Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മാർ യൗസേബിയോസിനെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചുമതലയില്ലാത്ത മെത്രാപ്പൊലീത്തയാക്കി; പൊതുജനപിന്തുണ നേടിയ മെത്രാപ്പൊലീത്തയെ മൂലയ്ക്കിരുത്താൻ ചില ജനപ്രതിനിധികളും; മാനേജിങ് ട്രസ്റ്റിയിൽപ്പെട്ടവരും വൈദികരും ചരടുവലിച്ചു; സിപിഐ(എം)-ആർഎസ്എസ് പരിപാടികൾ പങ്കെടുത്തത് ആയുധമാക്കി

മാർ യൗസേബിയോസിനെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചുമതലയില്ലാത്ത മെത്രാപ്പൊലീത്തയാക്കി; പൊതുജനപിന്തുണ നേടിയ മെത്രാപ്പൊലീത്തയെ മൂലയ്ക്കിരുത്താൻ ചില ജനപ്രതിനിധികളും; മാനേജിങ് ട്രസ്റ്റിയിൽപ്പെട്ടവരും വൈദികരും ചരടുവലിച്ചു; സിപിഐ(എം)-ആർഎസ്എസ് പരിപാടികൾ പങ്കെടുത്തത് ആയുധമാക്കി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ കോതമംഗലം മേഖലാ സഹായ മെത്രപ്പൊലീത്ത കുര്യക്കോസ് മാർ യൗസേബിയോസിനെ മൂലയ്ക്കിരുത്തുന്നതിനുള്ള സഭയിലെ പ്രബലവിഭാഗത്തിന്റെ നീക്കത്തിന് 'ശുഭപരിസമാപ്തി'. ചുമതലകൾ നൽകാതെ സഭാനേതൃത്വം ഇദ്ദേഹത്തെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് മാറ്റി. ഇതോടെ സഭയിലെ ചുമതലയില്ലാത്ത ഏക മെത്രപ്പൊലീത്ത ഇദ്ദേഹമാണെന്നാണ് ലഭ്യമായ വിവരം. ചുമതലകളിൽ നിന്നും ഒഴിവാക്കുന്നതായി കാണിച്ച് പാത്രിയർക്കീസ് ബാവ പുറപ്പെടുവിച്ച കൽപ്പന ഇന്നലെ പള്ളികളിൽ വായിച്ചതിന് പിന്നാലെ സീനായ് മൗണ്ടിലെ ആസ്ഥാനത്തുനിന്നും ഇദ്ദേഹം പടിയിറങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ ഇദ്ദേഹം സ്ഥാനം ഒഴിയുന്നതായിട്ടാണ് പാത്രിയർക്കീസ് ബാവയുടെ കൽപനയിൽ വ്യക്തമാക്കിയിട്ടുള്ളത്.

കോതമംഗലം മേഖലയിൽ മാർ യൗസേബിയോസിന്റെ സ്ഥാനചലനത്തിൽ അതൃപ്തിയുള്ളവർ ഏറെയുണ്ടെങ്കിലും പാത്രിയർക്കീസ് ബാവയുടെ കൽപ്പന ധിക്കരിച്ച് രംഗത്തുവരാൻ ഇവരാരും തയ്യാറാവാത്തത് എതിർവിഭാഗത്തിന് കരുത്തുപകരുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അഞ്ചു വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത പ്രവർത്തനശൈലിയിലൂടെ അദ്ദേഹം മേഖലയിൽ പൊതുജനപിൻതുണ നേടിയിരുന്നു എന്നത് എതിരാളികൾ പോലും സമ്മതിക്കുന്ന വസ്തുതയായി മാറിക്കഴിഞ്ഞു. ലളിതമായ ജീവിതമായിരുന്നു ഇദ്ദേഹത്തിന്റെ മുഖമുദ്ര.

കക്ഷി -രാഷ്ട്രീയ -ജാതി -മതവ്യത്യാസമില്ലാതെ കോതമംഗലത്ത് നടക്കുന്ന ഒട്ടു മിക്ക പരിപാടികളിലും ക്ഷണിക്കപ്പെടുന്ന ശ്രേഷ്ഠവ്യക്തിത്വമായി ഇദ്ദേഹം വളർന്നതാണ് പ്രധാനമായും എതിരാളികളെ ചൊടിപ്പിച്ചത്. സി പി എമ്മും ആർ എസ് എസും മുസ്ലിം സംഘടനകളും സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തത് ഇക്കൂട്ടർക്ക് പിടിവള്ളിയായി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സംഘടിപ്പിച്ച് ഉന്നതങ്ങളിൽ സമർപ്പിച്ച് എതിർവിഭാഗം ഇദ്ദേഹത്തിനെതിരെയുള്ള നടപടികൾക്ക് വേഗത പകർന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്.

നടപടികൾ ശക്തമായി നീങ്ങവേ ഏതാനും ദിവസം മുമ്പ് രാത്രിയിൽ എതിർചേരിയിലെ ഏതാനുംപേർ സീനായ് മൗണ്ടിലെ ആസ്ഥാനത്തെത്തി ഇദ്ദേഹത്തോട് സ്ഥാനമൊഴിഞ്ഞ് ഉടൻ സ്ഥലംവിടണമെന്ന് ഭീഷണിപ്പെടുത്തിയതായും സഭ്യത വിട്ടുള്ള സംഭാഷണങ്ങൾ ഉണ്ടായതായും പരക്കെ പ്രചരിച്ചിട്ടുണ്ട്.

കോതമംഗലം എം എൽ എ യുമായി ഉണ്ടായിരുന്ന വളരെ അടുത്ത ബന്ധം യൗസേബിയോസിന് ഒരുതരത്തിൽ പാരയായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാർക്‌സിസ്റ്റ് പാളയത്തിലേക്ക് സഭയെ കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്നായിരുന്നു എതിരാളികൾ ഇദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം. മറ്റു സമുദായങ്ങളുടെ പരിപാടിയിൽ പങ്കെടുക്കുക വഴി ഇദ്ദേഹം പൊതുസമൂഹത്തിൽ സഭക്ക് മാനക്കേട് ഉണ്ടാക്കി എന്നും എതിർചേരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സഭാനേതൃത്വ നിരയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ ചിലരും സഭാ മാനേജിങ് ട്രസ്റ്റിയിൽ ഉൾപ്പെട്ടവരും ഒരു വിഭാഗം വൈദികരും ഇദ്ദേഹത്തെ ഇവിടെ നിന്നും പറപ്പിക്കാൻ ചരടുവലികൾ നടത്തിയതായിട്ടാണ് അനുകൂലികളുടെ വെളിപ്പെടുത്തൽ. മറ്റു മത സംഘടനകളുടെ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതോടെ സഭയുടെ മഹത്വം വാനോളമുയരുകയാണുണ്ടായതെന്നും സഭാധ്യക്ഷനിരയിലെ പ്രമുഖനായ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ കുറിച്ച് 'ശ്രേഷഠം ഈ ജീവിതം' എന്നപേരിൽ ഇറക്കിയ പുസ്തകം കോതമംഗലത്ത് പ്രകാശനം ചെയ്തത് സി പി എം നേതാവുകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്നും അനുകൂലികൾ വ്യക്തമാക്കുന്നു.

സഭയുടെ തലവൻ മുഖ്യമന്ത്രിയോട് കാണിക്കുന്ന സമീപനം സ്ഥലം എം എൽ എ യോട് മേഖലാ അധ്യക്ഷൻ കാണിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ആന്റണി ജോൺ എം എൽ എ യുടെ വിവാഹ ചടങ്ങിൽനിന്ന് ഇദ്ദേഹത്തെ വിലക്കിയ സഭനേതൃത്വത്തിന്റെ നടപടിയെ ഏറെ ബാലിശമെന്നാണ് ഇവർ വിശേഷിപ്പിച്ചത്.

സ്ഥാനം ഒഴിയുന്നതിന് മുമ്പ് യൗസേബിയോസ് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിന്റെ പൂർണ രൂപം:

ദൈവതിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ.... കോതമംഗലത്തെ എന്റെ സഹോദരി സഹോദരങ്ങളെ.... കഴിഞ്ഞ 5 വർഷത്തോളം ശ്രേഷ്ഠ ബാവാ തിരുമേനിയുടെ അനുഗ്രഹാശിർവ്വാദങ്ങളോടെ കോതമംഗലത്ത് മഹാ പൗരോഹിത്യത്തിന്റെ ഇടയത്വ ശുശ്രൂഷ നിർവ്വഹിക്കുവാൻ ദൈവം നല്കിയ വലിയ കൃപയെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.... പരി. സഭയുടെ നിയോഗമനുസരിച്ച് കോതമംഗലത്തെ എന്റെ ഇടയത്വ ശുശ്രൂഷ അവസാനിപ്പിച്ച് പുതിയ ദൗത്യത്തിനായി പുറപ്പെടുന്ന ഈ വേളയിൽ;.... കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ സ്‌നേഹം എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളായി കാണുന്നു. വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ നാനാജാതി മതസ്ഥരായ കോതമംഗലത്തുകാർ നൽകിയ സഹകരണത്തിനും കരുതലിനും ഹൃദയംഗമമായ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എല്ലാവർക്കും എല്ലാ വിധ അനുഗ്രഹങ്ങളും സമാധാനവും ദൈവം തമ്പുരാൻ സമൃദ്ധിയായി നല്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന പ്രാർത്ഥനകളിൽ ബലഹീനനായ എന്നേയും ഓർക്കണമേ എന്ന് അപേക്ഷിച്ചു കൊണ്ട്.... പ്രാർത്ഥനാപൂർവ്വം.... ദൈവം അനുഗ്രഹിക്കട്ടെ..... നിങ്ങളുടെ യൗസേബിയോസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP