Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ ആരും കേൾക്കുന്നില്ല; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷയും വെറുതെയായി; പിറവത്തിന് പിന്നാലെ കോതമംഗലത്തും വിശ്വാസികളെ കാത്തിരിക്കുന്നതെന്ന് നിരാശ; അപ്പീൽ നൽകലിലും വലിയ പ്രതീക്ഷ വേണ്ട; ജസ്റ്റീസിന് വധഭീഷണികത്ത് കിട്ടിയതിന് പിന്നിലും കള്ളക്കളി സംശയിച്ച് സഭാ നേതൃത്വം; കളക്ടറെ ശിക്ഷിച്ച് ജയിലിൽ അടയ്ക്കുമെന്ന കോടതി പരമാർശത്തിൽ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാർ തന്നെ

സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ ആരും കേൾക്കുന്നില്ല; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷയും വെറുതെയായി; പിറവത്തിന് പിന്നാലെ കോതമംഗലത്തും വിശ്വാസികളെ കാത്തിരിക്കുന്നതെന്ന് നിരാശ; അപ്പീൽ നൽകലിലും വലിയ പ്രതീക്ഷ വേണ്ട; ജസ്റ്റീസിന് വധഭീഷണികത്ത് കിട്ടിയതിന് പിന്നിലും കള്ളക്കളി സംശയിച്ച് സഭാ നേതൃത്വം; കളക്ടറെ ശിക്ഷിച്ച് ജയിലിൽ അടയ്ക്കുമെന്ന കോടതി പരമാർശത്തിൽ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഇനി സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാർ. ഉത്തരവ് നടപ്പാക്കാൻ രണ്ടുമാസം വേണ്ടിവരുമെന്ന എറണാകുളം ജില്ലാകളക്ടറുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അതിനിടെ സിംഗിൾ ബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ പിഴവിന്റെ പേരിൽ ഡിവിഷൻബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചില്ല. പിഴവുതീർത്ത് ബുധനാഴ്ച വീണ്ടും സമർപ്പിക്കാമെന്ന് ജസ്റ്റിസ് എ.എം. ഷഫീക്ക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ ബഞ്ച് അപ്പീലിൽ എടുക്കുന്ന തീരുമാനം ഏറെ നിർണ്ണായകമായി. പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവിന്റെ പേരിൽ തനിക്ക് വധഭീഷണിക്കത്ത് കിട്ടിയതായി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വാദത്തിനിടെ പറഞ്ഞതും ഏവരേയും ഞെട്ടിച്ചു.

'ഞങ്ങൾ നീതി പീഠത്തോട് ആദരവ് കാണിക്കുന്നവർ തന്നെയാണ്. സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഒഴിഞ്ഞുപോകില്ലല്ലോ. ബലമായിട്ട് ഇറക്കി വിടണം. ജില്ലാഭരണകൂടവും പൊലീസ് ഓഫീസേഴ്സും ഞങ്ങളോട് സഹകരിക്കണം. ഞങ്ങൾ വൈദികരെ അടക്കം അറസറ്റ് ചെയ്താൽ സമാധാനമുണ്ടാകുമെന്നാണ് ഓർത്തഡോക്സ വിഭാഗവും കോടതികളും കരുതുന്നതെങ്കിൽ അങ്ങനെ ചെയ്തോളൂ. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമ വ്യവസ്ഥയുടെ കാല് പിടിക്കുകയാണ്.' പിറവം പള്ളി പൊലീസ് സംഘം ഒഴിപ്പിക്കാൻ എത്തിയപ്പോൾ യാക്കോബായ സഭാ പ്രതിനിധികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി പള്ളിയെ ജില്ലാ കളക്ടർ സുഹാസ് ഒഴിപ്പിച്ചെടുത്തു. ഇനി ഈ നിലവിളികൾ കോതമംഗലത്തും ഉയരും. ഈ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാൻ സർക്കാരിനെ ബാധ്യത പെടുത്തുന്ന കോടതി നിരീക്ഷണമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയത്.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുള്ളതിനാൽ സിഗിംൾ ബഞ്ചിന്റെ അപ്പീൽ ഡിവിഷൻ ബഞ്ചിലെത്തിയാലും യാക്കോബായ സഭയ്ക്ക് പ്രതീക്ഷകൾക്ക് വകയില്ല. അങ്ങനെ കോതമംഗലത്തെ പള്ളികേസിൽ സമ്പൂർണ്ണ നിരാശയിലേക്ക് വഴി മാറുകയാണ് യാക്കോബയ വിഭാഗം. പള്ളിയിൽ നിന്ന് ഒഴിയില്ല. ഓർത്തഡോക്സ് -യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കും മുമ്പ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആരുപിൻവാങ്ങും ആരു കീഴടങ്ങും എന്നതല്ല, രക്തച്ചൊരിച്ചിൽ ഇല്ലാതെ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ കഴിയുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകിച്ച് കളക്ടർ എസ്.സുഹാസിന്റെ തന്റേടത്തോടെയുള്ള ഇടപെടലും കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും യാക്കോബായ പക്ഷത്തെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചതോടെയാണ് സംഘർഷം ഒഴിഞ്ഞത്. ഏറ്റുമുട്ടലോ, ലാത്തി വീശലോ ഇല്ലാതെ സംഘർഷം ഒഴിഞ്ഞു. എന്നാൽ കോതമംഗലം പള്ളിയിൽ യാക്കോബായക്കാർ കുറച്ചു കൂടി അവേശത്തോടെയാണ് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് ജില്ലാ കളക്ടർക്ക് കൂടുതൽ ശക്തമായ ഇടപെടൽ നടത്താനാവാത്തത്. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്യുന്നത്.

ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി ഉണ്ടായെന്ന കോടതി പരാമർശം ഗൗരവമായി പരിഗണിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. കോടതികളെ പ്രകോപിപ്പിച്ച് യാക്കോബായ സഭയ്ക്ക് എതിരാക്കുവാനുള്ള മറുവിഭാഗത്തിന്റെ ഗൂഢതന്ത്രമാണ് ഇതെന്ന് സംശയിക്കുന്നുവെന്നും സഭാ വക്താക്കൾ പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ വഴി എതിർവിഭാഗം യാക്കോബായ സഭയ്ക്ക് എതിരേ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ സംശയത്തിന് ബലം കൂട്ടുന്നു. ഇതിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യാക്കോബായക്കാർ ആവശ്യപ്പെടുന്നു. യാക്കോബായ സഭയുടെ നാല്പതോളം പള്ളികളിൽനിന്ന് വിശ്വാസികളെ തെരുവിലേക്കിറക്കി വിട്ടപ്പോഴും അക്രമത്തിന്റെ മാർഗങ്ങൾ സ്വീകരിക്കാതെ റോഡരുകിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും സഹന സമരമുറകൾ സ്വീകരിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സഭ മീഡിയാസെൽ ചെയർമാൻ ഡോ. കുരിയാക്കോസ് മാർ തെയ്യോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എറണാകുളം കളക്ടർ എസ്. സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനെ ഗൗരവത്തോടെയാണ് യാക്കോബയക്കാർ കാണുന്നത്. ഇക്കാര്യത്തിൽ പരിമിതമായ മാർഗങ്ങളേ മുന്നിലുള്ളൂവെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ വാദത്തിനിടെ ഓർമിപ്പിച്ചു. ഒന്നുകിൽ കളക്ടറെ ശിക്ഷിച്ച് ജയിലിലേക്കയക്കാം. അല്ലെങ്കിൽ ഉത്തരവ് നടപ്പാക്കാൻ മറ്റേതെങ്കിലും സേനയോട് ആവശ്യപ്പെടാം. വിധി നടപ്പാക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടിരിക്കുന്നു. അത് സംസ്ഥാനത്തിനുതന്നെ നാണക്കേടാണ്. കോതമംഗലം മാർത്തോമ പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നുകാണിച്ച് ഓർത്തഡോക്‌സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണിത്. രാവിലെ ഹർജി ആദ്യം പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. തുടർന്ന് ഉടൻ ഹാജരാവണമെന്ന നിർദ്ദേശത്തോടെ അല്പനേരം കഴിഞ്ഞ് വീണ്ടും പരിഗണിച്ചപ്പോഴാണ് കളക്ടറെത്തിയത്.

ഒരുവിഭാഗം ആൾക്കാരുടെ പ്രതിഷേധം, ചിലരുടെ ആത്മഹത്യാ ഭീഷണി തുടങ്ങിയവമൂലമാണ് കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നതെന്നായിരുന്നു കളക്ടർ എസ്. സുഹാസ് ബോധിപ്പിച്ചത്. എന്നാൽ, പ്രതിഷേധക്കാരുടെ സാന്നിധ്യവും ആത്മഹത്യാ ഭീഷണിയുമൊന്നും നടപടി വൈകാനുള്ള കാരണമല്ല. ഉത്തരവിനോടുള്ള അവഗണന കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. വിധി നടപ്പാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാവും. നിയമസംവിധാനത്തെയാകെ അത് ബാധിക്കും. കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർ താത്പര്യം കാണിക്കാത്തത് കോടതിക്ക് നാണക്കേടാണ്. സിങ്കിൾ ബെഞ്ചിന്റെ ഏറ്റെടുക്കൽ ഉത്തരവിന് സ്റ്റേ ഇല്ലെന്നിരിക്കെ അത് നടപ്പാക്കാൻ കളക്ടർ ബാധ്യസ്ഥനാണ്. ഉത്തരവ് നടപ്പാക്കാൻ ഗൗരവമായ ശ്രമം നടത്താത്തതാണ് നടപടി നീളാൻ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ എന്തെങ്കിലുമൊരു നടപടിയെടുത്തതായി കാണിക്കാനാവുമോയെന്നും കോടതി ചോദിച്ചു.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം പള്ളി ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പള്ളിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും സ്ഥിതിഗതികൾ ശാന്തമായ ശേഷം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.പള്ളിയിൽനിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർ സ്വീകരിക്കണമെന്നും കോടതി ഉത്തരവ് കളക്ടർ നടപ്പാക്കിയില്ല. ഇതാണ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങൾക്ക് കാരണം.

കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോൾ റമ്പാൻ ആണ് ഹരജി നൽകിയത്. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP