ്ധതി കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻപിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൂടി പകർത്താൻ ഡാഷ് ക്യാമറകൾക്കു കഴിയും എന്നതിനാൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും ലൈൻ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാർക്കിങ്ങും കണ്ടെത്താം. ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്ന് കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ഇത്തരമൊരു ഫീസ് നിയമ ലംഘനങ്ങളുടെ പിഴയിൽ നിന്ന് ആർക്കും കൊടുക്കാൻ മോട്ടർ വാഹന വകുപ്പിനാകില്ല.

കേരളത്തിലെ സർക്കാർ തീരുമാനം അനുസരിച്ച് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ കൊടുക്കണം. ഇങ്ങനെ ഹെൽമറ്റ് വയ്ക്കാത്തതിന് കിട്ടുന്ന 500 രൂപയും സർക്കാരിന് അവകാശപ്പെട്ട പിഴ തുകയാണ്. അതിൽ നിന്ന് കമ്മിഷനോ മറ്റ് സർവ്വീസ് ചാർജോ മറ്റാർക്കെങ്കിലും കൊടുക്കാൻ സർക്കാരിന് കഴിയില്ല. ഇത് കണ്ടത്തേണ്ട ചുമതല പൊലീസിനും മോട്ടർ വാഹന വകുപ്പിനും മാത്രം. അധികാരം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതെല്ലാം അറിയാവുന്ന ഗതാഗത സെക്രട്ടറിയുടെ നോട്ടിന് പിന്നിൽ എത്രയും വേഗം ക്യാമറകൾ വാങ്ങി ബസുകളിൽ ഫിറ്റ് ചെയ്യാനുള്ള തിടുക്കമാണെന്ന വാദവും സജീവമാണ്. അഴിമതിയൂടെ സാധ്യതകളും ഇവിടെ തെളിയുകയാണ്.

വളരെ കാലമായി കെ എസ് ആർ ടി സി നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിന് മാറ്റം വരുത്താൻ ടോമൻ തച്ചങ്കരിയെ കെ എസ് ആർ ടി സി എംഡിയായി നിയമിച്ചു. ഇതോടെ മാറ്റങ്ങളും കണ്ടു തുടങ്ങി. കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്ത് അധികാരമേറ്റ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടാണ് കെ എസ് ആർ ടി സിയിൽ എടുത്തത്. ഊരാളുങ്കലിന്റെ കരാർ റദ്ദാക്കൽ ഉൾപ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീർത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയർന്നു. സർക്കാർ സഹായത്തോട് നോ പറഞ്ഞ് കെ എസ് ആർ ടി യിൽ സ്വ്ന്തം നിലയ്ക്ക് ശമ്പളവും നൽകി. ഇതോടെ കൂടുതൽ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു.

കോർപ്പറേഷനിൽ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉൾപ്പെടെ എല്ലാ യൂണിയൻ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്ന പലർക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങൾ കോർപ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികൾ തിരിച്ചറിഞ്ഞു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷൻ മരവിപ്പിക്കൽ, ആനുകൂല്യം വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ തളർച്ച മാറ്റാൻ തച്ചങ്കരി കൊണ്ടുവന്നത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചു. ജീവനക്കാരിൽ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇൻസ്പെക്ടർമാർ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് നടപടി കർശനമാക്കി. യൂണിയൻ രാജ് നിർത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കി ഗതാഗത സെക്രട്ടറിയായ ജ്യോതിലാൽ ചരടുവലികൾ നടത്തി. യൂണിയനുകളെ കൂട്ടുപിടിച്ച് തച്ചങ്കരിയെ പുറത്താക്കി.

നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകുമെന്ന് തച്ചങ്കരി കണ്ടെത്തിയിരുന്നു. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിർദ്ദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയായിരുന്നു റിപ്പോർട്ടിന് അടിസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP