Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വമ്പന്മാർക്ക് മുന്നിൽ കവാത്ത് മറക്കുന്ന കെഎസ്ഇബി! വൈദ്യുതി നിരക്ക് കൂട്ടി സാധാരണക്കാരെ പിഴിയുന്ന കെഎസ്ഇബിക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാനുള്ളത് 1388.20 കോടി രൂപ; സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാത്രം പിരിച്ചെടുക്കാനുള്ളത് 937.48 കോടി രൂപ; ഇതിലൊന്നും നടപടിയെടുക്കാതെ ബോർഡിന്റെ നഷ്ടബാധ്യത സാധാരണക്കാരുടെ തലയിൽ കെട്ടിവെച്ച് കൈകഴുകുന്നു; പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികളും പാതിവഴിയിൽ

വമ്പന്മാർക്ക് മുന്നിൽ കവാത്ത് മറക്കുന്ന കെഎസ്ഇബി! വൈദ്യുതി നിരക്ക് കൂട്ടി സാധാരണക്കാരെ പിഴിയുന്ന കെഎസ്ഇബിക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാനുള്ളത് 1388.20 കോടി രൂപ; സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാത്രം പിരിച്ചെടുക്കാനുള്ളത് 937.48 കോടി രൂപ; ഇതിലൊന്നും നടപടിയെടുക്കാതെ ബോർഡിന്റെ നഷ്ടബാധ്യത സാധാരണക്കാരുടെ തലയിൽ കെട്ടിവെച്ച് കൈകഴുകുന്നു; പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികളും പാതിവഴിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തിക്കൊണ്ടുള്ള കെഎസ്ഇബിയുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ, സാധാരണക്കാർ വൈദ്യുതി ബില്ലടക്കാൻ വൈകിയാൽ ഫ്യൂസ് ഊരുന്ന കെഎസ്ഇബിക്കാർ വമ്പന്മാർക്ക് മുന്നിൽ കവാത്ത് മറക്കുന്ന അവസ്ഥയാണുള്ളത്. ബോർഡിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് വൻകിടക്കാർ കാരണമാണെന്ന് വ്യക്തമാണ്. ഇവരുടെ കുടിശ്ശിക പിരിച്ചെടുക്കാൻ മടിക്കുന്ന ബോർഡ് പലപ്പോഴും നഷ്ടം നികത്താനെന്ന പേരിൽ ഗാർഹിക ഉപഭോക്താക്കളുടെ മേൽ അധിക നിരക്ക് കെട്ടിവെക്കുകയാണ് ചെയ്യുന്നത്.

എന്നാൽ, മാർച്ചിലെ കണക്കു പ്രകാരം 1388.20 കോടി രൂപ കുടിശിക ഇനത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുണ്ട്. ഇതിലൊന്നും നടപടിയെടുക്കാതെയാണ് ബാധ്യത നിരക്ക് വർധനയായി സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. പരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നും അഞ്ചുശതമാനം വൈദ്യുതി ഉൽപാദിപ്പിക്കണമെന്ന 2008-ലെ നിർദ്ദേശം, പത്തുവർഷം പിന്നിട്ടിട്ടും 0.3 ശതമാനമേ ആയിട്ടുള്ളൂ. ഒരു മെഗാവാട്ട് സോളാർ പ്രോജക്ടിന് അഞ്ചു കോടിയേ വരൂ. എന്നാൽ, കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 4000-ത്തിലധികം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കേരളം 10.1 മെഗാവാട്ട് പദ്ധതി നടപ്പാക്കാൻ പോകുന്നേയുള്ളൂ. പ്രസരണനഷ്ടം കുറയ്ക്കാനുള്ള നടപടികളും എവിടെയും എത്തിയിട്ടില്ല. ചുരുക്കത്തിൽ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിന്റെ ഭാരമാണ് നിരക്ക് വർധനയുടെ രൂപത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.

ബോർഡിന്റെ കണക്കു പ്രകാരം ജൂൺ മാസത്തിലെ മൊത്തം വൈദ്യുതി ഉപഭോഗം 2176.4 ദശലക്ഷം യൂനിറ്റ് ആണ്. അതിൽ ആഭ്യന്തര ഉൽപാദനം 411.28 ദശലക്ഷം യൂനിറ്റ് മാത്രം. പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം പുതിയ ഒരു പദ്ധതിയും നടപ്പിലാക്കാനാകുന്നില്ല. കഴിഞ്ഞ വേനൽ മാസങ്ങളിൽ വൈദ്യുതി ആവശ്യകത കുതിച്ചുയർന്നപ്പോൾ അധികവിലയ്ക്ക് പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടതായും വന്നിട്ടുണ്ട്. കാലവർഷത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് മൂലം ആഭ്യന്തര ഉൽപാദനം പരിമിതമാണ്. ഇതുമൂലം സാമ്പത്തികമായി കനത്ത ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

എന്നാൽ, 2017-18 വർഷത്തെ കണക്കു പ്രകാരം 2802.60 കോടി രൂപയാണ് കെഎസ്ഇബി ലിമിറ്റിഡിനു കുടിശ്ശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത്. 31.03.2019- ലെ ക്രോഡീകരിച്ച കണക്കു പ്രകാരം കെഎസ്ഇബി ലിമിറ്റഡിന് വൈദ്യുതി കുടിശ്ശിക ഇനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത് 1388.20 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിൽ ഏകദേശം 502.38 കോടി രൂപ (ആകെ കുടിശ്ശികയുടെ 36.19%) വ്യവഹാരങ്ങളിൽപ്പെട്ടു കിടക്കുന്നവയാണ്.

31.03.2019 വരെയുള്ള കണക്കു പ്രകാരം കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങളൂടെ വിവരങ്ങൾ ചുവടെ:

1) സംസ്ഥാന സർക്കാർ വകുപ്പുകൾ - 95.71 കോടി രൂപ

2) കേരള വാട്ടർ അഥോറിറ്റി - 153.80 കോടി രൂപ

3) തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ - 4.20 കോടി രൂപ

4) കേന്ദ്ര സർക്കാർ വകുപ്പുകൾ - 2.32 കോടി രൂപ

5) സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ - 98.31 കോടി രൂപ

6) കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ - 43.57 കോടി രൂപ

7) സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ - 937.48 കോടി രൂപ

ജലവകുപ്പിന്റെ കുടിശ്ശിക (1068 കോടി രൂപ) അടുത്ത നാല് വർഷത്തിനുള്ളിൽ നാലു ഗഡുക്കളായി സർക്കാർ ബജറ്റിൽ നിന്നും നൽകാൻ തീരുമാനമായിട്ടുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ 98.31 കോടിയോളം രൂപയാണ ബോർഡിന് നൽകാനുള്ളത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ 2.32 കോടിയോളം രൂപ നൽകാനുണ്ട്. സ്വകാര്യമേഖലയിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക പലതും നിയമക്കുരുക്കിലാണെന്നും കോടതി നടപടികൾ പൂർത്തിയായാൽ മാത്രമേ ഇവ ലഭിക്കുകയുള്ളൂവെന്നുമാണ് ബോർഡ് ഉയർത്തുന്ന ന്യായവാദം. എന്നാൽ കേസ് നടപടികൾ വേഗത്തിലാക്കാനോ കിട്ടേണ്ട കുടിശികകൾ പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനോ തയ്യാറാവാത്ത ബോർഡ് നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.

അതേസമയം മുൻകാലങ്ങളിൽ വൻകിട വൈദ്യുതി കുടിശ്ശികക്കാരുടെ ലിസ്റ്റിൽ മലയാള മനോരമ, മാതൃഭൂമി, ഡിസി ബുക്സ്, ഇഎംഎസ് മെമോറിയൽ ആശുപത്രിയും അടക്കിയ വൻകിട പത്രക്കാർ പോലുമുണ്ടായിരുന്നു. നിലവിലുള്ള നിരക്കിൽനിന്ന് 6.8 ശതമാനമാണ് ആകെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനവും വ്യവസായ ഉപഭോക്താക്കളിൽ എൽടി വിഭാഗത്തിന് 5.7 ശതമാനവും എച്ച്ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഷ്യൽ വിഭാഗത്തിന് 3.3 ശതമാനവുമാണ് വർധന.

വൈദ്യുതി വാങ്ങിയതിലൂടെയുണ്ടായ 1,100 കോടിരൂപയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷനു നിവേദനം നൽകിയത്. ഇതിൽ 902 കോടിരൂപ നിരക്കു വർധനയിലൂടെ ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവാദം നൽകി. പരിഷ്‌ക്കരിച്ച താരിഫ് നിരക്ക് ജൂലൈ എട്ടിനു പ്രാബല്യത്തിൽ വരും.

1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല. ഈ ഉപഭോക്താക്കൾ യൂണിറ്റിന് ഇപ്പോഴുള്ള വിലയായ 1.50രൂപ നൽകിയാൽ മതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ ആ കുടുംബങ്ങൾക്ക് പ്രതിമാസം 100 യൂണിറ്റുവരെ യൂണിറ്റിന് 1.50രൂപ നിരക്കു നൽകിയാൽ മതി. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പ്രതിമാസം 150 യൂണിറ്റുവരെ യൂണിറ്റിന് 1.50 രൂപ നൽകിയാൽ മതി. എല്ലാവിഭാഗങ്ങളുടേയും താരിഫ് ശരാശരി വിലയുടെ 20 ശതമാനമായി കമ്മിഷൻ നിജപ്പെടുത്തി.

റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച കണക്കനുസരിച്ച് ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ 18 രൂപ മുതൽ 254 രൂപവരെ വർധനയുണ്ടാകും. 50 യൂണിറ്റ് ഉപയോഗിക്കുന്നവർ നിലവിൽ നൽകുന്നത് 175. ഇനി 18രൂപ അധികം നൽകണം. 75 യൂണിറ്റുവരെ നിലവിൽ 260. ഇനി 35 രൂപ അധികം നൽകണം. 100യൂണിറ്റുവരെ ഇപ്പോൾ 345. ഇനി 42 രൂപ അധികം നൽകണം. 125 യൂണിറ്റിന് ഇപ്പോൾ നൽകുന്നത് 458. ഇനി 60രൂപ അധികം നൽകണം. 150 യൂണിറ്റ് ഉപയോഗിക്കുന്നവർ ഇപ്പോൾ നൽകുന്ന 570 രൂപയേക്കാൾ 67 രൂപ കൂടുതൽ നൽകണം. 175 യൂണിറ്റുവരെ 723 രൂപ നൽകുന്നവർ 90 രൂപ കൂടുതലായി നൽകണം. 200 യൂണിറ്റുവരെ 875 രൂപ നൽകുന്നവർ ഇനി 97 രൂപ അധികം നൽകണം. 511 യൂണിറ്റ് ഉപയോഗിക്കുന്നവർ ഇപ്പോൾ നൽകുന്നത് 3913രൂപ. ഇനി 254 രൂപ അധികം നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP