Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃഷ്ണപ്പിള്ള സ്മാരകത്തിന് തീവെച്ചത് ശരിക്കും ആരാണ്? ആദ്യം പുറത്തുവന്ന വാർത്തകൾ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തതിനുള്ള പ്രതികാരമെന്ന്; പിന്നീട് ടാർജറ്റ് വി എസ് ഗ്രൂപ്പായി; അചൂതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ചന്ദ്രൻ അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്; ഉടൻ പുറത്താക്കി പിണറായി പക്ഷവും; ഒടുവിൽ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ തലയിൽ മുണ്ടിട്ട് സിപിഎം; കമ്യൂണിസ്റ്റ് ഇരുമ്പുമറയിലേക്ക് കേരളത്തിൽനിന്നും ഒരു പ്രഹേളിക

കൃഷ്ണപ്പിള്ള സ്മാരകത്തിന് തീവെച്ചത് ശരിക്കും ആരാണ്? ആദ്യം പുറത്തുവന്ന വാർത്തകൾ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തതിനുള്ള പ്രതികാരമെന്ന്; പിന്നീട് ടാർജറ്റ് വി എസ് ഗ്രൂപ്പായി; അചൂതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ്  ചന്ദ്രൻ അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്; ഉടൻ പുറത്താക്കി പിണറായി പക്ഷവും; ഒടുവിൽ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ തലയിൽ മുണ്ടിട്ട് സിപിഎം; കമ്യൂണിസ്റ്റ് ഇരുമ്പുമറയിലേക്ക് കേരളത്തിൽനിന്നും ഒരു പ്രഹേളിക

എം മാധവദാസ്

തിരുവനന്തപുരം: സാർവദേശീയമായി തന്നെ നോക്കിയാൽ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ ചരിത്രത്തിൽ നിരവധി പ്രഹേളികകൾ കാണാം. ഉത്തരം കിട്ടാത്ത, വാദിയും പ്രതിയും അരാണെന്ന് അറിയില്ലാത്ത നിരവധി സംഭവങ്ങൾ. പക്ഷേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഈ കേരളത്തിലും ഇതുപോലൊരു കമ്യൂണിസ്റ്റ് പ്രഹേളിക അരങ്ങേറിയിരിക്കയാണ്. അതാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണപ്പിള്ള സ്മാരകം കത്തിക്കൽ കേസ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത സഖാവ് പി കൃഷ്ണ പിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ സ്ഥിതി ചെയ്യുന്ന സ്മാരകം തകർത്ത കേസിലെ കുറ്റാരോപിതരായ മുഴുവൻ പേരെയും കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടരിക്കയാണ സിപിഎമ്മിന് പ്രത്യേകിച്ചും ഏറ്റവും വലിയ നാണക്കേടായി മാറിയൊരു കേസിൽ ഏഴു വർഷത്തിനുശേഷമാണ് വിധി വരുന്നത്. പ്രതികൾക്കെതിരേ തെളിവുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ലതീഷ് ബി ചന്ദ്രൻ അടക്കം അഞ്ചുപേരെയും കുറ്റ വിമുക്തരാക്കിയത്. അപ്പോൾ പിന്നെ ആരാണ് സ്മാരം കത്തിച്ചത് എന്ന ചോദ്യം വായുവിൽ അലയടിക്കമാത്രമാണ്.

കൃഷ്ണപിള്ള മരിച്ച സ്ഥലത്തെ സ്മാരകം

കമ്യുണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ജനകീയമാക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് സഖാവ് കൃഷ്ണപ്പിള്ള. ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണ പിള്ള സ്മാരകത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ വച്ചാണ് കൃഷ്ണ പിള്ളയ്ക്ക് പാമ്പ് കടിയേൽക്കുന്നതും മരിക്കുന്നതും. കണ്ണാർക്കാട് എന്ന പ്രദേശത്തെ ഒരു ചെറിയ ഓലപ്പുരയിൽ അദ്ദേഹം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഉറക്കത്തിനിടയിലാണ് പാമ്പ് കടിയേൽക്കുന്നത്. അന്നത് കൃഷ്ണപിള്ളയാണെന്ന് പരിസരവാസികൾക്കു പോലും അറിയില്ലായിരുന്നു. അവസാന സമയത്ത് കൃഷ്ണ പിള്ള കഴിഞ്ഞിരുന്ന ആ കുടിലാണ് പിന്നീട് കൃഷ്ണ പിള്ള സ്മാരകമായത്. അവിടെ തന്നെ അദ്ദേഹത്തിന്റെ ഒരു അർദ്ധകായ പ്രതിമയും സ്ഥാപിച്ചു. എല്ലാ വർഷവും പി കൃഷ്ണ പിള്ള ദിനത്തിൽ പുഷ്പാർച്ചനയും മറ്റും നടന്നു വരുന്നുണ്ട്. ഈ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടേതായിരുന്നു. അവരത് വേണ്ടതുപോലെ സംരക്ഷിച്ചും പോന്നു. എം എ ബേബി മന്ത്രിയായിരുന്ന സമയത്താണ് സർക്കാർ സ്ഥലം വിലകൊടുത്ത് ഏറ്റെടുക്കുന്നത്. എന്നാൽ സിപിഎം മുന്തിയ പരിഗണന കൊടുത്ത് സംരക്ഷിക്കേണ്ടിയിരുന്നൊരു സ്മാരകം പിന്നീട് നാശോന്മുഖമായ അവസ്ഥയിലേക്ക് പോവുകയായിരുന്നു. ഇതിനെതിരേ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായി നിന്നിരുന്ന സമയം കൂടിയായിരുന്നു

2013 നവംബർ ഒന്നാം തീയതി പുലർച്ചെ രണ്ടു മണിയോടെയാണ് കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെടുന്നത്. ഓലക്കുടൽ തീവച്ച് നശിപ്പിക്കുകയും കൃഷ്ണപിള്ളയുടെ പ്രതിമയുടെ തല തകർക്കുകയുമാണ് ഉണ്ടായത്. പാർട്ടിക്കുണ്ടായ വലിയ തിരിച്ചടി. ഈ സ്മാരകത്തിന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്തിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമ സിപിഎമ്മുകാർ തകർത്തെന്നും അതിനു പ്രതികാരമായി കോൺഗ്രസുകാരാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. സംഭവം വിവാദമായതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്രൂപ്പുപോരിൽ കഥകൾ മാറിമറിയുന്നു

ഇതിനൊപ്പം തന്നെ ആലപ്പുഴയിലെയും കഞ്ഞിക്കുഴിയിലെയും പാർട്ടിയിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് പുതിയ കുറെ കഥകളും പുറത്തുവരാൻ തുടങ്ങി. കൃഷ്ണപിള്ള സ്മാരകം തകർത്തതിന്റെ കുറ്റം ഔദ്യോഗികപക്ഷം വി എസ് പക്ഷത്തിനു നേരെ ഉയർത്തി. വി എസ് അച്യുതാന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി ചന്ദ്രന്റെ നേതൃത്വത്തിലാണ് സ്മാരകം തകർത്തതെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞു. അതോടെ കൃഷ്ണ പിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാർ തന്നെയാണെന്ന് വാർത്തകൾ വരാൻ തുടങ്ങി. പാർട്ടിക്കുള്ളിലെ വി എസ്- പിണറായി പോര് ഈ വാർത്തകൾക്ക് കൊഴുപ്പും കൂട്ടി.ഇതിനു പിന്നാലെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പ്രതിമ തകർത്തത് വിഭാഗീയത മൂലമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. തുടർന്ന് ലതീഷ് ബി ചന്ദ്രൻ, കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി സാബു, ഡിവൈഎഫ് ഐ പ്രവർത്തകരായ ദീപു, രാജേഷ് രാജൻ, പ്രമോദ് എന്നിവരെ ക്രൈം ബ്രാഞ്ച് പ്രതികളാക്കി. ലതീഷ് ആയിരുന്നു ഒന്നാം പ്രതി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സാബു ഔദ്യോഗികപക്ഷ പ്രതിനിധിയായിരുന്നുവെങ്കിലും കേസിൽ പ്രതിയാക്കപ്പെടുകയാണുണ്ടായത്.

ലതീഷിനെതിരെയുള്ള തെളിവായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് സംഭവം നടക്കുന്ന സമയത്ത് ലതീഷിന്റെ ഫോൺ ആക്ടീവ് ആയിരുന്നുവെന്നതാണ്. പ്രദേശത്തെ മുതിർന്ന സിപിഎം നേതാക്കൾ പോലും അറിയും മുന്നേ ഒരു ഡിവൈഎഫ് ഐ നേതാവായ ലതീഷ് സ്മാരകം തകർത്ത കാര്യം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യം പാർട്ടി തന്നെ ഉയർത്തുകയും ചെയ്തു.ആലപ്പുഴയിലെ മുതിർന്ന സിപിഎം നേതാവും മാരാരിക്കുളത്തെ വി എസ് അച്യുതാന്ദന്റെ തോൽവിയുടെ ഉത്തരവാദിത്വം ആരോപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ടി കെ പളനി അദ്ദേഹത്തിന്റെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. പരോക്ഷമായി ലതീഷ് ചന്ദ്രനെ പ്രതിയാക്കി കൊണ്ടായിരുന്നു പളനി അന്ന് സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; 'രാത്രി രണ്ടര മണിയോടെയായിരിക്കണം ലതീഷ് എന്നെ ഫോൺ ചെയ്യുന്നത്. കാര്യം പറഞ്ഞപ്പോൾ എന്റെ ഹൃദയം നിലച്ചു. ഞാൻ ലതീഷിനോട് വണ്ടിയെടുത്ത് വീട്ടിലേക്ക് വരാൻ പറഞ്ഞു. ലതീഷ് വന്നു. കണ്ണാർക്കാടേക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, നീ ഇതെങ്ങനെയറിഞ്ഞു? അടുത്തുള്ളൊരാൾ വിളിച്ചു പറഞ്ഞതാണെന്നു മറുപടി. ആ പ്രദേശത്തെ മുതിർന്ന നേതാക്കന്മാരായി ഞാനും സി കെയുമുണ്ട്. ഞങ്ങളെ വിളിച്ചു പറയാതെ നിന്നെ വിളിച്ചു പറഞ്ഞതെന്തുകൊണ്ട്? അതാ വിളിച്ചു പറഞ്ഞയാൾ ഡിവൈഎഫ്ഐക്കാരനായിരുന്നു. എന്താ കാര്യം? അറിയില്ല. വേറെയെവിടെയെങ്കിലും എന്തെങ്കിലും നടന്നോ? കായിപ്പുറത്ത് ഇന്ദിര സ്തൂപത്തിന്റെ മൂല തകർത്തിട്ടുണ്ട്. നമ്മളാണോ? അല്ല. അതു കഴിഞ്ഞാണോ ഇതു സംഭവിച്ചത്? അതുമായി ബന്ധമുണ്ടോയിതിന്? അറിയില്ല. ഇതായിരുന്നു ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണത്തിന്റെ ഏകദേശരൂപം, ഇതാണ് ഞാൻ പൊലീസിനോട് പറഞ്ഞതും.' പളനിയുടെ ഇതേ സംശയങ്ങളും ആരോപണങ്ങളും തന്നെയായിരുന്നു ഔദ്യോഗിക പക്ഷം ഉയർത്തിക്കൊണ്ടിരുന്നത്. ഇന്ദിര സ്തൂപം തകർത്തതും ലതീഷും കൂട്ടരും തന്നെയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കോൺഗ്രസുകാർ കൃഷ്ണ പിള്ള സ്മാരകം തകർത്തതെന്നും വരുത്തുകയായിരുന്നു പദ്ധതിയെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

വിധി വരുമുമ്പേ ആരോപിതർ പാർട്ടിയിൽനിന്ന് പുറത്ത്

ഇത്തരമൊരു പ്രവർത്തിയിലേക്ക് ലതീഷിനെയും കൂടെയുള്ളവരെയും നയിക്കാൻ കാരണമായി ക്രൈം ബ്രാഞ്ച് പറഞ്ഞത് കഞ്ഞിക്കുഴിയിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്രൂപ്പു വഴക്കുകളും വിഭാഗീയതുമായിരുന്നു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽ വിഭാഗീയതയുടെ പേരിൽ തർക്കങ്ങൾ ശക്തമായിരുന്നുവെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും ഇരുവിഭാഗങ്ങൾക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഇതിന്റെ പേരിൽ ഔദ്യോഗികപക്ഷത്തിനെതിരേ ജനവികാരം പാർട്ടി അണികളുടെ പ്രതിഷേധവും ഇളക്കി വിടാനായിട്ടായിരുന്നു പ്രതികൾ കൃഷ്ണ പിള്ള സ്മാരകം തന്നെ തകർത്തതെന്നുമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ എഴുതിയത്

2016 ഏപ്രിലിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കുറ്റവാളികളായതോടെ പ്രതികളെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. വി എസ് പക്ഷത്തിനെതിരേ ഔദ്യോഗികപക്ഷം നേടിയ വലിയ വിജയമായിരുന്നു അത്. എന്നാൽ അന്ന് തന്നെ പാർട്ടിയിലുള്ളവർ തന്നെ പറഞ്ഞിരുന്ന കാര്യമാണ് കെട്ടിചമച്ച കേസ് ആണെന്നും തെളിവുകളൊന്നുമില്ലാത്ത ഈ കേസിൽ നിന്നും കോടതി എല്ലാവരെയും വെറുതെ വിടുമെന്നും. അക്കാര്യമാണ് ഏഴു വർഷത്തിനുശേഷം സംഭവിച്ചത്.

കേസ് അവസാനിക്കുമ്പോഴും പ്രതികളെന്നു പറഞ്ഞവരെയെല്ലാം കോടതി വിട്ടയക്കുമ്പോഴും സിപിഎമ്മിനു നേരെ ഇപ്പോഴും ഉയർന്നു നിൽക്കുന്നൊരു ചോദ്യമുണ്ട്. ആരാണ് കൃഷ്ണ പിള്ള സ്മാരകം തകർത്തത്? സ്വന്തം പാർട്ടിയിലുള്ളവരോ എതിർ പാർട്ടിയിലുള്ളവരോ അല്ലെന്ന് പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെ പറയുന്നുമുണ്ട്. പിന്നെയാര്? ഏറെക്കുറെ എല്ലാവർക്കും അറിയാവുന്ന ഉത്തരമാണെങ്കിലും സിപിഎം ജില്ല നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഏഴു വർഷങ്ങൾക്കിപ്പുറവും യഥാർത്ഥ പ്രതിയെ പിടിക്കാൻ ശ്രമിച്ചിട്ടില്ല. കഷ്ണ പിള്ള സ്മാരകം തകർക്കപ്പെട്ടൂ എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതാരോ തകർത്തതുമാണ്. അതാര്? പാർട്ടി പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ സിപിഎം വെട്ടിലായിരിക്കയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP