Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് കലാപ കാലത്ത് അവിടം സന്ദർശിക്കാൻ ഇടത് നേതാക്കൾക്കുപോലും പേടിയായിരുന്നെന്ന് ടീസ്റ്റ സെതെൽവാദ്; ആവർത്തിച്ച് വിളിച്ച് കേണപേക്ഷിച്ചിട്ടും യെച്ചൂരി ചോദിച്ചത് 'ഫാസിസം ആണ്.. എങ്ങനെ പോകാൻ' എന്നായിരുന്നു; നിർബന്ധത്തിനു വഴങ്ങി ഗുജറാത്തിൽ എത്തിയെങ്കിലും മോദിയെ പേടിച്ച് ശബ്‌ന ആസ്മി അടക്കമുള്ളർ കലാപ ഇരകളെ കാണാതെ മടങ്ങി; ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ നേരിട്ട് പോയത്; ഗുജറാത്തിന്റെ ഭീതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തി കൃഷ്ണൻ മോഹൻലാലിന്റെ പുസ്തകം

ഗുജറാത്ത് കലാപ കാലത്ത് അവിടം സന്ദർശിക്കാൻ ഇടത് നേതാക്കൾക്കുപോലും പേടിയായിരുന്നെന്ന് ടീസ്റ്റ സെതെൽവാദ്; ആവർത്തിച്ച് വിളിച്ച് കേണപേക്ഷിച്ചിട്ടും യെച്ചൂരി ചോദിച്ചത് 'ഫാസിസം ആണ്.. എങ്ങനെ പോകാൻ' എന്നായിരുന്നു; നിർബന്ധത്തിനു വഴങ്ങി ഗുജറാത്തിൽ എത്തിയെങ്കിലും മോദിയെ പേടിച്ച് ശബ്‌ന ആസ്മി  അടക്കമുള്ളർ കലാപ ഇരകളെ കാണാതെ മടങ്ങി; ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ നേരിട്ട് പോയത്; ഗുജറാത്തിന്റെ ഭീതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തി കൃഷ്ണൻ മോഹൻലാലിന്റെ പുസ്തകം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഫേസ്‌ബുക്കിൽ ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്നതും ഫാസിസത്തോട് നേരിട്ട് എതിർക്കുന്നതും തമ്മിലുള്ള വലിയ വ്യത്യാസം ഒരിക്കൽ കൂടി ലോകത്തെ അറിയിക്കുകയാണ് 'ഗുജറാത്ത് തീവ്ര സാക്ഷ്യങ്ങൾ' എന്ന പുസ്തകത്തിലൂടെ എഴുത്തുകാരൻ കൃഷ്ണൻ മോഹൻലാൽ. 2002ൽ ഗുജറാത്തിൽ കലാപം കത്തിക്കാളുന്ന സമയത്ത്, ഇരകളെ സഹായിക്കാനായി അവിടം സന്ദർശിക്കാൻ ഇടതു നേതാക്കൾക്കുവരെ ഭയമായിരുന്നുന്നെന്ന് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതെൽവാദിനെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.

ടീസ്റ്റ പലതവണ ആവശ്യപ്പെട്ടിട്ടും സീതാറം യെച്ചൂരി ചോദിച്ചത് 'ഫാസിസം ആണ്, എങ്ങനെ പോകാൻ' എന്നായിരുന്നു. ഒടുവിൽ തന്റെ നിർബന്ധത്തിന് വഴങ്ങി ഗുജറാത്തിൽ എത്തിയ ശബ്ന ആസ്മിയും യെച്ചൂരിയും അടക്കമുള്ള സംഘം മോദിയുടെ ഭീഷണി ഭയന്നെന്നോണം, ഇരകളെ കാണാതെ മടങ്ങിയെന്നും ടീസ്റ്റ് ആരോപിക്കുന്നു. ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ കല്ലേറും ഭീഷണിയും വകവെക്കാതെ നേരിട്ട് പോയതെന്നും അത്തരം നേതാക്കൾ ഇന്ന് ഇല്ലെന്നും പുസ്തകം വെളിപ്പെടുത്തുന്നു. രാമചന്ദ്രഗുഹ, രാജ്ദീപ് സർദേശായി, ബർഖാദത്ത്, ടീസ്റ്റ സെതെൽവാദ്, വൃന്ദ ഗ്രോവർ, എ.ജി. നൂറാനി, മഹേശ്വേതാദേവി, ജി.എൻ. ഡേവി തുടങ്ങിയവരെഴുതിയ സാമൂഹ്യനിഷ്ഠമായ വിമർശനപഠനങ്ങളുടെയും ഗുജറാത്ത് കലാപത്തിന്റെ രക്തരൂക്ഷിതമായ സ്മൃതിരേഖകളുടെയും സമാഹാരമാണ് ഈ പുസ്തകമെന്ന് പ്രശസ്ത നിരുപകൻ ഷാജിജേക്കബ് വിലയിരുത്തുന്നു.

ഗുജറാത്തിലെ ടീസ്റ്റയുടെ അനുഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്:

'2002 ഫെബ്രുവരി 27നു രാവിലെ ഒമ്പതുമണിക്ക് ടീസ്റ്റയുടെ മൊബൈയിലേക്ക് ഒരു വിളി വന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രസിനു തീപിടിച്ച കാര്യം ആണ് വിളിച്ചയാൾ പറഞ്ഞത്. കുറച്ചുദിവസം മുമ്പാണ് മൊബൈൽ ഫോൺ വാങ്ങിയത്. ഈ വിളിക്കുശേഷം അൽപ്പസമയത്തിനുള്ളിൽ മുന്നൂറു കോളുകളാണ് മൊബൈലിൽ വന്നത്.

വൈകുന്നേരമായപ്പോഴേയ്ക്കും കലാപം തുടങ്ങിയിരുന്നു. ഭരണം ഇല്ലാത്ത അവസ്ഥയും. ആക്ടിവിസ്റ്റുകൾ പോലും പുറത്തിറങ്ങിയില്ല. ഗുജറാത്തിലെ മിക്ക ജില്ലകളിലും ഖോജിന്റെ ഭാഗമായി ടീസ്റ്റയോടൊപ്പം പ്രവർത്തിക്കുന്നവരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരു പാർലമെന്ററിസമിതി ഗുജറാത്തിലേക്ക് അടിയന്തരമായി പോയാൽ ഫലമുണ്ടാകുമെന്ന് ടീസ്റ്റയ്ക്കു തോന്നി.

ഉടൻ അവർ പരിചയമുള്ള പാർലമെന്റ് അംഗങ്ങളായ ശബ്‌ന ആസ്മി, രാജ് ബബർ, അമർ സിങ് എന്നിവരെയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തിരമായി ഗുജറാത്തിലേക്കു പോകണമെന്നും ജനങ്ങളെ കാണണമെന്നും അവരോടു പറഞ്ഞു. എന്നാൽ യാചിക്കുന്ന പോലെ പറഞ്ഞിട്ടും അവർ മടിച്ചുനിന്നു. വീണ്ടും ആവശ്യപ്പെട്ടു. നിങ്ങൾ ജനപ്രതിനിധികളല്ലേ അവരെ കാണാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്തമില്ലേ എന്നു ചോദിച്ചു. ഫാസിസം ആണ്, എങ്ങനെ പോകാൻ? എന്ന് യെച്ചൂരി ചോദിച്ചു. ടീസ്റ്റ വിട്ടില്ല. നാലുപേരെയും മാറിമാറി വിളിച്ചു. ഒടുവിൽ പോകാമെന്ന് അവർ സമ്മതിച്ചു. അവിടെ താമസിക്കാൻ റിലയൻസുകാരോട് ഗസ്റ്റ് ഹൗസ് ഒരുക്കാൻ പറഞ്ഞിട്ടുണ്ടെന്ന് അമർസിങ് പറഞ്ഞു. അതുപാടില്ല എന്നായി ടീസ്റ്റ. മുംബൈയിൽ ഇരുന്നുതന്നെ അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസ് ഇവർക്കായി ബുക്കു ചെയ്തു. പിന്നാലെ ടീസ്റ്റയും ഗുജറാത്തിലേക്കു തിരിച്ചു.

യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. അവർ എത്തിയപ്പോൾ തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. എന്നിട്ടു പറഞ്ഞു നിങ്ങൾ എന്തിനാണ് വന്നത്, ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. ഇതിനിടയിൽ കമ്മിഷണറെ പോയി കാണണമെന്ന് ടീസ്റ്റ നിർബന്ധിച്ചു. കമ്മിഷണർ പി.സി. പാണ്ഡെയുടെ ഓഫിസിൽ അവർ എത്തിയപ്പോൾ കമ്മിഷണർ മുങ്ങി.

എങ്കിൽ ജനങ്ങളുടെ ഇടയിലേക്കു പോകൂ എന്നായി ടീസ്റ്റ. പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. തിരിച്ചുപോകാൻ അവർ തിടപക്കം കൂട്ടി. കാലുപിടിക്കുംപോലെ അവരോടു പറഞ്ഞു: നിങ്ങൾ സർക്യൂട്ട് ഹൗസിൽ നിൽക്കൂ. കലാപബാധിതരായവരെ ഞാൻ അങ്ങോട്ടു കൊണ്ടുവരാം. പിറ്റേന്ന് രാവിലെ ഒമ്പതുമുതൽ 11 വരെ അവരുടെ പരാതി കേൾക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ എട്ടുമണിക്കുള്ള വിമാനത്തിൽ സംഘം ഡൽഹിയിലേക്കു പോയി. അവർ മോദിയെ പേടിച്ചാണ് കടന്നുകളഞ്ഞതെന്ന് ടീസ്റ്റയ്ക്കു തോന്നി. അതൊരു തിരിച്ചറിവായിരുന്നു. കഷ്ടവും സങ്കടവും തോന്നി.

അപ്പോൾ പഴയ ഒരു കോൺഗ്രസുകാരനായ രാം മോഹൻ ത്രിപാഠിയെയാണ് ടീസ്റ്റ ഓർത്തത്. അദ്ദേഹം ടീസ്റ്റയോടു പറയുമായിരുന്നു എന്തു കലാപം നടക്കുമ്പോഴും നമ്മൾ പുറത്തിറങ്ങനം. അല്ലെങ്കിൽ രാഷ്ട്രീയനേതാവെന്നു പറഞ്ഞിരിക്കുന്നതിൽ എന്താണ് അർഥം?

ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ പോയത്. അദ്ദേഹത്തിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തു. ആ നിലവാരമുള്ള നേതാക്കൾ ഇന്നില്ല.

വലിയ രാഷ്ട്രീയ പിന്തുണയുള്ള നേതാക്കൾ ഓടിപ്പോയ സ്ഥാനത്ത് ഒരു പിന്തുണയും ഇല്ലെങ്കിലും പിടിച്ചുനിൽക്കാൻ ടീസ്റ്റ തീരുമാനിച്ചു. ഗുജറാത്തിലെ പല സ്ഥലങ്ങളിലേക്കും യാത്ര തുടങ്ങി. ഭയപ്പെട്ടായിരുന്നു യാത്ര. വണ്ടി കിട്ടുന്ന കാര്യമായിരുന്നു ഏറെ ബുദ്ധിമുട്ട്. വണ്ടിയിൽ കയറിയാൽ തന്നെ ഉടൻ ഡ്രൈവർ പറയും വലിയ പൊട്ട് ഇടൂ. അൽപ്പം കഴിഞ്ഞ് തൂത്തുകളയും. ഒരു യാത്രയ്ക്കിടയിൽ അക്രമിസംഘം വണ്ടി തടഞ്ഞു. ഭാഗ്യത്തിന് അപ്പോൾ ടീസ്റ്റയുടെ നെറ്റിയിൽ വലിയ പൊട്ട് ഉണ്ടായിരുന്നു''.

പുസ്തകത്തെകുറിച്ച് ഷാജിജേക്കബ് ഇങ്ങനെ എഴുതുന്നു

ഗുജറാത്ത്: തീവ്രസാക്ഷ്യങ്ങൾ, ഒരു ചരിത്രപുസ്തകം മാത്രമല്ല, ഒരോർമപ്പുസ്തകം കൂടിയാണ്. വംശീയകലാപങ്ങളും വർഗീയലഹളകളും മതസംഘർഷങ്ങളും ജാതിവെറികളുമൊക്കെ സൃഷ്ടിക്കുന്ന മനുഷ്യത്വത്തിനെതിരായ യുദ്ധങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം. ഭരണകൂടം ഇത്തരം കലാപങ്ങളിൽ ഇരകൾക്കെതിരെ വേട്ടക്കാർക്കൊപ്പം നിലകൊള്ളുമ്പോൾ അതു സൃഷ്ടിക്കാവുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചുള്ള താക്കീതുകളും ഈ പുസ്തകത്തിലുണ്ട്. ഒപ്പം, മതേതര, ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കേണ്ട ഇന്ത്യ യഥാർഥത്തിൽ നേരിടുന്ന വെല്ലുവിളി ഭീതിദമായ മത-രാഷ്ട്രീയ സഖ്യമാണെന്ന മുന്നറിയിപ്പുകൂടിയായി മാറുന്നു, ഈ പുസ്തകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP