Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറയെ മീൻ കിട്ടാൻ അനുഗ്രഹം തേടി വരുന്നവർ അടക്കമുള്ള ചെറുകിട പ്രാർത്ഥനാ പരിഹാരങ്ങളായി തുടങ്ങി; അമ്മ മറിയത്തെ പ്രാർത്ഥനയിൽ കണ്ടതായും സുനാമിയിൽ നിന്ന് രക്ഷിച്ചതായുമുള്ള കഥകൾ പരന്നതോടെ വളർന്നു പന്തലിച്ചു; പാരമ്പര്യകലകളെ പോൽസാഹിപ്പിക്കാനെന്നപേരിൽ വിപ്ലവ മന്ത്രി തോമസ് ഐസക്ക് അനുവദിച്ചത് 25 ലക്ഷം രൂപ; 'കടലാസ് ഗുളികകൾ' നൽകി മലയാളികളെ പറ്റിക്കുന്ന കൃപാസനത്തിന്റെ വളർച്ചക്ക് സർക്കാറും കൂട്ടോ?

നിറയെ മീൻ കിട്ടാൻ അനുഗ്രഹം തേടി വരുന്നവർ അടക്കമുള്ള ചെറുകിട പ്രാർത്ഥനാ പരിഹാരങ്ങളായി തുടങ്ങി; അമ്മ മറിയത്തെ പ്രാർത്ഥനയിൽ കണ്ടതായും സുനാമിയിൽ നിന്ന് രക്ഷിച്ചതായുമുള്ള കഥകൾ പരന്നതോടെ വളർന്നു പന്തലിച്ചു; പാരമ്പര്യകലകളെ പോൽസാഹിപ്പിക്കാനെന്നപേരിൽ വിപ്ലവ മന്ത്രി  തോമസ് ഐസക്ക് അനുവദിച്ചത് 25 ലക്ഷം രൂപ; 'കടലാസ് ഗുളികകൾ' നൽകി മലയാളികളെ പറ്റിക്കുന്ന കൃപാസനത്തിന്റെ വളർച്ചക്ക് സർക്കാറും കൂട്ടോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു കടലാസ് സകല രോഗങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണോ? ഈ കടലാസ് പ്രചരിപ്പിക്കുന്നത് പോയിട്ട് അത് അരച്ചുകലക്കി കുടിക്കുന്ന വാർത്തകൾ വരെയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതാണ് കൃപാസന പത്രം. പ്രബുദ്ധരെന്നും സമ്പൂർണ്ണ സാക്ഷരരെന്നും അഭിമാനിക്കുന്ന മലയാളിയുടെ യുക്തിബോധത്തെയും ശാസ്ത്രബോധത്തെയും ഒരുപോലെ വെല്ലുവിളിക്കുകയാണ് ആലപ്പുഴ കലവൂരിലെ കൃപാസനം എന്നപേരിലുള്ള മരിയൻ ധ്യാനകേന്ദ്രം. ഇങ്ങനെ കൃപാസന പത്രം അരച്ചുകലക്കി കുടിച്ചതിന്റെ പേരിൽ ആശുപത്രിയിലായ ഒരു യുവതിയുടെ അനുഭവം പുറത്തായതോടെ സോഷ്യൽ മീഡിയയിൽ കൃപാസനത്തിനും ആത്മീയ തട്ടിപ്പിനുമെതിരെ വലിയ കാമ്പയിനാണ് ഉയരുന്നത്.

മകളുടെ വിവാഹം നടക്കാനായി അമ്മ 2000 രൂപ കുടുംബശ്രീയിൽ നിന്നും കടം വാങ്ങി കൃപാസനം പത്രം വെഞ്ചരിപ്പിച്ച് വാങ്ങുകയും പത്രത്തിൽ ആവാഹിച്ചിരിക്കുന്ന അനുഗ്രഹം പുറത്ത് പോകാതിരിക്കാൻ ഇത് വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ദോശമാവിലും ചമ്മന്തിയിലും കലർത്തി മകൾക്ക് നൽകുകയുമായിരുന്നു. രണ്ടു ദിവസമായി ശരീരത്തിൽ ചൊറിച്ചിലും മനംപുരട്ടലുമൊക്കെ അനുഭവപ്പെട്ട പെൺകുട്ടി ശാരീരിക അസ്വസ്ഥത വർധിച്ചതോടെ ആദ്യം അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേർത്തല ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് ഫുഡ് പോയ്സൺ ആണ് ചൊറിച്ചിലിനും ഛർദ്ദിക്കും കാരണമെന്ന് മനസിലാക്കിയത്. രണ്ടു ദിവസമായി ഭക്ഷണത്തിൽ രുചിവ്യത്യാസം അനുഭവപ്പെടുന്നത് മകൾ ചോദിച്ചിരുന്നെങ്കിലും അമ്മ അപ്പോഴെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈകോയിൽനിന്ന് കിട്ടുന്ന സൂര്യകാന്തി എണ്ണയാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണെന്നും അതിന് വെളിച്ചെണ്ണയുടെ പകുതി വിലയേ ഉള്ളൂ എന്നും പറഞ്ഞു നുണപറയുകയായിരുന്നു. ഒടുവിൽ മകൾ ആശുപത്രിയിലായതോടെയാണ് കള്ളി വെളിച്ചത്തായത്.

സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയ കൃപാസന പത്രത്തെ തേച്ചൊട്ടിക്കുകയാണ്. എന്നാൽ ഡ്രഗസ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് അടക്കമുള്ള നിരവധി നിയമങ്ങളുടെ നഗ്നമായ ലംഘനമായിട്ടും ആരും കൃപാസനത്തിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. മാത്രമല്ല സർക്കാർ സഹായത്തോടെയാണ് കൃപാസനകേന്ദ്രം പ്രവർത്തിക്കുന്നതെന്നുമുള്ള അമ്പരപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നവോത്ഥാനത്തിനവേണ്ടി വാദിക്കുന്ന ഇടതു സർക്കാറിലെ മന്ത്രിയായ ഡോ തോമസ് ഐസക്ക് ഈ കേന്ദ്രത്തിന് സർക്കാറിൽനിന്ന് അനുവദിച്ച് നൽകിയത് 25 ലക്ഷം രൂപയാണ്. വോട്ടുബാങ്ക് ഭയന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ഈ കേന്ദ്രത്തിനെതിരെ ഒന്നും പറയാറുമില്ല.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ നിശാന്ത് കെ.ടി.പെരുമണ്ണയെപ്പോലുള്ളവരാണ് കൃപാസനത്തിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത്.

സർക്കാർ ചെലവിൽ ഉയർന്ന കൃപാസന കേന്ദ്രം

1989-ൽ തീരദേശപാരമ്പര്യ പൈതൃക കലയുടെ പ്രോത്സാഹനത്തിനു വേണ്ടി ആരംഭിച്ച സാംസ്കാരിക മിഷൻ ആണ് ഇന്ന് കൃപാസനം എന്ന ആത്മീയ തട്ടിപ്പ് നടക്കുന്ന മരിയൻ ധ്യാനകേന്ദ്രമായി മാറിയത്. തീരദേശ, പാരമ്പര്യ കലകളെ കുറച്ച് അസാമാന്യമായ അറിവും, ഗവേഷണവും നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു പിന്നീട് കൃപാസനം ഡയറക്ടർ ആയിമാറിയ ഫാദർ വി.പി ജോസഫ്. അതിന്റെ പരിപോഷണത്തിന് എന്ന പേരിൽ അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് ഒരു മിഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അന്നും, ഇന്നും, മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണ്ണയിക്കാനുള്ള ശേഷി അവിടുത്തെ ഇടവകകൾക്കുണ്ട്. അത് ഇദ്ദേഹം പരമാവധി മുതലെടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പുസ്തകങ്ങൾ ഇതേ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ചവിട്ടുനാടക വിജ്ഞാനകോശം എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കേരള സാംസ്കാരിക വകുപ്പാണ്. ഇന്നും മുറയ്ക്ക് സാംസ്കാരിക വകുപ്പുകളുടെ ഫണ്ട് ലഭിക്കുന്നുണ്ട്.

ഇതേ കുറിച്ച് നിശാന്ത് കെ.ടി.പെരുമണ്ണ തന്റെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ എഴുതുന്നു.'ആലപ്പുഴ കലവൂരിൽ, കൃപാസനത്തിന് മുൻപിലൂടെ പോകുന്നവർക്ക് ഇപ്പോഴും കാണാനാവുക നാഷണൽ ഹെറിറ്റേജ് സ്റ്റഡി സെന്റർ (ദേശീയ, പാരമ്പര്യ, പൈതൃക പഠനകേന്ദ്രം) എന്ന ബോർഡാണ്. സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നത്. ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളും വ്യാജ ചികിൽസയും, വഞ്ചനയും അന്ധവിശ്വാസ പ്രചരണവും ആണ് സർക്കാർ സംവിധാനത്തിന്റെ ചെലവിൽ അവിടെ നടക്കുന്നത്. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തിനും പൗരാണിക നാടക രൂപത്തിന്റെ സംരക്ഷണത്തിനുമായി സർക്കാർ നൽകിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് രോഗശാന്തി ശുശ്രൂഷയ്ക്കും കടലാസ് ഗുളിക നൽകുന്നതിനും അവിടെ ഉപയോഗിക്കുന്നത്. തോമസ് ഐസക്കാണ് ഈ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. മുൻ എംപി കെ.സി വേണുഗോപാലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിൽ നിന്ന് പരമ്പരാഗത സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും ഫണ്ട് നൽകുന്നുണ്ട്.'- അദ്ദേഹം വ്യക്തമാക്കുന്നു.

2004 മുതലാണ് വി.പി ജോസഫ് ഇതൊരു ആത്മീയ കച്ചവടകേന്ദ്രമാക്കുന്നത്. ആലപ്പുഴയിൽ മാരാരിക്കുളം അർത്തുങ്കൽ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടുത്ത വറുതിയിൽ കഷ്ടപ്പെടുമ്പോൾ വള്ളവും, തുഴയും വെഞ്ചരിക്കുകയും, ഭർത്താവ് കടലിൽ പോകുമ്പോൾ നിറയെ മീൻ കിട്ടാൻ അനുഗ്രഹം തേടി വരുന്ന വീട്ടമ്മമാരെ അനുഗ്രഹിക്കുകയും ഒക്കെയായി അത്യാവശ്യം ചെറുകിട പ്രാർത്ഥനാ പരിഹാരങ്ങളായിരുന്നു ഫാദർ വി.പി ജോസഫ് ആദ്യം ചെയ്തു വന്നത്. അനുഗ്രഹത്തിനും, കാര്യസാധ്യത്തിനും പ്രതിഫലമായി സ്വർണം കൊണ്ടും, വെള്ളി കൊണ്ടും നിർമ്മിച്ച മത്സ്യ രൂപങ്ങളും, കാണിക്കയും ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം അൽപ്പം കൂടെ കച്ചവട സാധ്യതയുള്ള രോഗശാന്തി ശുശ്രൂഷയിലേക്ക് കടക്കുകയാണ് ഉണ്ടായത്.

രക്ഷയായത് സുനാമി

കൃപാസന കേന്ദ്രത്തിന്റെ വളർച്ച സത്യത്തിൽ സുനാമിയുമായി ബന്ധപ്പെട്ടതാണ്. 2004 ഡിസബർ 7 ന്, കൃപാസനത്തിലെ അൾത്താരയിൽ ആരാധന നടത്തുന്നതിനായി ദിവ്യകാരുണ്യ സാന്നിധ്യം മഹാസ്തുതിപ്പോടെ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചപ്പോൾ 'സാക്ഷാൽ'' അമ്മ മറിയത്തെ കണ്ടതായി കൃപാസനത്തിലെ മേധാവി ഫാ: വി.പി ജോസഫ് സാക്ഷ്യപ്പെടുത്തുന്നതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. സിൽവർ ഗ്രേ ആയിരുന്നു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം. കയ്യിലായി ഒരു ക്ലോക്ക് പിടിച്ചിരുന്നത്രേ ! ഈ അത്ഭുത ദൃശ്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഇരുപതാം പൗരോഹിത്യ വാർഷികമായ ഡിസംബർ 23 ന് വെഞ്ചരിച്ച മെഴുകുതിരികൾ വിശ്വാസികൾക്ക് നൽകി. 25 ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശത്ത് മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന നടത്തിയതായും പിറ്റെ ദിവസം ക്ലോക്കിൽ കാണിച്ച സമയത്തുണ്ടായ സുനാമിയിൽ നിന്ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ അമ്മ മറിയം കാത്തുരക്ഷിച്ചു എന്നും ഫാദർ അവകാശപ്പെടുന്നു. പക്ഷേ, അതിന് തെക്കോട്ട് സുനാമി കടലെടുക്കുകയും നൂറ് കണക്കിന് പേർ മരിക്കുകയും ചെയ്തു. അതൊന്നും ആരും കണക്കിലെടുത്തില്ല. സുനാമിയിൽനിന്ന് കൃപാസനം ഈ നാടിനെ കാത്തു എന്നായി പ്രചാരണം. അതല്ലെന്ന് പറഞ്ഞുകൊടുക്കാൻ ആരും തയ്യാറായതുമില്ല.

വിശ്വാസം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിനായിട്ട് ഇവർ കൃത്യമായി ബൈബിൾ മിത്തുകളുടെ കൂട്ട് പിടിക്കുകയും ചെയ്തു. ബൈബിളിലെ വിവരണം അനുസരിച്ച്, സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തു കല്പനകളുടെ കല്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രയേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായിരുന്നു സാക്ഷ്യപേടകം അല്ലെങ്കിൽ സാക്ഷ്യപെട്ടകം (Ark of the Covenant). മലമുകളിലെ ദർശനത്തിൽ മോശെക്ക് ദൈവം നൽകിയ നിർദ്ദേശം പിന്തുടർന്നാണ് പേടകം നിർമ്മിച്ചത്. പേടകത്തിന്റെ അടപ്പിനുമുകളിലുണ്ടായിരുന്ന രണ്ട് ക്രോവേൻ മാലാഖമാരുടെ (കെരൂബ്) വിരിച്ച ചിറകുകൾ ചേർന്ന കൃപാസനത്തിലിരുന്നാണ് ദൈവം മോശെക്ക് ദർശനം ൽകിയിരുന്നത്. അതുകൊണ്ടാണ് വിശ്വാസപരമായ വിശ്വാസം കൂടുതൽ ഉറപ്പിക്കാൻ കൃപാസനം അധികാരികൾ ആ പേര് തന്നെ തിരഞ്ഞെടുത്തതു്.

'കഥ പ്രചരിക്കുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം പെരുകാൻ തുടങ്ങി. പരസ്യത്തിലൂടെയും, വിവര സാങ്കേതിക വിദ്യയിലൂടെയും അറിഞ്ഞവരും കേട്ടവരും കലവൂരിലേക്ക് ഒഴുകി. കൃപാസനത്തിൽ ചെല്ലുന്ന ഒരാൾക്ക് അത്ര പെട്ടന്ന് ഉടമ്പടി വയ്ക്കാനോ, ജോസഫ് അച്ഛനെ കാണാനോ കഴിയില്ല. ആദ്യം ഓരോരുത്തർക്കും നൽകുന്ന ടാർജറ്റ് അനുസരിച്ച് കൃപാസനം പത്രം വാങ്ങി പ്രചരിപ്പിക്കണം. അഞ്ച് രൂപയാണ് പത്രത്തിന്റെ വില. കുറഞ്ഞത് ആയിരം പത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച്, കുറച്ച് പേരെ കൃപാസനത്തിൽ എത്തിച്ച്, പത്രം വാങ്ങിയതിന്റെ രസീത് സഹിതം വേണം ഉടമ്പടിക്ക് അപേക്ഷിക്കാൻ. കൃപാസനത്തിൽ അലോപ്പതി ഡോക്ടർമാരെയും, മനഃശാസ്ത്ര ഡോക്ടർമാരേയും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. അവരുടെ നിർദ്ദേശപ്രകാരം പരിശോധനയും, മരുന്നും നൽകുന്നുമുണ്ട്. അന്ധവിശ്വാസവും, ഒപ്പം അനധികൃത അലോപ്പതി ചികിൽസയും അടക്കം നടത്തുന്ന ഒന്നാം തരം തട്ടിപ്പാണു് കൃപാസനം.'- നിശാന്ത് കെ ടി എഴുതുന്നു.

പത്ര ഗുളിക കഴിച്ച് സുഖപ്പെട്ടവരും, ഉടമ്പടി സ്വീകരിച്ച് രോഗം 'മാറിയവരുടേയും ' എണ്ണം കൂടിയതോടെയും ജനപ്രതിനിധികളും സഹായത്തിനെത്തിത്തുടങ്ങി. പിന്നീടങ്ങോട്ട് വെച്ചടിവെച്ചടി കയറ്റമായി. കുഷ്ടരോഗം മുതൽ കാൻസർ വരെയുള്ള സകലതും കൃപാസനം കൊണ്ട് സുഖപ്പെടുമെന്ന അവസ്ഥയെത്തി. അതിന്റെ എറ്റവും ഭയാനകമായ വേർഷനാണ് കഴിഞ്ഞദിവസം മകളുടെ വിവാഹം നടക്കാനായി അമ്മ കൃപാസന പത്രം ദോശക്കൊപ്പം അരച്ചുകലക്കി കൊടുത്തത്. കുട്ടിയുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന ഇത്തരമൊരു സംഭവം നടന്നിട്ടും നമ്മുടെ നാട്ടിലെ മാധ്യമങ്ങളോ സർക്കാറോ അനങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ മാത്രമാണ് ഇതിനെതിരെ പ്രതിഷേധം ഉയരുന്നത്.

നവോത്ഥാനം കൃപാസനത്തിലില്ല

ഏറ്റവും വിചിത്രം എല്ലാ അസുഖങ്ങൾക്കും ഒറ്റമൂലിയാണെന്ന് പറയുന്ന ഈ കൃപാസന തട്ടിപ്പിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക- രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ധൈര്യമില്ല എന്നതാണ്. ഇടതുപക്ഷവും വലതുപക്ഷവും ബിജെപിയും പോലും ഈ തട്ടിപ്പിനെതിരെ യാതൊന്നും മിണ്ടാറില്ല. ശബരിമലയിലൊക്കെ ലിംഗ നീതിയുടെയും പുരോഗമനത്തിന്റെയും പക്ഷത്തുനിന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം, മലയാളിയുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരമൊരു തട്ടിപ്പ് കണ്ടിട്ടും പ്രതികരിക്കാറില്ല. മാത്രമല്ല എംഎൽഎയും ധനമന്ത്രിയുമായ തോമസ് ഐസക്കാണ് ഈ കേന്ദ്രത്തിന് 25 ലക്ഷം അനുവദിച്ചതും. ഐസക്ക് മാത്രമല്ല അദ്ദേഹത്തിന് മുമ്പ് ഇരുന്നവരും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൃപാസനക്കാർ ആലപ്പുഴയിലെ വലിയൊരു വോട്ട് ബാങ്ക് ആണെന്നതാണ് പ്രശ്നം. ശബരിമലയിലെ നവോത്ഥാനം ഇപ്പോൾ എവിടെപ്പോയി എന്ന് ചോദിക്കുന്നത് സോഷ്യൽ മീഡിയ മാത്രമാണ്. അതുപോലെ എഴുത്തുകാരി ശാരദക്കൂട്ടിയെപ്പോലുള്ള ഏതാനും ചിലർ മാത്രമാണ് ഈ തട്ടിപ്പിനെതിരെ സാംസ്കാരിക ലോകത്തുനിന്ന് പ്രതികരിച്ചിട്ടുള്ളത്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നാടായ, പുരോഗമന സാഹിത്യ പ്രസ്ഥാന നായകരെ വളർത്തിയെടുത്ത നാടാണ് എന്താണ് ഇങ്ങനെ മാറുന്നത് എന്ന് ശാരദക്കൂട്ടി തുറന്നടിച്ചിരുന്നു.

'കായ്ഫലമുണ്ടാകാൻ കൃപാസനം പത്രം പൊതിഞ്ഞ മാവുകൾ, തെങ്ങുകൾ. പാൽ കൂടുതൽ ലഭിക്കാൻ കൃപാസനം പൊതിഞ്ഞ അകിടുമായി പശുക്കൾ. കൃപാസനം പത്രത്തിലിരുന്ന് എഫ്ബി പോസ്റ്റിട്ടയാളിന് നിമിഷങ്ങൾ കൊണ്ട് പത്ത് കെ ലൈക് കിട്ടിയത്രേ ! ആലപ്പുഴ കലവൂർ റോഡിൽ കൂടി ഇന്നലെ പോയി. ഇപ്പോൾ അവിടെ കൃപാസനം ബസ് സ്റ്റോപ്പായി. കൃപാസനം വെയ്റ്റിങ് ഷെഡായി. ആ സ്റ്റോപ്പിലെത്തുമ്പോൾ ബസ്സുകൾ തിരക്കൊഴിഞ്ഞ് കാലിയാകുന്നു. അതൊരു വലിയ മാനസികരോഗ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഓർക്കണം, ആലപ്പുഴയാണ്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നാടാണ്. പുരോഗമന സാഹിത്യ പ്രസ്ഥാന നായകരെ വളർത്തിയെടുത്ത നാടാണ്.

എന്തൊക്കെ ബാഹ്യ ശൈഥില്യങ്ങളുണ്ടാകുമ്പോഴും അകമേ ഭദ്രമായ ഒരു ലോകം സ്വപ്നം കണ്ടു ശീലിച്ച തൊഴിലാളി വർഗ്ഗത്തിന്റെ മണ്ണാണ്. പല തരം മടുപ്പുകളിൽ പെട്ട നിസ്സഹായരായ മനുഷ്യരെ വിശ്വാസവള്ളിയിൽ കെട്ടി വലിക്കുന്ന മറ്റൊരു പ്രസ്ഥാനം കൂടി വളരെപ്പെട്ടെന്നു തഴയ്ക്കുകയാണ്. നിത്യ വേദനയിൽ പെടുന്ന സാധുക്കളുടെ വേദനകളിൽ മാന്തി മാന്തി അതൊരു വലിയ പ്രസ്ഥാനമാകും. പോട്ട പോലെ, വള്ളിക്കാവു പോലെ. പിന്നെല്ലാരും അവിടെയെന്തു നടന്നാലും തൊടാൻ ഭയക്കും. ചണ്ഡരൂപിയായി അതു വളരുമ്പോൾ ഹീനമായ വിധേയത്വത്തിനു വഴങ്ങി, കൃപാസനം പത്രത്തിലിരുന്നു വോട്ടു ചോദിക്കാൻ വരെ വിപ്ലവ സിംഹങ്ങൾ തയ്യാറാകും.'- എന്ന് പറയുന്ന ശാരദക്കൂട്ടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്.

അതുപോലെ കേരള യുക്തിവാദി സംഘം, എസ്സൻസ് ഗ്ലോബൽ തുടങ്ങിയ ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങളും കൃപാസന തട്ടിപ്പിനെതിരെ ശകതമായി രംഗത്തുവന്നിട്ടുണ്ട്. എസ്സൻസ് ഗ്ലോബലിന്റെ സെമിനാറിൽ 'കടലാസ് ഗുളിക' എന്നപേരിൽ വി എസ്. ജസ്റ്റിൻ ഇതേക്കുറിച്ച് സരളമായി പ്രഭാഷണം നടത്തിയിട്ടുണ്ട്. ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമ പ്രകാരം എത് പൊലീസുകാരനും കേസ് എടുക്കാമെങ്കിലും ആരും കൃപാസനത്തിനെതിരെ അനങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP