Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇക്കുറി ശബരിമല വാർഡില്ല; കോന്നി മെഡിക്കൽ കോളജ് ശബരിമല ബേസ് ആശുപത്രി; സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ കോന്നിയിലേക്ക് സ്ഥലം മാറ്റി; എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇക്കുറി ശബരിമല വാർഡില്ല; കോന്നി മെഡിക്കൽ കോളജ് ശബരിമല ബേസ് ആശുപത്രി; സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ കോന്നിയിലേക്ക് സ്ഥലം മാറ്റി; എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജ് ഇക്കുറി ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് 88 ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. ഇതോടെ മറ്റു മെഡിക്കൽ കോളജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പ്രതിഷേധവുമായി സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സംഘടന രംഗത്തു വന്നു.

ശബരിമലയുടെ ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രമായി കണക്കാക്കപ്പെടുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയാണ്. സീസൺ തുടങ്ങുന്നതിന് മുൻപ് ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ടി നിലവിലുള്ളവ പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന് പകരം ശബരിമല വാർഡ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റാനായിരുന്നു നീക്കം. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കണ്ട് ശബരിമല വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു. ജനറൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയോടു പോലും ആലോചിക്കാതെയാണ് ഇപ്പോൾ ശബരിമല വാർഡ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്.

ശബരിമല വാർഡിന്റെ പ്രവർത്തന ഉദ്ഘാടനം നാളെ ജനറൽ ആശുപത്രിയിൽ രാവിലെ 9.30 ന് നടക്കുമെന്ന് ഡിഎംഓ ആദ്യം അറിയിച്ചിരുന്നു. എന്നാൽ, അതിന പിന്നാലെ തീരുമാനം മാറ്റിക്കൊണ്ടുള്ള് അറിയിപ്പ് വന്നു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിഎംഓയും ഡിപിഎമ്മും പങ്കെടുത്ത യോഗത്തിൽ കോന്നി മെഡിക്കൽ കോളജ് ശബരിമല ബേസ് ആശുപത്രിയാക്കാൻ തീരുമാനിച്ചുവെന്നും ശബരിമല വാർഡ് അവിടെ ക്രമീകരിച്ചതിനാൽ ജനറൽ ആശുപപത്രിയിൽ ശബരിമല വാർഡ് വേണ്ടെന്ന് തീരുമാനിച്ചുവെന്നുമാണ് അറിയിപ്പ്.

തിരുവനന്തപുരം മുതൽ മഞ്ചേരി വരെയുള്ള സർക്കാർ മെഡിക്കൽ കോളജുകളിലെ 88 ഡോക്ടർമാർക്ക് ആണ് സ്ഥലംമാറ്റം. എല്ലാ പ്രധാനപ്പെട്ട സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വകുപ്പുകളിൽ നിന്നും ഡോക്ടർമാരെ മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പകരം നിയമനവുമില്ല. ഇതോടെ മിക്ക ആശുപത്രികളിലും രോഗീപരിചരണവും ശസ്ത്രക്രിയ അടക്കമുള്ളവയും താളം തെറ്റും. മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപനവും താറുമാറാകും. നിലവിൽ തന്നെ ഡോക്ടർമാരുടെ വലിയ തോതിലുള്ള കുറവ് മെഡിക്കൽ കോളേജ് ആശുപത്രികളിലുണ്ട്. എൻട്രികേഡർ നിയമനം പോലും നടക്കാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളവരെ ഒറ്റയടിക്ക് ഒരു സ്ഥലത്തേക്ക് മാത്രം സ്ഥലം മാറ്റിയത്.

ജനുവരി 20 വരെയാണ് കോന്നിയിലേക്കുള്ള താൽക്കാലിക സ്ഥലംമാറ്റം. സർക്കാർ നടപടിക്കെതിരെ കെജിഎംസിടിഎ രംഗത്തെത്തിയിട്ടുണ്ട്.
കോന്നി മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങിയെങ്കിലും ചികിൽസാ സൗകര്യം പൂർണ തോതിൽ ആയിട്ടില്ല. മെഡിക്കൽ കോളജ് ക്യാമ്പസിനുള്ള വീണ് പരുക്കേറ്റ വിദ്യാർത്ഥികൾ അടക്കമുള്ളവരെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോയിരുന്നത്. ശബരിമലയിലും പമ്പയിലും നിന്നുള്ള തീർത്ഥാടകരെ ഏറ്റവും വേഗം എത്തിക്കാവുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP