Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

ക്യാൻസർ പരിശോധനയ്ക്കുള്ള സംവിധാനം വന്നുവെന്ന് പറഞ്ഞ ഡോക്ടർ; കൊള്ളാമല്ലോ എന്ന് ആദ്യ പ്രതികരണം; ഒന്നു പരിശോധിച്ചാലോ എന്ന് രണ്ടാം ചോദ്യം; ഫലം കണ്ട് അമ്പരന്ന ഡോക്ടറെ ആശ്വസിപ്പിച്ച സഖാവ്; പൊരുതി തോൽപ്പിക്കുമെന്ന് പറഞ്ഞ് പാർട്ടിക്ക് വേണ്ടി നിറഞ്ഞു; സോഡിയവും പൊട്ടാസ്യവും പ്രമേഹവും പ്രതിസന്ധിയായി; രോഗം കണ്ടെത്തിയതും കോടിയേരി; കണ്ണൂർ കണ്ണീരിൽ

ക്യാൻസർ പരിശോധനയ്ക്കുള്ള സംവിധാനം വന്നുവെന്ന് പറഞ്ഞ ഡോക്ടർ; കൊള്ളാമല്ലോ എന്ന് ആദ്യ പ്രതികരണം; ഒന്നു പരിശോധിച്ചാലോ എന്ന് രണ്ടാം ചോദ്യം; ഫലം കണ്ട് അമ്പരന്ന ഡോക്ടറെ ആശ്വസിപ്പിച്ച സഖാവ്; പൊരുതി തോൽപ്പിക്കുമെന്ന് പറഞ്ഞ് പാർട്ടിക്ക് വേണ്ടി നിറഞ്ഞു; സോഡിയവും പൊട്ടാസ്യവും പ്രമേഹവും പ്രതിസന്ധിയായി; രോഗം കണ്ടെത്തിയതും കോടിയേരി; കണ്ണൂർ കണ്ണീരിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്യാൻസർ പരിശോധനയ്ക്കുള്ള പുതിയ സംവിധാനം വന്നിട്ടുണ്ടെന്ന് വെറുതെ പറഞ്ഞ ഡോക്ടർ. അതു നല്ലതു തന്നെയെന്ന് പുഞ്ചിരിയോടെ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി. കുറച്ചു കഴിഞ്ഞ് നമുക്കും ഒന്ന് നോക്കിയാലോ എന്ന് ചോദിച്ചതും ഡയബറ്റിക്‌സ് രോഗി. റിസൾട്ട് കണ്ട് എന്തു പറയുമെന്ന് അമ്പരന്ന ഡോക്ടറെ കാര്യം അറിഞ്ഞ് ആശ്വസിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ. ക്യാൻസർ രോഗ ചികിൽസാ വിദഗ്ധനും വിപ്ലവകാരി പറന്നു നൽകിയത് ആത്മവിശ്വാസം. രോഗം വരും അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് നാലു വർഷത്തോളം ചികിൽസ. പലപ്പോഴും കീമോ ചെയ്തു. അപ്പോഴും പോരാളി മാത്രം തളർന്നില്ല.

സ്വന്തം ജീവനേക്കാൾ തനിക്ക് പാർട്ടിയാണ് വലുതെന്ന സന്ദേശമാണ് കോടിയേരി ഡോക്ടർമാർക്കും നൽകിയത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി ശരീരത്തിന് ആശ്വാസം കിട്ടുമ്പോൾ ഉടൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങും. പിന്നെ വീണ്ടും പാർട്ടി ഉത്തരവാദിത്തങ്ങളിലേക്ക്. ആർക്കും അതിൽ നിന്നും കോടിയേരിയെ പിൻന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർക്ക് ആത്മവിശ്വാസം നൽകി കോടിയേരി പാർട്ടിയിൽ സജീവമായി. തീരെ വയ്യാതിരിക്കുമ്പോഴും മാധ്യമങ്ങൾക്ക് മുമ്പിലെത്തി പത്ര സമ്മേളനം നടത്തി. ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ യോഗത്തിലും പങ്കാളിയായി. താനൊരു പോരാളിയാണെന്ന് സമർത്ഥിച്ചാണ് മടക്കം. രണ്ടാഴ്ച കൊണ്ട് തീരെ അവശനായിരുന്നു സിപിഎം സെക്രട്ടറി. ചെന്നൈയിൽ എത്തി കുറച്ചു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിയെ കണ്ടിരുന്നു. മിനിറ്റുകൾ മാത്രം നീണ്ട കൂടിക്കാഴ്ച.

അതിന് ശേഷം ആരേയും കോടിയേരിക്ക് അടുത്തേക്ക് ഡോക്ടർമാർ വിട്ടില്ല. അണുബാധയിലെ ഭയമായിരുന്നു ഇതിന് കാരണം. ഒടുവിൽ ഭാര്യയേയും മക്കളേയും പോലും നിയന്ത്രിച്ച് ഡോക്ടർമാർ ചികിൽസ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുമായി സിപിഎം നേതൃത്വം നിരന്തരം ചർച്ച നടത്തി. ആരോഗ്യാവസ്ഥയിലെ പുരോഗതി നോക്കി അമേരിക്കയിലേക്ക് കൊണ്ടു പോകുന്നതും പരിശോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുമായി മയോ ക്ലീനിക്കിലേക്ക് പോകുന്നതിന്റെ സാധ്യതകൾ തേടി. കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി കണ്ടപ്പോഴാണ് വിദേശ പര്യടനം മുഖ്യമന്ത്രി ഉറപ്പിച്ചത്. എന്നാൽ യൂറോപ്പിലേക്ക് പറക്കാനുള്ള അന്തിമ ഒരുക്കങ്ങൾ നടക്കുന്നതിനിടെ പിണറായിയെ ഞെട്ടിച്ച് ആത്മമിത്രത്തിന്റെ വിയോഗ വാർത്ത എത്തി. യാത്ര റദ്ദാക്കി പിണറായിയും കണ്ണൂരിലേക്ക് പോയി.

പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഓടി നടന്നപ്പോഴും തന്നെ കാർന്നു തിന്നുന്ന ക്യാൻസറിനെ കുറിച്ച് കോടിയേരി സഖാവ് അറിഞ്ഞിരുന്നില്ല. ലോക്സഭ തെരെഞ്ഞടുപ്പിന് ശേഷം 2019 -ൽ ഒഴിവുവന്ന 5 മണ്ഡല ങ്ങളിലും ഓടിനടന്നാണ് കോടിയേരി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ ഓട്ടത്തിനിടയിലും ക്ഷീണമോ മറ്റ് രോഗ ലക്ഷണങ്ങളോ ശരീരം പ്രകടിപ്പിച്ചില്ല. പാലായിലും മഞ്ചേശ്വരത്തും വട്ടിയൂർകാവിലും , എറണാകുളത്തും അരൂരിലും കോന്നിയിലും തെരെഞ്ഞടുപ്പ് പ്രചരണ ചുമതലകൾക്കായി നാലുമാസത്തോളം വിശ്രമമില്ലാതെയാണ് കോടിയേരി പ്രവർത്തിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ കാണാൻ കോടിയേരി പോയത്.

ഡയബറ്റിക് അലട്ടിയിരുന്നതിനാൽ ഓരോ മൂന്നു മാസം കൂടുമ്പോഴും ഡോക്ടറെ കാണുന്ന പതിവ് ഉണ്ടായിരുന്നു. അന്ന് ഡോക്ടറെ കണ്ട കൂട്ടത്തിൽ പ്രമേഹ പരിശോധനക്ക് പുറമെമറ്റ് രക്ത പരിശോധനയ്ക്ക് കൂടി ഡോക്ടർ വെറുതെ കുറിച്ചു. പരിശോധനാ ഫലം വന്നപ്പോൾ സി എ 99 ന്റെ റെയ്ഞ്ച് 1000 ത്തിൽ എത്തിയിരിക്കുന്നു. സാധാരണ ഗതിയിൽ 35നും 40നും ഇടയിൽ കാണേണ്ട സി എ യാണ് 1000 ത്തിൽ എത്തി നിൽക്കുന്നത്. ക്യാൻസർ ആണെന്ന് ഡോക്ടർ ഉറപ്പിച്ചെങ്കിലും ചില സംശയങ്ങൾ പറഞ്ഞ ഡോക്ടർ കോടിയേരി സഖാവിനെ കൊണ്ട് സി ടി സ്‌കാനും പെറ്റ് സ്‌കാനും എടുപ്പിച്ചു. അതിന്റെ റിസൾട്ട് വന്നപ്പോഴാണ് ക്യാൻസർ കാര്യം കോടിയേരിയോട് ഡോക്ടർ തുറന്ന് പറയുന്നത്.

പാൻക്രിയാസിനെയാണ് ക്യാൻസർ ബാധിച്ചതെന്ന് പെറ്റ് സ്‌കാനിലാണ് സ്ഥിരീകരിച്ചത്. പിന്നീട് പാർട്ടി തീരുമാന പ്രകാരമാണ് 2019 ൽ തന്നെ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് കോടിയേരി ചികിത്സക്ക് പോയത്. ആദ്യഘട്ട ചികിത്സയിൽ കീമോ തുടങ്ങിയപ്പോൾ തന്നെ അസ്വസ്ഥതകളും ഉണ്ടായി. ശരീരത്തിലെ സോഡിയം കുറഞ്ഞു. ഒടുവിൽ ഐ സി യു വിൽ വരെ കിടക്കേണ്ടി വന്നു. അപ്പോഴൊക്കെയും അവിടെത്തെ മലയാളി നേഴ്സുമാരുടെ പിന്തുണയും കരുതലും തുണയായിട്ടുണ്ടെന്ന് പിന്നീട് കോടിയേരി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗ ചികിൽസയ്ക്കിടെ സോഡിയവും പൊട്ടാസ്യയവും എല്ലാം കുറഞ്ഞു. പ്രമേഹവും പ്രതിസന്ധിയായി. ഇതാണ് കോടിയേരിയുടെ അകാല മടങ്ങലിന് കാരണമായത്. ഇത് മനസ്സിലാക്കിയാണ് പാർട്ടി സെക്രട്ടറി പദത്തിൽ നിന്നും മാറി നിൽക്കാൻ കോടിയേരി തീരുമാനിച്ചതും.

ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിലാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിലാപ യാതയായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി. കോടിയേരിയുടെ ഭാര്യ വിനോദിനി മകൻ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവർ ചെന്നൈയിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. രാത്രി പത്ത് വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. തലശ്ശേരിയിലെ പൊതുദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. കോടിയേരി ഓണിയൻ ഹൈസ്‌കൂളിൽനിന്നാണ് ബാലകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം.

സ്‌കൂൾ അദ്ധ്യാപകനായ കോടിയേരിയിലെ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകൻ ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ ഓണിയൻ സ്‌കൂളിലെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോളജിലെത്തിയപ്പോൾ ബാലകൃഷ്ണൻ അവിടെയും നേതാവായി. മാഹി കോളജിന്റെ ചരിത്രത്തിലെ ആദ്യത്തെ ചെയർമാനായി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ബിരുദ പഠനത്തിനായി തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിലെത്തിയപ്പോഴേക്കും സിപിഎമ്മിന്റെ തലയെടുപ്പുള്ള പ്രവർത്തകനായി ബാലകൃഷ്ണൻ രൂപപ്പെട്ടിരുന്നു.

1980ൽ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി രണ്ട് വർഷം പ്രവർത്തിച്ചു. വിവിധ ട്രേഡ് യൂനിയനുകളുടെയും അമരക്കാരനായി. ഇതിനിടയിൽ പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും വേദിയിൽ കോടിയേരി സജീവ സാന്നിധ്യമായി. 1982 ൽ ആദ്യമായി തലശേരിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തലശേരിയിലെ എംഎ‍ൽഎയായിരുന്ന എം വി രാജഗോപാലന്റെ പിന്തുടർച്ചക്കാരനായാണ് കോടിയേരി നിയമസഭയിലെത്തിയത്. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.

പിന്നീട് പിണറായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോൾ കണ്ണൂർ ജില്ലയിലെ നേതൃത്വം കോടിയേരിയിലേക്ക് എത്തി. സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദൻ പാർട്ടിയുടെ ശാസനയ്ക്ക് വിധേയനായപ്പോഴാണ് 1991ൽ കോടിയേരി ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. 1988 ൽ സിപിഎം. സംസ്ഥാന സമിതിയിലെത്തിയ കോടിയേരി 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും എത്തി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലെല്ലാം തലശേരിയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തി. ഇതിനിടയിൽ 2003ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആറ് വർഷമാണ് സിപിഎമ്മിനെ കണ്ണൂരിൽ കോടിയേരി നയിച്ചത്. പാലക്കാട് സമ്മേളനത്തിലാണ് വി.എസിന്റെ നേതൃത്വത്തിൽ സിപിഎമ്മിലെ വെട്ടിനിരത്തൽ ആരംഭിച്ചത്. സിഐ.ടി.യുവിന്റെ പ്രതാപം പാർട്ടിയിൽ മങ്ങുന്നത് പാലക്കാട് സമ്മേളനത്തോടെയാണ്.

അതിന് ശേഷം 2002 ൽ കണ്ണൂരിൽ സമ്മേളനം എത്തുമ്പോഴും വിഭാഗീയത വേറെ രൂപത്തിൽ കൊടുമ്പിരികൊണ്ടിരുന്നു. എന്നാൽ കണ്ണൂർ സമ്മേളനത്തിന് നേതൃത്വം നൽകിയ കോടിയേരിയുടെ അടവുനയങ്ങൾ പാർട്ടിക്കുള്ളിൽ അക്കാലത്തെ വലിയ ചർച്ചയായിരുന്നു. എല്ലാ വിഭാഗത്തെയും യോജിപ്പിച്ചുകൊണ്ട് സമ്മേളനം വൻവിജയമാക്കാൻ കോടിയേരിക്ക് കഴിഞ്ഞു. സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിക്ക് ഇത് വലിയ ആശ്വാസമായി. രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി എസ്. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പൊലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാർത്ഥ്യമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP