Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അപകടം നടന്ന ഉടൻ മതിൽ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിന്റെ ജീവൻ രക്ഷിക്കാമായിരുന്നു; പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം; രക്ഷാപ്രവർത്തനം നടക്കാതെ വന്നപ്പോൾ അവസാനം മതിൽ പൊളിക്കുകയും ചെയ്തു; ഭയാനക ശബ്ദം കേട്ട് എയർപോർട്ട് സ്റ്റാഫിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയത് റൺവേയിൽ നിന്ന് വിമാനം തെന്നിയെന്ന മറുപടി; വന്നു കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി; കരിപ്പൂരിൽ ആ രാത്രി സാക്ഷ്യം വഹിച്ചതുകൊണ്ടോട്ടിക്കാരുടെ സമാനതകളില്ലാത്ത ഇടപെടലിന്

അപകടം നടന്ന ഉടൻ മതിൽ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിന്റെ ജീവൻ രക്ഷിക്കാമായിരുന്നു; പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം; രക്ഷാപ്രവർത്തനം നടക്കാതെ വന്നപ്പോൾ അവസാനം മതിൽ പൊളിക്കുകയും ചെയ്തു; ഭയാനക ശബ്ദം കേട്ട് എയർപോർട്ട് സ്റ്റാഫിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയത് റൺവേയിൽ നിന്ന് വിമാനം തെന്നിയെന്ന മറുപടി; വന്നു കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി; കരിപ്പൂരിൽ ആ രാത്രി സാക്ഷ്യം വഹിച്ചതുകൊണ്ടോട്ടിക്കാരുടെ സമാനതകളില്ലാത്ത ഇടപെടലിന്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ വിമാനത്തിന്റെ മുൻഭാഗം ആദ്യം തന്നെ മതിലിൽ ഇടിച്ചിട്ടുണ്ടായിരുന്നു. ആദ്യമേ മതിൽ പൊളിച്ചിട്ടുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാമായിരുന്നു. പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം. അവരുടെ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ബാധ്യതയുള്ളതുകൊണ്ട് ആദ്യം മതിൽ പൊളിച്ചില്ല. പിന്നെ കാര്യമായി നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് മതില് പൊളിച്ചത്. ആദ്യമെ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിനെ രക്ഷിക്കാൻ പറ്റുമായിരുന്നു- കരിപ്പൂർ വിമാനത്തവളത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സിംസാറുൽ ഹഖ് ഉൾപ്പെട്ട ആറംഗ സംഘം പറയുന്നു.

എന്തോ അപായകരമായ ശബ്ദം കേട്ടാണ് എയർപ്പോർട്ടിലുള്ള ഒരു സ്റ്റാഫിനെ വിളിച്ചന്വേഷിച്ചത്. വിമാനം റെൺവേയിൽ നിന്നു തെന്നിയതാണ് പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതികരണം. സത്യത്തിൽ വിമാനം അപ്പുറത്തേക്ക് മറിഞ്ഞിട്ടുണ്ടെന്ന വിവരം ഞങ്ങൾക്കും ആദ്യം അറിയില്ലായിരുന്നു. പന്തികേട് തോന്നി ഞങ്ങൾ ആറംഘ സംഘം ശക്തമായ മഴയും ലോക്ക്ഡൗണും വക വെക്കാതെ അങ്ങോട്ടേക്ക് പുറപ്പെട്ടു.
കാഴ്ച കണ്ട് ആദ്യം പതറി. പരിസരവാസികളായിട്ട് പോലും ഇന്നേ വരെ കാണാത്ത ഭീതിതമായ കാഴ്ച. ഒരു പൊലീസ് ജീപ്പും കുറച്ച് പരിസരവാസികളും മാത്രമായിരുന്നവിടെ ഉണ്ടായിരുന്നത്.

ആദ്യം രക്ഷാപ്രവർത്തനത്തിന് എയർപോർട്ട് അഥോറിറ്റി ഗൈറ്റ് തുറക്കാൻ വിസമ്മതിച്ചു. പിന്നെ അവരുടെ പരിധിയിൽ നിന്നും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഭയന്നപ്പോഴാണ് എല്ലാവരെയും വിളിച്ചു കൂട്ടാനും ഉള്ള വാഹനങ്ങളുമായി വരാനും നിർദ്ദേശം ലഭിച്ചത്. ആബുലൻസുകൾ എത്താൻ ഇനിയും സമയമെടുക്കും. പിന്നെ ഒന്നും അമ്മാന്തിച്ചില്ല. കിട്ടുന്ന എല്ലാ വാഹനങ്ങളുമായി എയർപോർട്ടിലേക്ക് കുതിച്ചു. ഓട്ടോറിക്ഷ മുതൽ ലോറി വരെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ലയിലെ ആബുലൻസും പരിവാരങ്ങളും എത്തും മുമ്പേ പരിസര പ്രദേശങ്ങളിലുള്ള ഹോസ്പിറ്റലുകളിലേക്ക് കൂടുതൽ പേരെയും ആശുപത്രികളിൽ എത്തിക്കാനായി.

അവിടെ നിന്നാണ് വലിയ ഹോസ്പിറ്റലുകളിലേക്ക് ഷിഫ്റ്റ് ചെയ്തത്. മ്മളെ പ്പാപ്പാനിം ഇമ്മാനിം കുഞ്ഞുങ്ങളെക്കെ പോലെള്ളവര് നിലവളിക്കുമ്പോ സാമാന്യ മര്യാദയുള്ളവർക്ക് നോക്കി നിക്കാനാവോ. വീട്ടിലിരുന്നിട്ട് വരെ കൊറോണ ഉണ്ടാകുന്ന സാഹചര്യമാണ്. അപ്പോ പിന്നെ പേടിച്ചിട്ട് കാര്യല്ലല്ലോ.. ബേക്കിൽ എന്താ വര്ണത് പിന്നെ നോക്കാന്ന് കരുതിയാണ് ഞങ്ങളിറങ്ങിയത്. ഫ്ളൈറ്റിൽ ആകെ രണ്ട് സ്ട്രെക്ച്ചറേ ഉണ്ടായിരുന്നൊള്ളൂ. പിന്നെയൊന്നും നോക്കാതെ തോളിലും ഒക്കത്തുമേറ്റി അവരെ ചെറുവാഹനങ്ങളിലേക്കെത്തിച്ചു. ആ ആറംഘ സംഘം അനുഭവങ്ങൾ വിവരിക്കുമ്പോൾ ഭീതിതമായ ദുരന്തം നേരിൽ കണ്ട നടുക്കം മാറിയിട്ടില്ലായിരുന്നു.

രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ആ ആറംഘ സംഘമായ സിംസാറുൽ ഹഖ്, ഷബീബ് റഹ്മാൻ, ഡാനിഷ്, സ്വഫ് വാൻ, ശ്രീജേഷ്, ഫായിസ് എന്നിവർ ഇപ്പോൾ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിൽ ക്വാറന്റൈനിലാണ്. രന്തങ്ങളിൽ പതറാതെ സധൈര്യം നേരിടുന്ന മലയാളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തം. സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ദുരന്തമുഖത്തേക്ക് ആദ്യമായി ഓടിയെത്തിയ കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ളവർ കാണിച്ച സമയോചിത ഇടപെടലാണ് അപകടത്തിന്റെ തോത് കുറച്ചത്. ഇത് വിവിധ ആശുപത്രി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

അപകടത്തിൽ പരിക്കേറ്റ ആളുകളിൽ ചിലരെ പ്രവേശിപ്പിച്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് അൽപ സമയം കൂടി കഴിഞ്ഞാണ് രോഗികളെ എത്തിച്ചതെങ്കിൽ ഒരു പക്ഷെ മരണ സംഖ്യ ഇതിനേക്കാൾ വലുതാകുമായിരുന്നു എന്നാണ്. ദുരന്തമുണ്ടായ ആദ്യ സമയത്ത് തന്നെ ലഭ്യമായ വാഹനങ്ങളുമായി ദുരന്തമുഖത്തേക്ക് ഓടിയെത്തിയ എയർപോർട്ടിന് സമീപത്ത് താമസിക്കുന്നവർ നടത്തിയ ഇടപെടലുകളാണ് ഇത്തരത്തിൽ മരണ സംഖ്യ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാധാരണ ഗതിയിൽ വിമാന അപകടടമുണ്ടായാൽ ഉണ്ടായേക്കാവുന്ന തീപിടുത്തമടക്കമുള്ള സംഭവങ്ങൾ അവർക്കറിയാമായിരുന്നെങ്കിലും അതൊന്നും വക വെ്ക്കാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

ഒദ്യോഗിക രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുന്ന സമയം കൊണ്ട് നാട്ടുകാർ വിമാനം വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് തുടങ്ങിയിരുന്നു. വിമാനത്തിൽ നിന്നുയർന്ന കരിയും പുകയുമെല്ലാം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും അവർ കാര്യമായിട്ടെടുത്തിരുന്നില്ല. രണ്ട് മണിക്കൂർ കൊണ്ട് മുഴുവൻ പേരെയും വിമാനത്തിന് പുറത്തെടുത്ത് ആശുപത്രികളിലെത്തിക്കാൻ രക്ഷാപ്രവർക്കർക്കായി. പ്രാഥമിക രക്ഷാപ്രവർത്തന പൂർത്തിയായതിന് ശേഷമാണ് ആവശ്യത്തിനുള്ള ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തുന്നത്. അതുവരെ പ്രദേശത്തെ ജനങ്ങളുടെ കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ആശുപത്രികളിലെത്തിച്ചത്. എയർപോർട്ടിന് സമീപത്തുള്ള പ്രദേശമെന്ന നിലയിൽ ആദ്യ ഘട്ടത്തിൽ കൊണ്ടോട്ടി മെഴ്‌സി ആശുപത്രി, റിലീഫ് ആശുപത്രി, പുളിക്കൽ ബിഎം ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.

അവിടെ നിന്നാണ് പിന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും കോഴിക്കോട്,പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും പരിക്കേറ്റവരയും മരണമടഞ്ഞവരെയുമെല്ലാം എത്തിച്ചത്. അപകടം പറ്റിയവർക്ക് കൂട്ടിരിപ്പുകാരായും മാതാപിതാക്കളെ കാണാതെ തളർന്നുപോയ കുഞ്ഞുങ്ങൾക്ക് സാന്ത്വനമേകിയുമെല്ലാം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂട്ടിരുന്നു. ആംബുലൻസുകൾക്ക് പോകാനായി വഴിയിലുടനീളം നാട്ടുകാർ സുരക്ഷിത പാതൊയൊരുക്കി. കോഴിക്കോടേക്കും മഞ്ചേരിയിലേക്കും ആംബുലൻസുകൾ ചീറിപ്പാഞ്ഞപ്പോൾ എതിരെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തിയും അറിയിപ്പു നൽകിയും പാതിരാത്രിയും തോരാമഴയത്ത് കുടചൂടിയും മഴനനഞ്ഞും ഓരോ കവലകളിലും ചെറുപ്പക്കാരുണ്ടായിരുന്നു.

അപടകം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയ ആളാണ് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. അപകടം നടന്ന ഉടൻ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം നാട്ടുകാരോട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രാധമിക രക്ഷാപ്രവർത്തനം പുരോഗമിക്കവെ പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അപര്യാപ്ത തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ പരമാവധി ആംബുലൻസുകളുമായി കൊണ്ടോട്ടിയിലെത്തണമെന്ന് സന്ദേശം നൽകി. നിമിഷങ്ങൾക്കുള്ളിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് വിവിധ സംഘടനകളുടെയും ആശുപത്രികളിലെയും ആംബുലൻസുകൾ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി റീലീഫ് ആശുപത്രിക്ക് സമീപവും മെഴ്‌സി ആശുപത്രിക്ക് സമീപവും പുളിക്കൽ ബിഎം ആശുപത്രിക്ക് മുൻവശവുമെല്ലാം ആംബുലൻസുകളുടെ നീണ്ടനിരയായിരുന്നു പിന്നീട് കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP