Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിശീലനത്തിന് പോയ എക്‌സൈസ് ഉദ്യോഗസ്ഥൻ മടങ്ങി എത്തിയത് പനിയും ചുമയും ബാധിച്ച്; 21 ദിവസം ക്വാറന്റൈനിൽ തുടരാൻ ഡിഎംഒ നിർദേശിച്ചപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് അടുത്ത് ഇടപെട്ട് പത്തോളം ഉദ്യോഗസ്ഥരും; പിന്നാലെ എല്ലാവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്; നിരീക്ഷണ കാലയളവിലെ തിരികെവിളിയിൽ പലർക്കും ആശങ്ക; അസുഖ ബാധിതന് കൊറോണയില്ലെന്ന ഫലം വന്നപ്പോൾ നെടുവീർപ്പിട്ടത് ഉദ്യോഗസ്ഥർ മുഴുവനും: കൊല്ലം എക്‌സൈസ് ഓഫീസിൽ നടന്നത്

പരിശീലനത്തിന് പോയ എക്‌സൈസ് ഉദ്യോഗസ്ഥൻ മടങ്ങി എത്തിയത് പനിയും ചുമയും ബാധിച്ച്; 21 ദിവസം ക്വാറന്റൈനിൽ തുടരാൻ ഡിഎംഒ നിർദേശിച്ചപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് അടുത്ത് ഇടപെട്ട് പത്തോളം ഉദ്യോഗസ്ഥരും; പിന്നാലെ എല്ലാവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്; നിരീക്ഷണ കാലയളവിലെ തിരികെവിളിയിൽ പലർക്കും ആശങ്ക; അസുഖ ബാധിതന് കൊറോണയില്ലെന്ന ഫലം വന്നപ്പോൾ നെടുവീർപ്പിട്ടത് ഉദ്യോഗസ്ഥർ മുഴുവനും: കൊല്ലം എക്‌സൈസ് ഓഫീസിൽ നടന്നത്

എം മനോജ് കുമാർ

കൊല്ലം: കൊറോണ ഭീതിയിൽ ഡോക്ടർ ക്വാറന്റൈൻ നിർദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ അപ്പാടെ തിരികെ വിളിച്ച് കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയിൽ വിമർശനം. ഡെപ്യൂട്ടി കമ്മിഷണർ തിരികെ വിളിച്ചതോടെ സ്വയം ക്വാറന്റൈനിൽ പോയ വനിതകൾ അടക്കമുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തിരികെ എത്തേണ്ടി വന്നു. അതസമയം കോവിഡിനെ പേടിച്ച് സ്വയം ക്വാറന്റൈനിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച നടപടിയും വിവാദത്തിലായിട്ടുണ്ട്. സഹപ്രവർത്തകന് കോവിഡ് സംശയത്തിൽ ഇദ്ദേഹവുമായി അടുത്തു ഇടപഴകിയവരായിരുന്നു സ്വയം ക്വാറന്റൈനിൽ പോയത്. എന്നാൽ, ഇവരുടെ കാലയളവ് കഴിയും മുമ്പ് മേലധികാരി തിരിച്ചു വിളിച്ചു എന്നാണ് ഇവർ പറയുന്നത്. സർക്കാർ കരുതലെന്ന് പറയുമ്പോഴും ഇതെന്ത് കരുതൽ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.

കൊല്ലത്ത് എക്‌സൈസ് ഓഫീസിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ തൃശൂരിൽ പരിശീലനത്തിനു പോയി തിരികെ വന്നപ്പോൾ പനിയും ചുമയും വന്നു. ഈ ഉദ്യോഗസ്ഥനോട് 21 ദിവസം ക്വാരന്റൈനിൽ പോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും പുറത്തുവന്നിട്ടുണ്ട്. ഇതോടെ കൊറോണ ഭീതിയിൽ മറ്റു സഹപ്രവർത്തകരും ആശങ്കയിലായി. പനി ബാധിച്ച ഉദ്യോഗസ്ഥനുമായി അടുത്തു ഇടപഴകിയവരാണ് സംശയത്തിലായത്. ഇതോടെ എല്ലാവരും മെഡിക്കൽ ഓഫീസർമാരെ സന്ദർശിച്ച് സ്വയം ക്വാറന്റൈൻ എഴുതി വാങ്ങുകയായിരുന്നു. ഇവർ ക്വാറന്റൈനിൽ പോയതോടെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആശങ്കയിലായി. എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും നിർബന്ധമായി ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നു സർക്കുലർ വന്നിരിക്കെയാണ് പത്തോളം പേർ ഒരുമിച്ച് അവധിയിൽ പോയത്. ഇതും പ്രതിസന്ധിക്കിടയായി.

ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയത് തലവേദന ആയതോടെയാണ് ഡെപ്യൂട്ടി കമ്മിഷണർ കൊല്ലം ഡിഎംഒയുടെ സഹായം തേടിയത്. ഇവർ ക്വാറന്റൈനിൽ പോകേണ്ടതുണ്ടോ എന്നാണ് ഉന്നതൻ തിരക്കിയത്. ഒരാൾ മാത്രം പോയാൽ മതി. മറ്റുള്ളവർ തിരികെ എത്തട്ടെ എന്ന ഉപദേശമാണ് ഡിഎംഒ നൽകിയതെന്നാണ് ഡെപ്യൂട്ടി കമ്മീഷണൻ പറഞ്ഞത്. ഇതിനൊപ്പം തന്നെ പനി ബാധിച്ച ഉദ്യോഗസ്ഥന്റെ ശ്രവം പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയക്കുകയും ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥർ തിരികെ എത്തിയപ്പോൾ അനുബന്ധമായി തന്നെ അസുഖബാധിതനു കൊറോണയില്ലെന്ന പരിശോധനാ ഫലവും എത്തി.

ഇതോടെയാണ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉദ്വേഗത്തിനും അവസാനമായത്. അവധി എത്തിയവർ ഉത്തരവ് പ്രകാരം മടങ്ങി വന്നപ്പോൾ ഇവരുടെ മുഖങ്ങളിൽ കണ്ടെങ്കിലും ഉദ്യോഗസ്ഥർ ആരും ഇത് കാര്യമാക്കാതിരുന്നത് അവധിയെടുത്തവർക്ക് ആശ്വാസമായി. തൃശൂരിൽ പോയ ഉദ്യോഗസ്ഥനു ഒന്നാമതുകൊറോണയില്ല. ശ്രവ പരിശോധനയിൽ ഇത് തെളിഞ്ഞിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെ ഓരോരുത്തരും സ്വയം ക്വാറന്റൈനിൽ പോവുകയായിരുന്നു. ലീവ് എടുത്ത് എല്ലാവരും പോയതോടെയാണ് പ്രശ്‌നമായതെന്നാണ് മേലുദ്യോഗസ്ഥൻ പറഞ്ഞത്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിരുന്നു. ഇവർ തിരികെ വരുന്നതിൽ കുഴപ്പമില്ലെന്നാണ് ഡിഎംഒ പറഞ്ഞത്-കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്-ഡെപ്യൂട്ടി കമ്മിഷണർ പറയുന്നു. ഇന്നു എല്ലാവരും തിരികെ എത്തുകയും ചെയ്തു. ക്വാറന്റൈനിൽ പോയവരെ തിരികെ എത്തിക്കുന്ന ആദ്യ നടപടിയാണ് സംസ്ഥാനത്ത് ഇന്നലെ നടന്നത്. സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതുകൊല്ലം എക്‌സൈസ് സർക്കിളും.

എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നാണ് എക്‌സൈസ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ തന്നെയാണ് തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥനു പനി ബാധിച്ചത്. അവസരം മുതലാക്കി ഇവർ മുങ്ങുകയാണോ എന്ന എക്‌സൈസ് ഉന്നതന്റെ സംശയമാണ് സംഭവങ്ങളിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വാറന്റൈനിൽ പോയവരെ തിരികെ വിളിക്കുന്ന നടപടിയില്ലാത്തതിനാൽ അവധിയിൽ പോയ ഉദ്യോഗസ്ഥർക്ക് ഒരു സംശയവുമുണ്ടായില്ല. എല്ലാവരും ഡ്യൂട്ടിക്ക് ഉണ്ടായിരിക്കണമെന്ന ഉത്തരവിന്റെ ലംഘനമാകും ഉദ്യോഗസ്ഥരുടെ നടപടി എന്ന് തിരിച്ചറിഞ്ഞാണ് ക്വാറന്റൈന് പോയവരെ തിരികെ വിളിക്കാൻ ഉന്നതൻ തീരുമാനിച്ചത്. പക്ഷെ എല്ലാ പഴുതുകളും അടച്ച് നീങ്ങിയതിനാൽ സ്വയം ക്വാറന്റൈന് പോയവർക്ക് തിരികെ എത്തേണ്ടി വരുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് ഇവരെ തിരികെ എത്തിക്കുമ്പോൾ പ്രശ്‌നം ഉണ്ടാകുമോ എന്നാണ് ഡെപ്യൂട്ടി കമ്മിഷണർ ആരാഞ്ഞത്. ഇവർ തിരികെ വരട്ടെ. അവർക്ക് കുഴപ്പമുണ്ടാകാൻ വഴിയില്ല എന്ന ഉപദേശം മെഡിക്കൽ ഓഫീസർ നൽകുകയും ചെയ്തു. ഇതോടെ എല്ലാവർക്കും തിരികെ ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദ്ദേശം നൽകി. ഇവർ ഇന്നു തിരികെ എത്തുകയും ചെയ്തു.

തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥന്റെ ശ്രവം വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ക്വാരന്റൈന് പോയവരെ തിരികെ വിളിച്ച ഡെപ്യൂട്ടി കമ്മിഷണറുടെ ശ്വാസം നേരെ വീഴുകയും ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്നത് തൃശൂരിലാണ്. ഒട്ടനവധി ഉദ്യോഗസ്ഥർ തൃശൂരിൽ പരിശീലനത്തിലായിരുന്നു. പക്ഷെ കൊറോണ വന്നതോടെ എല്ലാവരെയും തിരികെ വിട്ടു. കൊല്ലത്തേക്ക് 32 പേരെയാണ് തിരികെ അയച്ചത്. ഇതിൽ കൊല്ലത്തെ യൂണിറ്റിൽ മടങ്ങിയെത്തിയ ഉദ്യോഗസ്ഥനാണ് പനിയും ചുമയും ബാധിച്ചത്. ഇതുകൊറോണയാണെന്ന സംശയം വന്നതോടെ ഈ ഉദ്യോഗസ്ഥനോട് ഇടപഴകിയ ഉദ്യോഗസ്ഥർ സ്വയം അവധിയിൽ പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP