Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 2000 കോടി രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അധിക ജലം; വിശ്രമമില്ലാതെ വൈദ്യുതി ഉണ്ടാക്കി കടം വാങ്ങിയതൊക്കെ തിരിച്ചു കൊടുത്ത് കെ എസ് ഇ ബി; തുലാവർഷത്തിന് മുമ്പ് പരമാവധി വെള്ളം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ രാപകലില്ലാതെ പണിയെടുക്കുന്നു; എംഎം മണിയുടെ സമയം തെളിഞ്ഞപ്പോൾ കേരളം വൈദ്യുതി മിച്ചത്തിലേക്ക്

കേരളത്തിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 2000 കോടി രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അധിക ജലം; വിശ്രമമില്ലാതെ വൈദ്യുതി ഉണ്ടാക്കി കടം വാങ്ങിയതൊക്കെ തിരിച്ചു കൊടുത്ത് കെ എസ് ഇ ബി; തുലാവർഷത്തിന് മുമ്പ് പരമാവധി വെള്ളം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ രാപകലില്ലാതെ പണിയെടുക്കുന്നു; എംഎം മണിയുടെ സമയം തെളിഞ്ഞപ്പോൾ കേരളം വൈദ്യുതി മിച്ചത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലവർഷം ശക്തമായപ്പോൾ മലയാളികൾ തീരാ ദുരിതത്തിലാണ്. എങ്ങും കഷ്ടപാടുകൾ. ഇതിനിടെയിലും സന്തോഷിക്കുകയാണ് കേരളത്തിലെ വൈദ്യുതി ബോർഡ്. അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോൾ വൈദ്യുതി വിൽക്കുകയാണ് കേരളം .ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്സ്ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കുന്നുണ്ട്. അങ്ങനെ കെ എസ് ഇ ബിക്ക് മഴക്കാലം നേട്ടത്തിന്റേതാകുകയാണ്.

മുൻവർഷത്തെക്കാൾ 3400 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതിനകം കിട്ടിക്കഴിഞ്ഞു. അതിലൂടെയുള്ള സാമ്പത്തികനേട്ടം 2000 കോടി കവിഞ്ഞു. ഈ വർഷത്തെ നേട്ടം 10000 കോടി രൂപയിലെത്തിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അധിക ജലവൈദ്യുതിയായി കെ എസ് ഇ ബി ഉത്പാദിപ്പിച്ചത് 334.1 കോടി യൂണിറ്റാണ്. ഇതിലൂടെ 1873.68 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 4.69 കോടി മറിച്ചു വിറ്റു. നേട്ടം 52 കോടിയും. അങ്ങനെ ആകം നേട്ടം 2401 കോടി രൂപയാകുന്നു. സാധാരണ ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തിലാണ് പദ്ധതിപ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിലും മെച്ചം കിട്ടി. അതും പ്രതീക്ഷിക്കാത്ത നേട്ടം.

ഇടുക്കി ഉൾപ്പെടെ അണക്കെട്ടുകൾ നിറഞ്ഞു തുളുമ്പുകയാണ്. തുറന്നു വിടേണ്ട അവസ്ഥ. ഈ സാഹചര്യത്തിൽ വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അധ്വാനവും കൂട്ടി. പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകായണ് അവർ. തുലാവർഷം എത്തുമുമ്പ് പരമാവധി വൈദ്യുതി ഉൽപാദിക്കുക. അതിന് ശേഷം തുലാവർഷത്തെ ഉൾക്കൊള്ളാൻ ഡാമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബർ മാസം വരെ പരമാവധിയിൽ തന്നെ വൈദ്യുതി ഉൽപാദനം നടക്കും. വെള്ളം കൂടിയതോടെ ജലവൈദ്യുതി ഉത്പാദനം രണ്ടിരട്ടിയാണ് കൂട്ടിയത്. ഇത് തുടരാനാണ് തീരുമാനം. ഇതിൽ കോളടിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിക്കാണ്. പവർകട്ടിന്റേയും ലോഡ് ഷെഡിങ്ങിന്റേയും കാലമാണ് ഈ മഴ വെള്ള ഇല്ലാതാക്കുന്നത്. കെ എസ് ആർ ടി സിയെ പോലെ നഷ്ടത്തിലാണ് കെ എസ് ഇ ബിയുടേയും ഓട്ടം. ഇത് എങ്ങനെ നേരെയാക്കണമെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. ഇതിനിടെയാണ് കോളടിക്കുന്ന തരത്തിൽ മഴ തിമിർത്ത് പെയ്തത്.

വൈദ്യുതി നിരക്ക് ഉയർത്താതെ തൽകാലം മുന്നോട്ട് പോകാനും കഴിയും. വേണമെങ്കിൽ നിരക്ക് കുറയ്ക്കാനും കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാനായാൽ ഇടത് സർക്കാരിനും അത് നേട്ടമാകും. അങ്ങനെ ഊർജ്ജ പ്രതിസന്ധിയിൽ കേരളത്തിന് വല്ലാത്ത മുൻതൂക്കം നൽകുകയാണ് ഈ മഴക്കാലം. തുലാവർഷവും തിമിർത്ത് പെയ്താൽ ഈ വർഷം മുഴുവൻ കെ എസ് ഇ ബിക്ക് നല്ലകാലമായി മാറും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇനിയും മഴ തുടരും. നല്ല തുലാവർഷവും കിട്ടും. ഇത്തവണ വരൾച്ചയാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചത്. അത് മുന്നിൽ കണ്ട് ചില ഇടപെടലും നടത്തി. അതൊന്നും ആവശ്യമില്ലാത്ത തരത്തിലേക്ക് മഴ കാര്യങ്ങളെ എത്തിച്ചു. ഇടുക്കി ഡാം തുറന്നുവിടാതിരുന്നാൽ കൂടുതൽ നേട്ടങ്ങൾ സ്വപ്‌നം കാണുകയാണ് കെ എസ് ഇ ബി.

കടം വാങ്ങിയതും അഡ്ജസ്റ്റ് ചെയ്തതുമായ വൈദ്യുതിയെല്ലാം കെ.എസ്.ഇ.ബി തിരിച്ചുകൊടുത്തു. അധികവൈദ്യുതി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിലൂടെയും ഇന്ത്യൻ പവർ എക്‌സ്‌ചേഞ്ചിലൂടെയും യൂണിറ്റിന് മൂന്ന് മുതൽ 7 രൂപ വരെ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ജലവൈദ്യുതിയിലൂടെ 15 ദശലക്ഷവും കേന്ദ്രപൂളിൽ നിന്ന് 33 ദശലക്ഷവും ദീർഘകാല കരാറുകളിലൂടെ 15 ദശലക്ഷവും ആയാണിത് കണ്ടെത്തിയിരുന്നത്. ഉപഭോഗത്തിന്റെ 48 ദശലക്ഷം പുറമേ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ ജലവൈദ്യുതിയിൽ നിന്നുള്ള ഉത്പാദനം 15ൽ നിന്ന് 41 ദശലക്ഷമായി കൂടി. പുറമേ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് 48 ദശലക്ഷത്തിൽ നിന്ന് 23 ദശലക്ഷമായി കുറച്ചു.

കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി എടുത്തില്ലെങ്കിൽ ഫിക്‌സഡ്ചാർജ് കൊടുക്കേണ്ടിവരുന്നത് നഷ്ടമായതിനാൽ, കുറഞ്ഞനിരക്കിൽ കിട്ടുന്ന ഈ വൈദ്യുതിയും പവർ എക്‌സ്‌ചേഞ്ചിൽ കൂടിയനിരക്കിൽ മറിച്ചുവിൽക്കും. ഇതും വൈദ്യുതി ബോർഡിന് നേട്ടമാവുകയാണ്. ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതി വിൽക്കുന്നുണ്ട്. പകൽ നൽകുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വിലയെന്നാണ് സൂചന. വൈകീട്ട് ഉപയോഗം കൂടിയ സമയത്ത് ആറുരൂപയും. ഹരിയാണയിൽനിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാനും ഇപ്പോൾ കേരളത്തിന് കഴിയുന്നു. ഇതിനുപുറമേ പവർ എക്സ്ചേഞ്ചുവഴി ദിവസം 500-600 മെഗാവാട്ട് വേറെയും വിൽക്കുന്നുണ്ട്. ഇതിന്റെ വിലയിൽ വല്ലാത്ത ഏറ്റക്കുറച്ചിലുണ്ട്.

ഈ മഴക്കാല വിൽപ്പന ബോർഡിന് എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പറയാറായിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ പറയുന്നു. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നില്ലെങ്കിൽ കൂടുതൽ വിലകിട്ടുന്ന വിപണി കണ്ടെത്തി വരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. അണക്കെട്ടുകൾ തുറന്നുവിട്ട് വെള്ളം കുറഞ്ഞാൽ പവർ എക്സ്ചേഞ്ചുവഴിയുള്ള അധികം ലാഭമില്ലാത്ത വിൽപ്പനയിൽ ഒതുങ്ങേണ്ടിവരും. അതുകൊണ്ടാണ് ഇടുക്കി ഡാം തുറക്കുന്നതിലും മറ്റും കെ എസ് ഇ ബി എതിർ നിലപാട് എടുക്കുന്നത്. 173.937 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പവർ എക്‌ചേഞ്ച് വഴി സംസ്ഥാനം ഇതുവരെ കൈമാറിയത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതിവിറ്റത് 29ന് ആയിരുന്നു. 14.457 ദശലക്ഷം യൂണിറ്റ്. മെയ്മാസം മുതൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വകുപ്പ് നിർത്തിയിരിക്കുകയാണ്.

40.5118 ദശലക്ഷം യൂണിറ്റ് വൈദ്യുതി തിങ്കളാഴ്ച സംസ്ഥാനത്ത് ഉത്പാദിപ്പിച്ചപ്പോൾ 65.0165 ആയിരുന്നു മൊത്തം ഉപഭോഗം. 1855.848 ദശലക്ഷം യൂണിറ്റ് ജൂലൈ മാസത്തിൽ ഉപയോഗിച്ചപ്പോൾ ആഭ്യന്തര ഉത്പാദനം 855.6966 ആയിരുന്നു. ജൂൺ മാസത്തിൽ ഈസമയം ഇത് 617.2613 ദശലക്ഷം യൂണിറ്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP