Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുപുതുശ്ശേരിക്കാരൻ വളർന്ന് പന്തലിച്ചത് സ്വപ്രയത്‌നത്താൽ; കൊല്ലം-കിളിമാനൂർ റോഡുകൾ കീഴടക്കി റോഡിലെ മുടി ചൂടാമന്നൻ ആയത് മറ്റു ബസുകളെ അടിച്ചൊതുക്കി; ഗുണ്ടായിസം കാണിക്കാൻ ജീവനക്കാർക്ക് ഒത്താശ ചെയ്ത് മുതലാളിയും നാടിനെ വിറപ്പിച്ചു; നിസ്‌കാര സമയത്തെ സ്ഥിരമായുള്ള ഹോണടി എല്ലാം തകർത്തു; പള്ളിക്കലിലെ കോടീശ്വരൻ സ്വയം നാശത്തിലേക്ക് നടന്നത് അഹങ്കാരത്തിന്റെ വഴിയേ; കല്ലട സുരേഷിന് പാഠമാകാൻ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കെ ആർ ഗ്രൂപ്പിന്റെ പഴയ കഥ

കാട്ടുപുതുശ്ശേരിക്കാരൻ വളർന്ന് പന്തലിച്ചത് സ്വപ്രയത്‌നത്താൽ; കൊല്ലം-കിളിമാനൂർ റോഡുകൾ കീഴടക്കി റോഡിലെ മുടി ചൂടാമന്നൻ ആയത് മറ്റു ബസുകളെ അടിച്ചൊതുക്കി; ഗുണ്ടായിസം കാണിക്കാൻ ജീവനക്കാർക്ക് ഒത്താശ ചെയ്ത് മുതലാളിയും നാടിനെ വിറപ്പിച്ചു; നിസ്‌കാര സമയത്തെ സ്ഥിരമായുള്ള ഹോണടി എല്ലാം തകർത്തു; പള്ളിക്കലിലെ കോടീശ്വരൻ സ്വയം നാശത്തിലേക്ക് നടന്നത് അഹങ്കാരത്തിന്റെ വഴിയേ; കല്ലട സുരേഷിന് പാഠമാകാൻ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കെ ആർ ഗ്രൂപ്പിന്റെ പഴയ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കല്ലട സുരേഷിന് അറിയുമോ തിരുവനന്തപുരത്തും കൊല്ലത്തുമായി വ്യാപിച്ചുകിടന്നിരുന്ന കെആർ ബസ് വ്യവസായ സാമ്രാജ്യം എങ്ങിനെ തകർന്നുവെന്ന്? ഗുണ്ടായിസം കാട്ടിയ ഒരു പറ്റം ബസ് ജീവനക്കാർ കാരണം കല്ലട വ്യവസായ സാമ്രാജ്യം തകർച്ചയുടെ മുനമ്പിൽ എത്തി നിൽക്കുമ്പോൾ കെആർ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ചകൂടി കല്ലട സുരേഷ് ഓർത്തിരിക്കുന്നത് നന്ന്. കല്ലട സുരേഷിനെ പോലെ തന്നെ . ബസ് വ്യവസായത്തിനൊപ്പം ഗുണ്ടായിസത്തിനു കൂടി അനുമതി നൽകിയതാണ് കെആർ എന്ന വ്യവസായ സാമ്രാജ്യം തകരാൻ ഇടയാക്കിയത്. കെ ആർ എന്ന തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്.

കല്ലട സുരേഷിനെ പോലെ തന്നെ ബാർ ഹോട്ടൽ വ്യവസായവും ബസുകളും മാത്രമല്ല ഫിനാൻസും, ശങ്കർ പോലുള്ള വൻ സിമന്റ് കമ്പനിയുടെ കേരളത്തിലെ ട്രാൻസ്പോർട്ടിങ് കരാറും, എണ്ണമില്ലാത്ത നാഷണൽ പെർമിറ്റ് ലോറികളും ഏക്കർ കണക്കിന് ഭൂമികളും, ആനകളൂം, റിയൽ എസ്റ്റേറ്റ് ബിസിനനും ക്വാറി, ക്രഷർ യൂണിറ്റുകളും ഹോട്ടൽ ബിസിനസും കോടികളുടെ ബാങ്ക് ബാലൻസും കെആർ ഗ്രൂപ്പിന് അന്ന് സ്വന്തമായിരുന്നു. രണ്ടായിരത്തിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി പൊടുന്നനെ കുതിച്ചുയർന്ന ഈ വ്യവസായ സാമ്രാജ്യം അവസാനിപ്പിച്ചത് കെആർഗ്രൂപ്പ് ശമ്പളം നൽകി പോറ്റി വളർത്തിയ അനുചരവൃന്ദമാണ്.

കല്ലടയ്ക്ക് പിന്നിൽ സുരേഷ് കുമാർ ആയിരുന്നെങ്കിൽ കെആറിന് പിന്നിൽ അന്ന് കാട്ടുപുതുശേരി രാഘവൻ വസന്ത് കുമാറായിരുന്നു. വസന്ത്കുമാറിന് സ്വന്തം ബിസിനസ് സാമ്രാജ്യവും കുടുംബവും സ്വത്തുക്കളും ജീവിതവുമെല്ലാം ഒറ്റയടിക്ക് നഷ്ടമാവുകയും ചെയ്തു.

ശങ്കർ സിമന്റിന്റെ വിതരണം ലഭിച്ചതോടെ വളർച്ചയുടെ പടവുകൾ താണ്ടി തുടങ്ങി

തന്റെതായ പ്രയത്‌നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവന്റെ മകനായ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ശങ്കർ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്.

സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആർ ഫിനാൻസ് എന്ന പേരിൽ ഒരു ധനകാര്യ സ്ഥാപനം കൂടി തുടങ്ങി. നൂറിന് ആറു ശതമാനത്തിന് മുകളിൽ പലിശ നൽകിയതിനാൽ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി. മുസ്ലിം ഭൂരിപക്ഷ മേഖലയായ പള്ളിക്കലിലേയും പരിസര പ്രദേശങ്ങളിലെയും ആളുകൾ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങൾ കൊള്ള ലാഭം പ്രതീക്ഷിച്ചു കെ ആർ ഫിനാൻസിൽ ഡെപോസിറ്റ് ചെയ്തു. ലക്ഷങ്ങൾ തന്നെ അന്ന് കെആർ ഫിനാൻസിലേക്ക് ഒഴുകിയെത്തി. ലക്ഷം കൊടികളിലേക്ക് എത്തിയതോടെ കെ ആർ ഈ തുക പുതിയ ബിസിനസ് സംരംഭങ്ങളിലേക്ക് ഇറക്കി ശൃംഖല വിപുലപ്പെടുത്തി.പ്രൈവറ്റ് ബസുകൾക്ക് വ്യാപകമായി റൂട്ട് പെർമിറ്റ് നേടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 80ന് മുകളിൽ ബസുകൾ സർവിസ് ആരംഭിച്ചു. ടാർ ഇല്ലാത്ത റോഡിൽ കൂടി പോലും കെ ആർ ബസ് സർവീസ് നടത്തിയിരുന്നു.

ബസ് ബിസിനസ് വളർന്നതോടെപ്പം സിമന്റ് വ്യാപാരവും വർധിച്ചു ,ശങ്കർ സിമെന്റിന്റെ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ഡീലർ ആയി കെആർ മാറി. തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയിൽ നിന്ന് സിമന്റ് കൊണ്ട് വരുന്നതിനായി മാത്രം നൂറ്റി എൺപതോളം നാഷണൽ പെർമിറ്റ് ലോറികൾ സ്വന്തമാക്കി. ബസിന്റെയും ലോറിയുടെയും എണ്ണം വർധിച്ചതോടെ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിനായി പെട്രോൾ പമ്പും ബസിനും ലോറിക്കും ബോഡിവർക്ക് ചെയ്യുന്നതിനായി അഞ്ചു ഏക്കറിൽ കാട്ടുപുതുശ്ശേരിയിൽ ബോഡി വർക്ക്ഷോപ്പും തുടങ്ങി. മക്കളായ രാജേഷ്,അനീഷ്, അജേഷും ബിസിനസിൽ ശ്രദ്ധ കേന്ദ്രികരിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ബാർ ഹോട്ടൽ ശൃംഖലയും ഒപ്പം ഏക്കർ കണക്കിന് ഭൂമിയും ആനകളും ഈ ഘട്ടത്തിൽ കെആറിന് സ്വന്തമായി. ഈ ബിസിനസ് സാമ്രാജ്യം സംരക്ഷിക്കാൻ കെആർ തന്നെ വളർത്തിയ ഗുണ്ടകളായ ജീവനക്കാർ തന്നെയാണ് ഇവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചതും. ഈ കഥയാണ് കല്ലട സുരേഷ് ഓർത്തുവയ്‌ക്കേണ്ടത്.

ബസ് മുതലാളിമാരെ അടിച്ചൊതുക്കിയും സമ്മർദ്ദം ചെലുത്തിയും റൂട്ടുകൾ സ്വന്തമാക്കി

കൊല്ലം-കിളിമാനൂർ റോഡുകൾ കീഴടക്കി കെആർബസുകൾ റോഡിലെ മുടിചൂടാമന്നന്മാർ ആയത് മറ്റു ബസ് മുതലാളിമാരെ അടിച്ചൊതുക്കിയും സമ്മർദ്ദം ചെലുത്തി റൂട്ട് അടക്കം ബസുകൾ പിടിച്ചു വാങ്ങിയുമാണ്. കെ ആർ ബസുകൾ റോഡിലെ രാജാക്കന്മാർ ആയി മാറിയപ്പോൾ കല്ലട സുരേഷിന്റെ ഇപ്പോഴത്തെ ചിന്താഗതി കൂടി അന്ന് കെആറിനും വളർന്നു വന്നു. ഗുണ്ടായിസം കാണിക്കാൻ ജീവനക്കാർക്ക് അന്ന് കെആർ ബസും അരുനിന്നു. ഈ അരുനിൽക്കൽ അവസാനിപ്പിച്ചത് കെആർ ബസ് വ്യവസായത്തിന് മാത്രമല്ല ഗ്രൂപ്പിന്റെ മുഴുവൻ ബിസിനസിന്റെയും പൂട്ടിക്കെട്ടലിലാണ്. കെആർ ബസുകൾ കൊല്ലത്തും കിളിമാനൂരിലും ആ ഘട്ടത്തിൽ റോഡ് കീഴടക്കിയപ്പോൾ സ്വാഭാവികമായും റൂട്ടിലെ മറ്റു ബസുകളുമായി മത്സരം വന്നു. അഞ്ചു മിനുട്ടു വ്യത്യാസങ്ങൾക്കിടയിൽ റൂട്ടിലെ രാജാക്കന്മാരായി കെആർ ബസുകൾ മാറി.

കെആർ രാജാക്കന്മാർ ആയി മാറിയപ്പോൾ മറ്റു ബസുകളുടെ കളക്ഷനിൽ വലിയ കുറവ് വന്നു. ആർക്കും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥ വന്നു. മറ്റു ബസിലെ കുറച്ച് കുഴപ്പക്കാരായ കണ്ടക്റ്റർമാരും ഡ്രൈവർമാരും കെആർ ബസിലെ സ്റ്റാഫുമായി ഉടക്കി. പണത്തിന്റെ ഹുങ്ക് കൊണ്ട് കെആർ ഇതിനെ അടിച്ചൊതുക്കാൻ നോക്കി. ആർ.ബാലകൃഷ്ണപിള്ളയെ പോലുള്ള മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെ കൂടി പിൻബലം ഉണ്ടായിരുന്നതിനാൽ കെആറിന് അന്ന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മറ്റു ബസുകളെ കെആർ അടിച്ചൊതുക്കുക തന്നെ ചെയ്തു. നിവൃത്തിയില്ലാതെ മറ്റു ബസ് ഉടമകൾ കെആറിന് റൂട്ട് അടക്കം കൈമാറുന്ന അവസ്ഥയും വന്നു. ബസുകളുടെ എണ്ണം വർധിച്ചതോട് കൂടി പ്രദേശത്തെ നിരത്തുകളിൽ എല്ലാ ഓരോ അഞ്ചു മിനിട്ടിലും കെ ആർ ബസ് ഓടിക്കൊണ്ടിരുന്നു. ഇത് മറ്റു ബസ് സർവീസുകാർക്ക് വിനയായി.

ബസ് സർവീസുകളെ ഒതുക്കിയപ്പോൾ ഗുണ്ടാവിളയാട്ടം നാട്ടുകാരുടെ നേർക്ക്

കളക്ഷൻ ഉള്ള മറ്റു ബസുകളുടെ മുന്നിലും പിന്നിലും കെ ആർ ഓടിയതോട് കൂടി മത്സര ഓട്ടവും ബസ് ജീവനക്കാർ തമ്മിലുള്ള തെരുവിലെ കയ്യാങ്കളിയും സ്ഥിരം കാഴ്ചയായി മാറി. കളക്ഷൻ കുറഞ്ഞതോടെ ഒന്നും രണ്ടും ബസ് ഉള്ളവർ കിട്ടിയ വിലക്ക് കെ ആറിന് ബസ് നൽകി. ഇതോടെ ആറ്റിങ്ങൽ-പുനലൂർ,പാരിപ്പള്ളി-കിളിമാനൂർ, കടയ്ക്കൽ, അഞ്ചൽ റൂട്ടുകളിൽ 60 ശതമാനവും കെആർ ബസുകൾ മാത്രമായി മാറി. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തി പ്രദേശങ്ങളിലെ റൂട്ടുകളിൽ കെ ആർ ബസിന്റെ എണ്ണം വർധിച്ചതോടെ ബസ് ജീവനക്കാരുടെ അഹങ്കാരവും വർധിച്ചു. മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള കയ്യാങ്കളിയും ദിനം പ്രതി വർധിക്കുകയും ചെയ്തു. ഇത് പ്രദേശത്തെ ആളുകൾക്കും യാത്രക്കാർക്കും അലോസരം സൃഷ്ടിക്കുകയും ചെയ്തു.

ജീവനക്കാരെ കെആർ ഗ്രൂപ്പ് ഗുണ്ടകൾ ആയി വളർത്തിയപ്പോൾ മറ്റു ബിസിനസുകളുടെ നടത്തിപ്പിനും ഈ ഗുണ്ടാ രീതികൾ തന്നെയാണ് ഗ്രൂപ്പ് ഫലപ്രദമായി ഉപയോഗിച്ചത്. ബാറും ഹോട്ടൽ ശൃഖലകളും റിയൽ എസ്റ്റേറ്റും ക്വാറികളും ഉള്ളതിനാൽ നടത്തിപ്പിന് ഗുണ്ടാരീതികൾ തന്നെ തുണയായി. മറ്റു ബസു സർവീസുകളെ കെആർ ഒതുക്കി അവസാനിപ്പിച്ചപ്പോൾ ഇതേ ഗുണ്ടായിസം ജീവനക്കാർ യാത്രക്കാർക്ക് നേരെയും പൊതു സമൂഹത്തിനു നേർക്കും പ്രകടിപ്പിച്ച് തുടങ്ങുകയും ചെയ്തു. ഇതേ രീതിയിലുള്ള ബസ് ജീവനക്കാരുടെ ഗുണ്ടായിസമാണ് ഗ്രൂപ്പിന്റെ എല്ലാ ബിസിനസുകളും പൂട്ടിക്കെട്ടിയത്. ഇന്നു കൊച്ചിയിൽ കല്ലട ബസ് ജീവനക്കാർ നടത്തിയ ഗുണ്ടായിസത്തിനു സമാന സംഭവങ്ങളാണ് അന്ന് കെ.ആർ ഗ്രൂപ്പ് ബസ് ഗുണ്ടകളും നടത്തിയത്.

കല്ലട ഗുണ്ടകൾ സ്വന്തം ബസിലെ യാത്രക്കാരെ തന്നെ അടിച്ചൊതുക്കിയപ്പോൾ കെആർ ഗ്രൂപ്പ് അടിച്ചൊതുക്കിയത് പള്ളിക്കൽ ടൗണിലെ മുസ്ലിം പള്ളിയിലെ ജമാഅത്ത് ഭാരവാഹികളെയും നാട്ടുകാരെയുമാണ്.

കെആർ ഗ്രൂപ്പിന്റെ അടിത്തറയിളക്കി ബാങ്കുവിളി സമയത്തെ സംഘർഷം

പള്ളിക്കൽ ടൗണിൽ ഒരു വെള്ളിയാഴ്ച നമസ്‌കാര സമയത്ത് കെ ആർ ബസ് എത്തുന്നു. നിസ്‌കാര സമയത്ത് ബാങ്ക് വിളി നടന്നപ്പോൾ അതിനൊപ്പം തന്നെ കെആർ ബസിന്റെ ഹോണും മുഴങ്ങി. ആദ്യമാദ്യം പള്ളിക്കമ്മറ്റി ഇത് അവഗണിച്ചപ്പോൾ ഈ സമയങ്ങളിൽ ബസിന്റെ ഹോൺ മുഴക്കം ഉച്ചത്തിലാക്കി. സ്ഥിരമായി ഉച്ചത്തിൽ ഹോൺ മുഴങ്ങിയതോടെ നാട്ടുകാർ ഇത് ചോദ്യം ചെയ്തു. യാത്രക്കാരെയും മറ്റ് ബസ് സർവീസുകളും അടിച്ചൊതുക്കി പരിചയമുള്ള കെആർ ജീവനക്കാർ നാട്ടുകാരുമായും പള്ളി കമ്മറ്റി ഭാരവാഹികളുമായും ഉടക്കി. തുടർന്ന് ഇതു ചോദ്യം ചെയ്ത നാട്ടുകാരെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇരു കൂട്ടരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംഘർഷമായി. പ്രശ്‌നം വഷളാകുകയും ചെയ്തു. ഇതിന്റെ തുടർച്ച അതേദിവസം രാത്രീയിലും നടന്നു എന്നാണ് ലഭിച്ച വാർത്ത.

സ്ഥിരമായി ബസ് ജീവനക്കാർ മദ്യപിക്കുന്ന സ്ഥലത്ത് നാട്ടുകാർ എത്തുകയും ഉച്ചയ്ക്കുള്ള പ്രശ്‌നത്തിന് പേരിലുള്ള കശപിശയും സംഘർഷവും രാത്രി വീണ്ടും നടക്കുകയും ചെയ്തു. അതോടെ സംഭവം വിവാദമായി. പള്ളിയുമായി ബന്ധപ്പെട്ടു ഉയർന്ന സംഘർഷം ആയതിനാൽ പള്ളിക്കമ്മിറ്റിയും പ്രശ്‌നത്തിൽ ഇടപെട്ടു. അന്നത്തെ പള്ളിക്കൽ ടൗണിലെ ഫിനാൻസ് രംഗം നിയന്ത്രിച്ചിരുന്നത് കെആറിന്റെ തന്നെ കെആർ ഫിനാൻസ് ആയിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും സമ്പന്നരുടെയും കള്ളപ്പണക്കാരുടെയും കോടികളുടെ കള്ളപ്പണം കെആർ ഫിനാൻസിൽ ആണ് നിക്ഷേപിച്ചിരുന്നത്. പള്ളിക്കൽ പ്രദേശത്തെ സമ്പന്ന മുസ്ലിങ്ങളുടെയും മുസ്ലിം വ്യവസായികളുടെയും പണം കെ.ആർ.ഫിനാൻസിൽ ആയിരുന്നു.

കെആറുമായുള്ള ബിസിനസ് അവസാനിപ്പിക്കാൻ മുസ്ലിം വിഭാഗങ്ങൾ തീരുമാനിച്ചതിനാൽ അവർ പണം തിരികെ ആവശ്യപ്പെട്ടു. പൊടുന്നനെ തന്നെ കെആർ പൊളിയുന്നതായി ആരോപണങ്ങളും പ്രചരിച്ചു. അതോടെ എല്ലാവരും പണം തിരികെ ആവശ്യപ്പെട്ടു കെആർ ഫിനാൻസിലേക്ക് ഒഴുകി.

കെആർ ഫിനാൻസ് പൊളിയുന്നു; വസന്തകുമാർ മുങ്ങുന്നു

ബാർ ഹോട്ടലിലും ബസുകളിലും ലോറികളിലും റിയൽ എസ്റ്റേറ്റിലും , ക്രഷർ യൂണിറ്റിലും ഹോട്ടൽ ബിസിനസിലെ ഈ പണം നിക്ഷേപിച്ചതിനാൽ വസന്തകുമാറിന് ഈ പണം പെട്ടെന്ന് തിരികെ നൽകാൻ കഴിഞ്ഞില്ല. ഇടപാട്കാരുടെ സമ്മർദ്ദം സഹിക്കാനാകാതെ മുപ്പത് ലക്ഷത്തിന് മുകളിൽ പണം നൽകാൻ ഉള്ളവർക്ക് ബസും ലോറിയും നൽകി പിടിച്ച് നിർത്തി. കോടികൾ ഡെപോസിറ്റ് ചെയ്തവർ കാരാളികോണത്തെ ക്രഷർ യൂണിറ്റ് സ്വന്തമാക്കി. അഞ്ചും മുപ്പതുീ ലക്ഷത്തിന് ഇടയിൽ നിക്ഷേപിച്ച ഇരുന്നൂറോളം പേർ ഒരുമിച്ച് എത്തിയതോടെ പെട്ടെന്ന് പണം നല്കാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോയി. നിക്ഷേപകർക്ക് എല്ലാ പണീ തിരികെ നൽകാമെന്നും അതിനായി സമയം അനുവദിക്കണമെന്ന് കെ ആർ ആവശ്യപ്പെട്ടുവെങ്കിലും നിക്ഷേപകരുടെ പ്രതിഷേധ സമരവും കേസും സമ്മർദ്ദവും ആയതോട് കൂടി വാക്ക് പാലിക്കാൻ ആകാതെ വസന്തകുമാർ മുങ്ങി.

വസ്തു വിറ്റും പണയപെടുത്തിയും മക്കളെ കെട്ടിക്കാൻ ഉള്ള പണം കെ ആർ ഫിനാൻ സിൽ നിക്ഷേപിച്ച പലരും പെരുവഴിയിലായി. കേസ് കോടതിയിൽ എത്തിയതോടെ വസ്തു വകകൾ കോടതിയുടെ മേൽ നോട്ടത്തിലായി. സ്വത്തുക്കൾ എല്ലാം അന്യാധീനമായി. ബിസിനസ് സാമ്രാജ്യം തകരുന്ന കാഴ്ച കണ്ടു മനോവ്യഥയോടെ നാളുകൾ തള്ളിനീക്കിയ വസന്തകുമാർ 2008 ൽ മരിച്ചു. ഒരു മകനെ തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഹങ്കാരികളും ഗുണ്ടകളുമായ ജീവനക്കാർ കാരണം കെ ആർ എന്ന വ്യവസായ പ്രമുഖൻ തായ്വേരറ്റ് നിലംപൊത്തി. കെ ആറിന്റെ പതനം കല്ലട സുരേഷിന് മുന്നിൽ വലിയൊരു പാഠമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP