Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിച്ചമർത്താൻ സർക്കാർ; ആദ്യവെടി പൊട്ടിച്ചത് പുതുവൈപ്പിനിൽ; കൂടംകുളം ലൈൻ വലിക്കുന്നതിന്റെ പേരിൽ സ്വകാര്യഭൂമി കൈയേറി ഉദ്യോഗസ്ഥരുടെ തോന്ന്യാസം; കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡുണ്ടാക്കിയതിനെ എതിർത്തവരെ ജാമ്യമില്ലാ കേസിൽ കുടുക്കുമെന്ന് ഭീഷണി; പിണറായി സർക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പിൽ ഭയന്ന് പിന്മാറി സമരക്കാർ

അടിച്ചമർത്താൻ സർക്കാർ; ആദ്യവെടി പൊട്ടിച്ചത് പുതുവൈപ്പിനിൽ; കൂടംകുളം ലൈൻ വലിക്കുന്നതിന്റെ പേരിൽ സ്വകാര്യഭൂമി കൈയേറി ഉദ്യോഗസ്ഥരുടെ തോന്ന്യാസം; കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡുണ്ടാക്കിയതിനെ എതിർത്തവരെ ജാമ്യമില്ലാ കേസിൽ കുടുക്കുമെന്ന് ഭീഷണി; പിണറായി സർക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പിൽ ഭയന്ന് പിന്മാറി സമരക്കാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാട്ടിൽ എന്തു വികസനം വന്നാലും അതിനെതിരേ കൊടിപിടിച്ച് സമരം നടത്തിയിരുന്ന സി.പി.എം ഒരുപാട് മാറി. തങ്ങൾ നടത്തിയ സമരങ്ങൾ എല്ലാം അധികാരത്തിൽ വന്നപ്പോൾ വിസ്മരിച്ചിരിക്കുകയാണ് പിണറായിയും കൂട്ടരും. വികസനത്തിന് തടസം നിൽക്കുന്നവർ ആരായാലും അടിച്ചമർത്താൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.

ഇതിന്റെ ട്രയൽ റൺ നടന്നത് പുതുവൈപ്പിനിലായിരുന്നു. എൽഎൻജി ടെർമിനലിന് എതിരേ സമരം നടത്തിയവരെ യതീഷ്ചന്ദ്ര എന്ന ഐപിഎസുകാരനെ ഇറക്കി അടിച്ചോടിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതിന്റെ തനിയാവർത്തനമാണ് കൂടംകുളം ലൈൻവലിക്കുന്ന വിഷയത്തിലുമുള്ളത്. ലൈനിന് ടവർ നിർമ്മിക്കുന്നതിന് ഉൾപ്പെടെ ഏറ്റെടുത്ത ഭൂമിക്ക് പുറമേ, ഇവിടേക്ക് സാധനവും മറ്റും എത്തിക്കാൻ മറ്റുള്ളവരുടെ ഭൂമി കൂടി കൈയേറുകയാണ് ഉദ്യോഗസ്ഥർ. ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ ഇവർ ഭൂമി കൈയേറി റോഡ് വെട്ടി. എതിർപ്പുമായി രംഗത്തു വന്ന ഉടമകളെ ജാമ്യമില്ലാ വകുപ്പിൽപ്പെടുത്തി അകത്താക്കുമെന്ന് ഭീഷണിയും. ഇതോടെ സമരക്കാർ ഭയന്ന് പിന്മാറിയിരിക്കുകയാണ്.

കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കാൻ ബലം പ്രയോഗിച്ചാണ് ടവർ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. സമരസമിതിയും സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് ധാരണകൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് ടവർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ടവർ നിർമ്മാണത്തിനും 400 കെവി ലൈൻ വലിക്കുന്നതിനും പത്തുമീറ്റർ വീതിയിൽ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ നേരത്തെ പറഞ്ഞിരുന്നത്. അതിനു വിരുദ്ധമായി ടവർ നിർമ്മാണത്തിന് സമഗ്രികൾ എത്തിക്കുന്നതിന് കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡ് നിർമ്മിക്കുകയാണ് അധികൃതർ.

തടയാൻ ശ്രമിച്ചാൽ അകത്ത് കിടക്കേണ്ടി വരുമെന്ന് ഭയന്ന് ആരും അതിന് ഒരുമ്പെടുന്നില്ല. പ്രതികരിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കാനാണ് ആഭ്യന്തര, ഊർജ വകുപ്പ് സെക്രട്ടറിമാർ ജില്ലാ കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

മണ്ണാറക്കുളഞ്ഞി തേവടത്ത് തോമസ് മാത്യു, റെജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ മുപ്പത് മീറ്ററോളം നീളത്തിലാണ് ടവർ നിർമ്മാണത്തിനുള്ള സാധനങ്ങൾ എത്തിക്കാൻ മണിക്കൂറുകൾക്കുള്ളിൽ പവർ ഗ്രിഡ് കോർപ്പറേഷൻ റോഡ് നിർമ്മിച്ചത്. വീട്ടുകാർ തടുക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിർമ്മാണം കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ജെസിബി വീട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. ടവർ നിർമ്മാണത്തിന് 65 മൂട് റബർ മരങ്ങൾ വെട്ടിമാറ്റാൻ ഭൂവുടമകൾ സമ്മതം നൽകിയിരുന്നു. ഇതിനു പുറമേയാണ് ബലം പ്രയോഗിച്ചുള്ള റോഡ് നിർമ്മാണം.

റബർമരം വെട്ടിമാറ്റുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ച് പണം ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം മാത്രമേ നിർമ്മാണം തുടങ്ങൂവെന്നാണ് 2014 ഓഗസ്റ്റ് 19 ന് പവർഗ്രിഡ് കോർപ്പറേഷനും കൂടംകുളം സമരസമിതിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് വ്യവസ്ഥയിലുള്ളത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് 2015 ജൂലൈ 30ന് ഇറങ്ങുകയും ചെയ്തു.സ്ഥലം അളന്നതല്ലാതെ ചില്ലിക്കാശ് ആരുടേയും ബാങ്ക് അക്കൗണ്ടിൽ ഇതുവരെ എത്തിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ലൈൻ വലിക്കുന്നതിനായി പൊളിച്ചു നീക്കുന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി മുഴുവൻ തുകയും നൽകുമെന്നാണ് കരാറിൽ പറയുന്നത്.

കൂടാതെ ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ 40% തുക നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലൈനിന് താഴെയുള്ള ശേഷിക്കുന്ന തുണ്ടുഭൂമി കൊണ്ട് ഉടമയ്ക്ക് കാര്യമായ ഉപയോഗമില്ലെങ്കിൽ അതും ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. റബർ മരങ്ങൾക്ക് വില നിലവാര സൂചിക അനുസരിച്ച് വില നൽകുമെന്നാണ് പറഞ്ഞിരുന്നത്. മരങ്ങൾ എത്ര വർഷം വെട്ടി, എത്ര വർഷം കൂടി വെട്ടാം, അവയുടെ വലിപ്പം എന്നിവയാണ് സൂചികയിൽ പരാമർശിച്ചിരുന്നത്. പക്ഷേ ഇവയൊന്നും പ്രാവർത്തികമായിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കൂടംകുളം പദ്ധതി ഒരു പരിധി വരെ പരിഹാരമാണെങ്കിൽ അത് പ്രാവർത്തികമാകട്ടെ എന്നു കരുതിയാണ് സർക്കാർ നിർദ്ദേശിച്ച ഉടമ്പടിയിൽ ഒപ്പിടാൻ ഒടുവിൽ കൂടംകുളം പവർ ഹൈവേ വിരുദ്ധ കർമ സമിതി തീരുമാനിച്ചതെന്ന് കൺവീനർ ജ്യോതിഷ്‌കുമാർ മലയാലപ്പുഴ പറയുന്നു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാകാനുള്ള ഏക ലൈനാണ് കൊല്ലം ജില്ലയിലെ ഇടമൺ മുതൽ എറണാകുളത്തെ പള്ളിക്കര വരെയുള്ള 149 കി.മീറ്റർ ആകാശദൂരം വരുന്ന പവർ ഹൈവേ. പദ്ധതിയുടെ ഭാഗമായ കൂടംകുളം-തിരുനെൽവേലി ലൈൻ നേരത്തെ പൂർത്തിയായിരുന്നു. കൊച്ചി പള്ളിക്കര-തൃശൂർ മാടക്കത്തറ ലൈൻ 2011 ഡിസംബർ ഒന്നിന് കമ്മിഷൻ ചെയ്തു. പള്ളിക്കരയിലെ 400 കെ.വി സബ്സ്റ്റേഷൻ നിർമ്മാണവും പുർത്തിയായി.

വ്യവസ്ഥകൾ പാലിക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലൈൻ വലിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം രൂക്ഷമാണ്. കൊല്ലം-22, പത്തനംതിട്ട-51, കോട്ടയം-48, എറണാകുളം 28 കി.മീറ്റർ ഭാഗങ്ങളിലാണ് 400 കെ.വി ലൈൻ വലിക്കാനുള്ളത്.
തുടക്കം മുതൽ തന്നെ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ കർശന നിലപാടാണ് പദ്ധതി വൈകാൻ കാരണമെന്ന് കൂടംകുളം സമരസമിതി കുറ്റപ്പെടുത്തുന്നു. 2008-ൽ 256 കോടി രൂപാ ചെലവു പ്രതീക്ഷിച്ച് വിഭാവന ചെയ്ത പദ്ധതിക്ക് ഇപ്പോൾ 340 കോടിയാണ് കണക്കാക്കുന്നത്. ലൈൻ വലിക്കാനായി കൊല്ലം ജില്ലയിൽ 63 ടവറുകളാണ് നിർമ്മിക്കേണ്ടത്.

പത്തനംതിട്ട-152, കോട്ടയം-137, എറണാകുളം-85 എന്നിങ്ങനെ ടവറുകൾ നിർമ്മിക്കണം. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിർമ്മാണം നടന്നു വരുന്നു. കോട്ടയത്ത് 18 കി.മീറ്റർ ഭാഗത്ത് ഇതുവരെ സർവേ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP