Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

വലിയ തോട്ടി കൊണ്ടുപോയ ജീപ്പിന് പിഴയിട്ടു; പിന്നാലെ ബില്ലടയ്ക്കാത്ത മോട്ടോർ വാഹന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി; എംവിഡിക്ക് കിട്ടിയ 'പണി' കെഎസ്ഇബിയുടെ പ്രതികാരമോ? ചോദ്യമുന്നയിച്ച് നാട്ടുകാർ; ചിരിക്ക് തിരികൊളുത്തി ട്രോളന്മാരും

വലിയ തോട്ടി കൊണ്ടുപോയ ജീപ്പിന് പിഴയിട്ടു; പിന്നാലെ ബില്ലടയ്ക്കാത്ത മോട്ടോർ വാഹന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി; എംവിഡിക്ക് കിട്ടിയ 'പണി' കെഎസ്ഇബിയുടെ പ്രതികാരമോ? ചോദ്യമുന്നയിച്ച് നാട്ടുകാർ; ചിരിക്ക് തിരികൊളുത്തി ട്രോളന്മാരും

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: കെഎസ്ഇബി വാഹനത്തിൽ തോട്ടി കൊണ്ടുപോയതിനു പിഴയിട്ട കൽപറ്റയിലെ മോട്ടോർ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനാണു ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്.

കഴിഞ്ഞദിവസം ചില്ല വെട്ടാൻ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് ലഭിച്ചിരുന്നു. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും ഇത്തരത്തിലുള്ള നടപടികളിലേക്കു കടക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.

കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ആണ് കെഎസ്ഇബി ഊരിയത്. കഴിഞ്ഞ ആഴ്ച ജീപ്പിൽ തോട്ടിവെച്ച് പോയതിന് കെഎസ്ഇബി വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയത് വലിയ വാർത്തയായിരുന്നു. വാഹനത്തിന് മുകളിൽ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെൽറ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്.

ഇതിന് തൊട്ടുപിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ആണ് ഊരിയത് എന്നതാണ് കൗതുകകരമായ കാര്യം.

മോട്ടോർ വാഹന വകുപ്പ് എമർജൻസി ഫണ്ടിൽനിന്ന് ചൊവ്വാഴ്ച തന്നെ ബിൽ അടച്ചതോടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ട്.

എന്നാൽ വയനാട് എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിന്റെ ഫ്യൂസ് ഊരിയത് പകരം വീട്ടലാണോ എന്ന സംശയമാണ് വയനാട്ടുകാർ ഉന്നയിക്കുന്നത്. കൽപ്പറ്റ മാനന്തവാടി പാതയിലെ കൈനാട്ടിയിലാണ് എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസ് പ്രവർത്തിക്കുന്നത്.

ഇന്നലെ ഉച്ചയോടെ കെഎസ്ഇബി സംഘം എത്തി ഇവിടുത്തെ ഫ്യൂസ് ഊരി കൊണ്ട് പോയി. രണ്ട് മാസത്തെ ബിൽ മുടങ്ങിയതാണ് കാരണം. ബില്ലടയ്ക്കാൻ ആരും മറന്നതല്ല, ഫണ്ട് വൈകിയതാണ് കാരണം. ആകെ ഇരുട്ടിലായതോടെ, താത്കാലിക സംവിധാനമൊരുക്കി എംവിഡി വൈദ്യുതി ബില്ലടച്ചു. ഇന്ന് ഉച്ചയോടെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ച് കൊടുക്കുകയും ചെയ്തു. എഐ ക്യാമറയുടെ ജില്ലയിലെ പിഴ പ്രോസസിങ് നടക്കുന്ന ഓഫീസാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്.

കഴിഞ്ഞ ആഴ്ച കെഎസ്ഇബി അറ്റകുറ്റപ്പണി നടത്താൻ കരാർ എടുത്ത ജീപ്പിൽ വലിയ തോട്ടി കയറ്റിയതിന് 20,500 രൂപ എഐ ക്യാമറ പിഴയിട്ടിരുന്നു. അമ്പലവയൽ സെക്ഷന് കീഴിലെ ഓഫീസിനാണ് എഐ വക നല്ല 'പണി' കിട്ടിയത്. ഈ സംഭവം വാർത്ത ആയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും തമാശകളും നിറഞ്ഞു.

ഈ വിഷയത്തിലെ ചർച്ചകൾ അടങ്ങും മുമ്പാണ് എംവിഡി ഓഫീസിനെ ഇരുട്ടിലാക്കി അതേ കെഎസ്ഇബി അധികൃതർ എത്തി മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി കൊണ്ട് പോയത്. നിങ്ങൾ പിഴയിട്ടാൽ ഞങ്ങൾ ഫ്യൂസൂരും എന്ന നിലയ്ക്കാണോ കാര്യങ്ങൾ എന്നാണ് നാട്ടുകാരുടെ ചോദ്യങ്ങൾ. എന്തായാലും ട്രോളന്മാരും ആഘോഷത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP