Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗർഭിണി ആക്കിയതാരെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത് സ്വന്തം പിതാവിന്റെ പേര്; തുടർ ചോദ്യങ്ങളിൽ നിന്നും റോബിൻ അച്ചൻ നിരന്തരം പീഡിപ്പിച്ചെന്ന് ബോധ്യമായി; യഥാർത്ഥ പീഡകനായ വൈദികനെ രക്ഷിക്കാൻ പെൺകുട്ടി സ്വന്തം അച്ഛനെ കരുവാക്കുമെന്ന് കരുതിയില്ല; ആറു പേർ രക്ഷപെടുമ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടുന്നില്ല; ഇരയും സാക്ഷികളും കൂറുമാറിയ കേസിൽ സത്യം പുറത്തു കൊണ്ടുവന്നത് ശാസ്ത്രീയ പരിശോധന: ബാലപീഡകനായ ഫാ. റോബിനെ പഴുതടച്ച് ജയിലിൽ അടച്ച കഥ വിവരിച്ച് മുൻ പേരാവൂർ സിഐ സുനിൽകുമാർ

ഗർഭിണി ആക്കിയതാരെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത് സ്വന്തം പിതാവിന്റെ പേര്; തുടർ ചോദ്യങ്ങളിൽ നിന്നും റോബിൻ അച്ചൻ നിരന്തരം പീഡിപ്പിച്ചെന്ന് ബോധ്യമായി; യഥാർത്ഥ പീഡകനായ വൈദികനെ രക്ഷിക്കാൻ പെൺകുട്ടി സ്വന്തം അച്ഛനെ കരുവാക്കുമെന്ന് കരുതിയില്ല; ആറു പേർ രക്ഷപെടുമ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടുന്നില്ല; ഇരയും സാക്ഷികളും കൂറുമാറിയ കേസിൽ സത്യം പുറത്തു കൊണ്ടുവന്നത് ശാസ്ത്രീയ പരിശോധന: ബാലപീഡകനായ ഫാ. റോബിനെ പഴുതടച്ച് ജയിലിൽ അടച്ച കഥ വിവരിച്ച് മുൻ പേരാവൂർ സിഐ സുനിൽകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ കേസ് ആയിരുന്നു ഇന്നു വിധി വന്ന കൊട്ടിയൂർ പീഡനക്കേസെന്ന് ഈ കേസ് അന്വേഷിച്ച അന്നത്തെ പേരാവൂർ സിഐ സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫാദർ റോബിൻ മാത്രമാണ് ഈ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ റോബിനെ രക്ഷിക്കാൻ ശ്രമിച്ച ആറു പ്രതികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിധി പഠിച്ച ശേഷം പ്രോസിക്യൂഷൻ അപ്പീൽ പോകും. ഫാദർ റോബിൻ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ. അപ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടില്ല. മറ്റുള്ള പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം. ഇരയായ പെൺകുട്ടി മുതൽ അങ്ങോട്ട് നീളുന്ന സാക്ഷികൾ മുഴുവൻ കൂറുമാറിയ കേസ് കൂടിയാണിത്.

സർക്കാർ സാക്ഷികളുടെ വാദങ്ങളും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കാരണമാണ് കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ ശിക്ഷിക്കപ്പെടാൻ കാരണം. ഒരു ടീം വർക്കിന്റെ വിജയം കൂടിയാണിത്- പേരാവൂർ സിഐയായിരുന്ന ഇപ്പോഴത്തെ കുറ്റ്യാടി സിഐ എൻ.സുനിൽകുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി പ്രസവിച്ച ശേഷമാണ് കൊട്ടിയൂർ പീഡനക്കേസ് പുറത്തുവരുന്നത്. സംഭവം അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക പീഡനം സ്ഥിരീകരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തന്നെ കുട്ടി വൻ സമ്മർദ്ദം നേരിടുന്നുവെന്ന സൂചനകൾ വന്നിരുന്നു.

നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി വേറെ ഒരാളുടെ പേരാണ് പീഡനത്തിന്റെ പേരിൽ പറഞ്ഞത്. അതിലൊന്നും കഥയില്ലെന്നു ഞങ്ങൾക്ക് മനസിലായി. ഇതോടെ കുട്ടി സ്വന്തം അച്ഛന്റെ പേരാണ് പ്രതിസ്ഥാനത്ത് പറഞ്ഞത്. അച്ഛന്റെ പേര് പറഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെ വിശദമായി ചോദ്യം ചെയ്തു. അച്ഛനെ ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അച്ഛൻ നിരപരാധിയാണെന്ന് വ്യക്തമായി. അപ്പോൾ തന്നെ, യഥാർത്ഥ പ്രതിയായ ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഫാദർ റോബിനിലേക്ക് തെളിവുകൾ നീണ്ടുചെന്നു. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫാദർ റോബിന്റെ നിരന്തര പീഡനം കാരണമാണ് കുട്ടി ഗർഭിണിയായതെന്നു വ്യക്തമായി.

കുട്ടിയുടെ മൊഴികൾ ഞങ്ങളെ വലച്ചിരുന്നു. ഒട്ടും സത്യസന്ധമല്ലാത്ത മൊഴികളാണ് കുട്ടിയുടെ പിതാവാരെന്ന കാര്യത്തിൽ കുട്ടി നൽകിയത്. പീഡന വിവരങ്ങളും മറച്ചു വെയ്ക്കാൻ ശ്രമിച്ചു. അവിഹിതം വഴി കുട്ടി ജനിച്ചപ്പോൾ അച്ഛന്റെ സ്ഥാനത്ത് സ്വന്തം പിതാവിന്റെ പേര് വരെ കുട്ടി പറഞ്ഞു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പക്ഷെ അതൊന്നും സത്യമല്ലെന്നും യഥാർത്ഥ സത്യം കണ്ടെത്തുക തന്നെ ചെയ്യണ്ടതുണ്ടെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇങ്ങിനെ തീരുമാനമെടുത്ത് അന്വേഷിച്ചപ്പോഴാണ് പ്രതി സ്ഥാനത്ത് ഫാദർ റോബിന്റെ പേര് കടന്നുവരുന്നത്. ഫാദർ റോബിൻ തന്നെയാണ് നിരന്തര പീഡനം വഴി തന്നെ ഗർഭിണിയാക്കിയതെന്നു ഒടുവിൽ കുട്ടി ഞങ്ങളോട് സമ്മതിച്ചു. പക്ഷെ അതിനു ശേഷവും സങ്കീർണ്ണതകൾ ഒടുങ്ങിയില്ല.

വാദം വന്നപ്പോൾ ഞങ്ങൾ കൂടുതൽ കുരുക്കിലായി. സാക്ഷികൾ ഏകദേശം മുഴുവനായി തന്നെ കൂറുമാറി. ഈ കൂറുമാറിയവരിൽ ഒന്നാം സാക്ഷിയായ ഇരയായ ഈ പെൺകുട്ടിയും രണ്ടാം സാക്ഷിയായ കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികൾ മുഴുവൻ കൂറുമാറി എന്ന് തന്നെ പറയാം. കാരണം സർക്കാർ സാക്ഷികൾ മാത്രമാണ് കേസിന്റെ അവസാനം വരെ കൂടെ നിന്നത്. പക്ഷെ ശാസ്ത്രീയമായ അന്വേഷണം വഴി ഞങ്ങൾ കുറ്റകൃത്യം തെളിയിക്കുക തന്നെയായിരുന്നു. പീഡനവേളയിൽ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പെൺകുട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ ഘട്ടത്തിൽ തന്നെ കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഒറിജിനൽ രേഖകൾ ഞങ്ങൾ കൈവശപ്പെടുത്തിയിരുന്നു. പ്രസവിക്കുമ്പോൾ ഈ കുട്ടി മൈനർ ആയിരുന്നു. ഇതേ കുട്ടി വാദവേളയിൽ തന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത് എന്ന് കോടതിയിൽ പറഞ്ഞു. അത്ര ശക്തമായ രീതിയിലാണ് ഫാദർ റോബിൻ ഈ കേസിൽ നീങ്ങിയത്.

പക്ഷെ കോടതി മുൻപാകെ യഥാർത്ഥ തെളിവുകൾ നിലനിൽക്കെയായിരുന്നു. ശരിക്കും ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകേണ്ടതുണ്ടായിരുന്നു. ഒന്നുമുതൽ നീളുന്ന സാക്ഷികളുടെ മൊഴിമാറ്റമാണ് ഫാദർ റോബിൻ ഒഴികെയുള്ള പ്രതികൾ രക്ഷപ്പെടാൻ കാരണം. പക്ഷെ പ്രോസിക്യൂഷൻ ഈ കേസിൽ മേൽക്കോടതിയിൽ അപ്പീലിന് പോകും. കാരണം പ്രധാന മൂന്നു പ്രതികൾ കൂറുമാറിയത് ഈ കേസിന്റെ പ്രത്യേകതയാണ്. ഒന്നും രണ്ടും മൂന്നും സാക്ഷികൾ കൂറുമാറുക എന്ന് പറഞ്ഞാൽ ഏത് കേസിനെ സംബന്ധിച്ചും അതൊരു പ്രതിസന്ധി ഘട്ടമാണ്. സാധാരണ കേസുകളിൽ സംഭവിക്കാത്ത രീതിയിൽ ഈ കേസിൽ അങ്ങിനെയൊരു കൂറുമാറൽ നടന്നു. പക്ഷെ ശാസ്ട്രീയ തെളിവുകൾ മറുമരുന്ന് ആയി ഞങ്ങൾ ഹാജരാക്കിയിരുന്നു. കൂറുമാറലും ശാസ്ത്രീയ തെളിവുകളും കോടതി മുൻപാകെ വന്നു. വിധി പ്രസ്താവിച്ചപ്പോൾ കൂറുമാറിയ ഒന്നും രണ്ടും സാക്ഷികളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്താൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയുമാണ് ഒന്നും രണ്ടും സാക്ഷികൾ. മൂന്നാം സാക്ഷി കുട്ടിയുടെ അച്ഛൻ ആയിരുന്നു. കേസ് ഒതുക്കാൻ വളരെ വ്യാപകമായ ശ്രമങ്ങൾ ഫാദർ റോബിന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. പക്ഷെ സമ്മർദ്ദങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് നീണ്ടുവന്നില്ല. സഭയുടെ ഭാഗത്ത് നിന്നും അസ്വാഭാവികമായ നീക്കങ്ങൾ ഒന്നും വന്നതുമില്ല. ഫാദർ റോബിൻ ഈ കേസിൽ നിന്നും ഊരാൻ കഴിയാവുന്ന കാര്യങ്ങൾ മുഴുവൻ ചെയ്തിരുന്നു. പക്ഷെ ഒന്നും ഫാദറുടെ കയ്യിൽ ഒതുങ്ങി നിന്നില്ല. കാനഡയിലേക്ക് പോകും വഴി തൃശൂർ വച്ചാണ് ഞങ്ങൾ ഫാദർ റോബിനെ അറസ്റ്റ് ചെയ്യുന്നത്.

ഫാദർ റോബിനെ അറസ്റ്റ് ചെയ്തപ്പോഴും വലിയ ഇടപെടലുകൾ ഒന്നും വന്നില്ല-സുനിൽ കുമാർ പറഞ്ഞു. 2004 ൽ എസ്‌ഐയായി സർവീസിൽ കയറിയാണ് സുനിൽ കുമാർ. മലബാർ ഭാഗത്തെ വിവിധ സ്റ്റേഷനുകളിൽ ആയിരുന്നു എസ്‌ഐയായി സേവനമനുഷ്ടിച്ചു. അതിനു ശേഷം 2015 ലാണ് സിഐ ആയി മാറുന്നത്. നാദാപുരത്ത് ആണ് സിഐ ആയി ചുമതലയേറ്റത്. അതിനുശേഷമാണ് പേരാവൂർ സിഐയാകുന്നത്. പേരാവൂർ സിഐ ആയ സമയത്താണ് കൊട്ടിയൂർ പീഡനക്കേസ് കേസ് തലപൊക്കുന്നത്. ഒടുവിൽ അങ്ങേയറ്റം പൊരുതി നീങ്ങിയശേഷമാണ് ഈ കേസിൽ വിധി വരുന്നത്. അന്വേഷണം കഴിഞ്ഞു ചാർജ് ഷീറ്റ് സമർപ്പണവേളയിൽ സുനിൽകുമാർ പേരാവൂരിൽ നിന്ന് മാറിയിരുന്നു. പക്ഷെ കേസിലെ മേൽ നടപടികൾ സുനിൽകുമാർ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത കൊട്ടിയൂരിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി ഇന്നാണ് 20 വർഷം കഠിന തടവ് വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായ ലൈംഗിക ദുരുപയോഗം ചെയ്തെന്ന് തലശ്ശേരി പോക്സോ കോടതി വിലയിരുത്തി. കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബാലപീഡകനായ വൈദികനെതിരെ ശക്തമായ വിധിയാണ് പുറത്തുവന്നത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബാലികയെ പീഡിപ്പിച്ച വൈദികനെതിരായ ശിക്ഷ വിധിച്ചത്.

കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയിൽ പെൺകുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയമായ തെളിവുകൾ വൈദികന് തിരിച്ചടി ആകുകയായിരുന്നു. വൈദികൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. അതേസമയം കേസിൽ രണ്ട് മുതൽ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. കന്യാസ്ത്രീകളും ഫാ. തേരകവും അടക്കമുള്ളവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടത്.. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെൺകുട്ടിയെ ഫാദർ റോബിൻ വടക്കംചേരി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ഫാദർ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP