Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകെയുള്ളത് നാല് പൈപ്പുകൾ; കുടിവെള്ളം ആഴ്ചയിലൊരിക്കൽ പാതി രാത്രിയിൽ മാത്രം വരും; തൊട്ടടുത്ത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമുള്ള ബാണാസുര സാഗർ ഡാം; കൂവൽതോട് കോളനിയിലുള്ളവർ ഇപ്പോഴും കുടിവെള്ളമെത്തിക്കുന്നത് തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി

ആകെയുള്ളത് നാല് പൈപ്പുകൾ; കുടിവെള്ളം ആഴ്ചയിലൊരിക്കൽ പാതി രാത്രിയിൽ മാത്രം വരും; തൊട്ടടുത്ത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമുള്ള ബാണാസുര സാഗർ ഡാം; കൂവൽതോട് കോളനിയിലുള്ളവർ ഇപ്പോഴും കുടിവെള്ളമെത്തിക്കുന്നത് തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ് ബാണാസുരസാഗർ ഡാം. ലക്ഷക്കണക്കിന് ജലമുൾകൊള്ളാൻ കഴിവുള്ള ഈ ഡാമിന് സമീപത്താണ് കൂവൽതോട് കോളനി സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറേത്തറ പഞ്ചായത്തിലുൾപെടുന്ന പ്രദേശമാണ്. മുറ്റത്ത് നിന്ന് നോക്കിയാൽ പരന്ന് കിടക്കുന്ന ഡാമിലെ വെള്ളം കാണാമെങ്കിലും കൂവൽതോട് കോളനിയിലെ 30 കൂടുംബങ്ങൾക്ക് ഇന്നും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ടതുണ്ട് കുടിവെള്ളമെത്തിക്കാൻ.

കോളനിക്ക് താഴെ ഡാമിന്റെ ഷട്ടറുകൾക്ക് അഭിമുഖമായി നിൽക്കുന്ന റോഡരികിലെ കിണറിൽ നിന്ന് വേണം ഇവർക്ക് വീടുകളിലേക്കാവശ്യമായ കുടിവെള്ളമെത്തിക്കാൻ. 1996ലാണ് രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയിലുൾപെടുത്തി കൂവൽതോട് കോളനിയിൽ വാട്ടർടാങ്കും പൈപ്പുകളും സ്ഥാപിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇവ പ്രവർത്തന രഹിതമാണ്. അന്ന് മുതൽ കൂവൽതോട് കോളനിയിലുള്ളവർ ഒരു കിലോമീറ്ററിലധികം താഴെയുള്ള പദ്ധതിക്കായി നിർമ്മിച്ച കിണറിൽ നിന്ന് കോരിയാണ് വെള്ളമെടുക്കുന്നത്.

ഇത്രയും ദൂരം കുത്തനെയുള്ള കയറ്റം കയറിവേണം വീടുകളിൽ വെള്ളമെത്തിക്കാൻ. ഇതിപ്പോൾ കോളനിയിലെ എല്ലാ വീടുകളിലെയും വൈകുന്നേരങ്ങളിലെ സ്ഥിരം ജോലിയായി മാറിയിരിക്കുന്നു. സ്ത്രീയോ പുരുഷനോ, കുട്ടികളോ മുതിർന്നവരോ വ്യത്യാസമില്ലാതെ കഴിഞ്ഞ ഒരു വർഷക്കാലമായി കൂവൽതോട് കോളനിയിലെ എല്ലാ വീട്ടുകാരും വൈകിട്ട് കുടവുമായി കിലോമീറ്ററുകൾ നടക്കുകയാണ്.

1996ൽ രാജിവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വാട്ടർടാങ്ക് കേടായിട്ട് വർഷമൊന്ന് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പൈപ്പുകളാകട്ടെ പലയിടത്തും പൊട്ടിപ്പോയ അവസ്ഥയിലാണ്. കോളനിയിലാകെ നാല് പൈപ്പുകളാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചത്. പ്രവർത്തിച്ചിരുന്ന സമയത്ത് പോലും രാത്രിയിൽ രണ്ട് മണിക്കൂർ മാത്രമാണ് ഇതിലൂടെ വെള്ളം ലഭിച്ചിരുന്നത്. അതും ആഴ്ചയിൽ ഒരു തവണ മാത്രം.

ഇപ്പോൾ അതും നിലച്ചതോടെയാണ് ജനങ്ങൾക്ക് കുടമെടുത്ത് വെള്ളം തേടിയിറങ്ങേണ്ടി വന്നത്. മഴക്കാലത്ത് കുടിവെള്ളം മാത്രം ഇത്തരത്തിൽ കണ്ടെത്തിയാൽ മതിയെങ്കിൽ വേനൽകാലത്ത് മറ്റെല്ലാ ആവശ്യങ്ങൾക്കുള്ള വെള്ളവും ഇത്തരത്തിൽ തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാർ. മഴക്കാലത്ത് മറ്റാവശ്യങ്ങൾക്കുള്ള വെള്ളം പരമ്പരാഗതമായ മാർഗത്തിലൂടെ ഇവർ ശേഖരിക്കുന്നുണ്ട്. നാല് കാലിൽ തുണികെട്ടി മഴവെള്ളം അതിലേക്ക് വീഴ്‌ത്തി അത് കുടത്തിലാക്കിയാണ് ഇവർ മഴവെള്ളം സംഭരിക്കുന്നത്. എന്നാൽ കുടിക്കാനോ പാകം ചെയ്യാനോ ഉപയോഗിക്കാൻ കഴിയില്ല. മഴക്കാലത്ത് മാത്രമേ ഇത് പ്രാവർത്തികമാകൂ.

പകരം സംവിധാനമായി നിലവിലുള്ള പൈപ്പുകളിലേക്ക് മറ്റൊരു കുടിവെള്ള പദ്ധതിയുടെ കണക്ഷൻ നൽകിയെങ്കിലും അതും കൃത്യമായി പ്രവർത്തിക്കുന്നില്ല. പല തവണ ബന്ധപ്പെട്ട അധികാരികളിൽ ഈ പ്രശനമുന്നയിച്ചെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. ഒരു തവണ ഉദ്യോഗസ്ഥർ വന്ന്, കാര്യങ്ങളെല്ലാം മനസ്സിലാക്കി പോയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്ന് കോളനിയിലെ താമസക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP