Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതികോടികൾ വിലമതിക്കുന്ന 65 ഏക്കറും കൊട്ടാരവും 200 മുറികൾ ഉള്ള ആഡംബര ഹോട്ടൽ ബിജെപി സർക്കാർ ഗൾഫാർ മുഹമ്മദലിക്ക് വിറ്റത് വെറും 44 കോടിക്ക്; മൂന്ന് വർഷം കഴിഞ്ഞപ്പോൽ 114 കോടിക്ക് ലീലാ ഗ്രൂപ്പ് വാങ്ങി; ആറുകൊല്ലം കഴിഞ്ഞപ്പോൾ 500 കോടിക്ക് രവിപിള്ളയും; വി എസ് ഏറ്റെടുത്ത കോട്ടാരം പിള്ളയ്ക്ക് അടിയറവ് വയ്ക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി; ഈ പാപക്കറയിൽ പങ്കില്ലാത്ത ആരും ഇവിടെയില്ല

ശതികോടികൾ വിലമതിക്കുന്ന 65 ഏക്കറും കൊട്ടാരവും 200 മുറികൾ ഉള്ള ആഡംബര ഹോട്ടൽ ബിജെപി സർക്കാർ ഗൾഫാർ മുഹമ്മദലിക്ക് വിറ്റത് വെറും 44 കോടിക്ക്; മൂന്ന് വർഷം കഴിഞ്ഞപ്പോൽ 114 കോടിക്ക് ലീലാ ഗ്രൂപ്പ് വാങ്ങി; ആറുകൊല്ലം കഴിഞ്ഞപ്പോൾ 500 കോടിക്ക് രവിപിള്ളയും; വി എസ് ഏറ്റെടുത്ത കോട്ടാരം പിള്ളയ്ക്ക് അടിയറവ് വയ്ക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി; ഈ പാപക്കറയിൽ പങ്കില്ലാത്ത ആരും ഇവിടെയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്തെ പൈതൃക സ്മാരം ഇനി രവി പിള്ള മുതലാളിക്ക് സ്വന്തം. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിയുടെ കൈയിലേക്ക് എത്തുമ്പോൾ അതിൽ കേരളത്തിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പ്രതിസ്ഥാനത്താണ്.

ബിജെപി തുടങ്ങിയ കച്ചവടം. അത് യുപിഎയുടെ കാലത്ത് പുതിയ ട്വിസ്റ്റിലേക്ക് നീങ്ങി. ഒടുവിൽ കോവളം കൊട്ടാരത്തിലെ അവകാശങ്ങൾ പിണറായി സർക്കാരും വിട്ടുകൊടുത്തു. ഇതോടെ എല്ലാം രവി പിള്ളയ്ക്ക് സ്വന്തമാകുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കച്ചവടത്തിന് കുട പിടിച്ചു. വി എസ് അച്യുതാനന്ദൻ മാത്രമാണ് ആദ്യവസാനം എതിർത്തത്. സിപിഐയുടെ പിന്തുണ വി എസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പോലും ഇപ്പോൾ ഈ കച്ചവടത്തെ എതിർ്ക്കുന്നില്ല. അതാണ് മുതലാളിയുടെ മിടുക്ക്.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ൽ ആണു സർക്കാർ ഏറ്റെടുത്തത്. 1970-ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിനു കൈമാറി. ഐടിഡിസിയുടെ അശോക ബീച്ച് റിസോർട്ട് 2002 വരെ അവിടെ പ്രവർത്തിച്ചു. എന്നാൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002-ൽ കേന്ദ്ര സർക്കാർ എംഫാർ ഗ്രൂപ്പിനു വിറ്റു. ഗൾഫാർ മുഹമ്മദലിയുടെ ഗ്രൂപ്പിന് 44 കോടിക്കായിരുന്നു വിൽപ്പന. ഇത് തീരെ ചെറുതാണെന്ന വാദം അന്നേ ഉയർന്നിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയ് സർക്കാരായിരുന്നു ഇതിന് പിന്നിൽ. അഴിമതിക്കറ പുരളാത്ത ഒ രാജഗോപാലിന്റെ പേരു പോലും ഇതുമായി ബന്ധപ്പെട്ട് ചർച്ചായിരുന്നു.

പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് 2004-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനു മുമ്പ് എംഫാർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിനു വിറ്റിരുന്നു. ലീലാ ഗ്രൂപ്പിന് 114 കോടിക്കായിരുന്നു കച്ചവടം. ലീല ഗ്രൂപ്പിന്റെ ഹർജി പരിഗണിച്ചു കൊട്ടാരം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവുകൾ 2005-ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്നു കൊട്ടാരം ഏറ്റെടുക്കാൻ 2005 ഓഗസ്റ്റിൽ സർക്കാർ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു 2011ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതിയിൽ സമർപ്പിച്ച സ്‌പെഷൽ ലീവ് പെറ്റീഷൻ 2016ൽ നിരസിക്കപ്പെട്ടു. ലീല ഗ്രൂപ്പിൽനിന്നാണു കൊട്ടാരവും അനുബന്ധ സ്ഥലവും ആർപി ഗ്രൂപ്പ് വാങ്ങിയത്.

രവി പിള്ള ഗ്രൂപ്പ് ഈ കച്ചവടത്തിന് നൽകിയത് 500 കോടി രൂപയാണ്. ഇതോടെയാണ് കേരള സർക്കാർ കൊട്ടാരത്തെ മറുന്നു തുടങ്ങുന്നത്. സിപിഎമ്മിലേയും കോൺഗ്രസിലേയും ഉന്നത നേതാക്കൾ രവിപിള്ളയ്ക്കായി ഓശാന പാടി. ഒറ്റപ്പെട്ട എതിർപ്പുമായി വി എസ് അച്യുതാനന്ദൻ നിറഞ്ഞു. എന്നാൽ അതും ഫലം കണ്ടില്ല. എല്ലാവരും ഒരുമിച്ചപ്പോൾ കൊട്ടാരം രവി പിള്ളയ്ക്കും.

എല്ലാം തിരക്കഥ പോലെ വിജയിച്ചു

കോവളം കൊട്ടാരം ആർപി ഗ്രൂപ്പിനു വിട്ടു കൊടുക്കാൻ കഴിഞ്ഞ ജൂൺ രണ്ടാം വാരത്തോടെ തന്നെ പിണറായി സർക്കാർ ധാരണയിലെത്തിയിരുന്നു. സിവിൽ കേസ് നൽകി കോവളം കൊട്ടാരം സർക്കാരിന്റെ കൈവശം നിലനിർത്താനാകുമോയെന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേസുകൊടുത്തു കൊട്ടാരം നിലനിർത്താൻ വകുപ്പുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമായിരുന്നു ഇത്.

പിന്നീടു കൊട്ടാരം വിട്ടുകൊടുക്കാൻ ധാരണ ആയപ്പോൾ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരമെങ്കിലും നിലനിർത്താൻ തീരുമാനിച്ചതു മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കേസ് ഫയൽ ചെയ്യണമെന്ന മുൻ ഉപദേശത്തിൽനിന്നു വ്യത്യസ്തമായി, നിയമ പോരാട്ടംകൊണ്ട് ഇനി കാര്യമില്ലെന്ന ഉപദേശമാണു പിന്നീട് എജി മുഖ്യമന്ത്രിക്കു കൈമാറിയത്. റവന്യു വകുപ്പിനോടു നിലപാട് ആരാഞ്ഞപ്പോൾ കേസ് നടത്താനുള്ള അവകാശം നിലനിർത്തി കൈമാറാമെന്ന് അവർ രേഖാമൂലം അറിയിച്ചു. കൊട്ടാരം കൈമാറാനുള്ള ടൂറിസം വകുപ്പിന്റെ നിർദ്ദേശം നേരത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ റവന്യു വകുപ്പിന്റെ എതിർപ്പിനെ തുടർന്നാണു വീണ്ടും എജിയുടെ നിയമോപദേശം തേടിയത്.

കൊട്ടാരം ആർപി ഗ്രൂപ്പിനു നൽകണമെന്നു ജൂൺ 22നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.എം മന്ത്രിമാർ നിലപാടു സ്വീകരിച്ചപ്പോൾ, സാധിക്കില്ലെന്ന വാദവുമായി സിപിഐ മന്ത്രിമാർ നേരിട്ടു. ചികിൽസയിൽ കഴിയുന്ന നിയമ മന്ത്രി എ.കെ. ബാലൻ എത്തിയശേഷം തീരുമാനിക്കാമെന്ന ധാരണയിലാണ് അന്നു പിരിഞ്ഞത്. ടൂറിസം വകുപ്പാണു വിഷയം മന്ത്രിസഭയുടെ അജൻഡയിൽ കൊണ്ടു വന്നത്. മന്ത്രിസഭായോഗത്തിന്റെ തലേന്നു മിനിട്‌സ് വായിച്ച മന്ത്രി ചന്ദ്രശേഖരൻ കൊട്ടാരം ആർപി ഗ്രൂപ്പിനു നൽകാനാവില്ലെന്നു വ്യക്തമാക്കുന്ന കത്തു മുഖ്യമന്ത്രിക്കു നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്നു ചന്ദ്രശേഖരനും സിപിഐ മന്ത്രിമാരും വാദിച്ചു.

കൊട്ടാരം സംബന്ധിച്ച ഫയൽ വിനോദസഞ്ചാര വകുപ്പിന്റെ നിർദ്ദേശമായി വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരാനാണു അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തീരുമാനങ്ങൾ മാധ്യമങ്ങൾക്കു ചോർന്നു പോകരുതെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. ഇന്നലത്തെ യോഗത്തിൽ ചന്ദ്രശേഖരൻ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

കൊട്ടരം ഇനിയും ഏറ്റെടുക്കാനാവും

കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആർ.പി ഗ്രൂപ്പിന് കൈമാറിയെങ്കിലും വേണമെങ്കിൽ ഏറ്റെടുക്കൽ നിയമത്തിലെ അപാകതകൾ പരിഹരിച്ച് സർക്കാരിന് വീണ്ടും ഏറ്റെടുക്കാം. 2004 സെപ്റ്റംബർ 18ന് ആണ് കോവളം കൊട്ടാരവും ബന്ധപ്പെട്ട ഭൂമിയും ഏറ്റെടുത്തുകൊണ്ട് അന്നത്തെ ജില്ലാകളക്ടർ ഉത്തരവിറക്കിയത്. ഇത് കൈവശം വച്ചിരുന്ന സ്വകാര്യ ഗ്രൂപ്പ് കോടതിയെ സമീപിച്ചതിനെ തുടർന്ന് 2005 ഏപ്രിൽ 8ന് ഹൈക്കോടതി ഏറ്റെടുക്കൽ നടപടി റദ്ദാക്കി. ഇതേ തുടർന്നാണ് 2005ൽ തന്നെ കോവളം കൊട്ടാരം ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്നത്. 2005ൽ ഇതു സംബന്ധിച്ച നിയമനിർമ്മാണവും നടത്തി.

നിയമനിർമ്മാണത്തെ ചോദ്യം ചെയ്ത് കോവളം ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡും ലീലാ വെൻച്വേഴ്‌സ് ഡയറക്ടറും നൽകിയ കേസിലാണ് ഏറ്റെടുക്കൽ നിയമവും റദ്ദാക്കിയത്. ഇത് സംബന്ധിച്ച കോടതി വിധിയിൽ നഷ്ട പരിഹാരം നൽകാതെ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുത്തിരുന്നതെങ്കിൽ സ്ഥലം ഇപ്പോൾ സർക്കാരിന്റെ കൈവശമിരുന്നേനെ. ന്യായമായ നഷ്ടപരിഹാരം നൽകി ഇനിയും സർക്കാരിന് വേണമെങ്കിൽ പുതിയ നിയമനിർമ്മാണം വഴി സ്ഥലം ഏറ്റെടുക്കാം.

ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന തർക്കത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം ഉടമസ്ഥാവകാശത്തിനായി ഇനിയും സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്. ആ&്വംിഷ;ർ.പി ഗ്രൂപ്പിന്റെ കൈവശം ഇപ്പോൾ 63.71 ഏക്കർ സ്ഥലമുണ്ട്. യഥാർത്ഥത്തിൽ 43 ഏക്കർ സ്ഥലം മാത്രമാണ് കൈവശം നൽകിയിട്ടുള്ളത്. ബാക്കി ഭൂമി എടുക്കണമെങ്കിലും സിവിൽ കേസ് വേണ്ടി വരും.

ഒറ്റപ്പെട്ട എതിർപ്പുമായി വി എസ്

പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങളും നിയമനടപടികളും ലക്ഷ്യം നേടാതെയാണ് കോവളം കൊട്ടാരവും അനുബന്ധഭൂമിയും ഹോട്ടൽ ഗ്രൂപ്പിന് കൈമാറുന്നത്. ഉടമാവകാശത്തിനായി നിയമനടപടി സ്വീകരിക്കാനുള്ള അവകാശം മാത്രമാണ് അവശേഷിക്കുന്നത്.

അതിനിടെ കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള സർക്കാർ തീരുമാനം നിർഭാഗ്യകരമെന്നു വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിയാണു കൈമാറുന്നതെങ്കിലും ഭാവിയിൽ ഇതു സ്വകാര്യ മുതലാളിയുടെ കയ്യിൽ അകപ്പെടുന്ന സ്ഥിതിയുണ്ടാകും. കൊട്ടാരം വ്യക്തിക്കു കൈമാറുന്നതിനെതിരെ സിവിൽ കേസ് നൽകാൻ സർക്കാരിനു കഴിയുമായിരുന്നു. അഡ്വക്കറ്റ് ജനറലും ഈ ഉപദേശം നൽകിയതാണ്. ഇക്കാര്യം താൻ നേരത്തെ ചൂണ്ടിക്കാട്ടിയതുമാണ്. ഈ സാധ്യത പരിശോധിക്കാതെയാണു സർക്കാർ തീരുമാനമെടുത്തത്.

കൊട്ടാരം പൂർണമായും സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനായി ഇനിയും സിവിൽ കേസ് കൊടുക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്നു വി എസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP