Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ബെഹ്റയല്ല പിണറായിയുടെ കരിനിയമത്തിലെ യഥാർഥ വില്ലൻ ശ്രീവാസ്തവ; കേരള പൊലീസ് ആക്ട് ഭേദഗതിയുടെ കരട് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്; ശ്രീവാസ്തവയ്ക്ക് നോട്ടപ്പിശക് സംഭവിച്ചെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും; പൊലീസ് ആക്ട് ഭേഗതിയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് രമൺ ശ്രീവാസ്തവയോ?

ബെഹ്റയല്ല പിണറായിയുടെ കരിനിയമത്തിലെ യഥാർഥ വില്ലൻ ശ്രീവാസ്തവ;  കേരള പൊലീസ് ആക്ട് ഭേദഗതിയുടെ കരട് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്; ശ്രീവാസ്തവയ്ക്ക് നോട്ടപ്പിശക് സംഭവിച്ചെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും; പൊലീസ് ആക്ട് ഭേഗതിയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് രമൺ ശ്രീവാസ്തവയോ?

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാധ്യമ മാരണ നിയമം എന്ന് വിമർശിക്കപ്പെട്ട, പിണറായി സർക്കാറിന്റെ പൊലീസ് ആക്റ്റ് ഭേദഗതി നിയമത്തിലെ യഥാർഥ വില്ലൻ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും, മുൻ ഡിജിപിയുമായ രമൺ ശ്രീവാസ്തവയാണെന്ന് വിവരങ്ങൾ. രമൺ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റ് ചെയ്ത കാര്യങ്ങൾ അംഗീകരിക്കുക മാത്രമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചെയ്തത്. നേരത്തെ ബെഹ്റയാണ് വിവാദ പൊലീസ് ആക്്റ്റിന് പിന്നിലെന്നും ഡിജിപിയുടെ വാക്കുകൾ കേട്ടാണ് മുഖ്യമന്ത്രി കുഴിയിൽ വീണതെന്നുമാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സമ്മതിച്ചുവെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് അതിന്റെ കരട് തയ്യാറാക്കിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചതിനാൽ ആണെന്നായിരുന്നു പിണറായി മറ്റ് മന്ത്രിസഭാഗങ്ങളോട് പറഞ്ഞത്. ''നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു'' എന്നാണ് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. വിവാദമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നിയമസഭയിൽ ബിൽ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതുപോലെ തന്നെ വിവാദമായ ഒന്നായിരുന്നു, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി വിരമിച്ച ഡിജിപിയും, ഒരു കാലത്തെ വിവാദ നായകനുമായ ശ്രീവാസ്തവയെ നിയമിച്ചതും. കെ കരുണാകരന്് സ്ഥാനമൊഴിയേണ്ടിവന്ന ചാരക്കേസിന്റെ കാലത്ത് ഈ ഓഫീസർക്കെതിരെ അതിഗുരതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്. അതുപോലെ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച, സിറാജുന്നീസ എന്ന പെൺകുട്ടി കൊല്ലപ്പെട്ട, പാലക്കാട് വെടിവെപ്പ് സമയത്ത് ശ്രീവാസ്തവ വർഗീയമായി സംസാരിച്ചുവന്നെ ഗുരുതര ആരോപണവും സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു. ഒരുകാലത്ത് കരുണാകരന്റെ വലം കൈയായി നിന്നുകൊണ്ട് സിപിഎമ്മുകാരെ വേട്ടയാടാൻ കൂട്ടുനിന്നതും ഇതേ ശ്രീവാസ്തവയായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം തള്ളിക്കളഞ്ഞ് ശ്രീവാസ്തവയുടെ പ്രൊഫഷണൽ മികവ് മാത്രമാണ് പരിഗണിച്ചത്. എക്കാലവും പൊലീസ് രാജിന്റെ പ്രതിനിധിയായിരുന്നു ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായത് എല്ലാവർക്കും അത്ഭുദമായിരുന്നു.

പക്ഷേ ശ്രീവാസ്തവയെ മാത്രം പഴിചാരി എത്രകണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയും എന്നും ചോദ്യം ഉയരുന്നുണ്ട്. കാരണം ഇത്രയും ഗൗരവമായ ഒരു തീരുമാനം എടുക്കുമ്പോൾ ഇടതുമുന്നണി പോയിട്ട് സിപിഎമ്മിലെ പ്രമുഖർ പോലും അറിഞ്ഞിരുന്നില്ല. 2018ന് തൃശൂർ സമ്മേളനത്തിനുശേഷം പാർട്ടിയിലെയും സർക്കാറിന്റെയും സകല കടിഞ്ഞാണും പിണറായിൽ എത്തുകയായിരുന്നു. ഈ എകാധിപത്യ പ്രവണതയാണ് ഇപ്പോൾ സർക്കാറിന് ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ പോലും പറയുന്നത്. വിദ്യാർത്ഥികളായ അലൻ - താഹമാർ യുഎപിഎ. ചുമത്തപ്പെട്ട് പത്തു മാസം ജയിലിൽ കിടന്നപ്പോഴും മുഖ്യമന്ത്രി ചുമതല വഹിക്കുന്ന പൊലീസ് വകുപ്പിന് മുന്നിൽ പാർട്ടി വെറും നോക്കുകുത്തിയായി. ഇപ്പോൾ പൊലീസ് നിയമ ഭേദഗതി റദ്ദാക്കിയതിലൂടെ ഭരണത്തിലുള്ള കടിഞ്ഞാൺ സിപിഎം തിരിച്ചുപടിക്കയാണ്.

നേരത്തെ ഈ നിയമത്തിന്റെ എല്ലാ പഴിയും ഡിജിപി ലോക്നാഥ് ബെഹറയുടെ നേർക്കാണ് പോയിരുന്നത്.പൊലീസ് നിയമഭേദഗതി നിലവിൽ വന്ന് മൂന്നാം ദിവസം പിൻവലിക്കേണ്ടി വന്നത് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് കനത്ത തിരിച്ചടിയായി. നേരത്തെ കമ്മിഷണറേറ്റ് രൂപീകരണം പോലെ പൊലീസിന് അമിത അധികാരം നൽകാനുള്ള നീക്കവും പാളിയിരുന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മിഷണറേറ്റ് രൂപീകരണത്തിൽ അന്നും സിപിഐയുടെ എതിർപ്പ് അവഗണിച്ച് പിണറായി പ്രഖ്യാപനം നടത്തിയെങ്കിലും ഇന്നും പൂർണതോതിൽ പ്രാവർത്തികമാക്കാനായിട്ടില്ല. ഇതും വിദ്യാർത്ഥികൾക്കുനേരെ യുഎപിഎ ഉപയോഗിക്കുക അടക്കമുള്ള കാടൻ പൊലീസ് രാജിന് പിന്നിലും ശ്രീവാസ്തവയുടെ ഉപദേശം ആണോ എന്നാണ് ഇനി അറിയേണ്ടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP