Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്ന് വരും എപ്പോൾ വരും എന്നറിയില്ല! കാത്തിരിപ്പ് തുടങ്ങിയിട്ട് നാലുവർഷം; മീറ്റർ റീഡർ പരീക്ഷയെഴുതി ജോലി പ്രതീക്ഷിച്ചിരിക്കുന്ന തങ്ങളെ എന്തിനിങ്ങനെ കെഎസ്ഇബി പറ്റിക്കുന്നുവെന്ന് ഉദ്യോഗാർഥികൾ; താൽക്കാലികക്കാരെ പിൻവാതിലിലൂടെ തിരുകി കയറ്റുമ്പോഴും വിവരാവകാശത്തിൽ എല്ലാം നിഷേധിച്ച് മറുപടി; സ്മാർട്ട് മീറ്ററിന്റെ വരവിന് കാത്തിരിക്കുന്നതുകൊണ്ട് കൂടുതൽ മീറ്റർ റീഡർമാർ വേണ്ടെന്ന് കെഎസ്ഇബി മറുനാടനോട്: വഞ്ചിതരായത് ഉദ്യോഗാർഥികൾ

എന്ന് വരും എപ്പോൾ വരും എന്നറിയില്ല! കാത്തിരിപ്പ് തുടങ്ങിയിട്ട് നാലുവർഷം;  മീറ്റർ റീഡർ പരീക്ഷയെഴുതി ജോലി പ്രതീക്ഷിച്ചിരിക്കുന്ന തങ്ങളെ എന്തിനിങ്ങനെ കെഎസ്ഇബി പറ്റിക്കുന്നുവെന്ന് ഉദ്യോഗാർഥികൾ; താൽക്കാലികക്കാരെ പിൻവാതിലിലൂടെ തിരുകി കയറ്റുമ്പോഴും വിവരാവകാശത്തിൽ എല്ലാം നിഷേധിച്ച് മറുപടി; സ്മാർട്ട് മീറ്ററിന്റെ വരവിന് കാത്തിരിക്കുന്നതുകൊണ്ട് കൂടുതൽ മീറ്റർ റീഡർമാർ വേണ്ടെന്ന് കെഎസ്ഇബി മറുനാടനോട്: വഞ്ചിതരായത് ഉദ്യോഗാർഥികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: 2015 ൽ കെഎസ്ഇബി മീറ്റർ റീഡർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവരുമെന്ന് ഉദ്യോഗാർത്ഥികൾക്ക് അറിയുകയുമില്ല. ഉദ്യോഗാർത്ഥികൾക്കിട്ട് പണി കൊടുക്കുന്നതിൽ കെഎസ്ഇബി മുൻപന്തിയിലാണെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെയാണ് 2015 ൽ നടത്തിയ മീറ്റർ റീഡർ പോസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തു വരാതിരിക്കുന്നതും. ഒട്ടുവളരെ ഉദ്യോഗാർത്ഥികളും നിയമനം കാത്ത് നിൽക്കുമ്പോഴാണ് കെഎസ്ഇബിയുടെ ഈ നടപടി. കെഎസ്ഇബിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് റാങ്ക് ലിസ്റ്റ് പുറത്ത് വിടാതിരിക്കുന്നതെന്നാണ് ഈ പരീക്ഷയിൽ നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സിയിൽ നിന്നും ലഭിച്ച വിവരം.

ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനപ്രകാരം കൂടുതൽ മീറ്റർ റീഡർമാരെ കെഎസ് ഇബി യ്ക്ക് ആവശ്യമില്ലെന്നാണ് കെഎസ്ഇബി പറയുന്നത്. സ്മാർട്ട് മീറ്റർ പരിപാടിയുമായി കെഎസ്ഇബി മുന്നോട്ടു പോകുന്നുണ്ട്. സ്മാർട്ട് മീറ്റർ വയ്ക്കാൻ പോകുന്നതിനാൽ മീറ്റർ റീഡർമാർമാരെ കൂടുതൽ നിയമിക്കേണ്ടതില്ല. അതിനാലാണ് ലിസ്റ്റ് പുറത്തു വിടാതിരിക്കുന്നത്. ലിസ്റ്റ് പുറത്തുവിടാതിരിക്കുമ്പോൾ തന്നെ മീറ്റർ റീഡർമാരുടെ താത്കാലിക നിയമനം കെഎസ്ഇബി തകൃതിയായി നടത്തുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്. രാഷ്ട്രീയ നിയമനവും കെഎസ്ഇബിയിലെ സ്വജനപക്ഷപാതവുമാണ് താത്കാലിക നിയമനങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുന്നത്. എന്നാൽ, വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ താത്കാലികക്കാർ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നില്ലെന്ന വിചിത്രമായ മറുപടിയും കെഎസ്ഇബി നൽകുന്നുണ്ട്.

സ്മാർട്ട് മീറ്റർ ജോലികൾ കേരളത്തിൽ പുരോഗമിച്ചിട്ടില്ല. കേന്ദ്ര നിർദ്ദേശമുള്ളതിനാൽ സ്മാർട്ട് മീറ്റർ കെഎസ്ഇബി ഉപയോഗിച്ച് തുടങ്ങിയേ തീരൂ. പക്ഷെ അതിനുള്ള നടപടികൾ ഒന്നുമായിട്ടില്ല. സ്മാർട്ട് എനർജി മീറ്റർ എത്തിച്ചു അത് ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഇനിയും കാലം കുറെ പിടിച്ചേക്കും. അതുകൊണ്ട് തന്നെ സ്മാർട്ട് മീറ്ററിന്റെ പേരിൽ കെഎസ്ഇബി മീറ്റർ റീഡർമാരുടെ നിയമനം മനഃപൂർവം തടയുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ആക്ഷേപിക്കുന്നത്. ഇപ്പോഴും കെഎസ്ഇബി നടത്തിക്കൊണ്ടിരിക്കുന്ന മീറ്റർ റീഡർ നിയമനങ്ങൾ ഇവർ ഉദാഹരിക്കുകയും ചെയ്യുന്നു. അതേസമയം, കെഎസ്ഇബി സബ് എഞ്ചിനീയർ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനു തൊട്ടുമുൻപ് താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ നിയമിച്ചതായും ആക്ഷേപമുണ്ട്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2018 ഡിസംബർ 16 ന് കഴിഞ്ഞിട്ടുണ്ട്. കാലാവധി കഴിയുന്നതിനു തൊട്ടുമുൻപാണ് ലിസ്റ്റിൽ നിന്നും നിയമനം നടന്നിരിക്കുന്നത്. ഈ നിയമനത്തെക്കുറിച്ചും ആക്ഷേപം നിലനിൽക്കുന്നുണ്ട്. നിലവിലെ സബ് എഞ്ചിനീയർമാരുടെ യോഗ്യത വിവരാവകാശ പ്രകാരം തിരക്കിയപ്പോഴും ഈ കാര്യത്തിൽ ഒന്നും വിട്ടുപറയാൻ കെഎസ്ഇബി തയ്യാറാകുന്നുമില്ല. ഏതെങ്കിലും ഒരു തസ്തികയിൽ പ്രത്യേക യോഗ്യതയുള്ളവരുടെ ലിസ്റ്റ് ക്രോഡീകരിച്ച് പട്ടികയായി സൂക്ഷിക്കുന്നില്ല എന്ന ഒഴുക്കൻ മറുപടിയാണ് കെഎസ്ഇബി നൽകുന്നതും.

കെഎസ്ഇബി മീറ്റർ റീഡർ ഉദ്യോഗാർഥികളുടെ ആശങ്ക ശരിവയ്ക്കും വിധം തന്നെയാണ് കെഎസ്ഇബി അധികൃതർ മറുനാടനു നൽകിയ മറുപടിയും. മീറ്റർ റീഡർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്. സ്മാർട്ട് മീറ്റർ വരും വരെ നിലവിലെ രീതി തന്നെ തുടരാനാണു സാധ്യത-കെഎസ്ഇബി അധികൃതർ പറയുന്നു. പക്ഷെ സ്മാർട്ട് മീറ്റർ ഇതുവരെ എത്തിയിട്ടില്ല. അത് എപ്പോൾ വരും എന്ന് പറയാനും അധികൃതർക്ക് കഴിയുന്നുമില്ല. കെഎസ്ഇബി സബ് എഞ്ചിനീയർ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്ക് മുൻപ് ഈ ലിസ്റ്റിൽ നിന്നും നിയമനം വന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. അതിനായി ഹൈക്കോടതി വിധിയും വന്നിട്ടുണ്ടായിരുന്നു. കെഎസ്ഇബിയിലെ ജീവനക്കാർക്കുള്ള ക്വട്ടയുടെ അനുപാതം നോക്കിയാണ് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തിയിട്ടുള്ളത്. റാങ്ക് ലിസ്റ്റിലെ പകുതിയോളം പേർക്കും കാലാവധി തീരുമുൻപ് നിയമനം നൽകിയതായും കെഎസ്ഇബി അധികൃതർ പറയുന്നു. സബ് എഞ്ചിനീയർ റാങ്ക് ലിസ്റ്റ് കാലാവധി കഴിയും മുൻപ് നിയമനം നടത്താൻ കെഎസ്ഇബി കാണിച്ച താത്പര്യം പക്ഷെ മീറ്റർ റീഡർ തസ്തികയിൽ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റ് എന്നു വരും എന്നുപോലും അറിയാതെ പരീക്ഷ എഴുതിയവർ കാത്തിരിക്കുക തന്നെയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP