Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാറിന്റെ ധൂർത്തിനെ കുറിച്ച് പറയാൻ പത്രക്കാർക്ക് എന്തവകാശം? മാധ്യമപ്രവർത്തകർക്ക് ഉല്ലാസയാത്ര പോകാൻ പിണറായി സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപ! കോട്ടയത്തെ പത്രക്കാർ ഹൈദരാബാദ് യാത്ര അടിപൊളിയാക്കിയത് ആന്റോ ആന്റണി എംപിയുടെ ഒത്താശയിലും തെലുങ്കാന സർക്കാർ ഒരുക്കിയ നക്ഷത്ര സൗകര്യത്തിലും; നന്ദി അറിയിച്ച് പ്രസ്‌ക്ലബ് ഭരണാധികാരികളുടെ കത്ത് വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു

സർക്കാറിന്റെ ധൂർത്തിനെ കുറിച്ച് പറയാൻ പത്രക്കാർക്ക് എന്തവകാശം? മാധ്യമപ്രവർത്തകർക്ക് ഉല്ലാസയാത്ര പോകാൻ പിണറായി സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപ! കോട്ടയത്തെ പത്രക്കാർ ഹൈദരാബാദ് യാത്ര അടിപൊളിയാക്കിയത് ആന്റോ ആന്റണി എംപിയുടെ ഒത്താശയിലും  തെലുങ്കാന സർക്കാർ ഒരുക്കിയ നക്ഷത്ര സൗകര്യത്തിലും; നന്ദി അറിയിച്ച് പ്രസ്‌ക്ലബ് ഭരണാധികാരികളുടെ കത്ത് വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു

മറുനാടൻ ഡെസ്‌ക്ക്

കോട്ടയം: സംസ്ഥാന സർക്കാർ പബ്ലിസിറ്റിക്കായി ഇതുവരെ 50 കോടി രൂപ ചെലവിട്ടു എന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ വഴി പുറത്തുവന്നത്. ഇത് കൂടാതെ സർക്കാറിന്റെ ധൂർത്തിനെ കുറിച്ചുള്ള മറ്റു വാർത്തകളും പിന്നാലെയെത്തി. ഇങ്ങനെ സർക്കാറിനെ നന്നാക്കാൻ വേണ്ടി കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുന്ന മാധ്യമപ്രവർത്തകർ സർക്കാർ ആനുകൂല്യങ്ങൾ പറ്റുന്നില്ലേ? കിട്ടിയ അവസമൊന്നും പാഴാക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ടൂറു പോകാനും കെട്ടിടം പണിയാനുമൊക്കെ സർക്കാർ ഫണ്ട് ഇവർ കൈപ്പറ്റുന്നുണ്ട്. അങ്ങനെ പത്രക്കാരെ ടൂറിന് വിടാൻ അവരെന്ത് രാജ്യസേവനമാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ശരിക്കും കുടുങ്ങും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.

കേരളത്തിലെ പ്രസ്‌ക്ലബുകളിൽ അംഗത്വമുള്ള പത്രപ്രവർത്തകർക്കായി ടൂറു പോകാൻ സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപയാണ്. സർക്കാർ ജീവനക്കാരല്ലാത്ത, ഭരണഘടനാപരമായി സാധാരണ പൗരനുള്ള അവകാശങ്ങൾ മാത്രമുള്ള മാധ്യമപ്രവർത്തകരാണ് സർക്കാർ ഫണ്ടിൽ നിന്നും പണം വാങ്ങി ടൂറിന് പോയത്. കേരളത്തിൽ എല്ലാ ജില്ലകളിലുമുള്ള പ്രസ് ക്ലബുകൾക്കായാണ് ടൂറിന് 40 ലക്ഷം രൂപ അനുവദിച്ചു നൽകിയത്. കോട്ടയം പ്രസ്‌ക്ലബ്ബിനും ഇങ്ങനെ അഞ്ച് ലക്ഷം രൂപ ലഭിച്ചു.

ഇങ്ങനെ ലഭിച്ച തുക കൊണ്ട് യാത്ര ചെയ്യാൻ വേണ്ടി കോട്ടയത്തെ പത്രക്കാർ നടത്തിയ ശ്രമങ്ങളുടെ നീണ്ടകഥ വിവരിക്കുന്ന കത്ത് മാധ്യമ ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. പണം അനുവദിച്ചു കിട്ടാൻ വേണ്ടി കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറിയും പ്രസിഡന്റും നടത്തിയ ഇടപെടലുകളെ കുറിച്ച് സഹപ്രവർത്തകരെ അറിയിക്കുന്നതാണ് കത്ത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധനെയും സിപിഎം ജില്ലാ സെക്രട്ടറി വാസവനെ കണ്ടും പിആർഡി ഡയറക്ടർ സുഭാഷ് സാറും ഇൻഫർമേഷൻ ഓഫീസർ സിനിയും ശക്തമായ ഇടപെടലുകൾ നടത്തിയാണ് പണം ഒപ്പിച്ചെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് കത്ത്.

ഹൈദരാബാദിലേക്കാണ് കോട്ടയത്തെ പത്രക്കാർ ഉല്ലാസയാത്ര പോയത്. യാത്രയിൽ പങ്കെടുക്കുന്നതിനു 68 പേർ പേരു നൽകിയപ്പോൾ ചിലരെ ഒഴിവാക്കി 57 പേരാണ് ടൂറ് പോയത്. വിമാന, ട്രെയിൻ ടിക്കറ്റ് ഇനത്തിൽ മാത്രം മൂന്ന് ലക്ഷം രൂപ ചെലവാകുകയും ചെയ്തതായാണ് സെക്രട്ടറിയും പ്രസിഡന്റും പറയുന്നത്. ഹൈദരാബാദിൽ അവിടുത്തെ പിആർഡിയും ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ താമസവും ഒപ്പിച്ചാണ് മാധ്യമപ്രവർത്തകർ ഉല്ലാസയാത്ര അടിപൊളിയാക്കിയത്. വരവു ചിലവു കണക്കുകളും മറ്റ് വിവരങ്ങളും യാത്രയിൽ പങ്കെടുക്കാൻ അറിയിക്കുക എന്ന വിധത്തിലാണ് കത്തെഴുതിയത്.

വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന കത്തിന്റെ പൂർണരൂപം:

സുഹൃത്തുക്കളെ...

57 അംഗ മാധ്യമ സംഘത്തിന്റെ ഹൈദ്രാബാദ് യാത്ര സന്തോഷകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള നന്ദി ജില്ലാ കമ്മിറ്റിക്കുവേണ്ടി പങ്കുവയ്ക്കുകയാണ്. കൈവിട്ടുപോയെന്നു കരുതിയ ഒരു ടൂറാണ് തിരിച്ചു പിടിക്കാൻ കഴിഞ്ഞത് എന്നത് ഇരട്ടി മധുരം നൽകുന്നു. രാജസ്ഥാൻ യാത്രക്കായിരുന്നു ആദ്യം സർക്കാരിൽഅപേക്ഷ നൽകിയിരുന്നത്. 11 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ട തുക. എന്നാൽ സർക്കാർ പ്രസ്‌ക്ലബുകളുടെ യാത്രയ്ക്കായി ആകെ വകയിരുത്തിയ 40 ലക്ഷം രൂപ നാലു പ്രസ്‌ക്ലബുകൾക്കായി വീതിച്ചപ്പോൾ അതിൽ നാം ഉൾപ്പെട്ടില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധൻ സാറിനെ നേരിൽ കണ്ടും ഫോണിലൂടെയും സമ്മർദ്ദം ചെലുത്തി. സിപിഎം ജില്ലാ സെക്രട്ടറി വാസവനും പിആർഡി ഡയറക്ടർ സുഭാഷ് സാറും ഇൻഫർമേഷൻ ഓഫീസർ സിനിയും ശക്തമായ ഇടപെടലുകൾ നടത്തി.

ഏതായാലും 40 ലക്ഷം രൂപ എട്ട് പ്രസ്‌ക്ലബുകൾക്കായി വീതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെയാണ് കോട്ടയത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നത്. മാർച്ച് അഞ്ചിനാണ് ഉത്തരവ് ലഭിക്കുന്നത്.തുടർന്ന് 6,7 തീയതികളിൽ ജില്ലാ കമ്മിറ്റി കൂടിയാലോചന നടത്തി. 5 ലക്ഷം രൂപയ്ക്കു രാജസ്ഥാൻ യാത്ര പ്രായോഗികമല്ലാത്തതിനാൽ ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ഹൈദരാബാദിനു നറുക്ക് വീഴുന്നത്. യാത്രാ ചെലവിനും പേരു നൽകുന്നവർ യാത്ര ഉറപ്പു വരുത്തുന്നതിനുമായി 1000 രൂപ രജിസ്റ്റ്രേഷൻ ഫീസും നിശ്ചയിച്ചു.

യാത്രയിൽ പങ്കെടുക്കുന്നതിനു 68 പേർ പേരു നൽകി. തുടർന്ന് പത്താം തീയതി ജില്ലാ കമ്മിറ്റി ചേർന്നു. ആളെണ്ണം കുറയ്ക്കാൻ പല നിർദ്ദേശങ്ങളും ചർച്ചയിൽ വന്നു. എന്നാൽ ഒരാളെയെങ്കിലും മാറ്റിനിർത്തിയാൽ ഉണ്ടാകുന്ന മാനസിക വിഷമം പരിഗണിച്ച് എല്ലാവരെയും കൊണ്ടുപോകുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വളരെ ചെലവു ചുരുക്കിയും ഇടനിലക്കാരില്ലാതെയുമുള്ള യാത്രയാണ് പ്ലാൻ ചെയ്തത്. ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ വൻ തുകകളാണ് ആവശ്യപ്പെട്ടത്. തുടർന്ന് നേരിട്ട് ഓൺലൈനിൽ ടിക്കറ്റെടുക്കാൻ തീരുമാനിച്ചു. വിമാന നിരക്ക് 1500 രൂപയുള്ളപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും വിമാന യാത്ര പ്ലാൻ ചെയ്തത്. എന്നാൽ പിആർഡിയിൽ നിന്നുള്ള പണം വരാൻ വൈകുന്തോറും വിമാന നിരക്കും ദിനം പ്രതി കൂടാൻ തുടങ്ങി. നിരക്ക് 2000 കവിഞ്ഞപ്പോഴാണ് ഇരുവശത്തേക്കുമുള്ള വിമാനയാത്ര ചെലവ് താങ്ങാനാവില്ലെന്ന യാഥാർഥ്യം പത്താം തീയതി കൂടിയ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തത്. അങ്ങോട്ട് തേഡ് എസി ട്രയിനും തിരികെ എല്ലാവരും വിമാനവും എന്ന നിർദ്ദേശം അംഗീകരിച്ചൂ. എന്നാൽ ലീവ് സംബന്ധിച്ചു പ്രശ്നമുണ്ടായിരുന്ന ചിലർ ട്രെയിൻ നിരക്കിൽ നിന്നും അധികമാകുന്ന തുക സ്വന്തമായി വഹിക്കുന്നവർക്ക് അങ്ങോട്ടും വിമാന യാത്ര വേണമെന്ന് ആവശ്യപ്പെട്ടു.ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടു.

ഇനിയും പിആർഡി പണം കാത്തിരുന്നാൽ യാത്ര അസാധ്യമാകുമെന്ന തിരിച്ചറിവിൽ പിആർഡി പണം കിട്ടുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയോടെ സ്വന്തം ചെലവിലും മാധ്യമപ്രവർത്തകരായ സുമനസുകളുടെ കൈവശമുള്ള പണമെടുത്തും ഓൺ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. 2000 രൂപയ്ക്കും 3500 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റുകൾ കിട്ടിയത്. പന്ത്രണ്ടാം തീയതിയാണ് പിആർഡിയിൽ നിന്നു ആദ്യ ഗഡുവായുള്ള പണം ലഭിക്കുന്നത്. അന്നും അടുത്ത ദിവസവുമായി തിരികെയുള്ള ടിക്കറ്റും ട്രെയിൻ ടിക്കറ്റും എടുത്തു. വിമാന, ട്രെയിൻ ടിക്കറ്റ് ഇനത്തിൽ മാത്രം മൂന്ന് ലക്ഷം രൂപ ചെലവായി.

തുടർന്ന് ഹൈദരാബാദിലെ താമസം ഓയോ വഴിയും യാത്ര റെഡ് ബസു വഴിയും ഓൺലൈനായി ബുക്ക് ചെയ്യുന്ന ചുമതല സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ ഏറ്റെടുത്തു. ത്രീ ഷെയറിങ് ആയിട്ടു കൂടി മൂന്നു ദിവസത്തെ താമസത്തിന് ഒന്നര ലക്ഷത്തോളം രൂപ , റാമോജിയിൽ ഫീസ് ഭക്ഷണം ഇനത്തിൽ മാത്രം 85000 രൂപ. കൂടാതെ നാലു ദിവസത്തെ ഭക്ഷണം, അവിടുത്തെയാത്ര, കൊച്ചിയിലേക്കും തിരികെയുമുള്ള ബസ്, ട്രെയിൻ യാത്രാ ചെലവ് കണക്കുകൾ എങ്ങും കൂട്ടിമുട്ടാതിരിക്കുമ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.

ഇതിനിടെയാണ് മീഡിയാലിസ്റ്റിൽ ഇല്ലാത്തവരും യാത്രാസംഘത്തിലുണ്ടെന്നും ഇതു സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾക്കെതിരാണെന്നും ചിലർ പിആർഡി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞതായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ മീഡിയാ ലിസ്റ്റിൽ ഇല്ലാത്തവരെ ഒഴിവാക്കണമെന്ന് ഇൻഫർമേഷൻ ഓഫിസർ കർശന നിർദ്ദേശം നൽകി. എന്നാൽ സ്വന്തം ചെലവിൽ കൊണ്ടുപൊയ്ക്കൊള്ളാം എന്നു പ്രസ് ക്ലബും അറിയിച്ചു. അങ്ങനെ മീഡിയാ ലിസ്റ്റിൽ ഇല്ലാത്തവരെ ഒഴിവാക്കിയുള്ള ലിസ്റ്റ് പ്രത്യേകം തയാറാക്കി പിആർഡിക്കു നൽകി.

ഇതിനിടെയാണ് മറ്റൊരനിശ്ചിതത്വം ഉടലെടുത്തത്. ഞായറാഴ്ചയുള്ള ട്രെയിൻ യാത്രയ്ക്ക് വെള്ളിയാഴ്ച ആയപ്പോഴും ആറു ടിക്കറ്റ് മാത്രമാണ് കൺഫേംആയത്. തുടർന്ന് ബാക്കി ടിക്കറ്റുകൾ ശരിയാക്കാനായി ജോസ് കെ മാണി വഴിയും ആന്റോ ആന്റണി വഴിയും ശ്രമം തുടങ്ങി. ഇതിനായി വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രസ് ക്‌ളബ് ജില്ലാ നേതൃത്വം ആന്റോയെ വിളിച്ചത്. എത്ര പേരുണ്ടെങ്കിലും അയച്ചോളു റെയിൽവേ ബോഡിൽ കത്തു നൽകി ശരിയാക്കാം എന്നായിരുന്നു മറുപടി. മറ്റെന്ത് ആവശ്യമുണ്ടെങ്കിലും മടിക്കാതെ പറഞ്ഞോളൂ. ഞാനിപ്പോൾ പാർലമെന്റിലാണ് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതാ റാവു ഒപ്പമുണ്ട് ഞാൻ അവരോടു പറയാം. മരുഭൂമിയിൽ മരുപ്പച്ച കണ്ടതുപോലെയായി ഈ വാക്കുകൾ.

ഹൈദരാബാദിലെ യാത്രാസൗകര്യം മാത്രമായിരുന്നു ആവശ്യപ്പെട്ടത്. വീണ്ടും നിർബന്ധിച്ചപ്പോൾ ത്രീഷെയറിങ് ഒഴിവാക്കാനായി ഗസ്റ്റ് ഹൗസിൽ ഏതാനും മുറികൾ കിട്ടാനുള്ള സാധ്യതയും ആരാഞ്ഞു. പിറ്റേന്നു ശനിയാഴ്ച തെലങ്കാന സർക്കാരിന്റെ ടൂറിസം അഡീഷണൽ ഡയറക്ടർ വിളിച്ചു. പിന്നീടു നിരന്തരം ഉദ്യോഗസ്ഥരുമായി പ്രസ് ക്‌ളബ് ജില്ലാ നേതൃത്വം ആശയവിനിമയം നടത്തി.തെലങ്കാന സർക്കാരുമായി ചർച്ച നടക്കുന്നുവെന്ന് ഞായറാഴ്ച വാട്സ് ആപിലൂടെ അറിയിച്ചത് അങ്ങനെയാണ്. മീഡിയാ ലിസ്റ്റ് പ്രശ്‌നമാക്കിയ അഭ്യുദയകാംഷികളെ പേടിച്ചാണ് കൂടുതൽ വിശദാംശങ്ങളും പേരുകളും വാട്സ് ആപിലൂടെ ആ സമയം വെളിപ്പെടുത്താതിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച ആദ്യ സംഘം ട്രെയിനിൽ കയറുമ്പോഴും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. പിന്നീടാണ് സ്റ്റാർ ഹോട്ടലിൽ താമസം ഉൾപ്പെടെ അവർ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയുന്നത്. പെട്ടന്നു തന്നെ ഓയോ മുറികളും റെഡ് ബസും ക്യാൻസൽ ചെയ്തു. ക്യാൻസലേഷനിൽ അല്പം നഷ്ടം സംഭവിച്ചെങ്കിലും അതിലും എത്രയോ വലിയ സൗകര്യങ്ങൾ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ യാത്രയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. യാത്രാ ഷെഡ്യൂൾ തയാറാക്കി നൽകി. തെലങ്കാന പ്രസ് അക്കാദമി സെക്രട്ടറി രാജമൗലി, കവിതാ റാവുവിന്റെ സെക്രട്ടറി അവിനാശ്, എന്നിവരാണ് തെലങ്കാന സർക്കാർ ക്രമീകരണങ്ങൾക്കു ചുക്കാൻ പിടിച്ചത്.

തെലങ്കാന സർക്കാരിന്റെ അഭിമാന വികസന പദ്ധതി പ്രദേശങ്ങളിലേക്കുള്ള സന്ദർശനം കൂടി ഉൾപ്പെടുത്തി അന്തിമ ചാർട്ട് അവർ വാട്‌സ് അപ്പിൽ അയച്ചു. തെലങ്കാന രൂപീകരണത്തിന് ശേഷം അവിടെ എത്തുന്ന ഏറ്റവും വലിയ മാധ്യമ സംഘമായി നമ്മൾ മാറി. ഇൻഫർമേഷൻ ഡെപ്യൂട്ടികമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ടാണ് പര്യടനത്തിന് മേൽനോട്ടം വഹിച്ചത്. തെലങ്കാനയിലെ എല്ലാ പത്രങ്ങളും ചാനലുകളും സന്ദർശനം വാർത്തയാക്കി. യാത്രയ്ക്കിടയിൽ തന്നെ ഫേസ്‌ബുക്ക് ലൈവ് നൽകിയും. പത്രവാർത്ത നൽകിയും നമ്മുടെ സംഘാംഗങ്ങളും ഇത് വൻവിജയമാക്കി.

ഏറെ ആശങ്കയോടെ ആരംഭിച്ച ഹൈദ്രാബാദ് യാത്ര വിജയമാക്കിയ എല്ലാ മാധ്യമപ്രവർത്തകരോടും ശ്രീ. ആന്റോ ആന്റണി എംപിയോടും വി.എൻ വാസവനോടും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധൻ സാറിനോടും, പിആർഡി ഡയറക്ടർ ശ്രീ. സുഭാഷിനോടും ഇൻഫർമേഷൻ ഓഫിസർ സിനിയോടുമുള്ള കൃതജ്ഞതയും വീണ്ടും ഇവിടെ രേഖപ്പെടുത്തട്ടെ. യാത്രയിൽ ഞങ്ങൾക്കൊപ്പം പങ്കെടുത്ത നമ്മുടെ മൂന്ന് വനിതാ സഹപ്രവർത്തകർക്കുള്ള പ്രത്യേക നന്ദിയും അറിയിക്കുന്നു. ഒപ്പം തെലങ്കാന ഇൻഫർമേഷൻ കമ്മീഷണർ അരവിന്ദ് കുമാർ IAS, ഹൈദ്രാബാദ് പ്രസ് ക്‌ളബ് പ്രസിഡന്റ് ബി.രാജമൗലി എന്നിവർക്കും നന്ദി അറിയിക്കുന്നു.

പ്രസിഡന്റ്, സെക്രട്ടറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP