Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കസ്റ്റഡിയിൽ മരിച്ച പ്രതിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം; കുടിവെള്ളം നല്കാതെ ബില്ലു നല്കുന്ന ജലവിഭവ വകുപ്പിന് വിമർശനം; ജിഷ കൊലക്കേസിൽ പൊലീസ് നാട്ടിലേക്കു വിളിപ്പിച്ചപ്പോൾ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണം തേടൽ; മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ തീരുമാനങ്ങൾ ഇങ്ങനെ

കസ്റ്റഡിയിൽ മരിച്ച പ്രതിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം; കുടിവെള്ളം നല്കാതെ ബില്ലു നല്കുന്ന ജലവിഭവ വകുപ്പിന് വിമർശനം; ജിഷ കൊലക്കേസിൽ പൊലീസ് നാട്ടിലേക്കു വിളിപ്പിച്ചപ്പോൾ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണം തേടൽ; മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ തീരുമാനങ്ങൾ ഇങ്ങനെ

കോട്ടയം: കസ്റ്റഡി മരണത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഇടക്കാല സമാശ്വാസം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. കമ്മിഷനംഗം കെ. മോഹൻകുമാറാണ് നിർദ്ദേശം നൽകിയത്. കങ്ങഴ മുണ്ടത്താനം സ്വദേശി സാലിമ നൽകിയ പരാതിയിന്മേലായിരുന്നു കമ്മിഷൻ ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്. പരാതിക്കാരിയുടെ ഭർത്താവ് മുണ്ടത്താനം സ്വദേശി തോമസ് ജോൺ കസ്റ്റഡിയിലിരിക്കെ മരിച്ചു. എക്‌സൈസ് റെയ്ഡിൽ പിടികൂടിയ തോമസിനെ കോടതി റിമാൻഡു ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി ജയിലിൽ വച്ചാണ് മരിക്കുന്നത്.

റിമാൻഡിൽ കഴിയവെ രോഗം പിടിപെട്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസിനെ പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പക്ഷേ, പിന്നീട് വീണ്ടും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.എന്നാൽ മരുന്ന് നൽകി പറഞ്ഞയക്കുക മാത്രമാണുണ്ടായത്. തുടർന്നാണ് മരണം സംഭവിച്ചത്.
ചികിത്സാ പിഴവാണ് മരണ കാരണമെന്ന് കുടുംബാങ്ങൾ നൽകിയ പരാതിയിൽ പറയുന്നു.ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് പരാതിക്കാർ വ്യക്തമാക്കി. കമ്മിഷൻ മുൻപാകെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഓയോടും കോട്ടയം എസ്‌പിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡി.എം.ഒ നൽകിയ റിപ്പോർട്ടിൽ ചികിത്സാ പിഴവില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, പ്രതി മരിച്ചത് പൊലിസ് കസ്റ്റഡിയിലാണെന്ന് വ്യക്തമായിരിക്കെ ഇയാളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷൻ ഇത്തരത്തിലൊടു തീരുമാനമെടുത്തത്.

എക്‌സൈസ് കേസിൽ പിടിയിലായ തോമസ് ജോൺ മരിക്കുമ്പോൾ കാലിൽ മുറുവുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രതി ടോയിലറ്റിൽ വീണപ്പോൾ ഉണ്ടായതാണ് മുറിവെന്ന് പൊലിസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുൻപ് കേസ് പരിഗണിച്ച കമ്മിഷൻ അധ്യക്ഷൻ കെ.ബി കോശി ഡോക്ടർമാരുടെ അനാസ്ഥയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഉത്തരവിട്ടിരുന്നു.എന്നാൽ മരണ കാരണം ചികിത്സാ പിഴവല്ലെന്ന റിപ്പോർട്ടാണ് ആരോഗ്യ വകുപ്പ് നൽകിയത്.

കുടിവെള്ളം നൽകാതെ ബില്ല് ഈടാക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹൻ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അറുപത് വർഷമായി വാട്ടർ അഥോറിറ്റി കാണിക്കുന്ന അലംഭാവമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ പൈപ്പുകൾ പൊട്ടുന്നതും പൊട്ടിയവ അറ്റകുറ്റപണി നടത്താത്തതും ശരിയായ നടപടിയല്ല.ശുദ്ധ ജലം ഉറപ്പാക്കാൻ ദീർഘകാലാ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കുടിവെള്ളവുമായി പദ്ധപ്പെട്ട് ഇന്നലെ മൂന്ന് കേസുകൾ കമ്മിഷൻ പരിഗണനയിലെത്തിയതായും അറിയിച്ചു.

കമ്മിഷൻ പരിഗണിച്ച മറ്റൊരു കേസിൽ എ.ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനാഥാലയത്തിലെ അന്തോവാസിയായിരുന്ന വ്യക്തിക്ക് ബാംഗ്ലൂരിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ ജിഷ കൊലക്കേസിന്റെ പേരിൽ ഇയാളെ പൊലിസ് നാട്ടിലേക്ക് വിളിച്ചു വരുത്തിയതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടുവെന്നതാണ് പരാതി.ടിനു ശിവരാജൻ നൽകിയ പരാതി ഗൗരവത്തോടെ വീക്ഷിക്കുന്നതായി കമ്മിഷനംഗം പറഞ്ഞു.

അനാഥനായ ഒരാളുടെ ജോലി നഷ്ടപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷേമനിധിയുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചതായും കമ്മിഷൻ നിരീക്ഷിച്ചു.ആധാരം എഴുത്തുകാരൻ നൽകിയ പരാതി പരിശോധിച്ചുകൊണ്ടുള്ള നിരീക്ഷണമായിരുന്നു ഇത്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ചെക് ഡാം നിർമ്മാണത്തിനെതിരെയും പൊലിസ് മർദ്ദതിനെതിരെയും കമ്മിഷനിൽ പരാതിയെത്തി. കൂടാതെ കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പി.ജി വിദ്യാർത്ഥികളുടെയും പരാതി കമ്മിഷൻ പരിഗണനയിൽ എടുത്തു.പല കേസുകളിലും പരാതിക്കാർ ഹാജരാകാത്ത സ്ഥിതിയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന സിറ്റിംഗിൽ ആകെ 55 കേസുകളാണ് കമ്മിഷൻ പരിഗണിച്ചത്. ഇതിൽ പതിനാറ് എണ്ണം തീർപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP