Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതി ലഭിച്ചു.. സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രതികരിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി; ശിക്ഷാവിധി മാതൃകാപരമെന്ന് പ്രതികരിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; ശിക്ഷ വിധിക്കുന്ന വേളയിൽ പ്രതികൾ കോപാകുലരായതും വിളിച്ചു പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയെന്നും അഡ്വ. ജി മോഹൻരാജ്; വെല്ലുവിളികൾ നിറഞ്ഞ അന്വേഷണമെന്ന് അസി. കമ്മിഷണറും

നീതി ലഭിച്ചു.. സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രതികരിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി; ശിക്ഷാവിധി മാതൃകാപരമെന്ന് പ്രതികരിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; ശിക്ഷ വിധിക്കുന്ന വേളയിൽ പ്രതികൾ കോപാകുലരായതും വിളിച്ചു പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയെന്നും അഡ്വ. ജി മോഹൻരാജ്; വെല്ലുവിളികൾ നിറഞ്ഞ അന്വേഷണമെന്ന് അസി. കമ്മിഷണറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്തു സ്പെഷ്യൽ പ്രോസിക്യൂഷനും അന്വേഷണ സംഘവും. അതേസമയം വിധിയിൽ കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയും ആശ്വാസം രേഖപ്പെടുത്തി. നീതി ലഭിച്ചു.. സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു സഹോദരിയുടെ പ്രതികരണം.

വിധിയെ സ്വാഗതം ചെയ്ത് പ്രോസിക്യൂട്ടൽ അഡ്വ. ജി.മോഹൻരാജ് നൂറുശതമാനവും മാതൃകാപരമായ വിധിയാണിതെന്നും പറഞ്ഞു. അത്യപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു. പ്രതികൾക്ക് അനുകൂലമായ സാഹചര്യം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. സാധാരണഗതിയിൽ വധശിക്ഷ നൽകേണ്ട കേസാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനും ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിനും ജീവപര്യന്തം തടവാണ് ശിക്ഷ. ഇതിൽ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയിൽനിന്ന് ഒരുവിഹിതം ഇരയുടെ സഹോദരിക്ക് നൽകാനും നിർദേശിച്ചു. ഇതിനുപുറമേ ലീഗൽ സർവീസ് സൊസൈറ്റി അന്വേഷണം നടത്തി അർഹമായ നഷ്ടപരിഹാരം ഇരയുടെ ബന്ധുക്കൾക്ക് നൽകണമെന്ന നിർദേശമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ശിക്ഷ വിധിക്കുന്ന വേളയിൽ പ്രതികൾ കോപാകുലരായിരുന്നു. വൈകിയവേളയിൽ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സംഭവസ്ഥലത്ത് രാവിലെ ഒരാൾ ഓടിപ്പോകുന്നത് കണ്ടു, കൊല്ലപ്പെട്ട യുവതി അവിടെ കുളിക്കുന്നത് കണ്ടിട്ടുണ്ട് എന്നെല്ലാം പ്രതികൾ പറഞ്ഞു. എന്നാൽ ഇതെല്ലാം പറയാൻ അവർക്ക് നേരത്തെ അവസരമുണ്ടായിരുന്നു. അപ്പോൾ പറയേണ്ട കാര്യങ്ങളായിരുന്നു ഇതെല്ലാം. ഒരാൾ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ടെങ്കിൽ വിചാരണയുടെ ഏതെങ്കിലും ഘട്ടത്തിൽ ഉന്നയിക്കേണ്ടതായിരുന്നു. വിധിപറയുന്ന ദിവസം ഇക്കാര്യങ്ങൾ ഉന്നയിച്ചത് പ്രത്യേകലക്ഷ്യത്തോടെയാണെന്നും മോഹൻരാജ് പ്രതികരിച്ചു.

അതേസമയം വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണർ ജെ.കെ.ദിനിനും പ്രതികരിച്ചു. മൃതദേഹം ജീർണിച്ചനിലയിൽ കണ്ടെത്തിയതും ദൃക്സാക്ഷികളില്ലാത്തതും പ്രദേശവാസികളുടെ നിസ്സഹകരണവുമെല്ലാം വെല്ലുവിളിയായിരുന്നു. 12 ഏക്കറോളം വരുന്ന ആരും പോകാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘം വളരെ കൃത്യമായി മൃതദേഹപരിശോധന നടത്തി. തുടർന്ന് കേസിൽ നേരിട്ട വെല്ലുവിളികളെയെല്ലാം ശാസ്ത്രീയപരിശോധനയിലൂടെയാണ് തരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അദ്ദേഹം അന്വേഷണത്തിന് വേണ്ട നിർദേശങ്ങളെല്ലാം ആദ്യംമുതൽ തന്നെ വ്യക്തമായി നൽകി. മൃതദേഹം കണ്ടെത്തിയ സ്ഥലവും പരിസരവും ഓരോന്നായി വേർതിരിച്ചായിരുന്നു പരിശോധന. ആസ്ഥലത്തുവരുന്നവരെയെല്ലാം ചോദ്യംചെയ്തു. അവിടെ വരാൻ സാധ്യതയുള്ളവരെ ഓരോ കാറ്റഗറിയാക്കി വേർതിരിച്ച് നിരീക്ഷിച്ചു. ഇതിൽ ഹൈകാറ്റഗറിയിൽ ഉൾപ്പെട്ടവരെ പ്രത്യേകം ചോദ്യംചെയ്തു. എല്ലാ ടീമംഗങ്ങളും ആസ്ഥലത്ത് ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തിയത്. വലിയൊരു ടീം സ്പിരിറ്റ് ഈ അന്വേഷണത്തിൽ ലഭിച്ചെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും നിർദേശങ്ങളും കൃത്യമായി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യത്തെളിവുകളായിരുന്നു കേസിൽ പ്രധാനം. ഈ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഒരു മാലപോലെ കോർത്തിണക്കി. ശക്തമായ പ്രോസിക്യൂട്ടർ ഇല്ലായിരുന്നില്ലെങ്കിൽ ഈ കേസിന്റെ അവസ്ഥ പ്രവചിക്കാനാകുമായിരുന്നില്ല. പൊലീസിന്റെ കുറ്റപത്രം കൃത്യമായി വിശകലനം ചെയ്ത പ്രോസിക്യൂട്ടർ തെളിവുകളെല്ലാം മികവോടെ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറോട് വളരെയധികം നന്ദിയുണ്ടെന്നും അസി. കമ്മിഷണർ പറഞ്ഞു.

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചത്.

ചൊവ്വാഴ്ച ശിക്ഷ വിധിക്കുന്നതിന് മുമ്പ് നാടകീയസംഭവങ്ങളാണ് കോടതിമുറിയിൽ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങൾ നിരപരാധികളാണെന്ന് പ്രതിക്കൂട്ടിൽനിന്ന് വിളിച്ചുപറഞ്ഞു. തങ്ങൾക്ക് നുണ പരിശോധന നടത്താൻ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അദ്ധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാൾക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിൽനിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികൾ വിളിച്ചുപറഞ്ഞു. എന്നാൽ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു. ശിക്ഷാവിധി കേട്ട ശേഷവും പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയിൽ വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഇവർ ആവർത്തിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP