Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

പൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ; കോടിയേരി പടിയിറങ്ങുന്നത് 'മക്കൾ മാഹാത്മ്യം' തീരാതലവേദന ആയതോടെ

പൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ;  കോടിയേരി  പടിയിറങ്ങുന്നത് 'മക്കൾ മാഹാത്മ്യം' തീരാതലവേദന ആയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണൻ മാരിനിൽക്കുന്നത് മക്കൾ മാഹാത്മ്യം പാർട്ടിയെ വെട്ടിലാക്കുന്ന വിധത്തിലേക്ക് മാറിയതോടെയാണ്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ പിടിച്ചുലച്ച ഘട്ടത്തിലാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. സിപിഎംന്റെ പൊളിറ്റ് ബ്യൂറോ അംഗവും കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ മാറുമ്പോൾ പകരം നിയമിതനായത് എ വിജയരാഘവനാണ്.

2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ച കാലം മുതൽ അദ്ദേഹത്തിന്റെ മക്കളെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നുന്നിരുന്നു. ഈ വിവാദങ്ങൾ കൂടുതൽ മൂർച്ഛിച്ചു കൊണ്ടാണ് ഒടുവിൽ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഉയരുന്നത്. പിണറായി വിജയൻ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമനായി അറിയപ്പെട്ട കോടിയേരിയെ സംബന്ധിച്ചിടത്തോളം ഇത് പടിയിറക്കത്തിന്റെ സമയം കൂടിയാണ്. ഇനി പാർട്ടിക്കുള്ളിൽ അദ്ദേഹം കരുത്തനായി തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ശക്തമായിരിക്കയാണ്. പിണറായി കൂടി കൈവിട്ടതു കൊണ്ടാണോ കോടിയേരി പടിയിറങ്ങുന്നത് എന്നാണ് ഇനി അറിയേണ്ടതാണ്.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി ജനിച്ച കോടിയേരി മികച്ചൊരു സംഘാടകനായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച് പാർട്ടി സെക്രട്ടറിയായ നേതാവ്. കേരളത്തിലെ സിപിഎമ്മിലെ രണ്ടാമൻ. ഇത്തരമൊരു നേതാവിന്റെ മക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം. ശബരിമല വിഷയം ആളികത്തിയപ്പോൾ സിപിഎം 20ൽ 19 ലോക്സഭാ സീറ്റിലും തോറ്റു. ഈ പ്രശ്നത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി കോടിയേരിയുടെ മകനെതിരെ പീഡന ആരോപണമെത്തുന്നത്. പിന്നാലെ മക്കളെ കൊണ്ടുള്ള വിവാദങ്ങൾ തുടർച്ചയായി എത്തുകയായിരുന്നു.

കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയും ആയിരുന്നു എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഇതിൽ ബിനീഷും ബിനോയിയും പലവിധ വിവാദങ്ങളിലൂടെ കടന്നു പോയി. ആദ്യം ബിനീഷിന്റെ രാഷ്ട്രീയ പ്രവർത്തനവും കേസുകളുമാണ് കുരുക്കായത്. അച്ഛന്റെ ലേബലിൽ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും എത്തി. ഇതോടെ ബിനീഷ് പതിയെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് പോയി. ഇതിനിടെ ബിനീഷിന്റെ സൗഹൃദങ്ങളും തലവേദനയായി. എന്നാൽ മൂത്തമകൻ ബിനോയ് എല്ലാ അർത്ഥത്തിലും അച്ഛനെ വെട്ടിലാക്കി.

ഇപ്പോൾ ബിനോയ് കോടിയേരിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ബലാൽസംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കി. ഈ വിഷയം ഒരു വിധത്തിൽ ഒതുങ്ങിയപ്പോഴാണ് അടുത്ത വിവാദവും എത്തിയത്. നേരത്തെ ദുബായിയിലെ വ്യവസായിയാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞെതെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പണം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ വിജയിക്കാതെയായപ്പോൾ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു. ദുബായ് പൊലീസിൽ നൽകിയ പരാതിയിൽ ബിനോയിയുടെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുകയും ദുബായിൽനിന്ന് പുറത്തുപോകുന്നതിന് യാത്രാവിലക്ക് ഏർപ്പെടത്തുകയും ചെയ്തിരുന്നു. പത്തുലക്ഷം ദിർഹം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്. പിന്നീട് ഉന്നത ഇടപടെലിലൂടെ കേസ് ഒതുക്കി തീർത്തു. ഇതിന് ശേഷവും ബിനോയ് അച്ഛന് തലവേദനയായി മാറി

ബിനോയിയുടെ തലവേദന ഒഴിഞ്ഞ ഘട്ടത്തിലാണ് അടുത്ത ബിനീഷ് കോടിയേരി വിവാദത്തിൽ ആകുന്നത്. മയക്കുമരുന്നു കേസിൽ കുടുങ്ങിയ ബിനീഷിനെ കോടിയേരി പരസ്യമായി തള്ളിപ്പറഞ്ഞിട്ടും കാര്യമാുണ്ടായില്ല. തിരുവനന്തപുരത്തെ വീ്ട്ടിൽ ഇഡി റെയ്ഡ് നടത്തുകയും കുടുംബം തന്നെ കൂടുതൽ വിവാദത്തിൽ ആകുകയും ചെയ്തിരുന്നു.

മന്ത്രിയെന്ന നിലയിലൊ വ്യക്തിയെന്ന നിലയിലൊ പൊതുപ്രവർത്തകൻ എന്ന നിലയിലൊ ചീത്തപ്പേരുകൾ ഒന്നും ഇതുവരെ കേൾപ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മകന്റെ പേരിൽ രാജ്യത്തെ പ്രബലമായ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്നത്. അതും ബിനീഷിന്റെ അച്ഛനായി പോയി എന്നുള്ള ഒരേ ഒരു കാരണത്താൽ.

മകൻ തെറ്റു ചെയ്തതിന് അച്ഛനെന്തു പിഴച്ചുവെന്ന ന്യായീകരണം സ്വന്തം മകനെ നിലയ്ക്കു നിർത്താൻ കഴിയാത്തയാളാണോ സംസ്ഥാനത്തിൽ ഭരണത്തിലിക്കുന്ന പാർട്ടിയെ നയിക്കേണ്ടതെന്ന ചോദ്യത്തിൽ തട്ടി വീഴുകയായിരുന്നു. മകൻ അഴിക്കുള്ളില്ലായത് മയക്കുമരുന്ന് കേസിനായതിനാൽ തന്നെ കോടിയേരി മാറണമെന്നത് ധാർമ്മികപരമായി അനിവാര്യതയായി മാറുകയായിരുന്നു. യുവജനതയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മകൻ കച്ചവടം നടത്തിയെന്നും അത് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വക്തമാക്കുമ്പോൾ യുവജനങ്ങൾ ഏറെയുള്ള പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിൽ ആ മകന്റെ അച്ഛന് ഇരിപ്പുറയ്ക്കുന്നതെങ്ങനെ. അനാരോഗ്യത്തെ ആത്മവീര്യം കൊണ്ട് നേരിട്ട് പൊതുപ്രവർത്തനത്തിലേക്ക് തിരിച്ചുവന്ന അച്ഛനെ പക്ഷേ മക്കൾ തളർത്തി. അതും കൃത്യമായി ഓരോ വർഷങ്ങളിൽ.

എന്നും മക്കൾ വിവാദത്തിൽ

രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികൾ ആണ് കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്‌സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം. ബിനോയ് കോടിയേരി്ക്ക് ഗൾഫിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്‌നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായിൽയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്.

ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി പുറത്തായതിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗം തന്നെയായിരുന്നുവെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

2020-ൽ അച്ഛനെ ആപ്പിലാക്കാനുള്ള ഊഴം പക്ഷേ ബിനീഷിനായിരുന്നു. ചേട്ടൻ സൃഷ്ടിച്ച തലവേദനയിൽനിന്ന് തടിയൂരാൻ അച്ഛന് കഴിഞ്ഞെങ്കിലും. ഇവിടെ കേസ് മയക്കുമരുന്നായതിനാലും അന്വേഷണം നടത്തുന്നത് എൻഫോഴ്സ്മെന്റ് ആണെന്നതും കോടിയേരിയുടെ കസേരയെ ആട്ടിയുലച്ചു. കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബിനോയിയുടെ വീട്ടിലേക്ക് ഇ.ഡിയും ആദായനികുതിയും പരിശോധന നടത്തി.

ഇതോടെ കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം. സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി തീർത്ത എല്ലാ പ്രതിരോധവും അഴിഞ്ഞുവീണു. മകൻ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങൾക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാർട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ അനിവാര്യമായ സ്ഥാനമൊഴിയൽ തിരഞ്ഞെടുക്കുകയായിരുന്നു. ബിനോയ്‌ക്കെതിരെ ആരോപണം ഉയർന്നപ്പോൾ തൽക്കാലം മകൻ പറയുന്നത് വിശ്വസിക്കാം എന്ന് നിലപാട് എടുത്ത കോടിയേരി ഇത്തവണ ബിനീഷിനെ ആരോപണം ഉയർന്നപ്പോൾ തന്നെ തെറ്റ് ചെയ്‌തെങ്കിൽ ശിശിക്കപ്പെടട്ടെയെന്നും സംരക്ഷിക്കാനായി ഒന്നും ചെയ്യില്ലെന്നുമാണ് നിലപാട് പ്രഖ്യാപിച്ചത്. മറിച്ചായിരുന്നു അന്നത്തെ നിലപാടെങ്കിൽ കോടിയേരി കേരളത്തോടും അണികളോടും എന്ത് പറഞ്ഞ് ന്യായീകരിക്കുമായിരുന്നു

മിനി കൂപ്പറിൽ 'സെക്രട്ടറി വിവാദം'

സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വർണ കടത്ത് കേസിലെ പ്രതിയുടെ കാറിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചതും വിവാദമായിരുന്നു. ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാർട്ടി വിമർശനത്തെ പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാർട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്നത്. ബംഗാളിൽ എസ്എഫ് ഐ നേതാവും എം പിയുമായ ഋതബൃത ബാനർജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാർട്ടി നയങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.

ചൂതാട്ടം നടത്തിയ ഭാര്യാ സഹോദരി

തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി പൊലീസ് പിടിയിലായത് വലിയ ചർച്ചയായിരുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയായ എസ്ആർ.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്‌ഐ.സി.ഷാജുവും സംഘവും കസ്റ്റഡിയിൽ എടുത്തത്. 2,19,800രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് കോടിയേരിയുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. . പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു എന്നാണ് ആരോപണം..

ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു. കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്‌ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്. ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അരുണയെ രക്ഷിക്കാൻ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടിൽ നിരവധി അപരിചിതരായ യുവതികൾ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോൾ വീട്ടിനുള്ളിൽ യുവതികൾ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുമ്പോൾ വീടു പൂട്ടാതെയാണ് പൊലീസ് പോകുന്നതും. വേലക്കാരി വീട്ടിനുള്ളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്.

സ്റ്റേഷനിലെത്തി മണിക്കൂറുകൾക്കുള്ളിൽ അരുണ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിവാദത്തിൽ പെട്ടത്.

പൂമൂടൽ.. ശത്രു സംഹാരം.. പിന്നെ ഏലസും

സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നാണ് പുറത്തുവരുന്ന ആരോപണം. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാദേശിക ഭാരവാഹികൾക്കും അംഗങ്ങൾക്കും പാർട്ടി അണികൾക്കുമെതിരെ നടപടിയെടുക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയാവുകയും ചെയ്തു. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്യുന്നു.

സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് ആരോപണമെത്തി. മുമ്പും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ നടത്തിയത് വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചിരുന്നു ഇതും വൻ വിവാദമായിരുന്നു.

കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ 2017 ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളിൽ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാർട്ടി അണികളെ അക്രമിക്കാൻ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയുയർത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയർത്തിയപ്പോൾ മുട്ടിന് മുകളിൽ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണിൽ പതിയുകയായിരുന്നു. എന്നാൽ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകൾ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പാണെന്ന് പാർട്ടി വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചത്.

ബിനീഷും ദിലീപും

ബിനീഷ് കോടിയേരിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും നിരവധി ആരോപണങ്ങൾ കാലകാലങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം പാർട്ടി സെക്രട്ടറിയെ അപകീർത്തിപെടുത്താൻ ബോധപൂർവം രാഷട്രീയ എതിരാളികൾ ഉന്നയിക്കുന്ന ആരോപണങ്ങളാണെന്നാണ് സിപിഎം നേതൃത്വവും പ്രതികരിച്ചത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ മകൻ ബിനിഷ് കോടിയേരി അനധികൃതമായി പാസ്‌പോർട്ട് കൈപറ്റിയെന്ന ആരോപണം ഉണ്ടായി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ ആരോപണം ഉന്നയിച്ചത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പെട്ടപ്പോൾ ദിലീപും സംശയമുന നീട്ടിയത് ബിനീഷിലേക്കാണ്. തന്നെ ബിനീഷാണ് കേസിൽ കുടുക്കിയതെന്നായിരുന്നു ആരോപണം. എന്നാൽ തെളിവുകളില്ലാത്തതുകൊണ്ട് ആ ആരോപണം വിലപോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP