Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുമ്പികൈക്കുള്ള അടിയേറ്റ് തെറിച്ചുവീണപ്പോൾ ഓടി പാതവക്കിലെ കലുങ്കിനടിയിൽ അഭയം തേടി; ബൈക്ക് യാത്രക്കാരെത്തിയപ്പോൾ തടഞ്ഞു നിർത്തി വിവരം പറഞ്ഞു; ആന ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന് പറയാനുള്ളത്; ടോണിയുടെ മരണത്തിന്റെ നടുക്കം മാറാതെ കോതമംഗലം

തുമ്പികൈക്കുള്ള അടിയേറ്റ് തെറിച്ചുവീണപ്പോൾ ഓടി പാതവക്കിലെ കലുങ്കിനടിയിൽ അഭയം തേടി; ബൈക്ക് യാത്രക്കാരെത്തിയപ്പോൾ തടഞ്ഞു നിർത്തി വിവരം പറഞ്ഞു; ആന ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന് പറയാനുള്ളത്; ടോണിയുടെ മരണത്തിന്റെ നടുക്കം മാറാതെ കോതമംഗലം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ജില്ലയിൽ ഇടമലയാർ-പൂയംകൂട്ടി-കുട്ടമ്പുഴ-കോട്ടപ്പാറ വനമേഖലകളോട്് ചേർന്നുള്ള പാതകളും ജനവാസ കേന്ദ്രങ്ങളും കാട്ടാനകളുടെ വിഹാര കേന്ദ്രമായി. ജീവനും സ്വത്തും സംരക്ഷിക്കാൻ ആയുധമെടുക്കേണ്ട ഗതികേടിലെന്ന് നാട്ടുകാർ. ആദിവാസികളുൾപ്പെടെ നുറുകണക്കിന് കുടുമ്പങ്ങൾ ദിനങ്ങൾ തള്ളി നീക്കുന്നത് ഭയാശങ്കകളുടെ നിറവിൽ.

ഏതുനിമിഷവും കാട്ടാനകൂട്ടങ്ങളുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതി ഈ മേഖലയിലെ ജനങ്ങളുടെ മനസ്സിൽ വേരുറച്ചിട്ട് വർഷങ്ങളായി.രാപകലന്യേ കാടിറങ്ങിയെത്തുന്ന ആനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്ക് ജീവൻ രക്ഷപെട്ട് തങ്ങൾക്കിടയിൽക്കഴിയുന്ന സഹജീവികളുടെ വേദനകളും യാതനകളുമെല്ലാം ഇക്കാര്യത്തിൽ ഇക്കൂട്ടരുടെ ഭയാശങ്കൾ വർദ്ധിപ്പിക്കുന്നുണ്ട്.ബുധനാഴ്ച രാത്രി ഞായപ്പിള്ളിയിൽ നായാട്ട് സംഘത്തിന് നേരെ ഉണ്ടായ കാട്ടാന ആക്രണം പ്രദേശവാസികളിലുണ്ടാക്കിയ ഞെട്ടൽ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.

തട്ടേക്കാട്ടു നിന്നും കുട്ടമ്പുഴയ്ക്കുള്ള റോഡിൽ മൂന്നു കിലോമീറ്റർ പിന്നിട്ടാൽ ഞായപ്പിള്ളിയായി.ഇവിടെ നിന്നു തൊപ്പിമുടിക്ക് പോകും വഴി രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് റബർ തോട്ടങ്ങളാണ്. തുടർന്നു വനംവകുപ്പിന്റെ വൈദ്യൂതി വേലി.ഇവിടെ നിന്നും 900 മീറ്റർ കൂടി സഞ്ചരിച്ചുവേണം നായാട്ടുകാർ ആക്രമിക്കപ്പെട്ട ഞായപ്പിള്ളി മുടിയുടെ താഴ്‌വാരത്തെത്താൻ.

ചുറ്റും ഈറ്റക്കാടുകൾ നിറഞ്ഞ ഈ വനമേഖലയിൽ സദാ ആനക്കൂട്ടമെത്തുന്നുണ്ടെന്ന് വ്യക്തമായി അറിവുള്ള പ്രദേശവാസികൾ കൂടിയായ യുവാക്കൾ എങ്ങിനെ ഈ ദുരന്തമുഖത്തെത്തിയെന്നത് നാട്ടുകാരെ ഇപ്പോഴും വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇവിടെ ആനക്കൂട്ടത്തിന്റെ കൊലവിളിയിൽ വഴുതനാപ്പിള്ളീൽ മാത്യുവിന്റെ മകൻ ടോണി മാത്യു(25)ന് ജീവൻ നഷ്ടമായി.സുഹൃത്ത് ബേസിൽ തങ്കച്ചൻ അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികത്സയിലുമാണ്.

കുഞ്ചിപ്പാറ ആദിവാസിക്കുടിയിലെ അംഗൻവാടി അദ്ധ്യാപിക ലിസ്സി ,ആദിവാസിയായ കൈലാസനാഥൻ,നാട്ടുകാരനായ ജയൻ, മുൻ പഞ്ചായത്തംഗം എബ്രാഹം ജോൺ തുടങ്ങിയവർ അടുത്തകാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ചിലർ മാത്രമാണ്.ഉൾവനങ്ങളിലെ ആദിവാസി മേഖലകളിൽ നടക്കുന്ന ഇത്തരത്തിൽപ്പെട്ട മരണങ്ങൾ പുറത്തറിയാറില്ലന്നതാണ് വാസ്തവം.ആന ശല്യം മൂലം പൊറുതി മുട്ടി കുട്ടമ്പുഴ ഉൾവനത്തിലെ വാരിയം ആദിവാസി ഊരിലെ ഭൂരിപക്ഷം കുടുമ്പങ്ങളും മലയിറങ്ങിയിട്ട് വർഷങ്ങളായി.

നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ മൂലം കാട്ടാനക്കൂട്ടത്തിന്റെ ആക്രണത്തിൽ ആവശനായ തന്റെ ജീവൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണിപ്പോൾ വടാട്ടുപാറ സ്വദേശിയായ പ്രദീപ്്. ആനയുടെ തുമ്പികൈക്കുള്ള അടിയേറ്റ് തെറിച്ചുവീണ താൻ ഒടി പാതവക്കിലെ കലുങ്കിനടിയിൽ ആഭയം തേടിയെന്നും ഈ സമയം ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി വിവരമറിയിക്കുകയും ഇയാൾ നാട്ടുകാരെ കൂട്ടിയെത്തി തന്നെ ആശുപത്രിയിലെത്തിക്കുക ആയിരുന്നെന്നും പ്രദീപ് പറഞ്ഞു. കളമശ്ശേരി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ച പ്രദീപിന്റെ മാനസീക-ശാരീരിക നില വീണ്ടെടുക്കാൻ ആഴ്ചകൾ തന്നെ വേണ്ടിവന്നു.

പൂയംകുട്ടി, ഇടമലയാർ, തുണ്ടം, കരിമ്പാനി, പിണവൂർക്കുടി, തട്ടേക്കാട് വനങ്ങൾ കാട്ടാനകളുടെ ആവാസകേന്ദ്രങ്ങളാണ്. വനത്തിലെ സ്വാഭാവിക ഭക്ഷ്യശൃംഘല നഷ്ടമായതിനെത്തുടർന്നാണ് ഇവ ജനവാസ കേന്ദ്രങ്ങിലെത്തുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അടിക്കടി നാട്ടിലിറങ്ങുന്ന കാട്ടാനകൾ വൻ ദുരന്തങ്ങൾ വിതച്ചാണ് കാട്ടിലേക്കു മടങ്ങുന്നത്. ജീവനും സ്വത്തിനും നിരന്തര ഭീഷിണിയായി മാറിയിട്ടുള്ള ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തങ്ങൾ സ്വന്തം നിലയിൽ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം.

ഗതികേടിന്റെ മൂർദ്ധന്യവസ്ഥയിൽ ഉറ്റവരെ സംരക്ഷിക്കാൻ തങ്ങൾ തോക്കെടുത്താൽ അധികൃതർ എന്തുന്യായം നിരത്തി തങ്ങളേ ശിക്ഷിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP