Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടയർപൊട്ടി പാഞ്ഞുവന്ന ലോറി ബസിലേക്ക് ഇടിച്ചു കയറിയത് ഡിവൈഡറുകൾ തകർത്ത്; വലിയ ശബ്ദത്തോടുള്ള ഇടി മാത്രമാണ് ഓർമയിൽ; പലരും ഉറക്കത്തിലായിരുന്നു; ഉഗ്രശ്ബദത്തോടെയുള്ള ഇടിയുടെ ആഘാതത്തിൽ നിന്ന് കൺതുറക്കുമ്പോൾ ചേതനയറ്റ ഡ്രൈവറുടേയും കണ്ടക്ടറുടേയും ശരീരം; നിരവധിപേർ ചോരയിൽ മുങ്ങി കിടക്കുന്നു; ദൃക്‌സാക്ഷികൾ പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ : കെ,എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടക്കുമ്പോൾ ബസിലെ എല്ലാവരും ഉറക്കത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോൾ ഇരുട്ട് മാത്രമായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കണ്ടെയ്‌നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ മരിച്ചുവെന്നാണ് കരുതുന്നത്.കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ലോറിക്ക് ആറുമാസം മാത്രമാണ് പഴക്കമുള്ളതെന്നും അതിനാൽ ടയർ പൊട്ടിയതാകില്ല പകരം ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഒരുഭാഗം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.

48 യാത്രക്കാരുമായി തിരിച്ച കെഎസ്ആർടിസി ബസാണ് ഇന്ന് പുലർച്ചെ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. എല്ലാവരും ഉറക്കത്തിലായിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ രക്ഷപെട്ടവർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാൻ സാധിച്ചില്ല. അപകടം നടക്കുമ്പോൾ എല്ലവരും ഉറക്കത്തിലായിരുന്നെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട ശ്രീലക്ഷ്മി പറഞ്ഞു. ബെംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുൻഭാഗത്ത് കണ്ടക്ടർ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തിൽ കണ്ടക്ടർ മരിച്ചതായി ഇപ്പോൾ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അപകടത്തിന്റെ ആഘാതത്തിൽ ഒന്നും ഓർമയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓർമയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. ആംബുലൻസിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകൾ നൽകിയിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല.
ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാർക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു. കാലിന് ചെറിയ പരിക്ക് മാത്രമുള്ള ശ്രീലക്ഷ്മിയെ തൊട്ടടുത്തുള്ള രേവതി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്ത ശ്രീലക്ഷ്മി തിരുപ്പൂരിലുള്ള സുഹൃത്തിന്റെ വീട്ടിലാണിപ്പോൾ. രക്ഷിതാക്കളെത്തിയ ശേഷം അവർക്കൊപ്പം നാട്ടിലേക്ക് മടങ്ങുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

''പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാകില്ല. ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു. കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി. ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്. എഴുന്നേറ്റ് നോക്കിയപ്പോൾ മുഖം മുഴുവൻ ചോര. പുറത്തുനിന്നവരാണ് ചില്ലുതകർക്കാൻ പറഞ്ഞത്. മുന്നിലിരുന്ന പെൺകുട്ടി റോഡിൽ തെറിച്ചുവീണ് കിടക്കുന്നത് കണ്ടു. ബസിന്റെ പിൻവശത്തായി ഇരുന്നതുകൊണ്ടാകാം കാര്യമായ പരുക്കുകളില്ല- മറ്റൊരു യാത്രക്കാരൻ ഇതേക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്.

അപകടത്തിൽ 19 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകൾ. 11 പേരെ തിരിച്ചിറഞ്ഞിട്ടുണ്ട്. 23 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമേ ആകെ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് യാത്രക്കാരിൽ ഏറെയും. ഒന്നുറങ്ങി എണീക്കുമ്പോഴേക്കും വീട്ടിലെത്താം, ഉറ്റവരെ കാണാം എന്ന പ്രതീക്ഷയുമായി കഴിഞ്ഞവരാണ് അപകടത്തിൽ പെട്ടത്. എന്നാൽ യാത്ര മുഴുവിക്കും മുമ്പ് അതിൽ പലരും യാത്രയായി.

ഡ്രൈവറും ഡ്രൈവർ കം കണ്ടക്ടറും ഉൾപ്പെടെ ഇരുപതു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരിൽ പത്തു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 പേർ ആശുപത്രിയിലാണ്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽവെച്ച് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ടൈൽസുമായി കേരളത്തിൽനിന്നു പോയ കണ്ടെയ്‌നർ ലോറിയാണ് ബസിൽ ഇടിച്ചത്. കേരള രജിസ്‌ട്രേഷനിലുള്ളതാണ് ഈ ലോറി. കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ബസ് ബെംഗളൂരുവിൽനിന്ന് തിരിച്ചത്. ബസ്സിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നാണ് സൂചന. ശിവരാത്രി അവധി കണക്കാക്കിയും തൊഴിൽ ആവശ്യത്തിനായുമൊക്കെ യാത്ര തിരിച്ചവരായിരിക്കണം ഇവരെന്നാണ് സൂചന. കണ്ടെയ്‌നറിന്റെ ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ബസ്സിന്റെ വലതുഭാഗത്ത് ഡ്രൈവറും പിൻനിരയിലെ സീറ്റിലിരുന്നവരുമാണ് മരിച്ചത്. ഈ ഭാഗത്തേക്ക് കണ്ടെയ്‌നർ ഇടിച്ചു കയറുകയായിരുന്നു. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 25പേർ എറണാകുളത്തേക്കും 19 പേർ തൃശ്ശൂരിലേക്കും പാലക്കാട്ടേക്ക് നാലുപേരുമാണ് സീറ്റ് റിസർവ് ചെയ്തിരുന്നത്.

അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. യാത്രക്കാരിൽ പലരുടെയും ശരീരഭാഗങ്ങൾ ഛിന്നഭിന്നമായി പോയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ സമീപത്തേക്കു പോലും തെറിച്ചു. ബസിലും കണ്ടെയ്‌നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീരഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റുകയായിരുന്നു. അപകടത്തിൽ തകർന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടം നടന്നത് നഗരത്തിൽനിന്ന് വളരെ ദൂരെ ആയിരുന്നതിനാലും പുലർച്ചെ ആയിരുന്നതിനാലും രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായി. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി.

മരിച്ചവരിൽ 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോസ്ലി (തൃശ്ശൂർ), ഗിരീഷ് (എറണാകുളം, ഇഗ്നി റാഫേൽ (ഒല്ലൂർ,തൃശ്ശൂർ), കിരൺ കുമാർ, ഹനീഷ് (തൃശ്ശൂർ), ശിവകുമാർ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു (തുറവൂർ), നസീബ് മുഹമ്മദ് അലി (തൃശ്ശൂർ), കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ബസിൽ ഇടിച്ചതുകൊച്ചിയിൽ നിന്ന് സേലത്തേക്കു പോയ ലോറി. ടൈലുകളുമായി പുറപ്പെട്ടത് ഇന്നലെ രാത്രിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP