Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെറിൻ ജോസഫിനു ശേഷം ഒരു മലയാളിപ്പെൺകുട്ടി കൂടി കേരളത്തിൽ പൊലീസ് തലപ്പത്തേക്ക്; അക്കാദമിയിലെ മികച്ച പ്രകടനത്തിനു പുരസ്‌കാരം ഏറ്റുവാങ്ങി സംസ്ഥാന കേഡറിൽ എത്തുന്നതു കോഴിക്കോടു സ്വദേശി ചൈത്ര തെരേസ ജോൺ

മെറിൻ ജോസഫിനു ശേഷം ഒരു മലയാളിപ്പെൺകുട്ടി കൂടി കേരളത്തിൽ പൊലീസ് തലപ്പത്തേക്ക്; അക്കാദമിയിലെ മികച്ച പ്രകടനത്തിനു പുരസ്‌കാരം ഏറ്റുവാങ്ങി സംസ്ഥാന കേഡറിൽ എത്തുന്നതു കോഴിക്കോടു സ്വദേശി ചൈത്ര തെരേസ ജോൺ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒരു ഐപിഎസ് ഉദേ്യാഗസ്ഥയാണു മെറിൻ ജോസഫ്. പരിശീലനം പൂർത്തിയാക്കി കേരള കേഡറിൽ എത്തും മുമ്പു തന്നെ സോഷ്യൽ മീഡിയയിൽ ഈ ഉദ്യോഗസ്ഥ താരമായി. ഇപ്പോഴിതാ മറ്റൊരു മലയാളിപ്പെൺകൊടി കൂടി വിജയകരമായി പരിശീലനം പൂർത്തിയാക്കി കേരള പൊലീസിന്റെ തലപ്പത്തേക്ക് എത്തുന്നു.

കോഴിക്കോടു സ്വദേശി ചൈത്ര തെരേസ ജോണാണു പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയതിനുള്ള പുരസ്‌കാര നേട്ടവുമായി കേരളത്തിലേക്കു തിരികെ എത്തുന്നത്. ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലെ തീവ്ര പരിശീലനത്തിനൊടുവിൽ മികച്ച ഓൾറൗണ്ട് വനിതാ പ്രൊബേഷണർ, മികച്ച വനിത ഔട്ട്‌ഡോർ പ്രൊബേഷണർ എന്നീ അംഗീകാരങ്ങളാണു ചൈത്ര സ്വന്തമാക്കിയത്.

കോഴിക്കോട് ഈസ്റ്റ്ഹിലിൽ ഡോ. ജോൺ ജോസഫ്-ഡോ. മേരി ഏബ്രഹാം ദമ്പതികളുടെ മകളാണ് ചൈത്ര. പൊലീസ് അക്കാദമിയുടെ ചരിത്രത്തിൽ പുതു റെക്കോർഡാണ് ഈ മലയാളി പെൺകുട്ടി കുറിച്ചത്. ഓൾറൗണ്ടിലും, ഔട്ട്‌ഡോർ ഇനങ്ങളിലും ഒരേപോലെ തിളങ്ങിയാണു ചൈത്ര പരിശീലനം പൂർത്തിയാക്കിയത്. മലയാളിയുടെ അഭിമാനമായി മാറിയ ചൈത്രയുടെ നിയമനം കേരള കേഡറിൽ തന്നെയാകും. കേരളത്തിൽ നിന്നു രണ്ടുപേർ കൂടി ഈ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കോട്ടയത്തു നിന്നുള്ള സുജിത് ദാസും തിരുവനന്തപുരത്തുകാരിയായ ദീപ സത്യനുമാണു ചൈത്രയ്‌ക്കൊപ്പം ഹൈദരാബാദിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്.

2012ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്ന ചൈത്ര 550-ാം റാങ്കോടെ ഐആർടിഎസിനു യോഗ്യത നേടിയിരുന്നു. എന്നാൽ ഐഎഎസ്, ഐപിഎസ് മോഹം മനസിലുണ്ടായിരുന്ന ചൈത്ര ഐആർടിഎസ് രാജിവച്ചാണു വീണ്ടും പരീക്ഷയെഴുതിയത്. തുടർന്നു 2013ൽ വീണ്ടും എഴുതിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ തൊട്ടടുത്ത വർഷം 111-ാം റാങ്കു നേടിയ ചൈത്ര ഐപിഎസ് എന്ന സ്വപ്നത്തിലേക്ക് എത്തുകയായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖമായ ന്യൂമുംബൈ പോർട്ടിൽ ചീഫ് കമ്മീഷണറാണ് ചൈത്രയുടെ പിതാവ് ഡോ.ജോൺ ജോസഫ്. അമ്മ ഡോ.മേരി ഏബ്രഹാം കോഴിക്കോട്ട് വെറ്ററിനറി ഡെപ്യൂട്ടി ഡയരക്ടറും. ഏക സഹോദരൻ ഡോ.മനോജ് ഏബ്രഹാം തൃശൂർ ഗവ.മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കേന്ദ്രീയ വിദ്യാലയത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചൈ്രത തുടർന്നു ബംഗളൂരുവിൽ സോഷ്യോളജിയിൽ ബിരുദമെടുത്തു. ഹൈദരാബാദ് സർവകലാശാലയിൽ നിന്നു മാസ്റ്റർ ഡിഗ്രിയും സ്വന്തമാക്കി. കഠിനാധ്വാനം തന്നെയാണു തന്റെ ജീവിതവിജയത്തിനു പിന്നിലെന്നു ചൈത്ര പറയുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആദ്യ ഘട്ടത്തിൽ സംശയമുണ്ടായിരുന്നെന്നും അക്കാദമി ഡയറക്ടർ അരുണ എം ബഹുഗുണയുടെയും മറ്റു പരിശീലകരുടെയും പ്രോത്സാഹനം കൊണ്ട് ആശങ്കകൾ തരണം ചെയ്തുവെന്നും ചൈത്ര പറഞ്ഞു.

മുമ്പ് കേരള കേഡറിൽ മൂന്നു പേർക്കു ബെസ്റ്റ് പ്രൊബേഷണേഴ്‌സ് ട്രോഫി ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഡിജിപിമാരായിരുന്ന 1969 കേഡറിലെ കെ.ജെ.ജോസഫ്, 1975 കേഡറിലെ ജേക്കബ് പുന്നൂസ് എന്നിവരായിരുന്നു ബെസ്റ്റ് പ്രൊബേഷണേഴ്‌സ്. സംസ്ഥാനത്തെ നിലവിലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് 1985 കേഡറിലെ ബെസ്റ്റ് ഔട്ട്‌ഡോർ പ്രൊബേഷണറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP