Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചുവപ്പൻ അഭിവാദ്യങ്ങളോടെ പയ്യാമ്പലത്തേക്ക് അന്ത്യയാത്ര; പ്രിയ സഖാവ് കോടിയേരിക്ക് വിടനൽകാൻ ജനസാഗരം; പിണറായി അടക്കം നേതാക്കൾ കാൽനടയായി വിലാപയാത്രയിൽ; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപ സമയത്തിനകം പയ്യാമ്പലത്ത്

ചുവപ്പൻ അഭിവാദ്യങ്ങളോടെ പയ്യാമ്പലത്തേക്ക് അന്ത്യയാത്ര; പ്രിയ സഖാവ് കോടിയേരിക്ക് വിടനൽകാൻ ജനസാഗരം; പിണറായി അടക്കം നേതാക്കൾ കാൽനടയായി വിലാപയാത്രയിൽ; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപ സമയത്തിനകം പയ്യാമ്പലത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പയ്യാമ്പലത്തേയ്ക്ക് നീങ്ങുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര തുടങ്ങിയത്.

പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് അന്ത്യ വിശ്രമമൊരുക്കിയ പയ്യാമ്പലം ബീച്ചിലേക്ക് വിലാപയാത്ര നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, വിജയരാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങുകയാണ്.

ചുവപ്പൻ അഭിവാദ്യങ്ങളോടെയാണ് പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് ആയിരങ്ങൾ യാത്രാമൊഴി നൽകുന്നത്. കണ്ണൂരിലെ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിനു ശേഷമാണ് കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദുഃഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപ സമയത്തിനകം പയ്യാമ്പലത്താണ് സംസ്‌കാരം നടക്കും. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം ഒരുങ്ങുന്നത്. അഴീക്കോടൻ മന്ദിരത്തിൽ ആയിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു.

ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൗൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു.

കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വഴിനീളെ വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിന്നത്. വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള ആളുകൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

തലശേരി ടൗൺ ഹാളിലെ പൊതുദർശനം കഴിഞ്ഞ് ഇന്നലെ രാത്രി 10നുശേഷമാണ് മൃതദേഹം കോടിയേരിയിലെ വസതിയിലെത്തിച്ചത്. 1980ൽ കോടിയേരിയുടെ വിവാഹത്തിനു വേദിയായ ടൗൺഹാൾ വികാരനിർഭര രംഗങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്. ചെന്നൈ മുതൽ മൃതദേഹത്തെ അനുഗമിച്ച ഭാര്യ വിനോദിനി അന്തിമോപചാരം അർപ്പിക്കവേ പൊട്ടിക്കരഞ്ഞു തളർന്നുവീണു.

ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. രാത്രിയിലും ജനസാഗരം ടൗൺഹാളിലേക്ക് ഒഴുകി. മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻപിള്ളയും എം.എ.ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നു പ്രിയ സഖാവിനെ രക്തപതാക പുതപ്പിച്ചു. പിണറായി വിജയൻ ആദ്യത്തെ പുഷ്പചക്രം അർപ്പിച്ചു; മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു. സഹോദരതുല്യനായ സഖാവിന് അവസാനത്തെ ലാൽസലാം. രാത്രി വൈകി ടൗൺ ഹാളിലെ പൊതുദർശനം അവസാനിക്കുംവരെ മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽനിന്നു കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നേതൃത്വത്തിൽ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങി. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടായിരുന്നു. അർബുദബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP