Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ലഡാക്കിലെ സൈനികന് അടക്കം ആറു പേർക്ക്; അതിവേഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടം ചെറുക്കാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ചിന്തയിൽ കേന്ദ്ര സർക്കാർ; പ്രധാനമന്ത്രി മോദിയുടെ അഭിസംബോധനാ പ്രസംഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും; യൂറോപ്പിൽ നിന്ന് പാഠം ഉൾക്കൊണ്ട് മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഒരുമിക്കുന്നു; പരീക്ഷകൾ വേണ്ടെന്ന് വച്ച് സ്‌കൂളുകൾ അടച്ചിടുന്നതും കൊറോണയെ തടയാൻ തന്നെ

ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ലഡാക്കിലെ സൈനികന് അടക്കം ആറു പേർക്ക്; അതിവേഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടം ചെറുക്കാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ചിന്തയിൽ കേന്ദ്ര സർക്കാർ; പ്രധാനമന്ത്രി മോദിയുടെ അഭിസംബോധനാ പ്രസംഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും; യൂറോപ്പിൽ നിന്ന് പാഠം ഉൾക്കൊണ്ട് മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഒരുമിക്കുന്നു; പരീക്ഷകൾ വേണ്ടെന്ന് വച്ച് സ്‌കൂളുകൾ അടച്ചിടുന്നതും കൊറോണയെ തടയാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ചെറുക്കാനുള്ള കരുതലിലേക്ക് കേന്ദ്ര സർക്കാർ. ലഡാക്കിലെ സൈനികനടക്കം ആറ് പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 153 ആയി. അതേ സമയം,ലോകത്താകെ കൊറോണ മരണം 8400 ഉം മൊത്തം രോഗികളുടെ എണ്ണം രണ്ട് ലക്ഷവും കവിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ കൊറോണയുടെ സാമൂഹ്യ വ്യാപനമുണ്ടായാൽ ചെറുക്കുക ദുഷ്‌കരമാകും. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചുമാവും അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ, കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്ന് മാനവശേഷി വിഭവമന്ത്രാലയം ഉത്തരവിട്ടതിനെത്തുടർന്നാണ് പരീക്ഷകൾ അടിയന്തരമായി മാറ്റാൻ ബുധനാഴ്ച രാത്രി തീരുമാനിച്ചത്.

വ്യാഴാഴ്ചമുതൽ 31 വരെ നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ഇവ എന്നുനടക്കുമെന്ന് 31-നുശേഷം അറിയിക്കും. വടക്കുകിഴക്കൻ ഡൽഹിയിലെ വിദ്യാർത്ഥികളുടെ പുനഃപരീക്ഷയും മാറ്റിയിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധനയും 31-വരെ നിർത്തിവെച്ചു. ഇത് ഏപ്രിൽ ഒന്നുമുതൽ വീണ്ടും തുടങ്ങും. യുജിസി., എ.ഐ.സി.ടി.ഇ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിൻ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ജെ.ഇ.ഇ.യുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകൾക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്. എങ്ങനേയും രോഗ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

അതേസമയം നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സി ബി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. സി ബി എസ് ഇ, എഞ്ചിനീയറിങ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം 19 മുതൽ 31 വരെയുള്ള പരീക്ഷകളാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്.

അതേസമയം നിലവിൽ നടക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. എസ് എസ് എൽ സി പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടായിരുന്നു.

യൂറോപ്പിൽ രോഗം അതീവ രൂക്ഷമാണ്. ഇറ്റലിയിൽ മരണം 2510 ആയി. എന്നാൽ ഇന്ത്യയിൽ സ്ഥിതിഗതികൾ കൈവിട്ട് പോയിട്ടില്ല. ലഡാക്ക് സ്‌കൗട്ട് റെജിമെന്റിലെ 34കാരനായ സൈനികന് അവധിക്ക് നാട്ടിലായിരുന്നപ്പോൾ പിതാവിൽ നിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. പിതാവ് ഇറാനിൽ തീർത്ഥാടനത്തിന് പോയിരുന്നു.ബംഗളൂരുവിൽ നിരീക്ഷണത്തിലുള്ള രണ്ടുപേർക്കും നോയിഡയിൽ ഒരാൾക്കും യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയ പൂണെ സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

നോയിഡയിലെ രോഗി ഇൻഡോനേഷ്യയിൽ പോയിരുന്നു. ഡൽഹിയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. സൗദി സന്ദർശിച്ച ബിജെപി എംപി സുരേഷ് പ്രഭു സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.വിദേശത്ത് 276 ഇന്ത്യക്കാർക്ക് കൊറോണവിദേശ രാജ്യങ്ങളിൽ 276 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്സഭയിൽ അറിയിച്ചു.

ഇതിൽ 255പേർ ഇറാനിലാണ്. 12പേർ യു.എ.ഇയിലും അഞ്ചുപേർ ഇറ്റലിയിലുമാണുള്ളത്. ഹോങ്കോംഗ്, ശ്രീലങ്ക, കുവൈറ്റ്, റുവാണ്ട എന്നിവിടങ്ങളിൽ ഒരാൾ വീതവും കൊറോണ പോസിറ്റീവാണ്. രാജ്യത്ത് 57000 ലധികം പേർ നിരീക്ഷണത്തിൽ. മഹാരാഷ്ട്രയിൽ 45 പേർക്കും കർണാടകത്തിൽ 14 പേർക്കുമാണ് രോഗം. തമിഴ്‌നാട്ടിൽ ഒരാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. യുപിയിൽ രോഗിയെ പരിശോധിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മഹാമാരി തടയാൻ രാജ്യമൊന്നാകെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനിടെ മുന്നറിയിപ്പ് മറികടന്ന് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് രാമനവമി മേള നടത്താൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതും വിവാദത്തിലാണ്. അയോധ്യയിൽ 25 മുതൽ ഏപ്രിൽ രണ്ടുവരെയാണ് മേള. മേളയ്ക്കെതിരെ ചീഫ് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ രംഗത്തുവന്നിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. മേള ദൂരദർശനിൽ ലൈവ് നൽകാനും പദ്ധതിയുണ്ട്.

രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതിയിൽനിന്ന് അനുമതി കിട്ടിയ പശ്ചാത്തലത്തിൽ ഈ വർഷം ആഘോഷം ഒഴിവാക്കാനാകില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP