Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃപാസനം പത്രം കൊണ്ട് രോഗം മാറില്ല; അതു പൊതിഞ്ഞു കൊണ്ട് പോകാനോ അരച്ചു കഴിക്കാനോ പാടില്ല; അങ്ങനെ ചെയ്തു സൗഖ്യം അവകാശപ്പെടുന്നവരുടെ സാക്ഷ്യം പത്രത്തിൽ ഇനി പ്രസിദ്ധീകരിക്കില്ല; എല്ലാവരും വന്ന് സൗഖ്യം കിട്ടിയെന്ന് പറയുമ്പോൾ നമ്മൾ അങ്ങ് കൈയടിക്കും; അത് ഇത്ര കുഴപ്പമാകുമെന്ന് കരുതിയില്ല; കൃപാസനത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾ ശരിവച്ച് പരിഹാരങ്ങൾ നിദ്ദേശിച്ച് കൃപാസനം ഡയറക്ടർ ജോസഫ് അച്ചൻ രംഗത്ത്

കൃപാസനം പത്രം കൊണ്ട് രോഗം മാറില്ല; അതു പൊതിഞ്ഞു കൊണ്ട് പോകാനോ അരച്ചു കഴിക്കാനോ പാടില്ല; അങ്ങനെ ചെയ്തു സൗഖ്യം അവകാശപ്പെടുന്നവരുടെ സാക്ഷ്യം പത്രത്തിൽ ഇനി പ്രസിദ്ധീകരിക്കില്ല; എല്ലാവരും വന്ന് സൗഖ്യം കിട്ടിയെന്ന് പറയുമ്പോൾ നമ്മൾ അങ്ങ് കൈയടിക്കും; അത് ഇത്ര കുഴപ്പമാകുമെന്ന് കരുതിയില്ല; കൃപാസനത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾ ശരിവച്ച് പരിഹാരങ്ങൾ നിദ്ദേശിച്ച് കൃപാസനം ഡയറക്ടർ ജോസഫ് അച്ചൻ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദർ വിപി ജോസഫ് വലിയപറമ്പിൽ രംഗത്ത്. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച് ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ ജനങ്ങിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തിൽ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു. കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാൻ പാടില്ലായെന്ന് ഫാദർ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങൾ നിർത്തലാക്കാൻ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിർദ്ദേശം ഇനി പത്രത്തിൽത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവർ ഇതിൽ നിന്ന് പിന്മാറുമോന്നാണ് ഞാൻ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രോഗശാന്തിക്ക് പലരും കൃപാസനം പത്രത്തെ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുക കൂടിയാണ് അച്ചൻ.

പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസാകാരിക മിഷനാണ് പിന്നീട് മരിയൻ ധ്യാനകേന്ദ്രമായി മാറിയത്. ഫാ. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തിൽ 1989ലാണ് സാംസ്‌കാരിക കേന്ദ്രം തുടങ്ങുന്നത്. കൃപാസനം ആത്മീയ കേന്ദ്രത്തിൽ ഏകദിന ശുശ്രൂഷകൾ ആരംഭിക്കുന്നത് 2001ലാണ്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളിൽ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്മയ്ക്കെതിരെ വ്യാപക ആക്ഷേപങ്ങളും ഉയർന്നു. കൃപാസനത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനമുയുരുന്നുണ്ട്. കൃപാസനം കൊണ്ട് പൊതിഞ്ഞപ്പോൾ പൊട്ടിയ അസ്ഥി കൂടിച്ചേർന്നുവെന്നും, ഡെങ്കിപ്പനി ബാധിച്ച മകൾക്ക് കൃപാസനം പത്രത്തിൽ കിടത്തിയപ്പോൾ രോഗശാന്തി ലഭിച്ചുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് വിമർശനത്തിനിടയാക്കുന്നത്.

 കലവൂരിലെ കൃപാസനം മരിയൻ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അച്ചൻ എത്തിയത്. സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ആരോപണം. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തിനും പൗരാണിക നാടക രൂപത്തിന്റെ സംരക്ഷണത്തിനുമായി സർക്കാർ നൽകിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് രോഗശാന്തി ശുശ്രൂഷയ്ക്കും കടലാസ് അത്ഭുതത്തിനും ഉപയോഗിക്കുന്നത്. സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. കൃപാസനത്തിൽ ഉദ്ദിഷ്ടകാര്യ സിദ്ദിഖും, അത്ഭുതരോഗ ശാന്തിക്കുമായി നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് പരിഷത്ത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൃപാസനം പത്രത്തിന്റെ പ്രതികൾ പിടിച്ചെടുത്ത് പ്രസിദ്ധീകരണം തടയണം. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമ പ്രകാരവും, വഞ്ചനാകുറ്റത്തിനും കേസെടുക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചൻ വിശദീകരണവുമായെത്തിയത്. കൃപാസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിഷത്തിന്റെ ഇടപെടൽ. ഇതോടെയാണ് അച്ചൻ വിശദീകരണമായി എത്തുന്നത്.

കൃപാസനം പത്രത്തിലെ വിവാദങ്ങളെ കുറിച്ച് അച്ചൻ നൽകുന്ന വിശദീകരണം ഇങ്ങനെ

മണ്ടത്തരം ഉണ്ടായത് മനസ്സ് അറിഞ്ഞ് ഉണ്ടായതല്ല. അത് പരിഹിരിക്കാൻ ചില മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മാധ്യമ പ്രവർത്തകൻ ചോദിച്ചു.. ഇത് ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി എടുത്തുവെന്ന് ചോദിച്ചു. ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അത് ആരും കണ്ടില്ല. അതുകൊണ്ടാണ് വീണ്ടും ഈ വിഷയം ആവർത്തിച്ചത്. ഈ വീഡിയോ പോസ്റ്റിൽ ഔദ്യോഗികമായി പറയുകയാണ്. ഈ പത്രം ദൈവത്തിന്റെ ജനമധ്യത്തിന്റെ പ്രവർത്തനങ്ങളും സാസ്‌കാരിക പ്രവർത്തനവും സാമൂഹിക ക്ഷേമ പ്രവർത്തനവും ജനങ്ങളിലെത്തിക്കാൻ. ഇത് ചികിൽസയ്‌ക്കോ കത്തിച്ച് ശരീരത്തിൽ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ല. അത് ഔദ്യോഗികമായി തന്നെ അറിയിക്കുകയാണ്.

ഇത് വേറെ ഒരു കാര്യത്തിനും ഉപയോഗിക്കരുത്. ഇതിന്റെ സ്വാഭാവികമായ ഉദേശത്തിന് അപ്പുറം ഒന്നിനും ഉപയോഗിക്കരുത്. ഇതിന് സമാനമായ കാര്യങ്ങൾ എല്ലാ പത്രത്തിലും വരും. അതായത് കൃപാസനം പത്രത്തിന്റെ ഉദേശങ്ങൾ അതിലുണ്ടാകും. അത് ചികിൽസയ്‌ക്കോ മറ്റ് കാര്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് അറിയിക്കും. ഇത് ചെയ്യുന്നതിലൂടെ ഇപ്പോഴുണ്ടായിരിക്കുന്ന തെറ്റിധാരണകൾക്ക് യുക്തിസഹമായ പ്രതിവധിയുണ്ടാകും. ഇത് ഇത്ര ഗൗരവമുള്ള വിഷയമായിട്ട് രൂപപ്പെട്ടുവന്നതിനാലാണ് ഇത്രയും ഗൗരവപരമായ തീരുമാനം ഉണ്ടാകുന്നത്.

അച്ചൻ ചീഫ് എഡിറ്ററാണ്. ഞാൻ കണ്ടാലും കണ്ടില്ലെങ്കിലും അച്ചടിച്ചു വന്നതിൽ ഉത്തരവാദിത്തം എനിക്കാണ്. അത് ഞാൻ ഏറ്റെടുക്കുന്നു. ആദ്യ കാലങ്ങളിൽ സാക്ഷ്യം പറയുമ്പോൾ പത്രത്തിൽ കിടന്നുവെന്ന് മറ്റും പറയുമ്പോൾ നമ്മൾ അറിയാതെ പ്രൈസ് ദ ലോഡ് എന്ന് പറയും. വൈദ്യശാസ്ത്ര പരമായ കാര്യങ്ങളൊന്നും ആലോചിക്കില്ല. കൈയടിക്കും. അതിനൊരു ദൈവാനുഗ്രഹം എന്ന രീതിയിലാണ് പ്രസിദ്ധീകരിച്ചത്. അത് വേറെ രീതിയിൽ പ്രചരിപ്പിച്ചപ്പോൾ അത് സ്‌റ്റോപ്പ് ചെയ്തു. ഒരു വർഷമായി ഇത് പത്രം വഴി റിപ്പോർട്ട് ചെയ്യുന്നില്ല. അവരുടെ ആശ്വാസത്തിൽ കിട്ടുന്ന സന്തോഷത്തിൽ എല്ലാവരും കൈയടിച്ചു. അത് തെറ്റിധാരണയാണ്. അത് മാറ്റുന്നുണ്ട്. അത് ഫെയ്‌സ് ബുക്കിൽ നിന്ന് പോലും മാറ്റും.

മതപരിവർത്തനം നടത്താനുള്ള സ്ഥാപനമാണെന്ന വിമർശനം കേട്ടപ്പോൾ സങ്കടം തോന്നി. ഒരാളെ കൊണ്ടു വന്നിട്ട് ഈ ആരോപണം ഉന്നയിക്കുക. അങ്ങനെ ഒരു കാര്യം സ്വപ്‌നത്തിൽ പോലും ആലോചിട്ടില്ല. ഇവിടെ വരുന്നവരോട് മതം പോലും ചോദിക്കാറില്ല. എല്ലാവരേയും ദൈവത്തിന്റെ മക്കളായി കണക്കാക്കിയാണ് സാന്ത്വനം നൽകുന്നത്-അച്ചൻ വിശദീകരിക്കുന്നത്. നിങ്ങൾ ഇവിടെ വന്ന് കാണുക. ഇത് പൊതു സ്ഥാപനമാണെന്നും അച്ചൻ പറയുന്നു.

സോഷ്യൽ മീഡിയയിൽ അച്ചൻ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP