Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ

തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമാക്കുമെന്നും തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി. വെള്ളിയാഴ്‌ച്ച മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമനുഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീതിക്കായി തെരുവിലിറങ്ങാൻ തങ്ങളെ സർക്കാർ നിർബന്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമര കോലാഹലങ്ങൾ ഉയർത്തി തെളിവ് ശേഖരണം തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. സമരം രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണ്. സർക്കാർ എപ്പോഴും ഇരയ്‌ക്കൊപ്പമാണെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നും വെള്ളിയാഴ്‌ച്ച വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. തുടർച്ചയായ രണ്ടാം ദിവസവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ചോദ്യം ചെയ്തിട്ട് വിട്ടു. എട്ടു മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. മാത്രമല്ല അദ്ദേഹത്തിനെതിരെയുള്ള തെളിവുകളും കാണിച്ചുവെന്നാണ് സൂചന. വെള്ളിയാഴ്‌ച്ചയോടു കൂടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കോട്ടയം എസ്‌പി അറിയിച്ചിരുന്നു.

കന്യാസ്ത്രീയുടെ പരാതിയിൽ, ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെയാണു പൊലീസെന്നു ജസ്റ്റിസ് ബി.കെമാൽപാഷ അഭിപ്രായപ്പെട്ടു. കോടതി പരിഗണിക്കുന്നെന്ന പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ചു നിരവധി സുപ്രീംകോടതി വിധികളുണ്ട്. കോടതി പരിഗണിക്കുന്നതു മാറ്റിവച്ചാൽ അതിനെ മുൻകൂർ ജാമ്യമായി പരിഗണിക്കാനാവില്ല എന്നതു പൊലീസിന്റെ അറിവില്ലായ്മയല്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. ഇതുകൊണ്ടു കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണു ചെയ്യുന്നത്.

കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളിൽ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തു നിലവിലുള്ള ഗാർഹിക പീഡന നിരോധന നിയമം നല്ല രീതിയിൽ എഴുതപ്പെട്ട ഒന്നാണെന്നു വിശ്വസിക്കുന്നില്ല. ഇതിന് ഒരുപാടു പോരായ്മകളുണ്ട്. ജുഡിഷ്യറിയാണ് ഇതു നികത്തേണ്ടത്. ജുഡിഷ്യറി നടത്തുന്നതു ജനങ്ങളുടെ ഇച്ഛയല്ല. അതേസമയം കണ്ണുകെട്ടി നീതി നടപ്പാക്കുന്നതു നീതിയാകുകയുമില്ല. കണ്ണടച്ചു നീതി നടപ്പാക്കുക എന്നു പറഞ്ഞാൽ പുറമേ ഉള്ള കണ്ണ് അടയ്ക്കുമ്പോൾ അകക്കണ്ണ് തുറക്കണം.

അല്ലാത്തപക്ഷം പാവങ്ങൾക്കു നീതി നിഷേധിക്കപ്പെടും.ആണായാലും പെണ്ണായാലും ഒന്നേ കെട്ടാവൂ എന്ന് അഭിപ്രായപ്പെട്ടതിനാലാണു മലമേലധ്യക്ഷന്മാർ തന്നെ പുറത്താക്കുമെന്നു പറഞ്ഞത്. സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടിൽ എങ്ങനെ അവർ സുരക്ഷിതരാകും. ഇച്ഛാശക്തിയുള്ള സർക്കാരുള്ളിടത്തേ സ്ത്രീകൾക്കു സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാൻ ആരെയും അനുവദിക്കരുത്.

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വേളയിലായിരുന്നു ബെഹ്റയുടെ പ്രതികരണം
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീർച്ചയായും തീരുമാനമെടുക്കുമെന്നാണ് ബിഷപ്പ് പറഞ്ഞു.

അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18 നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റുകയായിരുന്നു.ബിഷപ്പിനെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സെന്ററിൽ പുരോഗമിക്കുകയാണ്.

രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോട് കൂടിയാണ് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. കേസിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെ ബിഷപ്പിന് പറയാനുള്ള കാര്യങ്ങൾ കേൾക്കുകയാണ് അന്വേഷണ സംഘം ചെയ്തതെങ്കിൽ ഇന്ന് നിർണായക ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ഇതിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് സൂചന. കന്യാസ്ത്രീയിൽ നിന്നും പരമാവധി തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമാകുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യൽ അവസാനിച്ചാൽ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അനുയായികൾ കോട്ടയത്ത് പലരുമായി ബന്ധപ്പെടുന്നത്.

ഏറ്റുമാനൂരിലേക്ക് കൊണ്ടുപോകുന്ന ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയാൽ സബ് ജയിലിലേക്ക് തന്നെ മാറ്റാനും സാധ്യതയുണ്ട്.ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബിഷപ്പ് കുറ്റസമ്മതത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ കൂടി പശ്ചാത്തലത്തിൽ അറസ്റ്റിലേക്ക് പോകാനും അന്വേഷണ സംഘത്തിന് കഴിയും. അറസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്.

വൈദ്യപരിശോധനയ്ക്കുള്ള തയ്യാറെടുപ്പും സ്വീകരിച്ചതായാണ് റിപ്പോർട്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്താൽ ഹാജരാക്കേണ്ടത് പാലാ മജിസ്‌ട്രേറ്റിനു മുന്നിലാണ്. കുറവിലങ്ങാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ പാലാ മജിസ്‌ട്രേറ്റ് ഇന്ന് അവധിയായതിനാൽ തൊട്ടടുത്തുള്ള ഏറ്റുമാനൂർ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയേക്കും. റിമാൻഡിൽ വിട്ടാൽ പാലായിലേയോ കോട്ടയത്തേയോ സബ് ജയിലിലേക്കായിരിക്കും അയക്കാൻ സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP