Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണല്ലോ, ബാലകൃഷ്ണൻ': ഒരേ വഴിയിലൂടെ ഒരുമിച്ച് നടന്ന സോദരന്റെ വേർപാടിൽ വല്ലാതെ ഉലഞ്ഞ് പിണറായി വിജയൻ; വിലാപയാത്രയ്‌ക്കൊപ്പം കാൽനടയായി മൂന്നു കിലോമീറ്ററോളം; പയ്യാമ്പലത്ത് എത്തിയപ്പോൾ മുതൽ തോളിലേറ്റി മുഖ്യമന്ത്രി; വാക്കുകൾ മുറിഞ്ഞ് വികാരഭരിതനായ നിമിഷങ്ങളും

'എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണല്ലോ, ബാലകൃഷ്ണൻ': ഒരേ വഴിയിലൂടെ ഒരുമിച്ച് നടന്ന സോദരന്റെ വേർപാടിൽ വല്ലാതെ ഉലഞ്ഞ് പിണറായി വിജയൻ; വിലാപയാത്രയ്‌ക്കൊപ്പം കാൽനടയായി മൂന്നു കിലോമീറ്ററോളം; പയ്യാമ്പലത്ത് എത്തിയപ്പോൾ മുതൽ തോളിലേറ്റി മുഖ്യമന്ത്രി;  വാക്കുകൾ മുറിഞ്ഞ് വികാരഭരിതനായ നിമിഷങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: 'സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ'- കോടിയേരി വിടവാങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച വാക്കുകൾ. കോടിയേരിക്ക് അർബുദം ബാധിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ ഉലഞ്ഞുപോയിരുന്നു പിണറായി വിജയൻ. ഇതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് എഴുതിയത് ഇങ്ങനെ: ' ആ ഭാവമാറ്റത്തെ കുറിച്ച് ആരാഞ്ഞപ്പോൾ പിണറായി പറഞ്ഞ ഒരുവാക്യമുണ്ട്-' എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണല്ലോ, ബാലകൃഷ്ണൻ..' ഏതാണ്ട് അർദ്ധോക്തിയിൽ നിർത്തി'.

വിമാനത്താവളത്തിൽ, മൃതേദഹം ഏറ്റുവാങ്ങിയത് മുതൽ, പയ്യാമ്പലത്തിലേക്കുള്ള അന്ത്യയാത്ര വരെ പിണറായി ഒപ്പമുണ്ടായിരുന്നു. പ്രിയ സോദരന്റെ വേർപാട് അദ്ദേഹത്തെ വല്ലാതെ ഉലച്ചുവെന്ന് മനസ്സിലാക്കാൻ ദുഃഖാർദ്രമായ മുഖവും, ശരീര ഭാഷയും തന്നെ ധാരാളം. ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങുകൾക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോൾ മുന്നിൽ നിന്ന് തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു.

വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ചപ്പോൾ മുതൽ കാൽനടയായി മുഖ്യമന്ത്രി ഒപ്പം നടന്നു. ശേഷം, പയ്യാമ്പലത്ത് എത്തിയപ്പോൾ ഒരറ്റം മുഖ്യമന്ത്രി തോളിലേറ്റുകയായിരുന്നു. യെച്ചൂരിയും പ്രകാശ് കാരാട്ടും എം എ ബേബിയും എ കെ ബാലനും ഓരോ വശങ്ങളിൽ പിടിച്ചു. മൂന്ന് കിലോമീറ്ററിലേറെയാണ് സിപിഎമ്മിന്റെ മുൻനിരനേതാക്കളടക്കമുള്ളവർ കാൽനടയായി കോടിയേരിയുടെ മൃതദേഹത്തെ അനുഗമിച്ചത്.

മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കിയപ്പോൾ പിണറായി വിജയൻ സ്വന്തം ചുമലിലേക്ക് ശവമഞ്ചം ഏറ്റുവാങ്ങി.

പ്രവർത്തകരുടെ ഉറക്കെയുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ വികാരതീവ്രമാക്കി. ഇന്നലെ മുതൽ മുഖ്യമന്ത്രി കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി എട്ടു മണിക്കൂറോളം കൂടെയിരുന്നു. ഇന്ന് രാവിലെ തന്നെ കോടിയേരിയുടെ വീട്ടിൽ കുടുംബ സമേതമെത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയേയും കുടുംബാംഗങ്ങളേയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പിണറായി വിജയന്റെ ഭാര്യ കമലയും കൂടെത്തന്നെ ഉണ്ടായിരുന്നു. ഭാര്യ വിനോദിനി അന്ത്യ ചുംബനം നൽകിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

വാക്കുകൾ മുറിഞ്ഞ് പിണറായി

കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയ സഖാവിന് വിട ചൊല്ലുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞിരുന്നു, ശബ്ദം താഴ്ന്നു. ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. അതുകൊണ്ട് വാക്കുകൾ മുറിഞ്ഞേക്കാം, വാചകങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ഉണ്ടായിരുന്നത്. അവരുടെ കഴിവിന്റെ പരമാവധി അവർ ഉപയോഗിച്ചിരുന്നു. അവർക്കെല്ലാവർക്കും സിപിഎമ്മിന്റെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഒടുവിൽ അപ്പോളോ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയും മികച്ച പരിചരണമാണ് കോടിയേരിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ചില കാര്യങ്ങൾ നമ്മുടെ ആരുടെയും നിയന്ത്രണത്തിൽ അല്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് വല്ലാത്ത അവസ്ഥ അപ്പോഴേക്കും അദ്ദേഹത്തിന് സംഭവിച്ചിരുന്നു. എങ്കിലും പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ സമൂഹത്തിൽ മനുഷ്യ നന്മ പൂർണമായി ഒഴിവായിട്ടില്ല എന്ന് തെളിയിക്കുന്ന ചില സന്ദർഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളിലുണ്ടാകുന്നത്.

കോടിയേരിയുടെ വേർപാട് തങ്ങളെയെല്ലാം എങ്ങനെ വേദനിപ്പിച്ചോ അതേ വികാരവായ്പോടെ കേരള സമൂഹവും ഏറ്റെടുത്തു. അതിൽ നമ്മുടെ മാധ്യമങ്ങൾ വളരെ ആരോഗ്യപരമായ നിലപാടാണ് സ്വീകരിച്ചത്. ഒരു തരത്തിലുള്ള കലർപ്പുമില്ലാതെ റിപ്പോർട്ട് ചെയ്യുന്ന നിലയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സിപിഎമ്മിന്റെ താങ്ങാനാകാത്ത ഈ വിഷമഘട്ടത്തിൽ ഒരു പക്ഷത്ത് എന്നില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോടിയേരിയുടെ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മുന്നോട്ട് വന്ന സ്ഥിതിയാണുണ്ടായത്', മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP