Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയകാലത്ത് കൈകോർത്തത് പോലെ നാടിന് കൈത്താങ്ങാകാൻ പ്രവാസി ചിട്ടിയും; ലണ്ടനിൽ മോണ്ട് കാം ഹോട്ടലിൽ പ്രത്യേക സദസിനു മുന്നിൽ യൂറോപ്പിലെ പ്രവാസി ചിട്ടിക്ക് തുടക്കം; ചിട്ടി ലോകമാകെയുള്ള മലയാളികൾക്ക് ചേരാൻ കഴിയും വിധമെന്ന് മുഖ്യമന്ത്രി; പ്രവാസികൾ കൂടി പങ്കാളികളാകുന്നതോടെ കെഎസ്എഇയുടെ മുഖം തന്നെ മാറുകയാണെന്നും പിണറായി വിജയൻ; ഉയർന്ന തുകയുടെ നിക്ഷേപവുമായി യുകെ മലയാളികൾ എത്തുമെന്ന പ്രതീക്ഷയോടെ സർക്കാരും

പ്രളയകാലത്ത് കൈകോർത്തത് പോലെ നാടിന് കൈത്താങ്ങാകാൻ പ്രവാസി ചിട്ടിയും; ലണ്ടനിൽ മോണ്ട് കാം ഹോട്ടലിൽ പ്രത്യേക സദസിനു മുന്നിൽ യൂറോപ്പിലെ പ്രവാസി ചിട്ടിക്ക് തുടക്കം; ചിട്ടി ലോകമാകെയുള്ള മലയാളികൾക്ക് ചേരാൻ കഴിയും വിധമെന്ന് മുഖ്യമന്ത്രി; പ്രവാസികൾ കൂടി പങ്കാളികളാകുന്നതോടെ കെഎസ്എഇയുടെ മുഖം തന്നെ മാറുകയാണെന്നും പിണറായി വിജയൻ; ഉയർന്ന തുകയുടെ നിക്ഷേപവുമായി യുകെ മലയാളികൾ എത്തുമെന്ന പ്രതീക്ഷയോടെ സർക്കാരും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രളയം തകർത്ത നാടിന് കൈത്താങ്ങാകാൻ ഭാവനാപൂർണമായ പദ്ധതി. അതാണ് 
പ്രവാസി ചിട്ടി പദ്ധതി. യൂറോപ്പിലെ പ്രവാസി ചിട്ടിക്ക് മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനവേളയിൽ തുടക്കമായി. ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ ലണ്ടനിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പ്രവാസി ചിട്ടിക്ക് തുടക്കമിട്ടത്. പ്രധാനമായും മലയാളി നിക്ഷേപകരെയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് കൂടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നാടിന്റെ വികസനത്തിൽ പങ്കാളിയാവുകയാണ്. നാടിന്റെ നന്മയിൽ പങ്കാളിയാവുകയാണ്. പ്രളയം വന്നപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ പുനരധിവാസത്തിനായി കൈകോർത്തു. ഇതൊരു പ്രത്യേക പദ്ധതിയാണ്. നാടിന്റെ ധനസമാഹരണത്തിനായുള്ള പദ്ധതിയാണ്. ലോകമാകെയുള്ള മലയാളികൾക്ക് ചേരാൻ പറ്റുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രവാസി ചിട്ടി വരുന്നതോടെ കെഎസ്എഫ്ഇയുടെ മുഖം തന്നെ മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് ഉതകും വിധമാകും കെഎസ്എഫ്ഇ ചിട്ടികൾ വിനിയോഗിക്കുക, മുഖ്യമന്ത്രി പറഞ്ഞു.

മലയാളി നിക്ഷേപകരെ കൂടാതെ ലോക് കേരള സഭ അംഗങ്ങൾ വഴിയും നിക്ഷേപകരെ കണ്ടെത്താൻ ഉള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുകെയിൽ നിന്നും നൽകുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി കെഎസ്എഫ്ഇ വഴി കേരളത്തിൽ നിന്നും ക്ഷണം അയക്കുകയാണ് ഇപ്പോൾ. ഏകദേശം ഇരുനൂറോളം പേരെ കണ്ടെത്താൻ ആണ് ശ്രമം നടക്കുന്നത്. പ്രവാസി ചിട്ടിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വിവിധ പ്രെസന്റേഷനുകൾ നടന്നു. ധനമന്ത്രി തോമസ് ഐസക്, കെ എസ് എഫ് ഇ ചെയർമാൻ എന്നിവർ പങ്കെടുത്തു.
Accademic and Investor's Session on Agenda for Kerala Development എന്ന വിഷയത്തെ കുറിച്ച് തോമസ് ഐസക് സംസാരിച്ചു. തുടർന്ന് ടെക്‌നിക്കൽ പ്രസന്റേഷനും ഉണ്ടായിരുന്നു. കഴിഞ്ഞവർഷം നവംബറിലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിച്ചത്.

തുടക്കത്തിൽ നിസ്സാര തുക മാത്രം ആകർഷിക്കാൻ കഴിഞ്ഞ ചിട്ടിയിൽ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന ശേഷം നല്ലൊരുതുക ചിട്ടിയിൽ എത്തിയിട്ടുണ്ട്. ഇത്തരം ശ്രമം തന്നെയാകും യുകെയിലും അനുവർത്തിക്കുക. ഗൾഫ് മലയാളികളുടേതിനേക്കാൾ കൂടുതൽ ഉയർന്ന തുകയുടെ നിക്ഷേപകരാകാൻ യുകെ മലയാളികൾക്ക് സാധിക്കും എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ.

രാവിലെ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി കിഫ്ബി സ്വന്തമാക്കി. ഇന്ന് വ്യാപാരത്തിനായി ലണ്ടൻ ഓഹരിവിപണി തുറന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. പരമ്പരാഗത രീതിയിൽ റിങ് ദ ബെൽ (മണിയടിച്ച്) മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. 1571ൽ തുറന്ന ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നേതാവ് തുറക്കുന്നത്.. ഇന്ന് രാവിലെ എട്ടിനാണ് (ഇംഗ്ലണ്ട് സമയം)ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിക്കു വേണ്ടി മസാല ബോണ്ട് ലിസ്റ്റിങ് ചടങ്ങ് നടന്നത്. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള കേരളത്തിൽ നിന്നെത്തിയ ഔദ്യോഗിക സംഘവും ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് പ്രതിനിധികളുമാണ് ചടങ്ങിൽ പങ്കെടുക്കുത്തത്. കേരള വികസനത്തിന് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ എത്തിയിരിക്കുന്നത്. പ്രളയ നാടിനു കൈത്താങ്ങാകാൻ ധനമന്ത്രി തോമസ് ഐസക് രൂപം നൽകിയ പദ്ധതിയിൽ രണ്ടായിരം കോടി രൂപയോളമാണ് സമാഹരിക്കപ്പെടുക.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നെടുംതൂണായ കിഫ്ബി മസാലബോണ്ട് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത് ലണ്ടൻ എക്സ്ചേഞ്ച് വഴിയാണ്. കിഫ്ബിയുടേതുൾപ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ് ഇവിടെ ഇതുവരെ വിൽപ്പന നടന്നത്.സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യൻ കറൻസിയിൽ വിദേശ രാജ്യങ്ങളിൽ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കിൽ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് ഇതിന്റെ നേട്ടം. ബോണ്ടിൽ പണം നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്‌ക്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ വിദേശവിപണിയിൽ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.

വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ല. വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ഗവൺമെന്റ് നടത്തുന്നത്. സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സർക്കാർ ഉണ്ടാക്കിക്കഴിഞ്ഞു. അതനുസരിച്ച് നിയമങ്ങളിലും ഭരണനടപടികളിലും മാറ്റം വരുത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കാൻ ഇതിനകം ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്. വ്യവസായങ്ങൾക്ക് ഓൺലൈനിൽ അനുമതി നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. വ്യവസായം രജിസ്റ്റർ ചെയ്യും മുമ്പുള്ള ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കി. റിട്ടേണുകൾ ഓൺലൈനിൽ ഫയൽ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓൺലൈനിലേക്ക് മാറ്റി.

വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. കേരളത്തിൽ വ്യവസായരംഗത്ത് മുതൽമുടക്കാൻ വരുന്നവർക്ക് സർക്കാരിൽ നിന്ന് നല്ല പരിഗണന ലഭിക്കും. എന്നാൽ വ്യവസായവൽക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കും. ജനക്ഷേമകരമായ നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാവില്ല.

സർക്കാർ ഐ.ടി പാർക്കുകളിൽ വൻകിട ഐടി കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റു മേഖലകളിലും നിക്ഷേപം ആകർഷിക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ വികസനത്തിലൂടെ ചെറുപ്പക്കാർക്ക് അന്തസ്സുള്ള തൊഴിൽ ലഭ്യമാക്കുന്നതിനാണ് സർക്കാർ മുന്തിയ പരിഗണ നൽകുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ഉയർന്ന യോഗ്യതയുള്ള മാനവ വിഭവ ശേഷിയുണ്ടാക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കി നിക്ഷേപത്തിന് കൂടുതൽ അവസരമൊരുക്കൽ എന്നിവ സർക്കാരിന്റെ അടിയന്തര ലക്ഷ്യങ്ങളാണ്. കേരളം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളിൽ നല്ല പങ്ക് ബ്രിട്ടനിൽ നിന്നാണ്. എന്നാൽ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഡോ.തോമസ് ഐസക്കിന്റെ കുറിപ്പ്

മെയ് 17 വെള്ളിയാഴ്ച ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മണി മുഴക്കിയതോടെയാണ്. പല സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നത് അവരെ വ്യാപാര മുഹൂർത്തത്തിന് മണി മുഴക്കാൻ ക്ഷണിച്ചുകൊണ്ടാണ്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മാർക്കറ്റ് ഓപ്പണിങ് ചടങ്ങ് പ്രസിദ്ധമാണ്. അപൂർവ ബഹുമതിയാണത്. അതു വഴി തുറക്കപ്പെടുന്ന കമ്പനിക്ക് പ്രചാരണം ലഭിക്കുന്നതും കൂടുതൽ നിക്ഷേപകരുമായി ബന്ധപ്പെടുന്നതും എളുപ്പമാണ്. ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ലണ്ടൻ മാർക്കറ്റ് ഓപ്പണിങ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെടുന്നത്.

കൃത്യം 7.40ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെത്തി. എക്‌സ്‌ചേഞ്ച് അധികൃതരും നമ്മുടെ ഏജന്റ് ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെയും ആക്‌സിസ് ബാങ്കിന്റെയും പ്രതിനിധികളും ചേർന്ന് കേരള സംഘത്തെ വിഐപി സ്യൂട്ടിലേയ്ക്ക് വരവേറ്റു.

കൃത്യം 7.58ന് മുഹൂർത്തച്ചടങ്ങിനു വേണ്ടി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ബാൽക്കണിയിലേയ്ക്ക് സംഘത്തെ കൊണ്ടുപോയി. അവിടെ നിന്നുള്ള കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. താഴത്തെ പിറ്റിൽ ബ്രോക്കർമാരുടെയോ ഇടപാടുകാരുടെയോ ബഹളമേയില്ല. ആകെയുള്ളത്, ഒരു വമ്പൻ സ്‌ക്രീൻ. ഒരു വലിയ കിഫ്ബി ലോഗോ, സ്റ്റോക്കിന്റെ വിലവിവരങ്ങൾ നൽകുന്ന റോളിങ് സ്‌ക്രീൻ എന്നിവ മാത്രം. പരിപൂർണ നിശബ്ദതയും.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പൂർണമായും ഓൺലൈനിലാണ്. ബ്രോക്കർമാരും ഇടപാടുകാരും പിറ്റിൽ വരേണ്ട ആവശ്യമില്ല. എക്‌സ്‌ചേഞ്ചിലെ അവരുടെ മുറികളിൽനിന്നോ അല്ലെങ്കിൽ ഓഫീസിൽ നിന്നോ ഓൺലൈനായി വാങ്ങുകയും വിൽക്കുകയും ചെയ്യാം.

രണ്ടാമത്തെ കൗതുകം ഏതെങ്കിലും തരത്തിലുള്ള മണിയുടെ അഭാവമായിരുന്നു. ബെൽ റിംഗിഗ് സെറിമണി എന്നാണ് ഈ ചടങ്ങിന്റെ പേര്. എന്നാൽ പരമ്പരാഗത മണിയോ ഒരു ഇലക്ട്രോണിക് സ്വിച്ചോ പോലും അവിടെയില്ല. കൃത്യം എട്ടു മണിക്കാണ് ചടങ്ങ്. ആകെ ചെയ്യേണ്ടത് ഇത്ര മാത്രം. കിഫ്ബിയുടെയും കേരള സർക്കാരിന്റെയും ലോഗോയുള്ള ഒരു ഗ്ലാസ് പ്ലേറ്റ് മുമ്പിലുള്ള ചില്ലു ടാങ്കിൽ എടുത്തു വെയ്ക്കണം.

മുഖ്യമന്ത്രി അതു നിർവഹിച്ചതോടെ സ്‌ക്രീനിൽ മുഖ്യമന്ത്രിയുടെയും കിഫ്ബിയുടെയും പേരുകൾ തെളിഞ്ഞു. സ്‌ക്രീനിൽ ആഘോഷാരവങ്ങൾ. ആദ്യമായി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോർഡിൽ മിഴി തുറന്നു; 'കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോഡിന്റെ മസാല ബോണ്ട് ഉദ്ഘാടനത്തിലേയ്ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നു'.

ഏതാനും മാസങ്ങൾക്കുള്ളിൽ കിഫ്ബി ഡോളർബോണ്ട് ഇറക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണല്ലോ. ഈ ചടങ്ങിനെക്കുറിച്ച് എത്ര ബാലിശമായ വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ രഹസ്യാന്വേഷകർ കണ്ടുപിടിച്ചതായി അദ്ദേഹം 15-ാം തീയതി ഇറക്കിയ പ്രസ് നോട്ടിൽ പറയുന്ന കാര്യങ്ങൾ വായിക്കൂ. 'മസാല ബോണ്ട് സംബന്ധിച്ച് ഇതുവരെ ഞങ്ങൾക്കു കിട്ടിയ രേഖകൾ അനുസരിച്ച് മാർച്ച് 29ന് മുമ്പു തന്നെ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്കു ലഭിച്ചു കഴിഞ്ഞു.... വിൽപനയും നടന്ന് പണവും ലഭിച്ചു കഴിഞ്ഞ ശേഷം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണി മുഴക്കുന്നത് വെറും നാടകം മാത്രമാണ്. കല്യാണം കഴിഞ്ഞ് കുട്ടിയും പിറന്നതിനു ശേഷം താലി കെട്ടുന്നതുപോലെയാണ്'.

അതെ. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത മസാലാ ബോണ്ടുകൾ വിജയകരമായി വിൽപന നടത്തിയതിന് ആദരിക്കുന്നതിനുവേണ്ടിയാണ് മാർക്കറ്റ് ഓപ്പണിങ് ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിജയകരമായ വിൽപന പൂർത്തീകരിച്ച ഉടൻതന്നെ ഏപ്രിൽ ആദ്യമാണ് അവർ ചടങ്ങിനുവേണ്ടി ക്ഷണിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പ് അസൗകര്യം മൂലം മെയ് മാസത്തേയ്ക്ക് മാറ്റിയതാണ്. ഇതിൽ പങ്കെടുക്കുന്നതുകൊണ്ടുള്ള ഗുണം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. കമ്പോളത്തിൽ ബോണ്ടിറക്കി വായ്പയെടുക്കുന്നത് മാർച്ച് മാസത്തെ മസാല ബോണ്ട് ഇഷ്യൂ കൊണ്ട് അവസാനിക്കുന്നില്ല. അടുത്തു തന്നെ ഡോളർ ബോണ്ടിനും തുടർന്ന് ഡയസ്‌പോറാ (പ്രവാസി) ബോണ്ടിനും പരിപാടിയുണ്ട്. ഈ ചടങ്ങു വഴി കിഫ്ബിയുടെ സാന്നിധ്യവും സ്ഥാനവും നിക്ഷേപകരെ അറിയിക്കുന്നതിനും അവരുമായി ചർച്ചകൾ നടത്തുന്നതിനും സഹായിക്കും.

അഞ്ചു ദിവസത്തെ നോട്ടീസ് നൽകി, നാട്ടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് ചടങ്ങിനു തലേന്ന് മേൽപ്പറഞ്ഞ വിമർശനം ഉന്നയിച്ചിട്ടുള്ളത്. ഞാൻ പറഞ്ഞപോലെ മസാല ബോണ്ട് പബ്ലിക് ഇഷ്യൂ അല്ല പ്രൈവറ്റ് ഇഷ്യൂവാണ് എന്ന കണ്ടുപിടിത്തവും അദ്ദേഹം നടത്തിയിട്ടുണ്ട്. അന്തർദേശീയ ധനകാര്യ ഇടപാടുകൾ എങ്ങനെയാണ് നടക്കുന്നത് എന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശകരുടെ ധാരണയില്ലായ്മ മൂലമാണ് പ്രതിപക്ഷ നേതാവ് ഓരോരോ കണ്ടുപിടിത്തങ്ങളുമായി ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP