Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരിൽ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാൻ അനുവദിച്ചുകൂട; കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാകില്ല; വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ്: കെ എസ് എഫ് ഇയിൽ വിജിലൻസിനെ വിമർശിച്ച് ജനയുഗം

വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരിൽ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാൻ അനുവദിച്ചുകൂട; കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാകില്ല; വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ്: കെ എസ് എഫ് ഇയിൽ വിജിലൻസിനെ വിമർശിച്ച് ജനയുഗം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ച് സിപിഐ. മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. 'വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ്' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. സിപിഎമ്മിൽ ഇതു സംബന്ധിച്ച് വിവാദം പുകയുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനം ശക്തമാണ്. ഇതിനിടെയാണ് ജനയുഗത്തിന്റെ വിമർശനവും.

കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനൽകുന്ന സംഭവമായി കെ.എസ്.എഫ്.ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ്- എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടർന്ന് പുറത്തുവന്ന വാർത്തകൾ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിന്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെ.എസ്.എഫ്.ഇയിൽ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം

വിവാദ വ്യവസായത്തിന് ഇന്ധനം പകർന്ന റെയ്ഡ്

കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ്. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ ചൂണ്ടിക്കാണിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് അധികാരമുണ്ട്.

സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആർജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ റെയ്ഡ് സർക്കാരിലും പൊതുജനങ്ങൾക്കിടയിലും ഞെട്ടൽ ഉളവാക്കിയതിൽ അത്ഭുതമില്ല. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടർന്ന് പുറത്തുവന്ന വാർത്തകൾ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. പുറത്തുവന്ന, ചോർത്തി നല്കിയതെന്ന് കരുതപ്പെടുന്ന, വാർത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാൻ ഇടപാടുകാർക്ക് അവകാശവും പൊതുജനങ്ങൾക്ക് താല്പര്യവുമുണ്ട്. സംഭവത്തെത്തുടർന്ന് പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ്, വാർത്തകൾ സൃഷ്ടിച്ച ദുരൂഹതയ്ക്ക് അറുതിവരുത്തുമെന്നും ഇടപാടുകാരുടെ ആശങ്കകൾ ദുരീകരിക്കുമെന്നും പ്രതീക്ഷിക്കാം.

സാമ്പത്തിക കുറ്റവാളികൾക്ക് നേരെയെന്നതുപോലെ, സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി, നടത്തിയ റെയ്ഡിനു പിന്നിലെ ചേതോവികാരവും പ്രേരണയും എന്തെന്നറിയാൻ ധനവകുപ്പിനും സർക്കാരിനും എന്നതുപോലെ ജനങ്ങൾക്കും അവകാശമുണ്ട്. സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്. സംസ്ഥാനത്ത് പ്രവർത്തിച്ചുവന്നിരുന്ന ചിട്ടി കമ്പനികളിൽ പലതിന്റെയും അധാർമ്മിക ബിസിനസ് സംസ്‌കാരവും ഇടപാടുകാരെ കബളിപ്പിച്ച സംഭവങ്ങളും സമൂഹത്തിന് വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് ഇടയാക്കിയ തകർച്ചകളുമാണ് സർക്കാർ ഉടമസ്ഥതയിൽ ഒരു ചിട്ടി കമ്പനി രൂപീകരിക്കാൻ പ്രേരകമായത്.

കേവലം രണ്ടു ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരും പത്ത് ബ്രാഞ്ചുകളുമായി കുറികമ്പനികളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ ആസ്ഥാനമായി 1969 ലാണ് കെഎസ്എഫ്ഇ സ്ഥാപിതമായത്. ഇന്ന് അറുന്നൂറോളം ബ്രാഞ്ചുകളുമായി സർക്കാർ ഉടമസ്ഥതയിലുള്ള സമ്മിശ്ര ബാങ്കിതര ധനകാര്യ കമ്പനിയായി അത് മാറിയിരിക്കുന്നു. കേരളത്തിലെ ചിട്ടി ബിസിനസിന്റെ ഏതാണ്ട് എൺപതു ശതമാനം മൂലധനവും ഈ പൊതുമേഖലാ സ്ഥാപനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടപാടുകാർക്ക് സുരക്ഷിതമായ സമ്പാദ്യ സാധ്യതയും വായ്പാ സൗകര്യവും ഉറപ്പുനല്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങൾക്ക് പിന്തുണ നല്കാനും സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രവാസികളുടെ കഠിനാധ്വാന ഫലം സുരക്ഷിത സമ്പാദ്യമാക്കി മാറ്റാനും അത് നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും ഉതകുന്ന പ്രവാസി ചിട്ടി, നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതി എന്നിവ കെഎസ്എഫ്ഇയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണങ്ങളാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനായി പരിമിതപ്പെട്ട സാഹചര്യത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയായി ലാപ്ടോപ് ചിട്ടി മാറിയിരുന്നു.

ചിട്ടി കമ്പനികൾ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചിരുന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തി ഈ രംഗത്തിന് സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ കെഎസ്എഫ്ഇക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ചിട്ടി ബിസിനസ് വൃത്തങ്ങളിൽ അതുണ്ടാക്കുന്ന അസ്വാരസ്യം ഊഹിക്കാവുന്നതേയുള്ളു. കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിന്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെഎസ്എഫ്ഇയിൽ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഇന്നലെ പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ് ആ ദിശയിലുള്ള നടപടിയാകുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. എന്നാൽ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരിൽ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാൻ അനുവദിച്ചുകൂട. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP