Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊണ്ടിപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്കിന് പിന്നിൽ രാഷ്ട്രീയക്കളികളും? സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകളുടെ മതേതര വിവാഹത്തെ തള്ളിപ്പറഞ്ഞ് മഹല്ല് കമ്മിറ്റിയിൽ കൈകോർത്തുനിന്ന് ലീഗും എസ്ഡിപിഐയും; മുൻ ഡിവൈഎഫ്‌ഐ നേതാവു കൂടിയായ പെൺകുട്ടിയുടെ വിവാഹത്തിന് വിലക്കു പേടിച്ച് മഹല്ലിലെ മുസ്‌ളീം കുടുംബങ്ങളിൽ നിന്ന് എത്തിയത് രണ്ട് കുട്ടികൾ മാത്രം

കൊണ്ടിപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്കിന് പിന്നിൽ രാഷ്ട്രീയക്കളികളും? സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകളുടെ മതേതര വിവാഹത്തെ തള്ളിപ്പറഞ്ഞ് മഹല്ല് കമ്മിറ്റിയിൽ കൈകോർത്തുനിന്ന് ലീഗും എസ്ഡിപിഐയും; മുൻ ഡിവൈഎഫ്‌ഐ നേതാവു കൂടിയായ പെൺകുട്ടിയുടെ വിവാഹത്തിന് വിലക്കു പേടിച്ച് മഹല്ലിലെ മുസ്‌ളീം കുടുംബങ്ങളിൽ നിന്ന് എത്തിയത് രണ്ട് കുട്ടികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പെരിന്തൽമണ്ണയ്ക്ക് സമീപം കൊണ്ടിപ്പറമ്പിൽ മകളെ ക്രിസ്ത്യൻ യുവാവിന് വിവാഹം ചെയ്തുകൊടുത്തതിന് മുസ്‌ളീം കുടുംബത്തിന് എതിരെ ഊരുവിലക്കിയ നടപടിയിൽ മതത്തിനപ്പുറം രാഷ്ട്രീയവും പ്രധാന ഘടകമായതായി സൂചന. സി.പി.എം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗത്തിന്റെ മകളുടെ മതേതര വിവാഹം നടന്നതോടെയാണ് ലീഗും എസ്ഡിപിഐയും കയ്യാളുന്ന മഹല്ല് കമ്മിറ്റി ഇതിനെതിരെ നിലപാടെടുക്കുകയും കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതെന്നാണ് വിവരം.

പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പ് മദാറുൽ ഇസ്ലാം സംഘമാണ് കുന്നുമ്മൽ യൂസഫിനും കുടുംബത്തിനും മിശ്ര വിവാഹത്തിന്റെ പേരിൽ ഊരുവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മതം വിവാഹക്കാര്യങ്ങളിൽ ഇടപെടേണ്ട എന്ന വ്യക്തമായ തീരുമാനമെടുത്ത കുടുംബം വിവാഹവുമായി മുന്നോട്ടുതന്നെ പോകുകയായിരുന്നു.

യൂസഫിന്റെയും സി.പി.എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കൂടിയ നജ്മയുടെയും മകൾ ജസീലയും നിലമ്പൂർ സ്വദേശി ടിസോ ടോമിയും തമ്മിലുള്ള വിവാഹമാണ് പാണ്ടിക്കാട് വച്ച് നടന്നത്. ഇത്തരമൊരു വിവാഹം തീരുമാനിച്ച വിവരം അറിഞ്ഞതോടെ മഹല്ല് കമ്മിറ്റി ഈ മതേതര വിവാഹത്തിനെതിരെ രംഗത്തുവരികയായിരുന്നു. ഗൾഫിൽ ജോലി ലഭിച്ച് പോകുമ്പോൾ ഡിവൈഫ്‌ഐ മഞ്ചേരി ബ്‌ളോക്ക് കമ്മിറ്റി അംഗമായിരുന്നു ജസീല. നേരത്തെ എസ്എഫ്‌ഐ പ്രവർത്തകയും ആയിരുന്നു.

മഹലിന്റെ പ്രത്യേക അറിയിപ്പിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു. ഈ മഹല്ലിലെ ഒരു മെമ്പർ ആയ കുന്നുമ്മൽ യൂസഫ് സൺ ഓഫ് മുഹമ്മദ് കുട്ടി എന്നയാളുടെ മകളെ ഒരു അസ്ലീമുമായി വിവാഹ ബന്ധം നടത്തിയിരിക്കുന്നതിനാൽ മേപ്പടി കുന്നുമ്മൽ യൂസഫ് സൺ ഓഫ് മുഹമ്മദ് കുട്ടി എന്നവരുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായി മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ സഹകരിക്കേണ്ടതില്ലെന്ന് 18.10.2017ന് ചേർന്ന മഹല്ല് കമ്മറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. ഈ വിവരം മഹല്ലുമായി സഹകരിക്കുന്ന എല്ലാ മെമ്പർമാരേയും അറിയിച്ചു കൊള്ളുന്നുവെന്നാണ് സെക്രട്ടറിയുടെ അറിയിപ്പ് വന്നത്.

ഇതോടെ മഹല്ലിൽ അംഗങ്ങളായ മുസ്‌ളീം കുടുംബങ്ങൾ ഒന്നടങ്കം വിവാഹ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. അതേസമയം, മറ്റു മതസ്ഥരായ നൂറുകണക്കിന് ആളുകൾ വിവാഹത്തിൽ പങ്കെടുക്കാനും എത്തി. ഇത്തരത്തിൽ ഊരുവിലക്ക് ഏർപ്പെടുത്തുന്നത് വലിയ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്ന കോടതി ഉത്തരവുകൾ തന്നെയുണ്ട്. അതിനാൽതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിഷയം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ മതപ്രശ്‌നം മാത്രമല്ല, രാഷ്ട്രീയ പ്രശ്‌നവും ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നത്.

ഇത്തരമൊരു വിവാദ തീരുമാനം എടുത്ത കൊണ്ടിപ്പറമ്പ് മഹല്ല് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും മുസ്‌ളീം ലീഗുകാരാണ്. കുറച്ച് എസ്ഡിപിഐ അംഗങ്ങളുമുണ്ട്. എന്നാൽ തീവ്ര മുസ്‌ളീം നിലപാട് മഹല്ല് കമ്മിറ്റി സ്വീകരിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കാൻ ലീഗും എസ്ഡിപിഐയും ഒറ്റക്കെട്ടായി നിന്നുവെന്നതാണ് ഇപ്പോൾ ചർച്ചയാവുന്നതും.

അതേസമയം, മഹല്ലിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് കുടുംബത്തിന് ഇതുവരെ ഒരു അറിയിപ്പും നൽകിയിട്ടില്ല. ഇത്തരമൊരു വിലക്കിന്റെ നോട്ടീസ് മഹല്ല് നോട്ടീസ് ബോർഡിൽ ഇടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നോട്ടീസ് പള്ളിക്കകത്ത് മൈക്കിലൂടെ വായിക്കുകയും ചെയ്തു. അങ്ങനെയാണ് കുടുംബം വിവരം അറിയുന്നത്. ഇതോടെ പള്ളിയുമായി ബന്ധപ്പെട്ടവർ ആരും വിവാഹത്തിന് വന്നില്ല. നാട്ടിലൊക്കെ യൂസഫിന്റെയും നജ്മയുടെയും കുടുംബത്തെ പള്ളിയിൽ നിന്ന് പുറത്താക്കിയെന്ന വ്യാപക പ്രചരണവും നടക്കുന്നുണ്ട്. ഇതോടെ മുസ്‌ളീങ്ങളായ നിരവധി പേർ കല്യാണത്തിൽ നിന്ന് വിട്ടുനിന്നു. മകന്റെ കൂട്ടുകാർ പോലും എത്തിയില്ല.

മുമ്പും പലപ്പോഴും പല കാര്യങ്ങളിലും പള്ളിയിൽ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു. ഇപ്പോൾ കിട്ടിയ അവസരം കുടുംബത്തിനെതിരെ പകവീട്ടാൻ ഉപയോഗിച്ചുവെന്നാണ് യൂസഫിന്റെ കുടുംബം കരുതുന്നത്. മുസ്‌ളീങ്ങളിലെ യാഥാസ്ഥിതിക വിഭാഗത്തെ മുഴുവൻ കുന്നുമ്മൽ യൂസഫിന്റെ കുടുംബത്തിന് എതിരെ തിരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ കുടുംബത്തിന്റെ സി.പി.എം രാഷ്ട്രീയ ബന്ധമാണെന്ന വിലയിരുത്തലാണ് വരുന്നത്. മു്മ്പ് മഹല്ല് കമ്മിറ്റിയിലെ എസ്ഡിപിഐ അംഗങ്ങളിൽ നിന്നാണ് മതപരമായ കാര്യങ്ങളിൽ എതിർപ്പ് ഉയർന്നിരുന്നതെങ്കിൽ ഇപ്പോൾ ഇതിനൊപ്പം ലീഗും അണിനിരന്നു എന്നതാണ് വലിയ ചർച്ചയാവുന്നത്.

എന്നാൽ സംഭവം വിവാദമായതോടെ വലിയൊരു ഫംഗ്ഷൻ വച്ച് വിവാഹം നടത്തിയതാണ് പ്രശ്‌നമായതെന്ന നിലപാടാണ് മഹല്ലുമായി ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. എന്നാൽ ഈ വിവാഹം എല്ലാവരും അറിഞ്ഞുതന്നെ നടക്കണമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ചെറുക്കന്റെ വീട്ടുകാരുടെകൂടി തീരുമാന പ്രകാരം പാണ്ടിക്കാട് ഓഡിറ്റോറിയം ബു്ക്ക് ചെയ്യുന്നതും വിവാഹ സൽക്കാരം നടത്തുന്നതും.

പയ്യന്റെ വീട്ടുകാർക്ക് പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നും ഇല്ലെന്ന് യൂസഫിന്റെ വീട്ടുകാർ പറയുന്നു. അവരുടെ ബന്ധുക്കളായി നൂറിലധികം പേർ വിവാഹത്തിൽ സംബന്ധിച്ചു. എന്നാൽ കൊണ്ടിപ്പറമ്പ് മദാറുൽ മഹല്ലിലെ ഒരാളും വിവാഹത്തിൽ സംബന്ധിച്ചില്ല. വളരെ അടുപ്പമുള്ള ഒന്നോ രണ്ടോ കുട്ടികൾ പേടിച്ചുപേടിച്ച് സംബന്ധിച്ചെന്നും യൂസഫിന്റെ വീട്ടുകാർ പറയുന്നു.

നാലു മക്കളാണ് മലപ്പുറത്ത് വാട്ടർ അഥോറിറ്റിയിൽ എക്‌സിക്യുട്ടീവ് എൻജിനീയറായ കുന്നുമ്മൽ യൂസഫിനും നജ്മയ്ക്കും ഉള്ളത്. മൂത്ത മകളുടേതും പ്രണയ വിവാഹമായിരുന്നുവെന്നും അവൾ ഒരു മുസ്‌ളീമിനെയാണ് വിവാഹം ചെയ്തതെന്നും ഇപ്പോൾ ഇരുവരും ദുബായിൽ ആണെന്നും കുടുംബം പറയുന്നു. രണ്ടാമത്തെ മകളാണ് ഇപ്പോൾ വിവാഹിതയായ ജസീല. രണ്ട് പിജി ബിരുദം നേടിയ ജസീലയും ഇപ്പോൾ ഗൾഫിലാണ് ജോലി ചെയ്യുന്നത്. എംസിഎ ബിരുദധാരി ആയ പയ്യൻ ടിസോ ടോമിയും ഐടി മേഖലയിൽ സൗദിയിലാണ് ജോലി ചെയ്യുന്നത്. ജസീലയ്ക്കു താഴെ ബിടെക്കിന് പഠിക്കുന്ന മകനും പ്‌ളസ് ടുവിന് പഠിക്കുന്ന മകളും ഉണ്ട് ഈ ദമ്പതികൾക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP