Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂത്തുപറമ്പിലേക്ക് എം വി രാഘവൻ എത്തിയാൽ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ്; വകവെക്കാതെ രാഘവൻ എത്തിയതോടെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളികൾ ഉയർത്തി സഖാക്കൾ; രംഗം കലുഷിതമയതോടെ വെടിയുതിർത്ത് പൊലീസ്; അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പനും; കാലം മാറിയപ്പോൾ 'ചെകുത്താൻ രാഘവന്റെ' മകൻ ചെങ്കൊടിയേന്തി വോട്ടു തേടി; കൂത്തുപറമ്പ് രക്തസാക്ഷി ദിനം വീണ്ടുമെത്തുമ്പോൾ അവശേഷിക്കുന്നത്

കൂത്തുപറമ്പിലേക്ക് എം വി രാഘവൻ എത്തിയാൽ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ്; വകവെക്കാതെ രാഘവൻ എത്തിയതോടെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളികൾ ഉയർത്തി സഖാക്കൾ; രംഗം കലുഷിതമയതോടെ വെടിയുതിർത്ത് പൊലീസ്; അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പനും; കാലം മാറിയപ്പോൾ 'ചെകുത്താൻ രാഘവന്റെ' മകൻ ചെങ്കൊടിയേന്തി വോട്ടു തേടി; കൂത്തുപറമ്പ് രക്തസാക്ഷി ദിനം വീണ്ടുമെത്തുമ്പോൾ അവശേഷിക്കുന്നത്

രഞ്ജിത്ത് ബാബു

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഈ മാസം 25 ന് ആചരിക്കപ്പെടുകയാണ്. 1994 നവംബർ 25 ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ച് യുവാക്കളാണ് രക്തസാക്ഷികളായത്. പരേതനായ എം. വി. രാഘവനെ പ്രതിസ്ഥാനത്തു നിന്ന് മാറ്റിയിട്ട് സിപിഎം. ആചരിക്കുന്ന മൂന്നാമത് രക്തസാക്ഷിത്വ ദിനം കൂടിയാണിത്. 2015 വരെ സിപിഎം. നെ സംബന്ധിച്ച് മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായിരുന്നു എം. വി. ആർ. രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ട എം വി ആറിനെ വീണ്ടും സിപിഎം. ധീരനായ നേതാവാക്കി ഉയർത്തി. ഒന്നും എം വി ആർ അറിഞ്ഞിരുന്നില്ല. എം വി ആറിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ മുമ്പ് കൊലയാളിയെന്ന് വിളിപ്പേര് നൽകിയവർ തന്നെ രാഘവന് വീണ്ടും വീരപരിവേഷം നൽകി. കണ്ണൂരിലെ സിപിഎം. ന് എല്ലാമായിരുന്നു ഒരുകാലത്ത് എം വി ആർ. 1968 ൽ സിപിഎം. സംസ്ഥാന നേതൃത്വം നിർദേശിച്ച പാനലിലെ മുഴുലവൻ പേരേയും വെട്ടി നിരത്തി എം വിആർ. കണ്ണൂരിൽ ആധിപത്യം സ്ഥാപിച്ചു. രാഘവൻ നിർദേശിച്ചവർ മത്സരിച്ച് ജയിക്കുകയും എം. വി. ആർ. ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. സിപിഎം. സംസ്ഥാന കമ്മിറ്റിയോട് നേരിട്ട് ഏറ്റുമുട്ടി താൻ ഉദ്ദേശിക്കുന്നവരെ മാത്രം പിൻഗാമിയാക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുത്തുകകയും ചെയ്തു.

പാർട്ടിയുടെ താത്വികാചാര്യൻ ഇ.എം. എസ് ആണെങ്കിലും കണ്ണൂർ ശൈലിയിൽ പ്രസംഗിക്കുകയും എതിരാളികളെ പരിഹസിക്കുകയും ചെയ്യുന്ന രാഘവനായിരുന്നു അണികളുടെ പ്രിയംങ്കരൻ. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും എന്ന ശൈലി സ്വീകരിച്ചതും എം വി ആറിന്റെ കാലത്താണ്. എന്നാൽ ഇ.എം. എസിന് രാഘവന്റെ ശൈലിയോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇന്നത്തെ കാസർഗോഡ് ഉൾപ്പെടെയുള്ള അവിഭക്ത കണ്ണൂർ ജില്ലയിൽ രാഘവൻ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി ഉയർന്നതും ഇ.എം. എസിന് സഹിച്ചിരുന്നില്ല. ഇ.എം. എസ്. പങ്കെടുത്ത കോഴിക്കോട്ടെ ഒരു വേദിയിൽ രാഘവന് പതിവിലധികം മുദ്രാവാക്യം വിളി ഉയർന്നതോടെ ഇ.എം. എസ് ഇയാൾക്കെചതിരെ നോട്ടമിട്ടിരുന്നു. ഇക്കാര്യം കോഴിക്കോട്ടെ ഒരു സീനിയർ നേതാവ് മുന്നറിയിപ്പായി രാഘവനോട് പറഞ്ഞിരുന്നു,. എന്നാൽ അതെല്ലാം എം വി ആർ അവഗണിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും പ്രതിനിധികളെ നിർദേശിച്ചപ്പോൾ ഇ.എം. എസ്. രാഘവന്റെ പേരൊഴിവാക്കി. രാഘവനേക്കാൾ ജൂനിയറായ എസ്. രാമചന്ദ്രൻ പിള്ള, എം. എം. ലോറൻസ്, കെ,എം, രവീന്ദ്രനാഥ് എന്നിവരാണ് പ്രതിനിധികളായത്.

1980 ൽ എ.കെ. ആന്റണി, കെ.എം. മാണി എന്നിവരുടെ പിൻതുണയോടെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും എം വി ആറിനെ കാഴ്ചക്കാരനാക്കി നിർത്തി. അന്ന് പ്രചരിച്ച കഥ ഇങ്ങിനെ. രാഘവന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തതാണ് മാറ്റി നിർത്താൻ പ്രധാന കാരണമായതെന്നും പരിഹാസ ചുവയോടെ ഇ.എം. എസ്. പറഞ്ഞുവെന്നാണ് കേട്ടുകേൾവി. ഈ അവഗണനക്കെതിരെ രാഘവൻ പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട പുത്തലത്ത് നാരാണനേയും പി.വി. കുഞ്ഞിക്കണ്ണനേയും ഒപ്പം കൂട്ടി രാഘവൻ പാർട്ടിയോട് തന്നെ യുദ്ധം പ്രഖ്യാപിച്ചു. പാർട്ടി ലൈനിനെ വെല്ലുവിളിച്ച് സാമുദായിക സംഘടനകളുമായി തെരഞ്ഞെടുപ്പ് ധാരണയും സഖ്യവുമാവാമെന്ന നിലപാടിൽ ബദൽ രേഖ തയ്യാറാക്കി. മുസ്ലിം ലീഗുമായി സഖ്യം വേണമെന്ന വാദവും ഉന്നയിച്ചു. ഈ സമാന്തര രേഖ തയ്യാറാക്കുമ്പോൾ ഇ.കെ. നായനാരും ദക്ഷിണാ മൂർത്തിയും രാഘവനൊപ്പമുണ്ടായിരുന്നു. എന്നാൽ രേഖയിൽ ഒപ്പിടേണ്ട വേളയിൽ ഇവർ രണ്ടു പേരും മാറിക്കളഞ്ഞു.

ബദൽ രേഖ പാസാവുകയാണെങ്കിൽ എം. വി. ആർ അന്ന് സിപിഎം. ന്റെ മുടി ചൂടാമന്നനാവുമായിരുന്നു. നായനാറും ദക്ഷിണാ മൂർത്തിയും വഞ്ചിച്ചിരുന്നില്ലെങ്കിൽ ചിത്രം തന്നെ മാറുമായിരുന്നുവെന്ന് രാഘവൻ പരസ്യമായി പറയുമായിരുന്നു. എന്നിട്ടും ഡി.വൈ. എഫ്.ഐ. ദേശീയ പ്രസിഡണ്ട് സ്ഥാനത്ത് രാഘവന്റെ നോമിനിയായ എം. വിജയകുമാർ ജയിച്ചു കയറുകയും ചെയ്തു. സിപി. എം. നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. എം.എ ബേബിയെയായിരുന്നു അന്ന് പാർട്ടി ദേശീയ പ്രസിഡണ്ട് സ്ഥാനത്ത് നിർദേശിച്ചിരുന്നുത്. എന്നാൽ ബംഗാൾ ഘടകവുമായി രഹസ്യ ധാരണയിൽ രാഘവൻ തന്റെ ഇഷ്ടക്കാരനെ ജയിപ്പിക്കുകയായിരുന്നു. രാഘവൻ മലബാർ ലോബി കളിക്കുയാണെന്നാരോപിച്ച് ദക്ഷിണ കേരളത്തിലെ നേതാക്കളെ നിർത്തി ബദൽ രേഖക്കാരെ ഒറ്റപ്പെടുത്തി. അങ്ങിനെ 1985 ലെ കൊച്ചി സമ്മേളനത്തിൽ ബദൽ രേഖ തിരസ്‌ക്കരിക്കുകയും രാഘവൻ ഉൾപ്പെടെയുള്ളവരെ സസ്പെന്റെ് ചെയ്യുകയും ചെയ്തു.

1986 ൽ ഇ.എം. എസ്. കണ്ണൂർ സന്ദർശിച്ചപ്പോൾ സഹ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ കാണാൻ രാഘവൻ ഗസ്റ്റ് ഹൗസിൽ ചെന്നു. എനിക്കൊന്നും പറയാനില്ല എന്ന മറുപടിയാണ് ഇ.എം. എസിൽ നിന്ന് ലഭിച്ചത്. അതോടെ പോരിനിറങ്ങാനുറച്ച് സി.എം. പി. രൂപീകരിച്ചു. രാഘവനെ നേരിടാൻ വി എസ്. അച്ച്യുതാനന്ദനുൾപ്പെടെയുള്ള നേതാക്കൾ കണ്ണൂരിലെത്തി. രാഘവനെന്ന ഒറ്റയാനെ നേരിടാൻ സിപിഎം. സകല ഒരുക്കങ്ങളും ചെയ്തു. സി.പി. എം. നേതാക്കൾക്ക് മറുപടി നൽകുന്ന രാഘവന്റെ പ്രസംഗം കേൾക്കാൻ ജനക്കൂട്ടം തന്നെ ഒഴുകിയെത്തി. കണ്ണൂർ ഭാഷയിൽ എതിരാളികളുടെ തൊലിയുരിച്ചുള്ള പ്രസംഗം. 1987 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിൻതുണയോടെ രാഘവൻ അഴീക്കോട് മത്സരത്തിനിറങ്ങി. നനഞ്ഞ പടക്കമെന്ന് പറഞ്ഞ് പരിഹസിച്ച രാഘവന്റെ വിജയം ഇ.എം. എസിനും കാണേണ്ടി വന്നു.

1991 ലെ കരുണാകരൻ മന്ത്രി സഭയിൽ സഹകരണ മന്ത്രിയായി. എം. വി. ആറിനെ കണ്ണൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ആഹ്വാനവുമായി ഡി.വൈ. എഫ്. ഐ. യും. 1993 ൽ രാഘവന് നേരെ ബോംബേറുണ്ടായി. രാഘവൻ തിരിച്ച് പ്രതികരിക്കാനും തുടങ്ങി. താൻ സ്ഥാപിച്ച കണ്ണൂർ എ.കെ. ജി. സഹകരണ ആശുപത്രി തിരിച്ച് പിടിച്ചു. അതിന്റെ മറുപടിയെന്നോണം എം. വി. ആർ പ്രസിഡണ്ടായ പറശ്ശിനിക്കടവ് സ്നേക് പാർക്കിന് സിപിഎം. തീയിട്ടു. പാമ്പുകളും ചീങ്കണ്ണികളും തീയിൽ വെന്തു. ഒരു കാലത്ത് അക്രമി സംഘത്തെ നയിച്ച രാഘവൻ മുന്നോട്ട് തന്നെ. പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു.

അതിനിടയിലാണ് കൂത്തുപറമ്പ് അർബർ സഹകരണ ബാങ്കിന്റെ ഉത്ഘാടനത്തിന് രാഘവൻ ക്ഷണിക്കപ്പെട്ടത്. ഡി.വൈ. എഫ്.ഐക്ക് രാഘവനോട് അടങ്ങാത്ത പകയുള്ള കാലം. ന്തെ് വന്നാലും തടയുമെന്ന് അവർ പ്രഖ്യാപിച്ചു. പരിപാടി ഉപേക്ഷിച്ചു കൂടേ എന്ന് പൊലീസ്. 1994 നവംബർ 25 ന് പൊലീസ് അകമ്പടിയോടെ കൂത്തുപറമ്പിൽ കാലു കുത്തി. അഞ്ഞൂറിലേറെ ഡി.വൈ. എഫ്. ഐ. ക്കാർ കറുത്ത തൂവാലയുമായി എത്തിയിരുന്നു. സ്വാശ്രയ വൽക്കരണത്തിലും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ ഡി.വൈ. എഫ്.ഐ. പ്രിതിഷേധം എന്ന നിലയിലാണ് അവരുടെ സമരം.

തന്നെ വധിക്കുകയാണ് ഡി.വൈ. എഫ്.ഐ.യുടെ ഉദ്ദേശമെന്ന് രാഘവനും ഉറപ്പിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊലീസ് ചൂണ്ടിക്കാണിച്ചപ്പോൾ തോക്കും ഉണ്ടയും എന്തിനാണ് തന്നിരിക്കുന്നതെന്ന് രാഘവൻ മറുപടിയും നൽകി. രാഘവനെ കണ്ടയുടൻ തന്നെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളിയുയർന്നു. രംഗം കലുഷിതമാകുമെന്ന് കണ്ടതോടെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടം ചിതറിയോടി. കല്ലേറിനിടയിൽ മന്ത്രി രാഘവനെ കസേര ഉയർത്തിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസ് വെടിയുതിർത്തു. അതിൽ അഞ്ച് യുവാക്കൾ മരിച്ചു വീണു. 200 ലേറെ പേർക്ക് പരിക്കേറ്റു. പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി രാഘവൻ കൊല്ലപ്പെടുമായിരുന്നുവെന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനായ ഹക്കീം ബത്തേരി പറഞ്ഞിരുന്നു. എന്നാൽ ഒരു തരി മണ്ണുപോലും എം വി രാഘവന്റെ ശരീരത്തിൽ വീണിട്ടില്ലെന്ന് ഡി.വൈ. എഫ്.ഐ. നേതൃത്വം പറഞ്ഞു. രാഘവനും പൊലീസും ചേർന്ന് ബോധപൂർവ്വം കൂട്ട കൊല നടത്താൻ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലമാണ് കൂത്തുപറമ്പിലെ നരനായാട്ടെന്ന് സിപിഐ.(എം). ഉം ആരോപിച്ചു.

എം വി ആറിനെ രക്ഷിച്ചു കൊണ്ടു പോയ ശേഷം കണ്ടത് നഗരം ചോരയിൽ കുതിർന്നതാണ്. ഡി.വൈ. എഫ്.ഐ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവൻ പ്രവർത്തകരായ റോഷൻ, ഷിബുലാൽ, ബാബു. മധു എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സുഷുമ്നാ നാഡി തകർന്ന് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കിടക്കയിൽ കഴിയുന്നു. പുഷ്പനും രക്തസാക്ഷികളുടെ വീട്ടുകാരും ഇന്നും പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നു. സ്വാശ്രയ കോളേജ് സമരവും അതിനുള്ള ന്യായീകരണത്തിൽ നിന്നും പുഷ്പൻ കടുകിടെ വ്യതിചലിച്ചിട്ടില്ല. എന്നാൽ എം. വി. രാഘവനോടുള്ള പാർട്ടിയുടെ അവസാന കാല സമീപനത്തോട് പുഷ്പന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാർട്ടി തന്നെയാണ് പുഷ്പന് ഇന്നും ജീവിക്കാനുള്ള പ്രചോദനമാകുന്നത്.

കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ സിപിഐ.( എം),. 2015 വരെ കുറ്റപ്പെടുത്തിയ എം. വി. ആറിന്റെ മക്കളായ എം വി ഗിരിജയെ തദ്ദേശ തിരഞ്ഞെടുപ്പിലും എം. വി. നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐ.(എം). സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നതാണ് കേരളം കണ്ടത്. ഇരുവരും രണ്ട് സഭകളിലും തോൽക്കുകയും ചെയ്തു. മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായി കാൽ നൂറ്റാണ്ടിലേറെ കാലം മുദ്ര കുത്തപ്പെട്ട എം. വി. രാഘവൻ അവസാന കാലം സിപിഐ.(എം) ന് സ്വീകാര്യനാവുകയും ചെയ്തു. രോഗ കിടക്കയിൽ ബോധം നഷ്ടപ്പെട്ട എം. വി. ആറിനെ പാർട്ടി ഒപ്പം കൂട്ടുകയായിരുന്നു. എം. വി. ആർ. പോലുമറിയാതെ. ഇപ്പോൾ എം. വി. ആർ ധീരനായ നേതാവാണ്. കഴിഞ്ഞ വർഷത്തെ എം. വി. ആറിന്റെ ഒന്നാം ചരമവാർഷികത്തിൽ പാർട്ടി നേതാക്കളുടെ നാവിൽ നിന്നുതന്നെ അത് വീണു. ധീരനായ നേതാവെന്ന്. കമ്യൂണിസ്റ്റ് ഐക്യത്തിന് അവസാനകാലത്ത് എം വി ആർ താത്പര്യം കാണിച്ചുവെന്നാണ് സിപിഐ.(എം). പറയുന്നത്. അതുകൊണ്ടു തന്നെ അവർ ചുവപ്പ് പരവതാനി വിരിച്ചു നൽകി. സി.എം. പി രണ്ടായി. പ്രഞ്ജയറ്റ് അവശ നിലയിലായപ്പോഴും മരണത്തിന് തൊട്ടു മുമ്പ് സിപിഐ.(എം) പൊതുപരിപാടിയിൽ എം. വി. ആറിനെ പങ്കെടുപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP