Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കൂലിക്കാരും അഴിമതിക്കാരും ജാഗ്രതൈ! ബിജോയ് പൂർവാധികം ശക്തനായി കോട്ടയം ആർടി ഓഫീസിന്റെ പടി കയറുന്നു; അഴിമതികൾ ചോദ്യം ചെയ്യുകയും വിജിലൻസിനെക്കൊണ്ടു റെയ്ഡ് ചെയ്യിക്കുകയും ചെയ്തതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൈക്കൂലിക്കാരും അഴിമതിക്കാരും ജാഗ്രതൈ! ബിജോയ് പൂർവാധികം ശക്തനായി കോട്ടയം ആർടി ഓഫീസിന്റെ പടി കയറുന്നു; അഴിമതികൾ ചോദ്യം ചെയ്യുകയും വിജിലൻസിനെക്കൊണ്ടു റെയ്ഡ് ചെയ്യിക്കുകയും ചെയ്തതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കോട്ടയം: ആർ ടി ഒ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാൻ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽപോലും നടക്കില്ലെന്ന് എല്ലാവരും സമ്മതിക്കും. വല്ലപ്പോഴുമൊരു റെയ്ഡ്. അതിൽ നിസാര കുറ്റങ്ങൾ കണ്ടെത്തും. അതിന്റെ പേരിൽ ചെറിയൊരു സസ്‌പെൻഷൻ...ഇതിലൊക്കെ ഒതുങ്ങും കാര്യങ്ങൾ. അല്പം കഴിയുമ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ടയാൾ പൂർവാധികം ശക്തനായി തിരിച്ചെത്തും, കൈക്കൂലിയുടെ നിരക്കു കൂട്ടുകയും ചെയ്യും.

പിടിക്കാനാവാത്ത തരത്തിലുള്ള സംഘടിതമായ ഇടപാടുകളാണ് ആർടി ഓഫീസുകളിൽ അരങ്ങേറുന്നതെന്ന് ആർക്കാണറിയാത്തത്. കൈക്കൂലിയും കിമ്പളവും കൃത്യമായും രഹസ്യമായും എത്തിക്കേണ്ടിടത്ത് എത്തിക്കുന്നതിനാൽ കൈയോടെ പിടിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ആർടി ഓഫീസുകളിലെ മിക്ക ഉദ്യോഗസ്ഥർക്കും വീതമായി കൈക്കൂലിവീട്ടിലെത്തിക്കുന്നുണ്ടു താനും.

തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന സ്വകാര്യഅഹങ്കാരവും ഇവിടത്തെ ഉദ്യോഗസ്ഥർക്കുണ്ട്. ആർടി ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ സാമ്പത്തികനില പരിശോധിച്ചാലറിയാം കിമ്പളത്തിന്റെ വരവ് എത്രമാത്രമെന്ന്. കോട്ടയം ആർടി ഓഫീസിലും സ്ഥിതി വിഭിന്നമല്ല. എന്നാൽ അവർക്കിട്ട് അത്ര മോശമല്ലാത്ത ഒരു കൊട്ട് കൊടുത്തതിന്റെ ത്രില്ലിലാണ് കാഞ്ഞിരത്തുംമൂട്ടിൽ ഡ്രൈവിങ് സ്‌കൂൾ ഉടമ ബിജോയ് ഫിലിപ്പ്.

ചില ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വരെ വാങ്ങിക്കൊടുക്കുന്നത് ഏജന്റുമാർ ആണെന്നു വിജിലൻസ് കണ്ടെത്തിയിട്ടുള്ള കോട്ടയം ആർ.ടി.ഒ ഓഫിസിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തി വിജയിച്ചു നിൽക്കുകയാണ് ബിജോയ്. ഇവിടത്തെ വൻകൈക്കൂലിയെയും അഴിമതി ഇടപാടുകളെയും ചോദ്യം ചെയ്യുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തതിന്റെ പേരിൽ വ്യാജആരോപണങ്ങൾ ഉന്നയിച്ച് ആർ.ടി ഒ ഓഫീസിൽ വിലക്കേർപ്പെടുത്തിയിരുന്നു ബിജോയിക്ക്. നീണ്ട നിയമയുദ്ധത്തിലൂടെ ആ വിലക്കിനു ഹൈക്കോടതിയിൽനിന്നു സ്‌റ്റേ വാങ്ങിയെടുത്തിര്ിക്കുകയാണ് ബിജോയ്.

ആർ.ടി ഓഫീസിൽ ഏജന്റുമാർ മുഖേന നടത്തുന്ന അഴിമതിയും അതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കള്ളക്കളികളും നേരിട്ടു വിജിലൻസിനെ അറിയിച്ച കോട്ടയത്തെ കാഞ്ഞിരത്തുംമൂട്ടിൽ െ്രെഡവിങ് സ്‌കൂൾ ഉടമയായ ബിജോയ് ഫിലിപ്പ് ആർ.ടി ഒ ഓഫീസിൽ പടികയറുന്നതുതന്നെ ചതുർത്ഥിയായിരുന്നു അവിടത്തെ ഉദ്യോഗസ്ഥർക്ക്. അങ്ങനെയാണ് എല്ലാവരും ചേർന്ന് വിലക്കേർപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്തു ബിജോയ് ഹൈക്കോടതിയെ സമീപിച്ചു. കാര്യങ്ങൾ നിരിക്ഷിച്ച ഹൈക്കോടതി ബിജോയ് ആർ.ടി ഓഫീസിൽ കയറുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.

2007 മുതൽ താൻ ഇവിടത്തെ കള്ളക്കളികളും അഴിമതിയും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. അന്ന് ആർ.ടി ഓഫീസിലെ ഫീസുകൾ ജനസേവന കേന്ദ്രത്തിൽ അടയ്ക്കാൻ സൗകര്യമൊരുക്കിയിരുന്നു. അതു ആർ ടി ഓഫീസ് ഉദ്യോഗസ്ഥർക്ക് അത്ര സന്തോഷകരമായിരുന്നില്ല. തങ്ങൾക്കുള്ള പടി കുറയുമെന്നതാണു കാരണം. തന്മൂലം ജനസേവാ കേന്ദ്രത്തിൽ അടച്ച ഫീസുകൾ ആർ.ടി ഒ ഓഫീസിൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഇതിനെതിരേ ബിജോയ് ഉൾപ്പെടെയുള്ള െ്രെഡവിങ് സ്‌കൂൾ ഉടമകൾ ജില്ലാ കളക്റ്റർക്കു പരാതി കൊടുത്തു. പ്രശനത്തിൽ ഇടപെട്ട കളക്റ്റർ ആർ.ടി.ഒയോട് ഈ പ്രവണത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ ആർ ടി.ഒ ഇതിനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നു കാട്ടി വീണ്ടും കളക്റ്റർക്കു പരാതി നൽകി. തുടർന്ന് കളക്ടർ ഉദ്യോഗസ്ഥരെ വിളിച്ചു ശകാരിച്ചു. അന്നു മുതൽ ബിജോയ് ആർ.ടി ഓഫീസിലെ ജീവനക്കാരുടെ കരടായിമാറി. പിന്നിട് കൂടെ നിന്ന ഡ്രൈവിങ് സ്‌കൂൾ ഉടമകൾ അടക്കമുള്ളവർ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ബിജോയ് പറയുന്നു.

അങ്ങനെ അഴിമതിക്കെതിരെ പോരാടിയതിന്റെ പേരിൽ ഒറ്റപ്പെട്ട തന്നോട് മുൻവൈരാഗ്യത്തിന്റെ പുറത്തു ആർ.ടി ഓഫീസിലെ ജീവനക്കാർ ബിജോയ് കൊടുക്കുന്ന അപേക്ഷകളും, ആർ.സി ബുക്കുകളും നശിപ്പിക്കുകയും കൊടുക്കുന്ന അപേക്ഷകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തു. പിന്നിട് പരാതിയുമായി ബിജോയ് ലീഗൽ സർവിസ് സൊസൈറ്റിയെ സമീപിച്ചു. അവിടെ വച്ചു ബിജോയിക്ക് ഓഫീസിൽനിന്ന് എല്ലാ സേവനങ്ങളും നടത്തി കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നല്കിയെങ്കിലും പഴയ രീതി തുടരുകയായിരുന്നുവെന്നാണ് ബിജോയ് വ്യക്തമാക്കുന്നത്.

കോട്ടയം ആർ.ടി ഓഫീസിൽ ഏജന്റുമാർ അധികമായി ഫീസ് വാങ്ങി വരുന്ന ആളുകളെ പറ്റിക്കുന്ന പരിപാടിയിൽ ആർ.ടി ഓഫീസിലെ ചില ഉദ്യോഗസ്ഥർ കുടി പങ്കാളികളാണെന്നുകാണിച്ച് ഇവിടെ നടക്കുന്ന അഴിമതികൾ പുറത്തുവരാനായി ബിജോയ് വിജിലൻസിൽ പരാതി നൽകി. തുടർന്നു നടന്ന വിജിലൻസ് റെയ്ഡിൽ ആറോളം ആർ.ടി ഓഫീസ്സ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ തന്നോട് ഓഫീസിലെ ചില ഉദ്യോഗസ്ഥർക്കുള്ള വൈരാഗ്യം ഇരട്ടിയായി. പിന്നിട് ഓഫീസിൽ എത്തിയ തന്നോട് ഓഫീസിലെ ജീവനക്കാരിൽ ചിലർ അസഭ്യം പറയുകയും ഓഫീസിൽനിന്ന് ഇറക്കിവിടുകയും ചെയ്തതായി ബിജോയ് പറയുന്നു. അതോടൊപ്പം മുൻ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാജമായ റിപ്പോർട്ടുകൾ ജില്ലാകളക്റ്റർക്കു കൊടുത്തു തന്നെ ഓഫീസിൽ കയറുന്നത് വിലക്കുകയായിരുന്നു. അഴിമതികൾ പുറത്തുവരാനായി താൻ ചെയ്ത സേവനത്തിനു പകരമായി തന്റെ ജോലി ചെയ്യാനുള്ള അവകാശം അവർ നിഷേധിക്കുകയായിരുന്നു. അത് മനസിലാക്കിയാണ് ഓഫീസിൽ കയറാൻ ഹൈക്കോടതിയിൽ താൻ അപേക്ഷ കൊടുത്തതെന്നും ബിജോയ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കേസെടുത്ത കോടതി ബിജോയ് ഫിലിപ്പിനെ കോട്ടയം ആർ.ടി ഓഫീസിൽ കയറുന്നതിനുള്ള വിലക്ക് ഒഴിവാക്കുകയായിരുന്നു.

കോട്ടയം ആർ.ടി ഓഫീസിൽ ഏജന്റുമാരുടെ വൻ വിളയാട്ടമാണെന്നുള്ള ആരോപണം ശക്തമാണ്. ഒരാളിൽനിന്ന് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കാവു എന്നാണു നിർദ്ദേശം. എന്നാൽ 16 അപേക്ഷ വരെയാണ് ചില ഏജന്റുമാർ ഇവിടെ കൊണ്ടുപോയി കൊടുക്കുന്നത്. അതുമൂലം നേരിട്ടു ചെല്ലുന്ന സാധാരണക്കാരുടെ നീണ്ട നിര തന്നെ ഓഫീസിൽ ഉണ്ടാകുന്നു. നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പിഴവ് കണ്ടെത്തി ഏജന്റുമാരുടെ അടുത്തേക്ക് വിടുന്ന ഉദ്യോഗസ്ഥന്മാരും ഇവിടെയുണ്ട്. 10 വർഷമായി ഇവിടെത്തന്നെ ജോലി ചെയ്യുന്ന 8 ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. ഇവർ വർഷങ്ങളായി ഇവിടെ തന്നെ ജോലി ചെയുന്നത് ഏജന്റുമാരുടെ രാഷ്ട്രിയ സ്വാധീനത്തിൽ ആണെന്നു പല െ്രെഡവിങ് സ്‌കൂൾ ഉടമകളും ആരോപിക്കുന്നു.

ആർ.ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ ഏജന്റുമാർ കയ്യടക്കി വച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ആർ.ടി ഓഫീസിൽ ഏജന്റുമാരെ വച്ച് അമിതമായി പണ പിരിവു നടത്തുന്നുവെന്ന് ആരോപിച്ചു ബിജോയ് തന്റെ ഓഫീസിന്റെ മുൻപിൽ ആർ.ടി ഓഫീസിലെ വിവിധ സേവനങ്ങളുടെ നിരക്കുകൾ പരസ്യപ്പെടുത്തിയിരുന്നു ഇതും ചില ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർക്ക് പിടിച്ചില്ല. പല കേസുകളും കൊടുത്തിട്ടും തന്നെ ഓഫീസിൽ കയറാൻ ഇവർ വിലക്കിയിട്ടും കോടതി തന്റെ അപേക്ഷയിന്മേൽ സത്യം മനസിലാക്കി തനിക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കി. ഇനിയും ഇവിടത്തെ അഴിമതികളെ ചോദ്യം ചെയ്യാൻ ഒരു രണ്ടാം വരവിനായി ഒരുങ്ങുകയാണ് ബിജോയ് ഫിലിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP