Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ബെഞ്ചും ഡെസ്‌കും അലമാരകളാക്കി; വീടിന്റെ കാർപോർച്ചിൽ സ്റ്റേഷനറി സാധനങ്ങൾ നിരത്തി വിൽപന തുടങ്ങി; കോവിഡ് കാരണം കോളേജ് പൂട്ടിയപ്പോൾ വീട്ടിൽ സ്റ്റേഷനറി കട തുടങ്ങി അതിജീവനം; പാരലൽ കോളേജ് ഉടമയായ കൊടുവള്ളി മാനിപുരം ഷാജിയുടെ കഥ

ബെഞ്ചും ഡെസ്‌കും അലമാരകളാക്കി; വീടിന്റെ കാർപോർച്ചിൽ സ്റ്റേഷനറി സാധനങ്ങൾ നിരത്തി വിൽപന തുടങ്ങി; കോവിഡ് കാരണം കോളേജ് പൂട്ടിയപ്പോൾ വീട്ടിൽ സ്റ്റേഷനറി കട തുടങ്ങി അതിജീവനം; പാരലൽ കോളേജ് ഉടമയായ കൊടുവള്ളി മാനിപുരം ഷാജിയുടെ കഥ

ജാസിം മൊയ്ദീൻ

കോഴിക്കോട്; കോവിഡ് മഹാമാരി വലിയ തോതിൽ പടർന്നുപിടിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പൂട്ടുവീണത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. ലോക്ഡൗൺ അവസാനിച്ചതോടെ മറ്റ് സ്ഥാപനങ്ങളെല്ലാം നിയന്ത്രണങ്ങളോടെ തുറന്നപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോഴും തുറക്കാനായിട്ടില്ല. സാധാരണ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഇപ്പോൾ അഡ്‌മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നുണ്ട്. അവിടങ്ങളിലെ സ്ഥിര അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളവും ലഭിക്കുന്നുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ സ്ഥിതി. ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളുമടക്കം നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങൾ തോറും സജീവമായി പ്രവർത്തിച്ചിരുന്നു സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊരു പ്രതിസന്ധിയെ തരണം ചെയ്യാനായി ഉപജീവനമാർഗ്ഗത്തിനായി തന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ബഞ്ചും ഡെസ്‌കും അലമാരയും മേശകളുമെല്ലാം ഉപയോഗപ്പെടുത്തി വീടിനോട് ചേർന്ന് ഒരു സ്റ്റേഷനറി കട തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശിയും അദ്ധ്യാപകനുമായ ഷാജി.

കൊടുവള്ളി ഗുരുകുലം കോളേജിന്റെ ഉടമയും മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപന പരിചയവുമുള്ള ഷാജി ജീവിതത്തിൽ ആദ്യമായാണ് മറ്റൊരു ജോലി ചെയ്യുന്നതും. അതിജീവനത്തിനായി ഷാജി കണ്ടെത്തിയ പുതിയ മാതൃക ഇന്ന് വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 1990 ലാണ് ഷാജി പാരലൽ കോളേജ് അദ്ധ്യാപകനായി ജോലി തുടങ്ങുന്നത്. ഫിസിക്സ് ആയിരുന്നു വിഷയം. പിന്നീട് 1994ൽ സ്വന്തം നാടായ മാനിപുരത്ത് മലബാർ കോളേജ് എന്ന പേരിൽ സ്വന്തമായൊരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 10 വർഷങ്ങളോളം മാനിപുരത്ത് പ്രവർത്തിച്ച സ്ഥാപനം പിന്നീട് കൂടുതൽ സൗകര്യങ്ങളോട് കൂടി കൊടുവള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഗുരുകുലം കോളേജ് എന്ന പേരിൽ കഴിഞ്ഞ 10 വർഷത്തോളമായി കൊടുവള്ളിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം ഈ കോവിഡ് പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തിൽ തന്നെ അടച്ചുപൂട്ടുകയായിരുന്നു. ഹയർസെക്കണ്ടറി, ഡിഗ്രി കോഴ്സുകളും ട്യൂഷൻ ക്ലാസുകളുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അടുത്ത് തന്നെ കോളേജ് തുറക്കാനാകും എന്ന പ്രതീക്ഷയോടെ അഞ്ച് മാസത്തോളം കഴിഞ്ഞെങ്കിലും അതിനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് ഷാജി മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിനിടയിൽ പുതിയൊരു ജോലിയിലേക്കും സംരംഭത്തിലേക്കും കടക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നത്. കാലി വളർത്തലും കൃഷിയുമടക്കം പലതരത്തിലുള്ള സംരഭങ്ങളെ കുറിച്ച് ആലോചിച്ചെങ്കിലും കേവലം അഞ്ച് സെന്റ് ഭൂമിയും അതിലൊരു വീടുമുള്ള ഷാജിയുടെ ചുറ്റുപാടിൽ അതൊന്നും പ്രായോഗികമായിരുന്നില്ല.

അങ്ങനെയാണ് ആദ്യമായി ഷാജിയുടെ ഭാര്യയുടെ മനസ്സിൽ വന്ന ഒരു ആശയം പ്രാവർത്തികമാക്കുന്നത്. മാക്സികൾ കൊണ്ടുവന്ന് വിൽപന നടത്താമെന്നായിരുന്നു ഷാജിയുടെ ഭാര്യ മുന്നോട്ടുവെച്ച നിർദ്ദേശം, അങ്ങനെ ആദ്യമായി 5000 രൂപക്ക് മാക്സികൾ എത്തിച്ച് കച്ചവടം തുടങ്ങുകയായിരുന്നു. ഇതിന് നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ഇതോടെ കൂടുതൽ സാധനങ്ങൾ എത്തിച്ച് കച്ചവടം വിപുലീകരിക്കുകയായിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബെഞ്ചും ഡെസ്‌കും മേശകളും അലമാരകളുമെല്ലാം എത്തിച്ചാണ് കട തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. വീടിന്റെ പോർച്ചിൽ തന്നെയാണ് കട ഒരുക്കിയിട്ടുള്ളത്. ബഞ്ചുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചാണ് കടയിൽ റാക്കുകൾ നിർമ്മിച്ചിരിക്കുന്നത്. കോളേജിലെ കമ്പ്യൂട്ടർ മേശകളും ഫ്രണ്ട് ഓഫീസിലുണ്ടായിരുന്നു മേശകളും അലമാരകളും ഇത്തരത്തിൽ കടയിൽ പല രൂപത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

നാട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും മികച്ച പിന്തുണയാണ് ഇപ്പോൾ തന്റെ പുതിയ സംരംഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷാജി പറയുന്നു. ഇവിടെ ലഭിക്കാത്ത സാധനങ്ങൾ മാത്രമാണ് ഇപ്പോൾ തന്റെ അയൽവാസികൾ മറ്റുകടകളിൽ പോയി വാങ്ങുന്നത്. കോളേജ് ഉടൻ തുറക്കാൻ കഴിയട്ടെ എന്ന പ്രത്യാശയിലാണ് ഷാജിയും കുടുംബവും കോളേജിലെ മറ്റു ജീവനക്കാരും. കോളേജിന്റെ ഓഫീസ് ഇടക്ക് തുറക്കുന്നുണ്ട്. ഇക്കൊല്ലം പുതിയ അഡ്‌മിഷനുകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും നിലവിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ക്ലാസുകൾ നടക്കുന്നുണ്ട്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായൂം വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഫീസ് മാത്രമാണ് സമാന്തര കലാലയങ്ങളുടെ സാമ്പത്തിക ആശ്രയം. അത് പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ്.

ഫീസടക്കേണ്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഫീസടക്കാനായി കുട്ടികൾക്ക് കോളേജിലേക്ക് വരാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇനിയെന്നാണ് കോളേജ് തുറക്കാനാകുക എന്ന് ഇപ്പോഴും പറയാറായിട്ടില്ല. എങ്കിലും എല്ലാം പഴയ രീതിയിൽ ആകാൻ ഇനിയും സമയമെടുക്കും. അതുവരെ ജീവിക്കണമെങ്കിൽ ഈ പുതിയ സംരംഭം തന്നെയാണ് ആശ്രയം. കോളേജിലെ ബെഞ്ചും ഡസ്‌കുമെല്ലാം ചുറ്റുമുള്ളതുകൊണ്ട് മാനസികമായി കോളേജിൽ തന്നെയാണ് ഇരിക്കുന്നത് എന്ന ഒരു അനുഭവമുണ്ട്. ഇപ്പോൾ രണ്ട് മാസമായി കട തുടങ്ങിയിട്ട്.

വീട്ടിൽ തന്നെ നടത്തുന്ന കടയായതിനാൽ കോവിഡ് നിയന്ത്രണങ്ങളും സുരക്ഷമാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചാണ് കച്ചവടം നടക്കുന്നത്. എന്ത് ജോലി തന്നെയായാലും ചെയ്യുന്ന ജോലിയെ ആത്മാർത്ഥതയോട് കൂടി സമീപിച്ചാൽ വിജയം സുനിശ്ചിതമാണെന്നും ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP