Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമോ; അടച്ചു പൂട്ടാൻ അനിമൽ വെൽഫയർ ഓഫീസറുടെ നിർദ്ദേശം; നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കൊക്കാത്തോട്ടിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ദുരൂഹതകൾ ഏറെ: പട്ടി സ്നേഹത്തിന്റെ മറവിൽ കോന്നിയിൽ അജാസ് നടത്തുന്നത് എന്ത്?

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമോ; അടച്ചു പൂട്ടാൻ അനിമൽ വെൽഫയർ ഓഫീസറുടെ നിർദ്ദേശം; നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കൊക്കാത്തോട്ടിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ദുരൂഹതകൾ ഏറെ: പട്ടി സ്നേഹത്തിന്റെ മറവിൽ കോന്നിയിൽ അജാസ് നടത്തുന്നത് എന്ത്?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നി കൊക്കാത്തോട്ടിൽ വ്യക്തി നടത്തുന്ന നായ സംരക്ഷണം കേന്ദ്രം സംബന്ധിച്ച് ദൂരുഹത വർധിക്കുന്നു. അലഞ്ഞു നടക്കുന്നതും അസുഖം ബാധിച്ചതുമായ തെരുവുനായകൾ, ബ്രീഡിങിന് ശേഷം തെരുവിൽ ഉപേക്ഷിക്കാതെ വളർത്താൻ ഏൽപ്പിക്കുന്ന നായകൾ എന്നിവയുടെ സംരക്ഷകൻ എന്ന പേരിൽ കേന്ദ്രം നടത്തുന്ന അജാസ് പത്തനംതിട്ടയ്ക്കെതിരേ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ മുറുകുമ്പോൾ ഇവിടെ നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങൂന്നു.

നുറിലധികം നായകളുള്ള ഷെൽട്ടറിൽ പട്ടിണി കിടന്നും അസുഖം ബാധിച്ചും കഴിഞ്ഞ ദിവസം പതിനെട്ടെണ്ണം കൂട്ടത്തോടെ ചത്തുവെന്ന് ആരോപണം. എന്നാൽ, അസുഖം ബാധിച്ച ഏഴെണ്ണം മാത്രമാണ് ചത്തത് എന്നാണ് അജാസിന്റെ വിശദീകരണം. വനമേഖലയായ അരുവാപ്പുലം പഞ്ചായത്തിന്റെ മൂന്നാം വാർഡായ കൊക്കാത്തോട്ടിലാണ് നായ സംരക്ഷണ കേന്ദ്രമുള്ളത്. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയുടെ ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. സംരക്ഷണ കേന്ദ്രം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന വാർഡ് മെമ്പർ രഘുവിന്റെ അടക്കം പരാതിയിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. ഇതോടെ പട്ടികളെ വഴിയിൽ തുറന്നു വിടേണ്ടി വരുമെന്നൊരു ഭീഷണിയും നടത്തിപ്പുകാരൻ അജാസ് മുഴക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നായ്ക്കൾ കൂട്ടത്തോടെ ചത്തത്. വിവരം അറിഞ്ഞ ആനിമൽ വെൽഫയർ ബോർഡിന്റെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫീസിലെ ആനിമൽ വെൽഫയർ ഓഫീസർ സജന ഫ്രാൻസിസ് കേന്ദ്രം അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി. നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോന്നി പൊലീസ് ഇൻസ്പെക്ടർക്കാണ് നിർദ്ദേശം നൽകിയത്.

പ്രവാസിയായിരുന്ന കോന്നി ഷീജാ മൻസിലിൽ അജാസ് നാട്ടിലെത്തിയതിന് ശേഷമാണ് പട്ടി സംരക്ഷണത്തിലേക്ക് തിരിഞ്ഞത്. ഒരു സുപ്രഭാതത്തിൽ മൃഗസ്നേഹിയായി അവതരിക്കുകയായിരുന്നു ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് മുൻപ് പട്ടികളെ കൊല്ലണമെന്ന് പറഞ്ഞ് നടന്നിരുന്നയാളായിരുന്നുവത്രേ. തെരുവുപട്ടികളുടെ സംരക്ഷകന്റെ ലേബലിൽ ഇയാൾ വ്യാപക പണപ്പിരിവ് നടത്തി. സാമൂഹിക മാധ്യമങ്ങളിൽ തന്റെ ഗുഗിൾ പേ നമ്പർ നൽകിയായിരുന്നു പിരിവ്. ഇയാളുടെ അനധികൃത പണപ്പിരിവിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ആനിമൽ വെൽഫയർ ബോർഡ് ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്.

കേന്ദ്രം സംബന്ധിച്ച് നിരവധി ദുരൂഹതകൾ ഉള്ളതായി നാട്ടുകാരും പഞ്ചായത്തംഗവും ആരോപിക്കുന്നു. ഇതേപ്പറ്റിഅന്വേഷിക്കാൻ ചെന്ന വാർഡംഗത്തെ ഭീഷണിപ്പെടുത്താനും ഇവർ ശ്രമിച്ചു. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവയ്ക്ക് പുറമേ കെനലിൽ നിന്നുള്ളവയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. നായ സ്നേഹികളിൽ നിന്ന് പണം വാങ്ങിയാണ് സംരക്ഷണം കൊടുക്കുന്നത്. ഇതിനെതിരേ യഥാർഥ മൃഗസ്നേഹികൾ പ്രതിഷേധം ഉയർത്തിയപ്പോൾ അവരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയാണ് അജാസ് ചെയ്തതെന്ന് പറയുന്നു. താൻ പണം വാങ്ങിയാണ് സേവനം ചെയ്യുന്നതെന്നും അതിന് എതിർപ്പുള്ളവർ എന്താന്ന് വച്ചാൽ ചെയ്തോളൂവെന്നുമാണ് അജാസ് പറഞ്ഞതത്രേ.

നൂറിലധികം നായ്ക്കളാണ് അജാസിന്റെ സംരക്ഷണ കേന്ദ്രത്തിലുള്ളത്. അതു കാരണം ഒറ്റയടിക്ക് കേന്ദ്രം അടച്ചു പൂട്ടാനും കഴിയാത്ത അവസ്ഥയാണ്. നായ്ക്കളെ തെരുവിലേക്ക് ഇറക്കി വിടാനും പഞ്ചായത്ത് ഭയക്കുന്നു. എന്തായാലും പ്രദേശവാസികൾ ആശങ്കയിലാണ്. ഇതിനിടെ അജാസിന്റെ പ്രവർത്തനം രഹസ്യന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP