Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വസിപ്പിക്കൽ; എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും; ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിൽ; അറ്റാക്ക് ആയിരുന്നു; മധുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച കൊല്ലം സിറ്റി പൊലീസിലെ കെ.ജെ ഡാനിയേലിനും ഉമേഷ് ലോറൻസിനും ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വസിപ്പിക്കൽ; എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും; ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിൽ; അറ്റാക്ക് ആയിരുന്നു; മധുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച കൊല്ലം സിറ്റി പൊലീസിലെ കെ.ജെ ഡാനിയേലിനും ഉമേഷ് ലോറൻസിനും ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അർദ്ധരാത്രിയിൽ നെഞ്ചുവേദന വന്ന് അവശനായ മധ്യവയസ്‌ക്കനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച പൊലീസുകാർക്ക് അഭിനന്ദനപ്രവാഹം. കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജെ ഡാനിയേൽ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് ലോറൻസ് എന്നിവരാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും അഭിനന്ദനം ഏറ്റുവാങ്ങിയത്. ഹൃദയാഘാതം സംഭവിച്ച മയ്യനാട് കൂട്ടിക്കട താഴത്തുചേരി തെക്കുംഭാഗത്ത് വീട്ടിൽ മധു ദിവാകരനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചാണ് ഇവർ ജീവൻ രക്ഷിച്ചത്.

കഴിഞ്ഞ ഡിസംബർ 28 നാണ് സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് മധുവിന് കലശലായ നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ ഭാര്യയോട് വിവരം പറയുകയും വേഗം ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയിൽ പോകാനായി പരിയത്തിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഭാര്യ സജിനി മധുവിനെ സ്‌ക്കൂട്ടറിൽ കൂട്ടിക്കടയിലെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് കൊണ്ടുപോയി. തൊട്ടു പിന്നാലെ ഇവരുടെ വിദ്യാർത്ഥിയായ മകനും എത്തി. വേഗം തന്നെ ഡോക്ടർ പരിശോധിക്കുകയും ഇ.സി.ജി എടുക്കുകയും ചെയ്തു. ഇ.സി.ജിയിൽ വ്യത്യാസമുള്ളതിനാൽ എത്രയും വേഗം കൂടുതൽ സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് വേഗം പോകാൻ നിർദ്ധേശിച്ചു. ഡോക്ടർ തന്നെ 108 ആംബുലൻസ് സർവ്വീസിൽ വിളിച്ച് എത്രയും വേഗം ഇവിടേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവർക്ക് എത്താൻ കഴിയില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.

മറ്റുവാഹനങ്ങൾ വിളിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. നെഞ്ചു വേദന കൂടിയതോടെ മധുവും ഭാര്യയും മകനും റോഡിലിറങ്ങുകയും അതു വഴി വന്ന ഒരു ഓട്ടോയിൽ കയറുകയും ചെയ്തു. ഹൃദയാഘാതമാണെന്നും എത്രയും വേഗം ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നും ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. പരമാവധി വേഗത്തിൽ ഓട്ടോ ഡ്രൈവർ അവരുമായി പാഞ്ഞു. എന്നാൽ മധു കൂടുതൽ അവശനായി വരികയായിരുന്നു. അപ്പോഴാണ് ദേശീയപാതയിൽ തട്ടാമല ഹയർ സെക്കണ്ടറി സ്‌ക്കൂളിനടുത്ത് പൊലീസ് കൺട്രോൾ റൂം വാഹനം കിടക്കുന്നത് കണ്ടത്. ഉടൻ ഓട്ടോ അവിടേക്ക് ഒതുക്കുകയും ഓട്ടോ ഡ്രൈവർ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഉമേഷും ഡാനിയേലും വേഗം തന്നെ ഓട്ടോയ്ക്കുള്ളിൽ നിന്നും മധുവിനെ എടുത്ത് പൊലീസ് വാഹനത്തിൽ കിടത്തി. ഉമേഷ് പ്രഥമിക ശുശ്രൂഷ നൽകുകയും മധുവിന്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കണമെന്നും ഭാര്യയോടും മകനോടും പറഞ്ഞു. പിന്നീട് സൈറൺ മുഴക്കി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വിവരം വയർലെസ് സംവിധാനം വഴി അറിയിച്ചിരുന്നതിനാൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടറും ജീവനക്കാരും കാത്തു നിൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച മധുവിന് വേണ്ട ചികിത്സ ഉറപ്പാക്കിയിട്ട് പൊലീസ് ഉദ്യോഗസ്ഥർ തിരികെ പോയി.

ഉടൻ തന്നെ ആഞ്ജിയോഗ്രാം ചെയ്യേണ്ടുന്നതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. ഒടുവിൽ അസുഖം ഭേദമായി മധു നാട്ടിലെത്തി. തന്നെ സഹായിച്ച പൊലീസുകാരെയും ഓട്ടോറിക്ഷക്കാരനെയും കാണാനും അവരോട് നന്ദി അറിയിക്കാനുമായി മധു ഈ വിവരം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;

' BIG SALUTE TO KERALA POLICE...??

108 AMBULANCE സിൽ ബന്ധപ്പെടുകയും അവർ എന്തോ അസൗകര്യം പറയുകയും ചെയ്തു. അപ്പോൾ ഭാര്യ 2 km അകലെ ഉള്ള മദ്യപിക്കാത്ത ഒരു സുഹൃത്തിനെ വിളിക്കുകയും, അദ്ദേഹം എത്രയും പെട്ടന്ന് എത്താം എന്നറിയിക്കുകയും ചെയ്തു. വേദനയുടെ കാഠിന്യം കൊണ്ട്. ഞാനും ഭാര്യയും മകനും കൂടി റോഡിലേയ്ക്കിറങ്ങി, അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി, ഓട്ടോ ഡ്രൈവർ വാഹനത്തിന്റെ പരമാവധി വേഗതയിൽ ഓടിച്ചുപോയി. എന്റെ ജീവൻ രക്ഷിക്കാൻ ആ വേഗത പോരായെന്ന് ഡ്രൈവർക്ക് തോന്നിയിട്ടുണ്ടാകും നാഷണൽ ഹൈവേയിൽ തട്ടാമല ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നിലയുറപ്പിച്ചിരുന്ന കൊല്ലം ഹൈവേ പെട്രോൾ വാഹനത്തിന് സമീപം ഓട്ടോ നിർത്തുകയും പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ധരിപ്പിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീട് നടന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളാണ്.

എന്നെ അവർ താങ്ങി എടുത്ത് പൊലീസ് വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി. വണ്ടി സയറൻ മുഴക്കി പരമാവധി വേഗതയിൽ കൊല്ലം ജില്ലാ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. അതിൽ ഒരുദ്യോഗസ്ഥൻ ഇരുകൈപ്പത്തികളും നെഞ്ചിൽ വെച്ചുകൊണ്ട് നിരന്തരം അമർത്തുന്നത് ഞാൻ അറിയുന്നുണ്ട് മരണത്തിന്റെ നൂൽ പാലത്തിലൂടെ ഉള്ള യാത്രയിൽ. എന്റെ അർദ്ധബോധമനസ്സിൽ 'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വാസ വചനങ്ങളും, എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും ഞാൻ അറിയുന്നുണ്ടായിരുന്നു, ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിലാണ് . അറ്റാക്ക് ആയിരുന്നു.... കൃത്യ സമയത്തുതന്നെ ഇവിടെ എത്തിക്കാൻ കഴിഞ്ഞത് തുണയായി. ആഞ്ജിയോഗ്രാം ചെയ്യണം ഇവിടെ ആണെങ്കിൽ താമസം എടുക്കും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാം എന്ന് മുതിർന്ന ഡോക്ടർ ഭാര്യയോട് പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് അയി 16/1/2020ൽ തുടർ, ചികിത്സക്കായി വീണ്ടും പോകേണ്ടതുണ്ട്.അതിന് മുൻപ് എന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ആ ഓട്ടോ ഡ്രൈവർ സഹോദരനെയും ഒന്നു കാണണം. എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കണം.. ആ കൈകളിൽ അൽപ്പം മധുരം നൽകണം...ഡിസംബർ 28 തിയതി രാത്രിയിൽ നാഷണൽ ഹൈവേയിൽ തട്ടാമല സ്‌കൂളിന് സമീപം ഡ്യൂട്ടിക്കിട്ട പൊലീസ് ഉദ്യോഗസ്ഥരാണ്...അവരെ കാണാൻ കഴിയും എന്ന വിശ്വാസത്തോടെ നിറഞ്ഞ നന്ദിയോടെ
മധു. ഡി '

ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ വൈറലായതോടെ ജില്ലാ കളക്ടർ ട്രാഫിക് പൊലീസ് വിഭാഗത്തിൽ വിളിച്ച് ഇരുവരെയും അഭിനന്ദനം അറിയിച്ചു. കൂടാതെ ഈ പോസ്റ്റിനൊപ്പമുണ്ടായിരുന്ന നമ്പരിൽ ആ പൊലീസുകാർ തിരികെ വിളിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ഡാനിയേലും ഉമേഷും മധുവിനെ ഫോണിൽ വിളിച്ചു. തനിക്ക് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനെ കാണാം എന്ന് പറഞ്ഞു. ഉമേഷ് ശബരിമല ഡ്യൂട്ടിയായതിനാൽ ഇരുവരെയും വരുന്ന 16 ന് മെഡിക്കൽ കോളേജിൽ തുടർ ചികിത്സ നടത്തിയ ശേഷം കാണാം എന്നാണ് മധു പറഞ്ഞത്. മധു വെൺപാലക്കരയിലെ എച്ച്.പി ഗ്യാസ് ഗോഡൗണിലെ ലോഡിങ് തൊഴിലാളിയാണ്.

'ഇത്തരത്തിൽ നിരവധിപേരെ സഹായിച്ചിട്ടുണ്ടെങ്കിലും ഒരു നന്ദിവാക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണല്ലോ പൊലീസിന്റെ ചുമതല. അത് ഞങ്ങൾ കൃത്യമായി നിർവ്വഹിച്ചു' എന്നാണ് ഇക്കാര്യത്തിൽ ഇരുവരും മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. സി.ആർ.വി 10 എന്ന കൺട്രോൾ റൂം വാഹനത്തിലാണ് ഇരുവരും ഡ്യൂട്ടി ചെയ്തിരുന്നത്. കൊല്ലം എ.സി.പി ഇരുവർക്കും ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പൊലീസ് സേനയിലെ കരുണ വറ്റാത്ത പൊലീസുകാർക്ക് ഇപ്പോൾ നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP