Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം കനൽപോലെ ഉള്ളിൽ കോരിയിട്ടത് വായനയിലൂടെ ലോകത്തെ അറിഞ്ഞ അമ്മ; മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ പ്രഗത്ഭരായ നൂറ്റമ്പതിലേറെ ഗവേഷകർ പരിശ്രമിച്ച് പരാജയപ്പെട്ട വിവർത്തനം ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നടത്താൻ വേണ്ടി ചിലവഴിച്ചത് അര നൂറ്റാണ്ടുകാലം; ഡച്ച് സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി എട്ടു വർഷം മുമ്പേ ആദരിച്ച കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് പത്മശ്രീ എന്നത് ഏറെ വൈകി വന്ന അംഗീകാരം

എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം കനൽപോലെ ഉള്ളിൽ കോരിയിട്ടത് വായനയിലൂടെ ലോകത്തെ അറിഞ്ഞ അമ്മ; മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ പ്രഗത്ഭരായ നൂറ്റമ്പതിലേറെ ഗവേഷകർ പരിശ്രമിച്ച് പരാജയപ്പെട്ട വിവർത്തനം ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നടത്താൻ വേണ്ടി ചിലവഴിച്ചത് അര നൂറ്റാണ്ടുകാലം; ഡച്ച് സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി എട്ടു വർഷം മുമ്പേ ആദരിച്ച കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് പത്മശ്രീ എന്നത് ഏറെ വൈകി വന്ന അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വായനയിലൂടെ ലോകത്തെ അറിഞ്ഞൊരമ്മ മകനോട് പറഞ്ഞത് എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണം എന്നായിരുന്നു. അമ്മ പറഞ്ഞത് മനസ്സിൽ കൊണ്ടുനടന്ന മകൻ 1958ൽ ഡെറാഡൂൺ ലൈബ്രറിയിൽ നിന്നും ഹോർത്തൂസിന്റെ കുറിപ്പുകൾ എടുത്തുതുടങ്ങിയ ആ ദൗത്യം നീണ്ട അമ്പതുവർഷത്തെ പഠനമനനങ്ങൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് മലയാളം വിവർത്തനങ്ങളിൽ കലാശിച്ചു. ലാറ്റിൻഭാഷയിലല്ലാതെ ഹോർത്തൂസിനുണ്ടാകുന്ന ആദ്യത്തെ വിവർത്തനങ്ങൾ. മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ നൂറ്റമ്പതിലേറെ മുൻനിര ഗവേഷകർ ഹോർത്തൂസുമായി മല്ലിട്ട് പരാജയപ്പെട്ടിടത്താണ് ഒറ്റയ്ക്കൊരു മനുഷ്യൻ ആ മഹാമേരുവിനെ കീഴടക്കിയത്. ഒരുപക്ഷേ കേരളവും ഇന്ത്യയും വേണ്ടരീതിയിൽ മനസ്സിലാക്കാതെ പോയ മഹാനായ ഒരു മനുഷ്യന്- കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് വൈകി വന്ന അംഗീകരമാണ് പത്മശ്രീ പുരസ്‌കാരം. ഹോർത്തൂസിന്റെ മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിൽ ആ ബൃഹത്ത് ഗ്രന്ഥത്തിന്റെ 12വാല്യങ്ങളും ലാറ്റിനിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും എത്തിച്ച ഒരു വ്യക്തിയാണ് മണിലാൽ. 2012ൽ ഡച്ച് സർക്കാർ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച്-നാസ്സൗ' നൽകി ഡോ.മണിലാലിനെ ആദരിച്ചു.

കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ എന്ന കെ.എസ്.മണിലാൽ ഹോർത്തൂസ് മലബറിക്കസ് എന്ന ഗ്രന്ഥം വെറുതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമല്ല ചെയ്തത്. ആ ഗ്രന്ഥത്തിൽ പറയുന്ന 791 സസ്യങ്ങളിൽ ഒന്നൊഴികെ മുഴുവൻ സസ്യങ്ങളെയും ശേഖരിക്കുകയും തിരിച്ചറിയുകയും അവയെ മുഴുവൻ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്തു അദ്ദേഹം. ആ അർത്ഥത്തിൽ വിവർത്തനകൃതി എന്നതിലുപരി അത് മണിലാലിന്റെ ഹോർത്തൂസ് മലബാറിക്കസ് കൂടിയായി തീരുന്നു. 2008ൽ പുറത്തുവന്ന മലയാളം പതിപ്പിന്റെ പ്രവേശികയിൽ മണിലാൽ ഇങ്ങനെ എഴുതി. ''ഈ മലയാളം പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂർത്തിയാക്കപ്പെടുകയാണ്.'' 330 വർഷത്തിന് ശേഷമാണ് മലയാളം - പോർത്തുഗീസ് , ഡച്ച് - ലാറ്റിൻ, ഇംഗ്ലീഷ് - മലയാളം എന്ന വൃത്തം പൂർത്തിയായത്.

പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അന്ന് മലബാറായിരുന്ന കേരളത്തിന്റെ സസ്യസമ്പത്തിനെപ്പറ്റി 12 വാള്യങ്ങളായി പുറത്തിറങ്ങിയ ഹോർത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥത്തിലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെട്ടത്. അന്ന് കൊച്ചി ഗവർണറായിരുന്ന ഹെൻട്രിക് വാൻ റീഡ്, ഇട്ടി അച്യുതൻ എന്ന മഹാവൈദ്യന്റെ സഹായത്തോടെ തയ്യാറാക്കി ലാറ്റിനിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തെ മലയാളത്തിൽ 'മലബാറിന്റെ പൂന്തോട്ടം' എന്ന് വിളിക്കാം.

ഈ പുസ്തകത്തിൽ പറയുന്ന എണ്ണൂറോളം സസ്യങ്ങളിൽ 559 സസ്യങ്ങൾ ഔഷധസസ്യങ്ങളാണ്. അതിൽ 130 സസ്യങ്ങളുടെ ഔഷധഗുണങ്ങൾ ലോകത്ത് വേറൊരിടത്തും പരാമർശിച്ചിട്ടില്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം വിവർത്തനം ചെയ്യുകയെന്ന് പറഞ്ഞാൽ ഒരുപക്ഷേ ലാറ്റിൻ അറിയാവുന്ന ഒരാൾക്ക് മെനക്കെട്ടിരുന്നാൽ ഏതാനും വർഷങ്ങൾ കൊണ്ട് ചെയ്യാവുന്ന ഒരു കാര്യമാണ്. പക്ഷേ മണിലാൽ ചെയ്തത് അതിനകത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള ഓരോ സസ്യങ്ങളെയും വീണ്ടും കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അതിനുവേണ്ടി മാത്രം 27 വർഷം അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. അതിന്റെ കോപ്പിയെടുക്കാൻ മാത്രം അന്ന് അഞ്ചേക്കർ സ്ഥലം വാങ്ങാൻ വേണ്ടി നീക്കിവച്ചിരുന്ന പണം അദ്ദേഹത്തിന് ചെലവാക്കേണ്ടി വന്നു.

ഓരോസസ്യത്തെക്കുറിച്ചും ഏറ്റവും ആധുനികമായ വിവരങ്ങൾ വരെ കണ്ടെത്തി വിവർത്തന പുസ്തകത്തിൽ ചേർക്കാൻ കഴിഞ്ഞു. അങ്ങനെ മണിലാൽ എഴുതിയ പുസ്തകം യഥാർത്ഥത്തിൽ ഫെൻഡ്രിക് ആൻഡ്രിയാൻ വാൻ റീഡ് എഴുതിയ ഹോർത്തൂസ് മലബാറിക്കസ് അല്ല.  ഇത് മണിലാലിന്റെ സ്വന്തം പുസ്തകമായി മാറുകയായിരുന്നു. ഓരോ സസ്യത്തെയും ശാസ്ത്രത്തിൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടയിൽ എങ്ങനെ വിശദീകരിച്ചിട്ടുണ്ട്. ഏതൊക്കെ ശാസ്ത്രീയ നിഗമനങ്ങൾ അതിന് വന്നിട്ടുണ്ട്, എന്തൊക്കെ പുതിയ ഉപയോഗങ്ങൾ അതിന് കണ്ടെത്തിയിട്ടുണ്ട്, എന്നൊക്കെയുള്ള മുഴുവൻ വിവരങ്ങളും ഡോക്ടർ മണിലാൽ തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. എന്നുപറഞ്ഞാൽ ആധുനിക ലോകത്തെയും പ്രാചീനകാലത്തെയും കൂട്ടിയിണക്കുന്ന ഒരു പാലം പോലെയാണ് മണിലാലിന്റെ പുസ്തകം.

ഈ പുസ്തകം തയ്യാറാക്കാനായി പത്തുവർഷംകൊണ്ട് മണിലാൽ ലാറ്റിൻ പഠിച്ചു, വിദ്യാർത്ഥിയായിരുന്ന സി.ആർ.സുരേഷിന്റെ സഹായത്തോടെ ഹോർത്തൂസിൽ പ്രതിപാദിക്കുന്നതിൽ ഒന്നൊഴികെ ബാക്കിയെല്ലാ സസ്യങ്ങളെയും ചെടികളെയും വീണ്ടും കണ്ടെത്തി, ആധുനിക സസ്യശാസ്ത്രപ്രകാരം പുനർവ്യാഖ്യാനിച്ചു. മണിലാൽ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. കേരള യൂണിവേഴ്സിറ്റിക്ക് ഒരു പ്രതിഫലവും കൂടാതെയാണ് അദ്ദേഹം ഈ പുസ്തകം വിട്ടുകൊടുത്തിരിക്കുന്നത്. തന്റെ അമ്പത് വർഷത്തെ ജീവിതത്തിന്റെ പ്രയത്ന ഫലം അദ്ദേഹം കൊടുത്തത് ഒരു പ്രതിഫലവുമില്ലാതെയാണ്.

ഹോർത്തൂസിന്റെ വിവർത്തനത്തിൽ തീരുന്നില്ല കെ.എസ്. മണിലാലിന്റെ ജീവിതം. സൈലന്റ് വാലിയുടെ, നിശബ്ദയുടെ താഴ്‌വരയുടെ, യഥാർത്ഥ രക്ഷകരിലൊരാളാണ് മണിലാൽ. സൈലന്റ് വാലിയിൽ അണക്കെട്ട് പണിയാനായി വ്രതമെടുത്തിരുന്നവരുടെ സൈലന്റ് വാലിയിലേത് ഉഷ്ണമേഖലാ വനമല്ല എന്ന വാദം ഫ്ളോറ ഓഫ് സൈലന്റ് വാലി ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ഓഫ് ഇന്ത്യ എന്ന പഠനഗ്രന്ഥം പൊളിച്ചടുക്കി. 134കുടുംബങ്ങളിൽപ്പെട്ട പുഷ്പിത സസ്യങ്ങളുടെ 966 ഇനങ്ങൾ സൈലന്റ് വാലിയിൽ ഉണ്ടെന്ന് നാല് വർഷത്തെ പഠനത്തിൽ മണിലാലും സംഘവും ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ പഠനമാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടതും, അവർ അണക്കെട്ട് പണിയാനുള്ള അനുമതി നിഷേധിക്കാൻ ഇടയാക്കിയതും. ഈ നിത്യഹരിതവനം ഇന്നും നിലനിൽക്കുന്നതിൽ ഈ ഭൂമി പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാളിന്റെ സഹോദരന്റെ ചെറുമകളാണ് മണിലാലിന്റെ സഹധർമ്മിണി ജ്യോത്സ്ന. കേരളത്തിൽ വരുമ്പോഴെല്ലാം ജാനകിയമ്മാൾ തങ്ങിയിരുന്നത് മണിലാലിന്റെ കുടുംബത്തോടൊപ്പമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP